11.21.2010

ആയുര്‍വേദ ചികിത്സ പതുക്കയെ ഫലിക്കൂ ..???? അഥവാ ഡോക്ടര്‍ രവിശങ്കര്‍ പെര്‍വാജെ എന്ന ശാസ്ത്രഞ്ജന്‍

                                 തൊരു അവകാശ വാദമല്ല..മറ്റു ചികിത്സ ശാസ്ത്രങ്ങളോടുള്ള വെല്ലുവിളിയും അല്ല. ഇതൊരു അനുഭവ കുറിപ്പാണ്.
                              ബി.എ.എം.എസ് പഠനം കഴിഞ്ഞ്.ഹൌസ് സര്‍ജന്‍സി കേരളത്തിലെ പല സ്ഥലങ്ങളിലും കിട്ടിയെങ്കിലും അതിലൊന്നും എനിക്ക് പൂര്‍ണ തൃപ്തി ഉണ്ടായിരുന്നില്ല. അതിനു കാരണം ഉണ്ടായിരുന്നു. ആയുര്‍വേദം പഠിക്കുമ്പോള്‍ ധാരാളം സിദ്ധാന്തങ്ങള്‍ നാം പഠിക്കുന്നുണ്ട്.അതൊന്നും പ്രായോഗികമായി എങ്ങും ഉപയോഗിച്ച്  ഞാന്‍ കണ്ടില്ല.
പ്രത്യേകിച്ചും ആവരണം മുതലായ പ്രകരണങ്ങള്‍ ആരും ഒരു രോഗിയിലും തിരിച്ചറിഞ്ഞില്ല.
ഇതൊക്കെ പഠിപ്പിച്ച സമയത്ത് ടയലോഗ് വിട്ട പ്രൊഫസര്‍മാര്‍ മുതല്‍ നല്ല ചികിത്സ അനുഭവം ഉള്ളവര്‍ വരെ ആയുര്‍വേദ സിദ്ധാന്തങ്ങളെ പ്രയോഗത്തില്‍ കൊണ്ടുവരുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞില്ല. പക്ഷെ സ്വന്തം ചികിത്സ സിദ്ധാന്ത പ്രകാരം ആണെന്ന് എല്ലാരും അവകാശപെടുകയും ചെയ്യും. അതിനു അവര്‍ അഷ്ടാംഗ ഹൃദയത്തില്‍ നിന്നും കുറെ ശ്ലോകവും തട്ടും. പക്ഷെ മരുന്ന് എഴുതുമ്പോ എല്ലാര്ക്കും ഒരേ രാസ്നാസപ്തകം കഷായം  എഴുതി കൊടുക്കുകയും ചെയ്യും. അങ്ങനെയാണ് ഞാന്‍ വല്ല  അഷ്ടവൈദ്യന്മാരുടെ അടുത്തെങ്ങാനും പോയാലോ എന്ന് ആലോചിച്ചത് . അങ്ങനെ ഇരിക്കെ തിരുവനതപുരത്തെ ഒരു  ആയുര്‍വേദ ഹോസ്പിറ്റലില്‍ ഹൌസ് സര്‍ജന്‍ ആയി പ്രക്ടിസ് ചെയ്യുമ്പോള്‍ ആണ്. സുശ്രുത ആയുര്‍വേദ ഹോസ്പിറ്റലിനെ കുറിച്ച് കേള്‍ക്കുന്നത്.
                           ആ കേട്ട അറിവാണ് പിന്നീടു എന്നെ കര്‍ണ്ണാടകത്തില്‍ മംഗലാപുരത്തിന് അടുത്തുള്ള സുശ്രുത ആയുര്‍വേദ ഹോസ്പിറ്റലില്‍ എത്തിച്ചത്. ഇന്റെന്ഷിപ് കഴിഞ്ഞ് ഞാന്‍ ആദ്യം ചെയ്തത് അവിടെ ചെല്ലുക എന്നതായിരുന്നു..
                                       *********************************************
                                 'ബാലക്കാ' എന്നായിരുന്നു ആ രോഗിയുടെ പേര്. അവരെ സ്ട്രെച്ചറില്‍ കിടത്തിയാണ് ആ സ്ത്രീയെ  കൊണ്ടുവന്നത്. നമ്മള്‍ മലയാളത്തില്‍ പക്ഷാഘാതം എന്ന് വിളിക്കുന്ന സ്ട്രോക്ക് അഥവാ സെരിബ്രോ വാസ്കുലാര്‍ അക്സിടെന്റ്റ് ആണ് അവര്‍ക്ക് പറ്റിയത്. ഏകദേശം രണ്ടു മണിക്കൂര്‍ മുന്‍പാണ് അവര്‍ക്കിത് പറ്റിയത്. സുശ്രുത ആശുപത്രി പക്ഷാഘാത ചികിത്സക്ക് പ്രസിദ്ധം ആയതിനാല്‍ ആ ഏരിയയില്‍ ഉള്ളവര്‍ കുഴഞ്ഞു വീഴുന്ന, സ്ട്രോക്ക്  ആകാം എന്ന് സംശയം ഉള്ള രോഗികളെ ഒക്കെ അവിടെക്കാണ് കൊണ്ടുവരാറു. ബാലക്ക യെ ചികിത്സ ക്കായുള്ള പ്രത്യേക മുറിയില്‍ പ്രവേശിപ്പിച്ചു. ആദ്യദിനം തന്നെ ഒരു വിദ്യാര്‍ദ്ധി യുടെ മാനസിക അവസ്ഥയില്‍ നിന്ന എനിക്ക്... അവിടുത്തെ ഡോക്ടറുടെ ചെയ്തികള്‍ അദ്ഭുതം ഉളവാക്കി. അക്യൂട്ട് ആയ ഒരു സി.വി.എ രോഗി  വരിക.. ആയുര്‍വേദ ഡോക്ടര്‍ സ്കാന്‍ എടുപ്പിച്ചു രോഗനിര്‍ണയം ചെയ്തതിനു ശേഷം രോഗിയെ അട്മിട്റ്റ് ആക്കുക. ആലോപതിയിലേക്ക് റഫര്‍ ചെയ്യും എന്ന് കരുതി നിന്ന എനിക്ക് അതൊരു പുതിയ കഴ്ചയായിരുന്നു.
                            ബാലക്കയെ കട്ടിലില്‍ കിടത്തി. റൂമിലെ എസി ഓണാക്കി, ഫാനും ഇട്ടു... ദേഹത് മുഴുവന്‍ ശത ധൌതഘൃതം ലേപനം ചെയ്തു. 'ധാന്യക ഹിമം ' ഉണ്ടാക്കി ശിരോ ധാരയും തുടങ്ങി. കൌതുകത്തോടെ ഞാനത് നോക്കി നിന്നു.. അരമണിക്കൂര്‍ ധാര തുടര്‍ന്നിട്ടുണ്ടാകും.. അതിനു ശേഷം ഡോക്ടര്‍ അവിടേക്ക് വന്നു. 'ബാലക്ക... കൈ ഉയര്ത്താനാകുമോ? ശ്രമിക്കൂ....''
ബാലക്ക ശ്രമിച്ചു കൈ ഒന്നനങ്ങി. അതിനപ്പുറം അവര്‍ക്കാകുന്നില്ല.
''കാല്‍ ഉയര്‍ഹ്ടാന്‍ ശ്രമിക്കൂ...''  ഡോക്ടര്‍ വീണ്ടും  പറഞ്ഞു.. കാലിനു അനക്കം പോലുമില്ല.
  ഡോക്ടര്‍ ഞാനടക്കമുള്ള ജൂനിയര്‍ കൂട്ടങ്ങളോട് പറഞ്ഞു. '' കണ്ടല്ലോ...?? ഇനി ശ്രദ്ധിച്ചോളൂ''
                                      അവരുടെ മൂക്കിലേക്ക് ഒരു ദ്രാവകം  ഒഴിച്ചു. എന്താണെന്നറിയാണ്ടേ??? ആ ദ്രാവകത്തില്‍ പിപ്പലി പൊടി, വയമ്പ് പൊടി, പാല്, ഇഞ്ചി നീര്, കായപ്പൊടി ഇത്രയുമാണ് ഉണ്ടായിരുന്നത്. ഇതെല്ലാം കൂടി മിക്സ് ചെയ്തു തുണിയില്‍ പിഴിഞ്ഞെടുക്കുന്നു. ഈ മരുന്ന് എട്ടുതുള്ളി ഓരോ മൂക്കിലുമായി ഒഴിച്ചു.   ബാലക്കയുടെ മുഖഭാവം  മാറി വന്നു.. അവര്‍ മുഖം ചുളിച്ചു. എങ്കിലും അലറി വിളിക്കലോന്നും ഉണ്ടായില്ല. ഒന്ന് ചുമച്ചു... ഡോക്ടറുടെ ശബ്ദം ഉയര്‍ന്നു.. '' ബാലക്കാ കൈ ഉയര്ത്തൂ....'' ബാലക്ക ദാ കൈ ഉയര്‍ത്തി..
''ബാലക്കാ കാലുകള്‍ ഉയര്‍ത്തു..''. ബാലക്ക കാലുകള്‍ ഉയര്‍ത്തി.
 ഞങ്ങളുടെ മുഖത്ത് അത്ഭുതം.. ഡോക്ടറിന്റെ മുഖത്ത് വിജയ ഭാവം.. വീണ്ടും മൂന്നു  ദിവസത്തോളം ഈ ചികിത്സകള്‍ തുടര്‍ന്നു.. അതിനു ശേഷം ബാലക്കയെ വാര്‍ഡിലേക്ക് മാറ്റി. അതിനു ശേഷം ചെയ്ത  ചികിത്സകള്‍ വസ്തി മുതലായ സാധാരണ പഞ്ചകര്‍മ്മ ചികിത്സ യായിരുന്നു.. രണ്ടാഴ്ചകൊണ്ട് ബാലക്ക നടന്നു തുടങ്ങി.. ബാലക്കയെ ഡിസ്ചാര്‍ജു ചെയ്തു. ഒരു മാസത്തിനു ശേഷം ബാലക്ക വീണ്ടും കാണാന്‍ വന്നു.. പൂര്‍ണമായും ആരോഗ്യവതിയായി.
                       ഈ വിവരിച്ചത് ഒരു അക്യുട്ട് പക്ഷാഘാത രോഗിയെ ആയുര്‍വേദ പ്രകാരം ചികിത്സിച്ചതാണ്...
ഇതുപോലെയുള്ള ധാരാളം അനുഭവങ്ങളുടെ ഒരു കലവറ ആയിരുന്നു ആ ഒരു മാസം..

                                           ഡോക്ടര്‍ രവിശങ്കര്‍ പെര്വാജെയുടെ യുടെ ആയുര്‍വേദ  ശാസ്ത്ര പരീക്ഷണങ്ങളുടെ കഥയുമായി ഇനിയും വരാം.....

11.20.2010

തിരുമുല്പാട് സാര്‍നു ആദരാഞ്ജലികള്‍........

എന്നും വിളക്കായി പ്രകാശിച്ച സംപൂര്‍ണനായ ഗുരുനാഥന്.....

10.16.2010

വമനം

പഞ്ച കര്‍മ്മങ്ങളില്‍ ഒന്നായ വമനം. നിലവിളക്ക്, മന്ത്രം തുടങ്ങിയ ഗിമിക്കുകള്‍ മാറ്റിവച്ച് കാണാന്‍ താത്പര്യപെടുന്നു..


10.07.2010

മരുന്ന് കുറിപ്പിലെ പ്രായോഗികത

                             നമുക്കറിയാം ആയുര്‍വേദ മരുന്നുകള്‍ എന്ന് പറയുമ്പോള്‍ പെട്ടന്ന് മനസിലേക്ക് വരുന്നത് അരിഷ്ടങ്ങള്‍, കഷായങ്ങള്‍ എന്നിങ്ങനെയുള്ള പേരുകളാണ്. ഇവയില്‍ തന്നെ കഷായങ്ങളാണ്കേരളത്തില്‍ പ്രധാന  മരുന്നുകളായി  വൈദ്യന്മാരാലും ഡോക്ടര്‍ മാരാലും പൊതുവേ  അന്ഗീകരിക്കപെട്ടിട്ടുള്ളത്. അടുത്ത കാലത്തായി കഷായം ഗുളികകള്‍  രംഗത്ത് വന്നെങ്കിലും അത് പൊതുവേഔഷധ ഗുണത്തിന്റെ കാര്യത്തില്‍ അത്ര അന്ഗീകരിക്ക പെട്ടില്ല എന്ന് തന്നെ കരുതാം. ഇവിടെ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്  മരുന്നുകളുടെ ഔഷധ ഗുണങ്ങളെ കുറിച്ചല്ല. മറിച്ച് രോഗികളുടെ ഭാഗത്ത്‌ നിന്ന് ഒരു ചിന്തയാണ് പങ്കുവയ്കുന്നത്.
                     

                ചികിത്സാ ഒരു സേവനം എന്ന നിലയിലോ പ്രൊഫെഷന്‍ എന്ന നിലയിലോ ഒരു ആയുര്‍വേദ ഡോക്ടര്‍   രോഗിയുടെ ഭാഗത്തുനിന്നു ഒരു ആയുര്‍വേദ ചികിത്സയെക്കുറിച്ച് ചിന്തിക്കുമ്പോള്‍  തീര്‍ച്ചയായും കടന്നു വരേണ്ട ഒരു വിഷയമാണ് ചികിത്സാ ചെലവ്.സമകാലിക ആയുര്‍വേദ ചികിത്സയില്‍ ചികിത്സ ചെലവ് വളരെയധികം വര്‍ധിക്കുന്നു എന്നത് ഒരു പുതിയ അറിവല്ല.യഥാര്‍ത്ഥത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ ചിത്സ ചെലവ് കുറക്കാന്‍ നമുക്ക് സാധിക്കും. അവിടെയാണ് ഞാന്‍ പറഞ്ഞ കഷായം കുറിക്കലിന്റെ പ്രസക്തി. കഷായങ്ങള്‍ അരിഷ്ടങ്ങള്‍ എന്നിവ ആയുര്‍വേദത്തിലെ പ്രധാന മരുന്നുകളായി നിലനില്‍ക്കുന്നിടത്തോളം കാലം അത് തുടരുകയും ചെയ്യും.
                             ഒരു ഉദാഹരണം നോക്കാം. ഒരു ചെറിയ പനിരോഗി ഒരു ആയുര്‍വേദ ഡോക്ടറെ കാണുമ്പൊള്‍ പതിവായി എഴുതപെടാറുള്ള ചില മരുന്നുകള്‍ നോക്കാം. അമ്ര്താരിഷ്ടം 20 രൂപ, അമ്ര്തോത്തരം കഷായം 58 രൂപ , വെട്ടുമാരന്‍ ഗുളിക 8  രൂപ . വിലയിലുള്ള വ്യത്യാസം  ശ്രദ്ധിക്കു...  ഒരാഴ്ചക്ക് കുറിച്ച കൊടുക്കുന്ന മരുന്നിന്റെ വിലയാണ് ഈ പറഞ്ഞത് . കഷായത്തിനാണ് ഏറ്റവും വില വരുന്നത്. കഷായങ്ങള്‍ ഉപേക്ഷിക്കാന്‍ സാധിച്ചാല്‍ മരുന്നിന്റെ വില നന്നായി കുറക്കാന്‍ സാധിക്കും. കഷായങ്ങള്‍ ചികിത്സയില്‍ നിന്നും ഒഴിവാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം മിക്ക ആയുര്‍വേദ ഡോക്ടര്‍ മാരും കഷായത്തിനോട് അത്ര മാനസിക അടുപ്പത്തിലാണ്. പ്രത്യകിച്ചും ആയുര്‍വേദ പാരമ്പര്യം ഉള്ളവരും പ്രായം ആയവരും ആയ ആയുര്‍വേദ ഡോക്ടര്‍മാര്‍. കഷായം കുടിക്കാന്‍ വിസമ്മതിച്ച ഒരു രോഗിയെ ഒരു സീനിയര്‍ ഡോക്ടര്‍  ചികിത്സ നിഷേധിച്ച് തന്റെ ഓ പി യില്‍ നിന്നും പറഞ്ഞുവിടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ അത്രയ്ക്ക് മാനസിക അടുപ്പമാണ് (വിശ്വാസം?) കഷായത്തോട് അവര്‍ക്കൊക്കെ  ഉള്ളത്.എന്നാല്‍ കേരളത്തിന്‌ പുറത്തേക്കൊന്നു പോയി നോക്കിയാല്‍ കഷായം എന്നൊരു സാധനമേ കാണാന്‍ കിട്ടില്ല.
                                          .മറ്റു സംസ്ഥാനങ്ങളില്‍ അരിഷ്ടം ഗുളികകള്‍ എന്നിവകൊണ്ടുള്ള ഒരു പ്രക്ടിസ് ആണ് കാണാന്‍ കഴിയുന്നത്. കേരളത്തില്‍ മാത്രം കഷായത്തിനിത്ര പ്രാധാന്യം വരാന്‍ കാരണം എന്താകും? ശരിയായ ഉത്തരം എനിക്കിനിയും മനസിലായിട്ടില്ല. എങ്കിലും കഷായത്തിന്റെ പ്രത്യകതകള്‍ ഒന്ന് പരിശോധിച്ച് നോക്കിയാല്‍   അത് കുറെയൊക്കെ  മനസിലാക്കാവുന്നതാണ് . പഴയകാലത്തേക്ക്  അല്പം സഞ്ചരിച്ച്  നോക്കാം. കേരളത്തിലെ ആരോഗ്യരംഗം  പൂര്‍ണമായും ആയുര്‍വേദ വൈദ്യന്മാരാല്‍ കൈകാര്യം ചെയ്യപെട്ടിരുന്ന ആ സുവര്‍ണ്ണ കാലത്തേക്ക് ആണ്. ഇന്നത്തെ പോലെ prepared കഷായങ്ങള്‍ ഇല്ലായിരുന്നു. കഷായങ്ങളുടെ കുറിപ്പടികള്‍ കൊടുക്കുക മാത്രമായിരുന്നു പതിവ്. രോഗി മരുന്ന് പറിച്ച് ഉണക്കിയോ അല്ലാതെയോ കഷായം വച്ചിരുന്നു. (ഇന്നും ചില സ്ഥലങ്ങളില്‍ ഈ രീതിയുണ്ട് എന്നറിയുന്നു ). ഇത്തരം രീതിക്ക് ഒരു ഗുണം ഉണ്ടായിരുന്നു. അത് തികച്ചും ലാഭകരമായിരുന്നു. അതുമാത്രമല്ല സ്വയം തയ്യാര്‍ ചെയ്യുന്നതിനാല്‍ രോഗിക്ക് വിശ്വാസവും ആയിരുന്നു.
                                              എന്നാല്‍ ഗുളികകളോ? മരുന്നുകള്‍ ഇടിച്ചു  പൊടിക്കാനും അരച്ചുരുട്ടി ഗുളികയാക്കാനും തണലത്തുണക്കി എടുക്കാനും ധാരാളം കയികാധ്വാനവും സമയവും പണവും വേണമായിരുന്നു. അതിനാല്‍ വൈദ്യന്മാര്‍ ഗുളികകളെ ഒഴിവാക്കികൊണ്ട് കഷായങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു. കഷായങ്ങളാകുമ്പോള്‍  രോഗികള്‍ തന്നെ ഉണ്ടാക്കി കുടിച്ചു കൊളളും എന്നതിനാല്‍ കഷയങ്ങള്‍ക്ക് പ്രാധാന്യം വന്നു. സഹസ്രയോഗം മുതലായ കേരളത്തിലെ വൈദ്യന്മാരുടെ കൈപ്പുസ്തകങ്ങളിലും കഷായങ്ങള്‍ക്കാണ് പ്രാധാന്യം.
എന്നാല്‍ ഇന്നത്തെ സ്ഥിതി.
കഷായങ്ങള്‍ ആയുര്‍വേദ മരുന്ന് നിര്‍മാതാക്കള്‍ക്ക്‌  ഒരു ബാധ്യത  ആയിരിക്കുന്നു എന്ന് പറയേണ്ടി വരും.കഷായം ടാബ്ലെറ്റ് കള്‍ രംഗ പ്രവേശം ചെയ്യാന്‍ തന്നെ കാരണം ഇതാണ്. എന്നാല്‍ കഷായം ടാബ്ലെറ്റ് കള്‍ അമ്പേ പരാജയമായിരുന്നു. കഷായങ്ങളുടെ അരുചി ഒഴിവാക്കാം എന്നാ പരസ്യ ത്തോടെയാണ് അവ എത്തിയത്. എന്നാല്‍ കഷായം ടാബ്ലെടുകള്‍ രോഗികള്‍ക്ക് കൂടുതല്‍ അസൗകര്യങ്ങള്‍ ആണ് ഉണ്ടാക്കിയത്.
കഷായം ടാബ്ലെട്ടുകളുടെ ഡോസ്-
             കോട്ടക്കല്‍ ആര്യവൈദ്യ ശാല പറയുന്നു. ഒരു  കഷായംടാബ്ലെറ്റ് 5 മില്ലി കഷായത്തിന് തുല്യമാണ്. ഒരുനേരത്തെ കഷായത്തിന്റെ ഡോസ് നടപ്പ് രീതി അനുസരിച്ച് മിനിമം 15  മില്ലി ആയിരിക്കുമ്പോള്‍ ഒരു നേരം രോഗി മൂന്ന് ടാബ്ലെടുകള്‍ കഴിക്കേണ്ടി വരുന്നു. ഒരു ദിവസം 6 ടാബ്ലെറ്റ് കള്‍ കഴിക്കേണ്ടി വരുന്ന രോഗിയുടെ മാനസിക അവസ്ഥ എന്തായിരിക്കും?? മറ്റു മരുന്നുകളും ഗുളികകളും  വേറെയും. ഈ അസൗകര്യം കാരണം മിക്ക ഡോക്ടര്‍ മാരും ഡോസ് കുറച്ചാണ് കൊടുക്കുന്നത് അതുകൊണ്ടാകാം  കഷായം കുടിക്കുന്ന റിസള്‍ട്ട്‌ ടാബ്ലെട്ടിനു കിട്ടുന്നില്ല എന്നതും.
ഇനി കഷായം ടാബ്ലെട്ടുകളുടെ വില-
                  അഷ്ടവര്‍ഗം കഷായം ടാബ്ലെറ്റിന്ഒരാഴ്ചത്തേക്ക് (42 എണ്ണം) 88 രൂപ ആകുമ്പോള്‍ അഷ്ടവര്കം കഷായം 200 മില്ലിക്ക് 63  രൂപ മാത്രമാണ് വില. അപ്പൊ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന്‍ പറഞ്ഞപോലെകഷായം തന്നെയല്ലേ മെച്ചം???.
കാശം ടാബ്ലെട്ടുകള്‍ നിര്‍മ്മിക്കുന്നത്. എങ്ങനെ എന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കിടയില്‍  അധികം പേര്‍ക്കും അറിയില്ല. ഒരു കാര്യം മാത്രം അറിയാം കഷായം നന്നായി കുറുക്കുന്നു. കുരുക്കി അതൊരു ടാര്‍ പോലെയുള്ള പരുവമാകമ്പോള്‍ടാബ്ലെറ്റ് ആക്കുന്നതിനു സിലിക്ക, ബൈണ്ടിംഗ് മെടീരിയല്സ് എന്നിവ ചേര്‍ക്കുന്നു. ടാബ്ലെറ്റ് രൂപമാക്കുന്നു . (കടപ്പാട് ആപ്ത മാസിക vol -17   2010)
അപ്പൊ ഇനി ഇതൊന്നു പരീക്ഷിക്കുക.
              ആയുര്‍വേദത്തില്‍ ക്ലാസ്സിക്കല്‍ മരുന്നുകളുടെ കൂട്ടത്തില്‍ കഷായങ്ങളും അരിഷ്ടങ്ങളും മാത്രമല്ല ഉള്ളത്. ഗുളികകളും ധാരാളമായുണ്ട്. ഒരു പക്ഷെ ഉണ്ടാക്കാനുള്ള പ്രയാസം ആയിരിക്കാം ഗുളികകളെ പില്‍ക്കാലത്ത് പുറകിലാക്കിയത്. എന്തായാലും കഷായങ്ങളെ ആ രീതിയിലൊന്നു മാറ്റി നോക്കാവുന്നതാണ്.അതായത് കഷായത്തിന്റെ മരുന്നുകള്‍ എടുക്കുക. നന്നായി പൊടിച്ച് അനുയോജ്യമായ ദ്രവം ചേര്‍ത്ത്അരച്ച്  ഉരുട്ടി  ഗുളികയാക്കുക .
             ഇങ്ങനെ ഒരുപ്രത്യേക ഔഷധ കല്‍പ്പനയെ മറ്റൊന്നിലേക്കുമാറ്റേണ്ടിവരുമ്പോള്‍ ചെയ്യേണ്ടത് എങ്ങനെ എന്ന് പൂര്‍വ വൈദ്യന്മാര്‍ നമുക്ക് കാട്ടിതന്ന രീതിയുണ്ട്. ഏത് കല്‍പ്പനയെ ആണോ മാറ്റേണ്ടത് അതിന്റെ മരുന്ന് എടുത്ത് എതിലെക്കാണോ മാറ്റെണ്ടത് ആ കല്‍പ്പനയുടെ വിധി പ്രകാരം മരുന്ന് നിര്‍മ്മിക്കുക.  സുകുമാരം നെയ്യിനെ സുകുമാരം ലേഹ്യമാക്കിയപ്പോള്‍ സുകുമാരം  നെയ്യിന്റെ മരുന്നുകള്‍ എടുത്ത് ലേഹ പാക വിധിപ്രകാരം ലെഹ്യമാകി. അതുപോലെ കഷായം, ഗുളിക  ആക്കുമ്പോള്‍ കഷയതിറെ മരുന്നുകള്‍ എടുക്കുക ഗുളിക വിധിപ്രകാരം അരച്ചുരുട്ടി ഗുളികയാക്കുക.എന്തായാലും ചെലവ് കുറയും. ഗുണം എങ്ങനെ വരുമെന്ന്   നമുക്ക് നോക്കാം....

10.04.2010

പഞ്ചമഹാ ഭൂതങ്ങള്‍

ഞാന്‍ ഇവിടെ പറയുന്നത് പഞ്ച മഹാഭൂതങ്ങളെ പറ്റി എനിക്ക് മനസിലായകാര്യങ്ങളാണ്.ഞാന്‍ ഇതില്‍ ഗ്രന്ഥ reference കള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ പോസ്റ്റിലെ പല കാര്യങ്ങളും  ആധുനിക ശാസ്ത്രവുമായി പൊരുത്തപ്പെടാത്തവയാണ്.ഈ പോസ്റ്റില്‍കൂടി ഈ വിഷയത്തെ പറ്റി കൂടുതല്‍ മനസിലാകണം എന്നും പ്രതിക്ഷിക്കുന്നു.
പഞ്ചമഹാ ഭൂതങ്ങള്‍  ചേര്‍ന്നാണ് ഈ ലോകം ഉണ്ടായിട്ടുള്ളത് എന്ന് ആയുര്‍വ്വേദം വിശ്വസിക്കുന്നു. കാണാന്‍ പറ്റുന്നതും പറ്റാത്തതും ആയ ഏതു ദ്രവ്യവും പഞ്ച ഭൂതാത്മകം ആണ്.
വായു .
പഞ്ചമഹാ ഭൂതങ്ങളില്‍ ഒന്നാണ് വായു. വാച്യാര്‍ദ്ധത്തില്‍ കാറ്റ്. വായു ചലനമാണ്. ചലനമുള്ളിടതെല്ലാം വായു ഉണ്ട്. ആ അര്‍ഥത്തില്‍ കാറ്റും വായു ഭൂത പ്രധാനമായ ഒരു ദ്രവ്യമാണ്‌.
 ദ്രവ്യം എന്താണെന്ന് പറയാം ആദ്യം. ആയുര്‍വേദ പ്രകാരം ഗുണവും കര്‍മ്മവും ഉള്ളതെല്ലാം ദ്രവ്യമാണ്‌. അങ്ങനെ വരുമ്പോള്‍ ഇലക്ട്രിക്‌ കറന്റ് വരെ ദ്രവ്യമാകും. ആയുര്‍വേദം കാര്യങ്ങളെ മിക്കപ്പോഴും മനസിലാക്കുന്നത് അനുമാനിച്ചാണ്. അതായത് രോഗിക്ക് വേദന വരുമ്പോള്‍ ശരീരത്തില്‍ വാത ദോഷ പ്രകൊപം എന്ന് അനുമാനിക്കുന്നു. പുകച്ചില്‍ കൂടി ഉണ്ടെങ്കിലോ.... പിത്തവും അനുബന്ധിച്ചു എന്ന് അനുമാനിക്കുന്നു. അങ്ങനെ ലക്ഷണങ്ങളെ മനസിലാക്കിയാണ് . ഉള്ളിലെ ദോഷങ്ങളെ അനുമാനിക്കുന്നത്.
നമ്മള്‍ പറഞ്ഞു വന്നത് ഭൂതങ്ങളെ ക്കുറിച്ചാണ്. ഭൂതങ്ങളെയും ഇങ്ങനെ അനുമാനിക്കാം ഗുണവും കര്‍മവും മനസിലാക്കിയാണ്  അനുമാനിക്കുന്നത്. അതായത് ഒരു വസ്തു ചലിക്കുന്നത് കാണുമ്പോള്‍ നമുക്ക് അതില്‍ വായു മഹാഭൂതമുണ്ട് എന്ന് മനസിലാക്കാം.യന്ത്രങ്ങള്‍ ചലിക്കുന്നതും, ജീവികള്‍ ചലിക്കുന്നതും, ശരീരത്തിലെ പേശികള്‍ ചലിക്കുന്നതും, ആകാശ ഗോളങ്ങള്‍ ചലിക്കുന്നതും വായു മഹാഭൂതം കാരണമാണ്.  ഈ ചലനഗുണം കാരണം വായു അഗ്നിയും ജലത്തെയും എപ്പോഴും സഹായിച്ചുകൊണ്ടിരിക്കുന്നു. ഈ ലോകത്തെ ചലനാത്മകമാക്കുന്നു.
ജലം.
വാച്യാര്‍ദ്ധത്തില്‍വെള്ളം. ജലത്തെ വേണമെങ്കില്‍ പഞ്ച മഹാഭൂതങ്ങള്‍ക്കിടയിലെ സിമന്റ് എന്ന് വിളിക്കാം. ഭൂമി ഭൂതത്തിന്റെ കണങ്ങളെ ഒന്നിച്ചു നിര്‍ത്തുന്നത്. ജലമാണ്. ഈ ജലത്തിന് ശീതം  (തണുപ്പ്) എന്നാ ഗുണം കൂടി ഉണ്ട്.
 ഭൂമി
കണ്ണുകൊണ്ട് കാണാനും,തൊടാനും,പറ്റുന്ന ഏതു വസ്തുവിന്റെയും അടിസ്ഥാന ഘടകമാണ് ഭൂമി. ഭൂമി കണങ്ങളായി കാണപ്പെടുന്നു.ആറ്റവുമായോ തന്മാത്രയുമായോ താരതമ്യ പ്പെടുത്താതെ കണം എന്നോ വളരെ ചെറിയ, തമ്മില്‍ കൂടിചേരുമ്പോള്‍ ആകൃതിയുള്ള, ഭാരമുള്ള, കട്ടിയുള്ള, ഒരു വസ്തുവിനെ സൃഷ്ടിക്കാന്‍ കഴിവുള്ള ഒന്ന് എന്നോ മനസിലാക്കാം. ഈ കണങ്ങളുടെ സംയോജന ഫലമായി മുകളില്‍ പറഞ്ഞ ഗുണങ്ങളുള്ള ഒരു വസ്തു ഉണ്ടാകുന്നു. അതെങ്ങനെ ഉണ്ടാകുന്നു എന്ന് ചിന്തിക്കുന്നത് രസകരമായിരിക്കും. ശൂന്യതയില്‍ ചിതറിക്കിടക്കുന്ന കുറച്ച് ഭൂമി ഭൂതത്തിന്റെ കണങ്ങളെ സന്കല്പിക്കൂ. അവിടേക്ക് നമ്മള്‍ വായു ഭൂതത്തേയും ജല ഭൂതത്തേയും കൊണ്ടുവരുന്നു. എന്ത് സംഭവിക്കും .വായു ആ കണങ്ങളെ ചലിപ്പിച്ച് അടുത്തേക്ക് കൊണ്ടുവരും. ജലം പരസ്പരം ഒരുമിപ്പിക്കും. അവ കൂടിച്ചേര്‍ന്നു ഒരു വസ്തു രൂപം കൊള്ളും. ഇനി ആ വസ്തുവുന്റെ ആകൃതി, നിറം, ഗുണം, കര്‍മ്മം, എന്നിവ അവയിലെ മഹാഭൂതങ്ങളുടെ അളവ് അനുസരിച്ചിരിക്കും.
ആകാശം
ആകാശം എന്നാല്‍ ശൂന്യതയാണ്. അവിടെ മറ്റു മഹാഭൂതങ്ങള്‍ ഇല്ല. വസ്തുക്കളിലെ കണങ്ങള്‍ക്കിടയിലെ ശൂന്യതയും കണക്കാക്കാം.
അഗ്നി 
തീ എന്ന് വാച്യാര്‍ദ്ധം. അഗ്നി പരസ്പരം വിഘടിപ്പിക്കുന്നതും തുളച്ചു കയറുന്നതും, ആയ ഒന്നാണ്. ജലത്തെ ഇല്ലാതെയാക്കി അഗ്നി ദ്രവ്യത്തിലെ മറ്റു ഭൂതങ്ങളെ പരസ്പരം വിഘടിപ്പിക്കുന്നു.. അതിനാല്‍ അഗ്നിഭൂതം ദ്രവ്യത്തിന്റെ നാശത്തിനു കാരണമാകുന്നു. നമുക്ക് പഴയ ഉദാഹരണത്തിലേക്ക് വീണ്ടും  പോകാം. ഭൂമിയും ജലവും വായുവും ഒന്നിച്ച് പ്രവര്‍ത്തിച്ച് ഉണ്ടായ ആ ദ്രവ്യം അഗ്നി സമ്പര്‍ക്കത്താല്‍  നശിച്ചു പോകുന്നു. അഗ്നി ജലത്തെ നിഷ്ക്രിയമാകുന്നു.പരസ്പര ബന്ധനത്തെ ഇല്ലാതെയാക്കുന്നു.  വായു അഗ്നിയോടൊപ്പം പ്രവര്‍ത്തിച്ച് കണങ്ങളെ വിഘടിപ്പിച്ചു മാറ്റുന്നു. അപ്പോള്‍ അവിടെ ആകാശ ഭൂതം ഉണ്ടാകുന്നു. അഗ്നി ഭൂതം അധികമായ ദ്രവ്യങ്ങളും മറ്റു വസ്തുക്കളെ നശിപ്പിക്കുന്നു. ആസിഡുകള്‍, ആല്‍ക്കലികള്‍, തീയ്, വൈദ്യുതി തുടങ്ങിയവ ഉദാഹരണം.  
 ( തുടരും... )  
(കടപ്പാട് ഗുരുതുല്യനായ രവിശങ്കര്‍ പെര്‍വാജെ സര്‍നോട്).

9.27.2010

ത്രിദോഷ സിദ്ധാന്തം.


   ആയുര്‍വേദത്തിന്റെ അടിസ്ഥാ‍ന സിദ്ധാന്തമാണല്ലോ ത്രിദോഷ സിദ്ധാന്തം. ത്രിദോഷ സിദ്ധാന്തത്തെ കൂടാതെ ആയുര്‍വേദത്തിന് നിലനില്‍പ്പില്ല. വര്‍ഷങ്ങള്‍ക്ക്മുന്‍പ് നിര്‍മ്മിക്കപ്പെട്ട കാലഹരണപ്പെട്ട  ഈ തിയറിയെ കളഞ്ഞ് ആയുര്‍വേദം ‘പുതിയ കാലത്തിന്‍ ‘ അനുസരിച്ച് ആകണം എന്ന ആഹ്വാനങ്ങള് പലയിടത്തും ‍ കണ്ടു.  പഴയ ഒരു തിയറിയെ എടുത്തുകളഞ്ഞാല്‍ അയുര്‍വേദം പുതിയതാകുമോ? കാലതിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് പ്രാപ്തിയുള്ളവ നിലനില്‍ക്കും എന്നാണല്ലൊ ഡാര്‍വിന്‍ പറഞ്ഞത്. കാലത്തെ അതിജീവിച്ച് എത്രയോ കൊല്ലങ്ങള്‍ക്കു മുന്പ് രൂപം കൊണ്ട ഈ സിദ്ധാന്തം ഇന്നും നിലനില്‍ക്കുന്നു. ഇന്നും ഈ സിദ്ധാന്ത പ്രകാരം ചികിത്സിക്കുമ്പൊള്‍ ആള്‍ക്കാരുടെ രോഗങ്ങള്‍ മാറാറുണ്ട്. അത് ഈ സിദ്ധാന്തതിന്റെ കഴിവും പ്രയോഗികതയും അല്ലേ കാണിക്കുന്നത്?
               ആയുര്‍വേദത്തെ ‘പച്ചമരുന്നു ചികിത്സയായി‘ കാണുന്നവരാണ്‍ ഏറെയും. സസ്യങ്ങളില്‍ നിന്നുള്ള മരുന്നുകളാണ്‍ കൂടുതലും ഉപയോഗിക്കുന്നത് എന്നതുകൊണ്ടാണ്‍ അത്. അത്കൊണ്ടു തന്നെ ഈ വിശ്വാസം ആയുര്‍വേദം ‘ദ്രവ്യ പ്രധാനമായ‘ (medicine based) ചികിത്സാ സ്മ്പ്രദായമാണ്‍ എന്ന തെറ്റായ വിശ്വസത്തിനും കാരണമാകുന്നു. ദ്രവ്യ പ്രധാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു മരുന്ന്‍ (ദ്രവ്യം) ഒരു രോഗിക്ക് കൊടുത്ത് ഫലം കണ്ടാല്‍ മരുന്ന് കൊടുക്കാന്‍ ഉപയോഗിച്ച സിദ്ധാന്തത്തെക്കാളും കൊടുത്ത ആളിന്റെ യുക്തിയെക്കാളും പ്രാധാന്യം മരുന്നിനു കൈവരുന്നു എന്നതാണ്‍. പക്ഷെ ആയുര്വെദം മരുന്നിനെക്കാളും‍ സിദ്ധാന്തത്തിനും കൊടുത്ത ആളിന്റെ യുക്തിക്കും‍ പ്രധാന്യം നല്‍കുന്നു. അതുകൊണ്ടാണ്‍ ആയുര്‍വേദം ദ്രവ്യ പ്രധാനമല്ല മറിച്ച് ‘സിദ്ധാന്ത പ്രധാനമാണ്‘‍ എന്ന് പറയുന്നത്.
                  ഒന്നുകൂടി വിശദീകരിക്കാം.  ചിറ്റമ്ര്ത് എല്ലവര്‍ക്കും അറിയുന്ന സസ്യമാണല്ലോ? പിത്തഹരമായ ഒരു ഔഷധമാണ്‍ ചിറ്റമ്ര്ത്. പിത്തഹരം എന്ന ഗുണം ഉള്ളതുകൊണ്ട് ചിറ്റമ്ര്തിനെ പനിക്ക് മരുന്നായി ഉപയൊഗിക്കാം. ഇതേ ദോഷഘ്ന ഗുണം കൊണ്ട് തന്നെ അതിനെ വാതരക്തതിലും ഉപയോഗിക്കാം. പനിക്ക് ചിറ്റമ്ര്ത് മാത്രമല്ല. പര്പ്പടക പുല്ലും ഉപയോഗിക്കാം കാരണം അതും പിത്തഹരം തന്നെ ആണ്‍. ഈ പറഞ്ഞത് ത്രിദോഷ സിദ്ധാന്തത്തിന്റെ പ്രായോഗികതയാണ്‍ കാണിക്കുന്നത്.

8.31.2010

വസ്തി

വസ്തിയെ കുറിച്ച് അമൃത ടിവി യില്‍ ജീവധാരയില്‍ വന്ന വീഡിയോകള്‍. ഒരു ഏകദേശ രൂപം വസ്തിയെ കുറിച്ച് കിട്ടാന്‍ ഇത് സഹായിക്കും. പിന്നെ ഒരു കാര്യം കൂടി പറയട്ടെ ഇതില്‍ പലരും പറയുന്ന കാര്യങ്ങള്‍ (ചില ഉദാഹരണങ്ങള്‍ ഒക്കെ ) അവരുടെ അഭിപ്രായങ്ങള്‍ അല്ലെങ്കില്‍ മനസിലാക്കല്‍ ആണെന്ന് കരുതിയാല്‍ മതി.






8.30.2010

എരുക്ക്, Arka, Erukku, Calotropis Procera


പരിചയം 
ഒരു കുറ്റിച്ചെടി  ആണ്.  സാധാരണയായി  ആറടി മുതല്‍ എട്ടടിവരെ ഉയരം കാണുന്നു. ഇലകള്‍ ഏകദേശം ആറിഞ്ചു  നീളവും മൂന്നിഞ്ച് വീതിയും കാണുന്നു. പുഷ്പങ്ങള്‍ ഉണ്ടാകുന്നത് ഇലയുടെ കോണില്‍ നിന്നും ആണ്. പൂകളുടെ ഉള്‍ഭാഗം ചുവപ്പും പുറത്ത് വെളുപ്പും നിറം കാണുന്നു. കറയുള്ള ചെടിയാണ്. ബീജം കറുപ്പ് നിറം ഉള്ളതും കാറ്റത്ത് പറന്നു നടക്കുനതും  ആണ്. കുട്ടികളുടെ പ്രിയ തോഴന്‍   ആയ  അപ്പൂപന്‍  താടി ആണ് ഇതിന്റെ   ബീജവും കൂടെയുള്ള പഞ്ഞിപോലെ ഉള്ള ഭാഗവും  . വസന്തത്തില്‍  പൂക്കുന്നു ഗ്രീഷ്മത്തില്‍ കായ്കള്‍ ഉണ്ടാകുന്നു. പൂവിന്റെ നിറ ഭേദം അനുസരിച് രണ്ടു തരം എരിക്കുകള്‍ കാണുന്നു. ചുവന്നതും വെളുപ്പും
പേരുകള്‍
സംസ്കൃതത്തില്‍ അര്‍ക്ക എന്ന് പൊതുവെ അറിയപ്പെടുന്നു.
ആര്‍ക്കാഹ്വ  , വാസുക:, ആസ്ഫോത, ഗണരൂപ, വികിരണ, മന്ദാര, അര്‍ക്ക പര്‍ണ്ണ, വിക്ഷീര, ജമ്ഭല,ക്ഷീര പര്ണ്ണി, ശിവപുഷ്പാ,   ഇവയെല്ലാം ഇതിന്റെ പര്യായങ്ങള്‍ ആണ്  .
പര്യായങ്ങള്‍
എരിക്കിന്റെ പര്യയങ്ങള്‍ സൂര്യന്റെ പര്യായങ്ങള്‍‍ തന്നെയാണ്‍.
അര്‍ക്കാഹ്വ- അര്‍ക്കന്‍ എന്ന പെര്‍ ഉള്ളത്.
വ്സുക: - തേജസ്സിന്റെ ഇരിപ്പിടം
അസ്ഫോത/ അസ്ഫോട:- ‘സ്ഫുടി വികസനേ‘ വിടരുന്നത്.
ഗണരൂപ- അനേകം സ്വരൂപം ഉള്ളത്. പല വിഭാഗങ്ങള്‍ ഉള്ളതുകൊണ്ട്.
വികിരണ- ധാരാളം പൂവുള്ളത്.
രസപഞ്ചകങ്ങള്‍
രസം -തിക്തം ,മധുരം, കടു (എരിവ്‌)
ഗുണം- തീക്ഷ്ണം, ലഘു, രൂക്ഷം,
വീര്യം - ഉഷ്ണം
വിപാകം -കടു
ദോഷകര്‍മ്മം- കഫ പിത്ത ശമനം (ചുവന്ന എരുക്ക്) കഫ വാത ശമനം (വെള്ള എരുക്ക്)

മധുര രസം പൂവിനു മാത്രം. കുറച്ച് ഗുരു അയിരിക്കും.
 ഇതിന്റെ പാല്‍ ഉപവിഷങ്ങളില്‍ ‍ പെടുന്നു. പാല്‍ കിട്ടാതെ വന്നാല്‍ ഇലയുടെ നീര്‍ ചേര്‍ക്കാം.
ഗണങ്ങള്‍ 
 ഭേദനീയ ഗണം, വമനോപഗം, സ്വേദോപഗം(ചരകന്‍) , ആര്‍ക്കാദി (സുശ്രുതന്‍),
മറ്റു ഭാഷയിലെ പേരുകള്‍ 
എരുക്കു (ത), എക്കെ (ക), ആകഡോ (ഗു), Gigantic  Swallow Wort .
ഗണങ്ങള്‍ 

അപ്പൂപ്പന്‍ താടികള്‍ വിളഞ്ഞ് പൊട്ടിയ കായില്‍ നിന്നും പുറത്തേക്ക്......
ഭേദനീയ ഗണം, വമനോപഗം, സ്വേദോപഗം(ചരകന്‍) , ആര്‍ക്കാദി (സുശ്രുത
കുലം
Asclepiadaceae (Fam )
Scientific classification
Kingdom: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
Order: Gentianales
Family: Apocynaceae
Subfamily: Asclepiadoideae
Tribe: Asclepiadeae
Subtribe: Asclepiadinae
Genus: Calotropis

Calotropisgigantea, Calotropis procera
ഉല്പത്തി
ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രതേകിച്ചു ഉഷ്ണ പ്രദേശങ്ങളില്‍ ധാരാളമായി കാണുന്നു.
രാസായനിക  ഘടകം 
Madar Alban , Madar Fluabil , ബ്ലാക്ക്‌ ആസിഡ് , റെസിന്‍
സ്ഥാനിക കര്‍മങ്ങള്‍-
ബാഹ്യം- വേദന സ്ഥാപനം (വേദന കുറക്കുന്നു ) ശോഫഹരം (നീര് കുറക്കുന്നു) വ്രണം ശുദ്ധിവരുത്തുന്നു. കൃമികളെ നശിപ്പിക്കുന്നു.
ഔഷധ ഉപയൊഗങ്ങള്‍
ഇത് വാതഹരവും ദീപനവും ഉഷ്നവും ക്രിമികളെ നശിപ്പിക്കുന്നതുമാണ്‍. ശോഫം (നീര്‍) ചൊറി, കുഷ്ട വ്രണം, പ്ലീഹ രോഗം എന്നിവയ്ക്ക് നല്ലതാണ്‍. സിദ്ധ വൈദ്യത്തിലെ ‘നീറ്റുമുറകളില്‍’ എരിക്കിന്‍ പാല്‍ ഉപയൊഗിക്കുന്നുണ്ട്. പെരുംകാല്‍, ആമവാതം, എന്നിവയില്‍ എരുക്കില ചൂടാക്കി വച്ചുകെട്ടുകയും എരുക്കിന്‍ നീരില്‍ നിന്നും കച്ചിയെടുത്ത തൈലം തേയ്കുകയും ആകാം.

ചെവി വേദനക്ക് ചെവിയില്‍ ഒഴിക്കാനും ഉപയോഗിക്കുന്നു. വ്രണങ്ങള്‍ ഉണങ്ങുവാന്‍ ഇലയുടെ ചൂര്‍ണം തേയ്ക്കുന്നതും നല്ലതാണ്‍. ഗണ്ഡമാല, മുഴകള്‍ എന്നിവക്ക് എരുക്കിന്റ്റെ പാല്‍ ലേപനം ചെയ്യണം. പല്ല് വേദനക്ക് പഞ്ഞിയില്‍ മുക്കി വയ്ക്കുക. സര്‍പ്പവിഷത്തില്‍ എരുക്കിന്റെ വേരിന്റെ നീര് കുരുമുളക് ചൂര്‍ണം ചേര്‍ത്ത് സേവിപ്പിക്കാം.

എരുക്കിന്റെ പൂവ്- വാതം കഫം ക്രിമി,  കുഷ്ടം, ചൊറി, വിഷം, വ്രണം, പ്ലീഹ രൊഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ഗുല്‍മം, രക്തപിത്തം, അര്‍ശസ്, മഹോദരം, വീക്കം, എലിവിഷം, പേപ്പട്ടി വിഷം,ഇവയെ ശമിപ്പിക്കും. സുശ്രുത മതം അനുസരിച്ച് കഫ പിത്തങ്ങളെ ശമിപ്പിക്കും.

പാല്-‍ വിശേഷിച്ച് അര്‍ശസ്, ക്രിമി, കുഷ്ടം, ഗുല്‍മം, മഹോദരം, ഇവയെ ശമിപ്പിക്കും. വയറിളക്കാന്‍ നല്ലതാണ്‍. ഇല ചെവി വേദന ഇല്ലാതെയാക്കുന്നു.

വേര്‍ - കഫം , വായുമുട്ടല്‍, ചുമ, അതിസാരം, പീനസം, പ്രവാഹിക, രക്തപിത്തം, ശീതപിത്തം, ഗ്രഹണി, വേദനയോട് കൂടിയ യോനി രക്ത സ്രാവം, തേള്‍ മുതലായവയുടെ വിഷം, ഇവയെയും കഫജങ്ങളായ മറ്റെല്ലാ രോഗങ്ങളേയും ശമിപ്പിക്കുന്നു. സ്വേദനം ആയിരിക്കും, വമനതിന് ശ്രേഷ്ടമാണ്‍.
മറ്റു വിവരങ്ങള്‍ അറിയുന്നവര്‍ എനിക്കും പറഞ്ഞു തരിക. 

8.29.2010

ഫേഷ്യല്‍ നെര്‍വ് പാള്‍സി

                           നമ്മുടെ മുഖത്തിന്റെ ഷേപ്പ് മാറ്റിക്കളയുന്ന ഒരു അസുഖമാണ് ഇത്. ആയുര്‍വേദം ഇതിനെ 'അര്‍ദിതം' എന്ന് പേരിട്ടു  വിളിക്കുന്നു. ആധുനിക ശാസ്ത്രം പറയുന്ന Bell's palsy or idiopathic facial paralysis  അല്ലെങ്കില്‍  Facial nerve paralysis  ഇതെല്ലാം അര്‍ദിതത്തില്‍ പെടുത്താവുന്ന അസുഖങ്ങള്‍ ആണ്. facial nerve  ന്റെ പ്രവര്‍ത്തന വൈകല്യം മൂലം മുഖത്തെ മാംസപേശി കള്‍ക്ക് ബലക്ഷയം ഉണ്ടായി മുഖം ഒരു വശത്തേക്ക് കോടി പോകുന്നു.

ലക്ഷണങ്ങള്‍
മുഖം ഒരു വശത്തേക്ക്  കൊടിപോകുന്നു.
മുഖത്തിന്റെ ഒരു വശത്തെ മാത്രം ബാധിക്കുന്നു.
കണ്പോളകള്‍ പുര്‍ണമായോ ഭാഗീകമായോ അടക്കുവാന്‍ കഴിയാതെ വരുന്നു.
കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകുന്നു.
ചിരിക്കാന്‍ പറ്റാതെ ആകുന്നു
വായില്‍ വെള്ളം കവിള്‍ കൊള്ളാന്‍ കഴിയാതെ വരുന്നു.
മുഖത്ത് തരിപ്പ് അനുഭവപ്പെടുന്നു. ചെറിയ വേദന അനുഭവപ്പെടാറുണ്ട്  ചിലര്‍ക്ക്.
ഒരു വശത്തെ പുരികങ്ങള്‍ ഉയര്‍ത്താന്‍ കഴിയാതെ വരുക
ഇതൊക്കെയാണ് സാധാരണ കാണാറുള്ള ലക്ഷണങ്ങള്‍.
രോഗ കാരണങ്ങള്‍
രോഗകാരണങ്ങള്‍ അജ്ഞാതം.
വൈറസ് കളായ സോസ്റെര്‍ , Epstein -Barr വൈറസ്‌ എന്നിവയുടെ ഇന്‍ഫെക്ഷന്‍ ഈ രോഗത്തിന് കാരണമാകുന്നു.
ക്ഷതം,  മുറിവുകള്‍, അന്തരീക്ഷ ഘടകങ്ങള്‍; തണുപ്പ്, വൈകാരികമായ പിരിമുറുക്കങ്ങള്‍,
ഫേഷ്യല്‍ നെര്‍വ് നു വരുന്ന നീര്കെട്ടു (inflamation ) ആണ് ഇതിനു കാരണം. അതുമൂലം ഇമ്പള്‍സ് കടന്നു പോകാതെ നെര്‍വ് തകരാറില്‍ ആകുന്നു.
മറ്റു ചില കാരണങ്ങള്‍ മൂലവും ഇതേ ലക്ഷണങ്ങള്‍ വരാം ഉദാഹരണത്തിന് tumor , meningitis, stroke, diabetes mellitus, തലക്കേറ്റ അടികള്‍, sarcoidosis, ബ്രുസില്ലോസിസ് ഇവയെല്ലാം സമാന ലക്ഷണങ്ങള്‍ക്ക് കാരണമാകാം. അത്തരം അവസരങ്ങളില്‍ കൂടുതല്‍ വിശദമായ പരിശോധനകള്‍ ആവശ്യമായി വന്നേക്കാം. ചികിത്സ
സ്റ്റിറോയിടുകള്‍, ആന്റി വൈറല്‍  മരുന്നുകള്‍ മുതലായവ ഉപയോഗിച് ആധുനിക ശാസ്ത്രം ചികിത്സിക്കുന്നു. ചിലപ്പോള്‍  മരുന്നുകള്‍ ഇല്ലാതെ തന്നെയും ഈ അസുഖം ശരിയാവാറുണ്ട്.
ആയുര്‍വേദത്തില്‍
ഇതൊരു വാത രോഗമായി ആയുര്‍വേദം കണക്കാക്കുന്നു. ചികിത്സ നിശ്ചയിക്കേണ്ടത്  രോഗിയുടെ ലക്ഷണങ്ങള്‍  നോക്കി ദോഷത്തെയും അവസ്ഥയും മനസിലാക്കി  ആണ്. കഫാവരണ  വാതം അല്ലെങ്കില്‍ കഫ    സംസര്‍ഗ വാത ചികിത്സകള്‍ ആണ് വേണ്ടത്. ഉഷ്ണ വീര്യ മായ വാത ഹര ദ്രവ്യങ്ങള്‍ മരുന്നായി നല്‍കാം. നസ്യം തര്‍പ്പണം മുതലായ എളുപ്പമുള്ള ക്രയാക്രമങ്ങളും  മതിയാകും. അര്‍ദിതം പൂര്‍ണമായും വേഗത്തിലും  ചികിത്സിച്ചു  ഭേദമാക്കാന്‍ പറ്റുന്ന ഒരു അസുഖമാണ്. 

7.25.2010

നേത്ര ചികിത്സ ആയുര്‍വേദത്തില്‍

നേത്ര ചികിത്സയെ പറ്റി ഒരു നല്ല ലേഖനം ഡോക്ടര്‍ പ്രസാദ്‌ തന്റെ ബ്ലോഗില്‍ കുറിച്ചിരിക്കുന്നു... ലിങ്ക്
http://sunethri.blogspot.com/

6.01.2010

കാമിലാരിയും , ഫാറ്റ് ഫ്രീ യും പിന്നെ ലവണ തൈലവും

ധാരാളം ഉത്പന്നങ്ങള്‍ ആയുര്‍വേദം എന്ന ലേബല്‍ ഒട്ടിച് പരസ്യത്തോടെ നമ്മുടെ മുന്നില്‍ എത്തുന്നു. മുകളില്‍ പറഞ്ഞ മൂന്നെണ്ണം അതില്‍ ചിലത് മാത്രം. ഈ മരുന്നുകള്‍ക്ക്(?) അവര്‍ അവകാശപെടുന്ന ഗുണങ്ങള്‍ ഉണ്ടോ എന്നുള്ള ചിന്തയല്ല ഞാനിവിടെ പങ്കുവയ്ക്കുന്നത്. ധാര്‍മികമായി ആയുര്‍വേദം എന്ന് അവകാശപെടാനുള്ള അര്‍ഹത ഇത്തരം ഇല്പന്നങ്ങള്‍ക്ക് ഉണ്ടോ?
ആയുര്‍വേദത്തില്‍ ഈ അസുഖത്തിന് ഈ മരുന്ന് എന്നുള്ള രീതി ഇല്ല എന്ന് അറിയാമല്ലോ. രോഗത്തിന്റെ അവസ്ഥ അനുസരിച്ച് മരുന്നുകളും മാറുന്നു.
രോഗം ഏത് അവസ്ഥയില്‍ ആണ് എന്ന് മനസിലാക്കുന്നത് രോഗ ലക്ഷണങ്ങള്‍ നോക്കിയാണ്. (അതായത് അവ്യക്തമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സ ബുദ്ധിമുട്ടാണ് എന്നും മനസിലാകാം. ഉദാ: ഹൈപ്പെര്‍ ടെന്‍ഷന്‍ ) ത്രിദോഷങ്ങള്‍ ആണ് ആയുര്‍വേദത്തിന്റെ ആധാര ശിലകള്‍. ഏതു രോഗവും ത്രിദോഷ വൈഷമ്യം കൊണ്ട് ഉണ്ടാകുന്നു. രോഗം ഏതു ദോഷം കൊണ്ടാണ് ഉണ്ടായത് എന്ന് മനസിലാകാന്‍ ലക്ഷണങ്ങള്‍ വൈദ്യനെ സഹായിക്കുന്നു.
ഞാന്‍ അതൊന്നു വിശദികരിക്കാന്‍ ശ്രമിക്കാം. മുട്ടുവേദനയുമായി ഒരാള്‍ ഒരു ആയുര്‍വേദ ചികിത്സകന്റെ അടുത്ത് എത്തിയാല്‍. ആദ്യം തന്നെ ദോഷങ്ങളെ കുറിച്ച ചിന്തിക്കുമ്പോള്‍ മനസ്സില്‍ വാത ദോഷമാണ് വരുക കാരണം വേദന വാത ദോഷത്തിന്റെ ലക്ഷണമാണ്. ഉടനെ ചികിത്സ എഴുതാന്‍ പറ്റുമോ? ഇല്ലാ... അസുഖത്തെ കുറിച്ച കൂടുതല്‍ വ്യക്തമാകേണ്ടിയിരിക്കുന്നു. വാത ദോഷ പ്രകോപത്തിന്റെ കാരണങ്ങളാണ് ഇനി അറിയേണ്ടത്. വാത കോപം പല വിധത്തില്‍ ഉണ്ടാകാം.
൧)ഇടി, ചതവ്, ഉളുക്ക് എന്നിവ മൂലം- അങ്ങനെ
എങ്കില്‍ അവിടെ രക്ത ദുഷ്ടി ജന്യ വാതപ്രകോപ ചികിത്സ ആണ് ചെയ്യേണ്ടത് .
൨)രോഗിക്ക് ചെറിയ വേദന ഉണ്ടാകുക, നീരുണ്ടാക്കുക, മരവിപ്പ് ഉണ്ടാകുക, തരിപ്പ് ഉണ്ടാകുക ഇത്തരം ലക്ഷണങ്ങള്‍ വന്നാല്‍ അത് കഫ സംസര്‍ഗ വാതമാണ് അപ്പോള്‍ വാതകഫഹരമായ ചികിത്സ ആണ് ചെയ്യേണ്ടത്.
൩) കുത്തിനോവ് ഉണ്ടാകുക, ചുട്ടുനീറ്റല്‍, പുകച്ചില്‍ ഇവ ഉണ്ടെങ്കില്‍ പിത്ത സംസര്‍ഗ വാതമാണ് അപ്പോള്‍ വാത പിത്ത ഹര ചികിത്സ ചെയ്യണം.
൪) നീര് വലുതായിരിക്കുക, വേദന അതി കഠിനമായിരിക്കുക, വിശപ്പ്‌ കുറയുക തുടങ്ങിയ ലക്ഷണം വന്നാല്‍ സാമയുക്തമായ വാതമാണ്. അപ്പോള്‍ ചികിത്സ ആമപാചകവും വാത ഹരവും ആയിരിക്കണം.
൫) അസ്ഥിക്ക് തെയ്മാനമോ, മാംസത്തിനു ശോഷമോ ഉണ്ടെങ്കില്‍ ധാതുക്ഷയ ജന്യ വാത വൃദ്ധി ആണ്. അപ്പോള്‍ ചികിത്സ ബ്ര്മ്ഹണം (ധാതുപോഷണം)
ആകണം.
ഒരു മുട്ട് വേദനക്ക് തന്നെ ആയുര്‍വേദത്തില്‍ ഇത്രെയും ചികിത്സ വൈവിധ്യങ്ങള്‍ ഉണ്ട്. ആയുര്‍വേദത്തില്‍ രോഗാവസ്ഥക്ക് അനുസരിച്ച് മരുന്ന് മാറുന്നു എന്ന് പറയാനാണ് ഇത്രയും പറയേണ്ടി വന്നത്.
അങ്ങനെ ദോഷങ്ങളെ മനസിലാക്കി ചികിത്സിക്കുമ്പോള്‍ ഒരേ രോഗത്തിന് തന്നെ രണ്ട് രോഗികളില്‍ രണ്ട് വ്യത്യസ്ഥമായ മരുന്നുകള്‍ ഉപയോഗിക്കുന്നു. അങ്ങനെ ഉപയോഗികേണ്ടി വരുമ്പോള്‍ കമാലാരിയും മറ്റു പല മരുന്നുകളും എങ്ങനെ ആയുര്‍വേദമാകും? പരസ്യങ്ങളില്‍ പറയുന്ന എല്ലാ മരുന്നുകളും ഞങ്ങളുടെ മരുന്ന് കഴിച്ചാല്‍ അസുഖം പമ്പകടക്കും എന്ന് അവകാശപ്പെടുന്നവയാണ്.അവിടെ ദോഷവുമില്ല ദൂഷ്യവുമില്ല. ഒട്ടു മിക്ക patented മരുന്നുകളും ഇങ്ങനെ തന്നെയാണ്. മോഡേണ്‍ മെഡിസിനെ അനുകരിച്ച് അതെ പേരുകളും ലേബലുകളും അനുകരിച് പുറത്തുവരുന്ന ഇത്തരം മരുന്നുകള്‍ കൊടുക്കാന്‍ ഇന്ന് ആയുര്‍വേദ ഡോക്ടര്‍ മാര്‍ മത്സരിക്കുന്നു. ഇത്തരം മരുന്നുകള്‍ പലതും യാതൊരു പഠനവും നടത്താതെ സംഹിതകളില്‍ പറയുന്നതും അല്ലാത്തതുമായ ചെടികള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്ന തട്ടിക്കൂട് മരുന്നുകളാണ്. പുതിയ മരുന്നുകള്‍ വേണ്ട എന്നല്ല; അങ്ങനെ ഒരു പുതിയ മരുന്ന് വരുമ്പോള്‍ ആയുര്‍വേദ പ്രകാരം അതിന്റെ കര്‍മവും ഗുണവും വിവരിക്കേണ്ടതല്ലേ? ( മുകളില്‍ പറഞ്ഞ രീതിയില്‍ ഏത് അസുഖത്തിന് ഏത് അവസ്ഥയില്‍ എങ്ങനെ കൊടുക്കണം ).ക്ലാസ്സിക്കല്‍ ആയുര്‍വേദ മരുന്നുകള്‍ പരിശോധിച്ചാല്‍ ആചാര്യന്മാര്‍ എത്രമാത്രം നിഷ്കര്‍ഷയോടെ ആണ് അത് രൂപപെടുതിയത് എന്ന് മനസിലാക്കാം.
പുതിയ കാലത്തില്‍ അതിനു അനുസരിച്ചുള്ള കര്‍ശനമായ പരിശോധനകളും മറ്റും നടത്തിയ ശേഷമേ മരുന്ന് ഉണ്ടാക്കാന്‍ പാടുള്ളൂ. യാതൊരു ലജ്ജയുമില്ലാതെ ആയുര്‍വേദ ഡോക്ടര്‍ മാര്‍ മരുന്നുണ്ടാക്കാന്‍ മുന്നിട്ടിരങ്ങുന്നതാണ് നമ്മള്‍ ഇന്ന് കാണുന്നത്. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ശ്രമിക്കേണ്ടുന്ന സര്‍ക്കാര്‍ ഇതിനെല്ലാം കൂട്ടുനില്‍ക്കുന്നു. അടുത്ത കാലത്ത് ആയുര്‍വേദ രംഗത്തെ യുവ പ്രതിഭക്കുള്ള പുരസ്‌കാരം ഒരു കച്ചവട പ്രമുഖനു ലഭിച്ചതും നമ്മള്‍ കണ്ടു.
സര്‍വരോഗ സംഹാരികള്‍ ആയുര്‍വേദത്തിന്റെ പേര് കെടുത്തുന്നു. ഇത്തരം മരുന്നുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കാമിലാരി  എന്ന മരുന്ന് ആയുര്‍വേദത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ക്ക് വരെ എതിരാണ്. 
കാരണം ആയുര്‍വേദം പറയുന്നു ഇതൊരു രോഗത്തിന്റെയും ഏറ്റവും പ്രാഥമികമായ ചികിത്സ 'നിദാന പരിവര്ജനം' (കാരണങ്ങളെ ഒഴിവാക്കല്‍  )  ആണ്. കാമിലാരി പരസ്യത്തില്‍ പറയുന്നു... '' ഞാന്‍ ഡെയിലി രണ്ടെണ്ണം അടിക്കാറുണ്ട് കാമിലാരി കഴിക്കുന്നുണ്ട് ഇപ്പൊ കുഴപ്പമില്ലത്രേ.." മദ്യപിക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്റെ കാമിലാരി  കൂടി കഴിച്ചോളൂ എന്നാണു വൈദ്യന്‍ പറയുന്നത്.


3.23.2010

pizhichil(പിഴിച്ചില്‍)

Pizhichil is a very famous keraliya treatment.. It comes under 'swedana' in ayurveda. But it gives the result of swedana and snehana also.. Pizhichil is indicated in kevala vatha vyadis . It is to be done for 7 days, 14 days, and 21days acording to the conditions. Time of this is from 45mints to 1.30hrs.. Olden days pizhichil was done by 5 workers, 4 men for doing dhara, and one for assisting. Any thaila can be taken for pizhichil..
PurvakarmasThalam is done as purvakarmapaschath karma
gandharva hasthadi kashyam is givn as post karma for vatha hara action and shodhana.
Indication
any kevala vatha vyadhis,
contra indication
for chronic diabetic pts.. And hypertension patients. And any contra indication of swedana and snehana.
Samyak lakshana.
Samyak lakshana of swedana and snehana..
Side effects
doing pizhichil with out checking the bala of the patients may end up with complications. Doing pizhichil in hyertension patient may end up with a cardiac arest by shooting up of bp. A chronic diabetic patient may go to the athikledatha of the body and may endup with unpredictable complications.

3.21.2010

ധൂമപാനം:പുകവലിച്ചും ചികിത്സിക്കാമോ?

Panchakarma Ayurveda's Mantra of RejuvenationPanchakarma Ayurveda's Mantra of RejuvenationPanchakarma

ഒരു കുഞ്ഞു പോസ്റ്റ്‌ ആണ് ഇന്ന്.. സമയക്കുറവു കൊണ്ടാണ് കേട്ടോ ക്ഷമിക്കുമല്ലോ..
പുകവലിച്ചും ചികിത്സിക്കാമോ എന്ന് ചിന്തിക്കുന്നുണ്ടാകും അല്ലേ? ആയുര്‍വേദത്തില്‍ പുകവലിയെ ഒരുചികിത്സ ക്രമമായി വിവരിച്ചിട്ടുണ്ട്. ധൂമപാനം എന്ന് പറയും. ഈ പുകവലി തോന്നുന്നപോലെ പുകവലിച്ച് പുറത്തുവിടുന്ന ഒരു പരിപാടി അല്ല. വിധിപ്രകാരം ചെയ്യേണ്ട ഒരുചികിത്സയാണ്.
. ധൂമപാനം ഒരു പാശ്ചാത് കര്‍മം
നസ്യം ചെയ്യ്തത്തിനു ശേഷം ധൂമപാനം ചെയ്യാന്‍ വിധിയുണ്ട്. നസ്യത്തിനു ശേഷം മൂക്കില്‍ കൂടി വരുന്ന കഫത്തിനെ കുറയ്ക്കുവാനായി ആണ് ധൂമപാനം ചെയ്യുന്നത് . കഴുത്തിന്‌ മുകളിലേക്ക് കഫദോഷം കൊണ്ടും വാത ദോഷം കൊണ്ടും അവയുടെ സംസര്‍ഗം കൊണ്ടും അസുഖങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും ഉണ്ടായവയെ മാറ്റുന്നതിനുമാണ് ധൂമപാനം ചെയ്യുനത്
ധൂമാപാനത്തെ ഒരു സാധാരണ പുകവലി ആയി കാണാന്‍ കഴിയില്ല ( തലക്കെട്ട്‌ അങ്ങനെ കൊടുത്തെങ്കിലും). ധൂമപാനത്തിനു ഉപയോഗിക്കുന്നത് ഔഷധ സസ്യങ്ങളുടെ പുക ആണ് അന്നതാണ് ഒരു കാരണം. ധൂമപാനം ചെയ്യുമ്പോള്‍ ഒരിക്കലും പുകവലിക്കുന്നവര്‍ക്കു കിട്ടുന്ന "സുഖം" ലഭിക്കുന്നില്ല എന്നതും ഒരുകാരണമാണ്‌.
പ്രത്യേകം വിധികളോടും വിധി നിഷേധങ്ങളോടും കൂടി പത്യാചരണത്തോടെ ചെയ്യുന്നതാകയാല്‍ ധൂമപാനത്തിനു പുകവലിപോലെ ദുഷ്യ ഫലങ്ങളും ഉണ്ടാകുന്നില്ല. പ്രത്യേക രോഗത്തിന് പ്രത്യേകം അവസ്ഥകളില്‍ ദോഷം, ദൂഷ്യം, ബലം, കാലം, ഇവയെക്കുറിച് ചിന്തിച് ചെയ്യുന്ന ധൂമം, രോഗിയുടെ അസുഖത്തെ മാറ്റുന്നു.
ധൂമപാനം പലവിധം
വാഗ്ഭടാചാര്യന്‍ ധൂമപാനത്തെ മൂന്നായി തരം തിരിക്കുന്നു.

* സ്നിഗ്ധ ധൂമം
* മധ്യ ധൂമം
* തീക്ഷ്ണ ധൂമം

സ്നിഗ്ധ ധൂമത്തിനു സ്നേഹ ധൂമമെന്നും മൃദു ധൂമമെന്നും; മധ്യ ധൂമത്തിനു ശമന ധൂമമെന്നും പ്രായോഗിക ധൂമമെന്നും; തീക്ഷ്ണ ധൂമത്തിനു വിരേചന ധൂമമെന്നും പേരുകളുണ്ട്.
ഇതില്‍ സ്നിഗ്ധ ധൂമം വാത ദോഷം കൊണ്ടുള്ള രോഗങ്ങളിലും, മധ്യ ധൂമം വാതവും കഫവും കൊണ്ടുള്ള രോഗങ്ങളിലും, തീക്ഷ്ണധൂമം കഫം മാത്രമുള്ള രോഗങ്ങളിലുമാണ് പ്രയോഗിക്കേണ്ടത്.
പിത്തം കൊണ്ടുള്ള രോഗങ്ങളില്‍ ധൂമം പ്രയോഗിക്കുവാന്‍ പാടില്ല. കാരണം ധൂമപാനം ഉഷ്ണവും, തീക്ഷ്ണവും, ആയതിനാല്‍ അത് പിതത്തെ വര്‍ധിപ്പിക്കുന്നു.
ധൂമപാനം പാടില്ലാത്തവര്‍
ദുഖിതര്‍, കഠിനാധ്വാനം ചെയ്യുന്നവര്‍ , ഭയ ചകിതനായ വ്യക്തി , ക്രോധന്‍, ശരീരത്തില്‍ ചൂട് കൂടുതല്‍ ഉള്ളവര്‍, വിഷം കഴിച്ചവര്‍, ബ്ലീഡിംഗ് അസുഖങ്ങള്‍ ഉള്ളവര്‍, മദ്യപിച്ചവര്‍, മോഹാലസ്യപെട്ടുപോയവര്‍, ച്ചുട്ടുനീടല്‍ ഉള്ളവര്‍, വെള്ള ദാഹമുള്ളവര്‍ , വിളര്‍ച്ച, തൊണ്ട വരള്‍ച്ച , ഛര്ദി , തലയ്ക്കു അപകടം പറ്റിയവര്‍, തിമിരം, പ്രമേഹം, എന്നിവയുള്ളവര്‍ , ബാലന്മാര്‍, ശരീരബലം കുറഞ്ഞവര്‍, പഞ്ച കര്‍മ്മ ചികിത്സ ചെയ്തു കഴിഞ്ഞവര്‍, ക്ഷീണിച്ചവര്‍, ശരീര ജലാംശം കുറവുള്ളവര്‍, നെഞ്ചില്‍ അപകടങ്ങള്‍ പറ്റിയവര്‍, ചെറിയ തോതില്‍ മാത്രം കഫരോഗങ്ങള്‍ ഉള്ളവര്‍, ഇവര്‍ക്ക് ധൂമപാനം പാടില്ല. മുകളില്‍ പറഞ്ഞ വിധിനിഷേധങ്ങളെല്ലാം ധൂമ പാനത്തിനെ അടിസ്ഥാനമാക്കിയുള്ള ദോഷ ചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞവയും പ്രായോഗികമായി കണ്ട അനന്തര ഫലങ്ങളെയുംഅടിസ്ഥാനമാക്കി ഉള്ളതാകാം. പിത്ത വാത സംസര്‍ഗമുള്ള രോഗങ്ങളില്‍ ധൂമപാം പാടില്ല.
ധൂമപാനം ചെയ്യേണ്ട വിധം
ചുരുക്കി വിവരിക്കാം.
step 1 )
ആവശ്യമുള്ള മരുന്നുകള്‍ പൊടിച്ചു ദര്‍ഭ പുല്ലിലോ തുണിയിലോ തേച്ചു പിടിപ്പിച്ചു നിഴലില്‍ ഉണക്കി ചുരുട്ടി എടുക്കുന്നു. ഇതിനു ധൂമ വര്‍ത്തി എന്ന് പറയുന്നു.
step 2 )
ഇനി വേണ്ടത് ധൂമ നേത്രമാണ്. അതായത് ഒരു കുഴല്‍. ഈ കുഴല്‍ വഴി ആണ് പുക ഉള്ളിലേക്ക് എടുക്കേണ്ടത്. തടി ലോഹം എന്നിവ കൊണ്ട് ഈ നേത്രം ഉണ്ടാക്കാറുണ്ട്. ചിലയിടങ്ങളില്‍ കട്ടി കടലാസ് ചുരുട്ടിയും ധൂമ നേത്രം ഉണ്ടാക്കാറുണ്ട്.
step 3 )
രോഗി നിവര്ന്നിരിക്കുക. വര്‍ത്തി കത്തിച്ച് വരുന്ന പുക ധൂമ നേത്രം വഴി ഉള്ളിലേക്ക് എടുക്കുക. ആദ്യം ഒരു മൂക്ക് മാത്രം അടച്ച് മറ്റേ മൂക്കിലുടെ വലിക്കുക. അതിനു ശേഷം എതിര്‍ നാസ ദ്വാരം അടച്ച് ആവര്‍ത്തിക്കുക. ഇപ്രകാരം നിര്‍ദ്ദിഷ്ട പ്രാവശ്യം ചെയ്യുക. വായിലുടെയോ മൂക്കിലുടെയോ പുക വലിച്ചെടുക്കാം. എന്നാല്‍ വായില്‍ കൂടി എടുക്കുന്ന പുക മൂക്കില്‍ കൂടി പുറത്തുവിടാന്‍ പാടില്ല. അങ്ങനെ ചെയ്‌താല്‍ കണ്ണിനു അസുഖങ്ങള്‍ വരുത്തുമെന്ന് ശാസ്ത്രം.
ഔഷധങ്ങള്‍
അകില്‍, ഗുഗ്ഗുലു, മുത്തങ്ങ, കോലരക്ക്, മഞ്ഞള്‍, രാമച്ചം, ഇരുവേലി, ഇലവംഗം, വാല്‍മുളക്, ഇരട്ടി മധുരം, കൂവള മജ്ജ, ദശമൂലം, മനയോല, അറിതാരം, കോലരക്ക്, ത്രിഫല, താമരപൂവ്, മഞ്ചട്ടി, പതുമുകം, കോട്ടം എന്നിങ്ങനെ ധാരാളം മരുന്നുകള്‍ ധൂമാപാനതിനു ഉപയോഗിക്കാവുന്നവയാണ്.
രോഗ സ്വഭാവം, കാലം, രോഗിയുടെ പ്രകൃതി, ദോഷ ഹരത്വം, മരുന്നുകളുടെ ലഭ്യത, രോഗിയുടെ സഹന ശേഷി ഇവ മനസിലാകി ഔചിത്യ പൂര്‍വ്വം മരുന്ന് തിരഞ്ഞെടുക്കുന്നു.
ധൂമ പാനത്തിന്റെ ഗുണങ്ങള്‍
വാക്കിനും മനസിനും പ്രസന്നത കൈവരുന്നു. തലമുടി, പല്ലുകള്‍, താടി മീശയിലെ രോമങ്ങള്‍ എന്നിവയ്ക്ക് ദൃഢതയും വായ്ക്കു സുഗന്ധവും നിര്‍മലതയും ഉണ്ടാകും. ചുമ , ശ്വാസം മുട്ടല്‍, അരുചി, തൊണ്ടയടപ്പ്, ക്ഷീണം, ഉറക്ക കൂടുതല്‍, ഹനു സ്തംഭം. കഴുത്തില്‍ ഉണ്ടാകുന്ന വേദന, സൈനസൈടിസ്, തലവേദന, ചെവി വേദന, കണ്ണ് വേദന, കഫാ വാത ജന്യമായ മുഖ രോഗങ്ങള്‍ ഇവ പതിവായി ധൂമപാനം ശീലമാകിയവര്‍ക്ക് ബാധിക്കില്ല.
ധൂമപാനം ഒരു ദിനചര്യ
ധൂമപാനത്തെ ഒരു ദിനചര്യ ആയി വിവരിക്കുന്നുണ്ട്. പക്ഷെ അതിനുമുന്‍പ്‌ നസ്യം , കവളം, ഗണ്ടുഷം ( വായില്‍ എണ്ണ നിറച്ചു നിര്‍ത്തുക ) മുതലായവ ചെയ്തിരിക്കണം എന്ന് മാത്രം.
കഫജന്യമായ രോഗങ്ങള്‍ സ്ഥിരം അലട്ടുന്നവര്‍ക്ക് ധൂമപാനം ഒരു ശീലം ആക്കാവുന്നതാണ്

Copy right protected. Copy pasting disabled