6.01.2010

കാമിലാരിയും , ഫാറ്റ് ഫ്രീ യും പിന്നെ ലവണ തൈലവും

ധാരാളം ഉത്പന്നങ്ങള്‍ ആയുര്‍വേദം എന്ന ലേബല്‍ ഒട്ടിച് പരസ്യത്തോടെ നമ്മുടെ മുന്നില്‍ എത്തുന്നു. മുകളില്‍ പറഞ്ഞ മൂന്നെണ്ണം അതില്‍ ചിലത് മാത്രം. ഈ മരുന്നുകള്‍ക്ക്(?) അവര്‍ അവകാശപെടുന്ന ഗുണങ്ങള്‍ ഉണ്ടോ എന്നുള്ള ചിന്തയല്ല ഞാനിവിടെ പങ്കുവയ്ക്കുന്നത്. ധാര്‍മികമായി ആയുര്‍വേദം എന്ന് അവകാശപെടാനുള്ള അര്‍ഹത ഇത്തരം ഇല്പന്നങ്ങള്‍ക്ക് ഉണ്ടോ?
ആയുര്‍വേദത്തില്‍ ഈ അസുഖത്തിന് ഈ മരുന്ന് എന്നുള്ള രീതി ഇല്ല എന്ന് അറിയാമല്ലോ. രോഗത്തിന്റെ അവസ്ഥ അനുസരിച്ച് മരുന്നുകളും മാറുന്നു.
രോഗം ഏത് അവസ്ഥയില്‍ ആണ് എന്ന് മനസിലാക്കുന്നത് രോഗ ലക്ഷണങ്ങള്‍ നോക്കിയാണ്. (അതായത് അവ്യക്തമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സ ബുദ്ധിമുട്ടാണ് എന്നും മനസിലാകാം. ഉദാ: ഹൈപ്പെര്‍ ടെന്‍ഷന്‍ ) ത്രിദോഷങ്ങള്‍ ആണ് ആയുര്‍വേദത്തിന്റെ ആധാര ശിലകള്‍. ഏതു രോഗവും ത്രിദോഷ വൈഷമ്യം കൊണ്ട് ഉണ്ടാകുന്നു. രോഗം ഏതു ദോഷം കൊണ്ടാണ് ഉണ്ടായത് എന്ന് മനസിലാകാന്‍ ലക്ഷണങ്ങള്‍ വൈദ്യനെ സഹായിക്കുന്നു.
ഞാന്‍ അതൊന്നു വിശദികരിക്കാന്‍ ശ്രമിക്കാം. മുട്ടുവേദനയുമായി ഒരാള്‍ ഒരു ആയുര്‍വേദ ചികിത്സകന്റെ അടുത്ത് എത്തിയാല്‍. ആദ്യം തന്നെ ദോഷങ്ങളെ കുറിച്ച ചിന്തിക്കുമ്പോള്‍ മനസ്സില്‍ വാത ദോഷമാണ് വരുക കാരണം വേദന വാത ദോഷത്തിന്റെ ലക്ഷണമാണ്. ഉടനെ ചികിത്സ എഴുതാന്‍ പറ്റുമോ? ഇല്ലാ... അസുഖത്തെ കുറിച്ച കൂടുതല്‍ വ്യക്തമാകേണ്ടിയിരിക്കുന്നു. വാത ദോഷ പ്രകോപത്തിന്റെ കാരണങ്ങളാണ് ഇനി അറിയേണ്ടത്. വാത കോപം പല വിധത്തില്‍ ഉണ്ടാകാം.
൧)ഇടി, ചതവ്, ഉളുക്ക് എന്നിവ മൂലം- അങ്ങനെ
എങ്കില്‍ അവിടെ രക്ത ദുഷ്ടി ജന്യ വാതപ്രകോപ ചികിത്സ ആണ് ചെയ്യേണ്ടത് .
൨)രോഗിക്ക് ചെറിയ വേദന ഉണ്ടാകുക, നീരുണ്ടാക്കുക, മരവിപ്പ് ഉണ്ടാകുക, തരിപ്പ് ഉണ്ടാകുക ഇത്തരം ലക്ഷണങ്ങള്‍ വന്നാല്‍ അത് കഫ സംസര്‍ഗ വാതമാണ് അപ്പോള്‍ വാതകഫഹരമായ ചികിത്സ ആണ് ചെയ്യേണ്ടത്.
൩) കുത്തിനോവ് ഉണ്ടാകുക, ചുട്ടുനീറ്റല്‍, പുകച്ചില്‍ ഇവ ഉണ്ടെങ്കില്‍ പിത്ത സംസര്‍ഗ വാതമാണ് അപ്പോള്‍ വാത പിത്ത ഹര ചികിത്സ ചെയ്യണം.
൪) നീര് വലുതായിരിക്കുക, വേദന അതി കഠിനമായിരിക്കുക, വിശപ്പ്‌ കുറയുക തുടങ്ങിയ ലക്ഷണം വന്നാല്‍ സാമയുക്തമായ വാതമാണ്. അപ്പോള്‍ ചികിത്സ ആമപാചകവും വാത ഹരവും ആയിരിക്കണം.
൫) അസ്ഥിക്ക് തെയ്മാനമോ, മാംസത്തിനു ശോഷമോ ഉണ്ടെങ്കില്‍ ധാതുക്ഷയ ജന്യ വാത വൃദ്ധി ആണ്. അപ്പോള്‍ ചികിത്സ ബ്ര്മ്ഹണം (ധാതുപോഷണം)
ആകണം.
ഒരു മുട്ട് വേദനക്ക് തന്നെ ആയുര്‍വേദത്തില്‍ ഇത്രെയും ചികിത്സ വൈവിധ്യങ്ങള്‍ ഉണ്ട്. ആയുര്‍വേദത്തില്‍ രോഗാവസ്ഥക്ക് അനുസരിച്ച് മരുന്ന് മാറുന്നു എന്ന് പറയാനാണ് ഇത്രയും പറയേണ്ടി വന്നത്.
അങ്ങനെ ദോഷങ്ങളെ മനസിലാക്കി ചികിത്സിക്കുമ്പോള്‍ ഒരേ രോഗത്തിന് തന്നെ രണ്ട് രോഗികളില്‍ രണ്ട് വ്യത്യസ്ഥമായ മരുന്നുകള്‍ ഉപയോഗിക്കുന്നു. അങ്ങനെ ഉപയോഗികേണ്ടി വരുമ്പോള്‍ കമാലാരിയും മറ്റു പല മരുന്നുകളും എങ്ങനെ ആയുര്‍വേദമാകും? പരസ്യങ്ങളില്‍ പറയുന്ന എല്ലാ മരുന്നുകളും ഞങ്ങളുടെ മരുന്ന് കഴിച്ചാല്‍ അസുഖം പമ്പകടക്കും എന്ന് അവകാശപ്പെടുന്നവയാണ്.അവിടെ ദോഷവുമില്ല ദൂഷ്യവുമില്ല. ഒട്ടു മിക്ക patented മരുന്നുകളും ഇങ്ങനെ തന്നെയാണ്. മോഡേണ്‍ മെഡിസിനെ അനുകരിച്ച് അതെ പേരുകളും ലേബലുകളും അനുകരിച് പുറത്തുവരുന്ന ഇത്തരം മരുന്നുകള്‍ കൊടുക്കാന്‍ ഇന്ന് ആയുര്‍വേദ ഡോക്ടര്‍ മാര്‍ മത്സരിക്കുന്നു. ഇത്തരം മരുന്നുകള്‍ പലതും യാതൊരു പഠനവും നടത്താതെ സംഹിതകളില്‍ പറയുന്നതും അല്ലാത്തതുമായ ചെടികള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്ന തട്ടിക്കൂട് മരുന്നുകളാണ്. പുതിയ മരുന്നുകള്‍ വേണ്ട എന്നല്ല; അങ്ങനെ ഒരു പുതിയ മരുന്ന് വരുമ്പോള്‍ ആയുര്‍വേദ പ്രകാരം അതിന്റെ കര്‍മവും ഗുണവും വിവരിക്കേണ്ടതല്ലേ? ( മുകളില്‍ പറഞ്ഞ രീതിയില്‍ ഏത് അസുഖത്തിന് ഏത് അവസ്ഥയില്‍ എങ്ങനെ കൊടുക്കണം ).ക്ലാസ്സിക്കല്‍ ആയുര്‍വേദ മരുന്നുകള്‍ പരിശോധിച്ചാല്‍ ആചാര്യന്മാര്‍ എത്രമാത്രം നിഷ്കര്‍ഷയോടെ ആണ് അത് രൂപപെടുതിയത് എന്ന് മനസിലാക്കാം.
പുതിയ കാലത്തില്‍ അതിനു അനുസരിച്ചുള്ള കര്‍ശനമായ പരിശോധനകളും മറ്റും നടത്തിയ ശേഷമേ മരുന്ന് ഉണ്ടാക്കാന്‍ പാടുള്ളൂ. യാതൊരു ലജ്ജയുമില്ലാതെ ആയുര്‍വേദ ഡോക്ടര്‍ മാര്‍ മരുന്നുണ്ടാക്കാന്‍ മുന്നിട്ടിരങ്ങുന്നതാണ് നമ്മള്‍ ഇന്ന് കാണുന്നത്. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ശ്രമിക്കേണ്ടുന്ന സര്‍ക്കാര്‍ ഇതിനെല്ലാം കൂട്ടുനില്‍ക്കുന്നു. അടുത്ത കാലത്ത് ആയുര്‍വേദ രംഗത്തെ യുവ പ്രതിഭക്കുള്ള പുരസ്‌കാരം ഒരു കച്ചവട പ്രമുഖനു ലഭിച്ചതും നമ്മള്‍ കണ്ടു.
സര്‍വരോഗ സംഹാരികള്‍ ആയുര്‍വേദത്തിന്റെ പേര് കെടുത്തുന്നു. ഇത്തരം മരുന്നുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കാമിലാരി  എന്ന മരുന്ന് ആയുര്‍വേദത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ക്ക് വരെ എതിരാണ്. 
കാരണം ആയുര്‍വേദം പറയുന്നു ഇതൊരു രോഗത്തിന്റെയും ഏറ്റവും പ്രാഥമികമായ ചികിത്സ 'നിദാന പരിവര്ജനം' (കാരണങ്ങളെ ഒഴിവാക്കല്‍  )  ആണ്. കാമിലാരി പരസ്യത്തില്‍ പറയുന്നു... '' ഞാന്‍ ഡെയിലി രണ്ടെണ്ണം അടിക്കാറുണ്ട് കാമിലാരി കഴിക്കുന്നുണ്ട് ഇപ്പൊ കുഴപ്പമില്ലത്രേ.." മദ്യപിക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്റെ കാമിലാരി  കൂടി കഴിച്ചോളൂ എന്നാണു വൈദ്യന്‍ പറയുന്നത്.


15 comments:

  1. Dear Sir,

    Please write more about this subject in details..

    Take care.......

    ReplyDelete
  2. ഞാനും ആയുര്വേദം ഇഷ്ടപ്പെടുന്ന ഒരാളാണ്
    ആശംസകള്‍

    ReplyDelete
  3. ആയുര്‍വേദം എന്നു പേരു വച്ച്‌ കാശുണ്ടാക്കുന്ന വിദ്യ, എല്ലാ ബിസിനെസ്സുകാരും ചെയ്യുന്നത്‌ ഇതു തന്നെ.
    പക്ഷെ ഇതാണു യഥാര്‍ത്ഥ ആയുര്‍വേദം എന്നു ചിലരെങ്കിലും വിശ്വസിച്ചു പോകും എന്നതാണ്‌ അപകടം

    ReplyDelete
  4. ആയൂര്‍വേദമരുന്നുകള്‍ എന്ന ലേബലാണ് പ്രശ്നം എന്ന് തോന്നുന്നു.കാമിലാരിയില്‍ അടങ്ങിയിരിക്കുന്ന ഘടകം (അത് പ്രകൃതി ദത്തമാണ് എന്ന് ധരിച്ചാല്‍ മതി, ആയൂര്‍ വേദിക് എന്ന പ്രയോഗത്തില്‍ നിന്ന് )കരള്‍ രോഗങ്ങളെ ചെറുക്കാന്‍ ശേഷിയുള്ളതാവാം. പഴയ ഗാലന്റെ കാലത്തെ മരുന്നുകള്‍ മെറ്റീരിയ മെഡിക്കകളില്‍ ഇന്നും ഇല്ലെ?
    അയമോദകം, ചുക്ക് തുടങ്ങിയ ഐറ്റംസ് ഒക്കെ അതില്‍ പരാമര്‍ശിച്ചിട്ടുമുണ്ട്, യഥാര്‍ത്ഥത്തില്‍ ഇതിനനുസരിച്ചാണ് പല ഫോര്‍മുലകളും വരുന്നത് . “മരുന്ന് “ എന്ന ലേബല്‍ ഇട്ടാലുണ്ടാവുന്ന പുലിവാലുകള്‍ ഒഴിവാക്കാനും ലൈസന്‍സു കിട്ടാനുമാണ് “ആയൂര്‍വേദിക് ഇന്‍ഗ്രേഡിങ്സ്” എന്ന് പൊതിയില്‍ എഴുതിപ്പിടിപ്പിക്കാന്‍ കാരണം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

    ReplyDelete
  5. ജഗത്യേവമനുഷധം
    ന കിഞ്ചിത്‌ വിദ്യതെ ദ്രവ്യം"
    ഈ ജഗത്തില്‍ ഔഷധമല്ലാത്തതായി ഒരു ദ്രവ്യം ഇല്ലതന്നെ.

    എന്നാണ്‌ ആയുര്‍വേദം പറയുന്നത്‌ . അതായത്‌ ഏതു ദ്രവ്യവും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ രോഗശമനകാരി ആകാം. പക്ഷെ ഏതു സന്ദര്‍ഭത്തില്‍ ഏതു ദ്രവ്യം ഔഷധമായി വരും എന്നറിയുന്നത്‌ ആ രോഗിയെ പരിശോധിക്കുന്ന വൈദ്യനു മാത്രമേ നിശ്ചയിക്കാന്‍ പറ്റൂ.

    ഇതാണ്‌ ആയുര്‍വേദത്തിന്റെ ഏറ്റവും വലിയ മഹത്വവും.

    എന്നാല്‍ എളുപ്പത്തിനു വേണ്ടി അലമാരിയില്‍ സൂക്ഷിക്കവുന്ന മരുന്നുകള്‍ ഉണ്ടാക്കി വില്‍ക്കുന്ന നിലയിലേക്ക്‌ അധഃപതിച്ചത്‌ നാം ഇന്നു കാണുന്നു

    ReplyDelete
  6. "... ഏതു സന്ദര്‍ഭത്തില്‍ ഏതു ദ്രവ്യം ഔഷധമായി വരും എന്നറിയുന്നത്‌ ആ രോഗിയെ പരിശോധിക്കുന്ന വൈദ്യനു മാത്രമേ നിശ്ചയിക്കാന്‍ പറ്റൂ."
    absolutely correct.. as an ayurvedic physician i fed up by answering peoples question about these patented products. good work keep up...

    ReplyDelete
  7. പുതിയ മരുന്നുകൾ വരുന്നത് നല്ലതു തന്നെയാണു. അതിനെ “അനില്ബ്ലോഗ്” മുകളിൽ പറഞ്ഞതു പോലെ പ്രകൃതിയിൽ നിന്ന് എന്ന് കരുതിയാൽ മതി.
    പക്ഷെ
    ഈ മരുന്നുകൾ നിർമിച്ച് വില്ക്കുന്നവർ അവകാശപ്പെടുന്നതു പോലെ ഫലപ്രദമാണോയെന്ന് വേണ്ടപ്പെട്ടവർ ഉറപ്പ് വരുത്തണം. ഇല്ലെങ്കിൽ ജനങ്ങൾ ചൂഷണത്തിനു ഇരകളാകും.

    ReplyDelete
  8. നല്ല ലേഖനം. വൈദ്യശാസ്ത്രത്തിനെ നശിപ്പിക്കുന്ന ഇത്തരം മരുന്നുകള്‍ക്കെതിരെ പൊതുസമൂഹം പ്രതികരിക്കട്ടെ. ആയുര്‍വേദത്തെക്കുരിച്ചു കൂടുതല്‍ മനസ്സിലാക്കാന്‍ ഈ ബ്ലോഗ്‌ ഏറെ ഉപകരിക്കുന്നു. അഭിനന്ദനങ്ങള്‍.

    ReplyDelete
  9. മുസ്ലി പവ്വറിന്റെ ഗതികേട് അറിഞ്ഞില്ലേ..?.ഇതു തന്നെ ആകും ഇവരുടേയും ഗതി.പണം..പണം...അതിന് വേണ്ടി ഓരോ വേഷം കെട്ടുമായി ഓരോരുത്തർ ഇറങ്ങും.അതിന് തലവെയ്ക്കാൻ മണ്ടന്മാരായ ഉപഭോക്താക്കളും.ലേഖനം കാലീക പ്രസക്തിയുള്ളതാണ്.

    ReplyDelete
  10. Hi,very useful article.I have one more doubt,now a days lots of produts are coming for hair removal on the face.Is it effective?or is there any remedy for this hair growth instead of turmeric.

    ReplyDelete
  11. വളരെയധികം സന്തോഷം ....ഇങ്ങനെ ഒന്ന് കണ്ടതില്‍......... ....ഇങ്ങനെയൊന്നു കണ്ടാല്‍ പോലും ആരും പഠിക്കില്ല ..ശരിക്കുള്ള ആയുര്‍വേദ ചികിത്സകള്‍ ചെയ്യാനും അതിനെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കാത്ത ഒരു വലിയ ജനതയാണ് നമ്മുടെ ചുറ്റിനും .പരസ്യത്തിന്റെ സ്വാധീനം നമ്മുടെ ജീവിതത്തില്‍ എന്ത് മാത്രമുന്ടെന്നു നമ്മള്‍ സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു ..ആയുര്‍വേദവും അലോപതിയും കൂട്ടിക്കുഴച്ചു നടത്തുന്ന ഇത്തരം കച്ചവട സാമ്രാട്ടുകളെ വേരോടെ പിഴുതെറിയണം.അതിനു ശക്തമായ ഒരു നിയമം തന്നെ വേണം.ആയുര്‍വേദത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം അഴിമതികളെ പുറത്തു കൊണ്ട് വരാന്‍ ശ്രമിക്കുന്ന ഈ ശ്രമത്തിനു വളരെ നന്ദി ..ബ്രിടീഷ്‌ അധിനിവേശത്തെപ്പോലും അതിജീവിച്ച ആയുര്‍വേദത്തിനു വീണ്ടും ഒരു പുതിയ ഉണര്‍വ് ലഭിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു .....

    ReplyDelete
  12. വളരെയധികം സന്തോഷം ....ഇങ്ങനെ ഒന്ന് കണ്ടതില്‍......... ....ഇങ്ങനെയൊന്നു കണ്ടാല്‍ പോലും ആരും പഠിക്കില്ല ..ശരിക്കുള്ള ആയുര്‍വേദ ചികിത്സകള്‍ ചെയ്യാനും അതിനെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കാത്ത ഒരു വലിയ ജനതയാണ് നമ്മുടെ ചുറ്റിനും .പരസ്യത്തിന്റെ സ്വാധീനം നമ്മുടെ ജീവിതത്തില്‍ എന്ത് മാത്രമുന്ടെന്നു നമ്മള്‍ സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു ..ആയുര്‍വേദവും അലോപതിയും കൂട്ടിക്കുഴച്ചു നടത്തുന്ന ഇത്തരം കച്ചവട സാമ്രാട്ടുകളെ വേരോടെ പിഴുതെറിയണം.അതിനു ശക്തമായ ഒരു നിയമം തന്നെ വേണം.ആയുര്‍വേദത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം അഴിമതികളെ പുറത്തു കൊണ്ട് വരാന്‍ ശ്രമിക്കുന്ന ഈ ശ്രമത്തിനു വളരെ നന്ദി ..ബ്രിടീഷ്‌ അധിനിവേശത്തെപ്പോലും അതിജീവിച്ച ആയുര്‍വേദത്തിനു വീണ്ടും ഒരു പുതിയ ഉണര്‍വ് ലഭിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു .....

    ReplyDelete
  13. നിങ്ങളുടെ സിസ്റ്റത്തിൽ ഈ രോഗത്തിന് എന്താണ് മരുന്ന് എന്ന് ചോദിക്കുന്നവരേ ഉള്ളൂ. ഞങ്ങളുടെ സിസ്റ്റത്തിൽ, പ്രകൃതിയുമായി ബന്ധപ്പെട്ട ചികിത്സകളിൽ എല്ലാം, രോഗത്തില്ല രോഗിക്കാണ് മരുന്ന് എന്നും അത് എന്താണ് എന്ന് അഭ്യസ്തവിദ്യരെപ്പോലും മനസ്സിലാക്കിക്കേണ്ടി വരുന്നു.

    ReplyDelete

Copy right protected. Copy pasting disabled