അര്‍ശസ് അഥവാ പൈല്‍സ് എന്ന്
അറിയപ്പെടുന്ന രോഗം ഇന്ന് കേരളത്തില്‍ മുന്‍പുള്ളതിനേക്കാള്‍
പതിന്‍മടങ്ങാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൈല്‍സ് ചികിത്സയില്‍
ഇന്ന് രോഗികള്‍ക്ക് മുന്‍പത്തേക്കാളും അവബോധം കൂടിയിട്ടുണ്ടെങ്കിലും ഇന്നും
ചികിത്സ രോഗിക്ക് അത്യന്തം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ്. സര്‍ജറി
ചെയ്താലും രോഗം തിരികെ വരാമെന്നുള്ളതും പൈല്‍സ് രോഗികള്‍ക്ക് ശാസ്ത്രീയ
ചികിത്സ തിരഞ്ഞെടുക്കുന്നതില്‍ വിമുഖത കാണിക്കുകയും ഒടുവില്‍
വ്യാജവൈദ്യത്തില്‍ എത്തിപ്പെടുകയും ചെയ്യുന്ന ഒരു പ്രവണത ഇന്നുണ്ട്. രോഗം
വന്നതിന് ശേഷം ചികിത്സ വൈകിക്കുന്നത് ഇത് സര്‍ജറി ചെയ്യേണ്ടിവരുന്ന
അവസ്ഥകളിലേക്ക് എത്തിക്കുന്നു എന്നതാണ് സത്യം. പൈല്‍സ് രോഗത്തെ
സംബന്ധിച്ചിടത്തോളം ആഹാര ശീലങ്ങളാണ് ഇന്നത്തെ കാലഘട്ടത്തില്‍ പൈല്‍സ്
രോഗികളുടെ വര്‍ദ്ധനവിന് പ്രധാന കാരണം.
ആധുനിക ശാസ്ത്രം പൈല്‍സിനെ എങ്ങിനെ കാണുന്നു?
ആധുനിക ശാസ്ത്രപ്രകാരം പൈല്‍സ് ഒരു സിര (വെയിന്‍) ജന്യ രോഗമാണ്. പലകാരണങ്ങള്‍ കൊണ്ടും സിരകള്‍ വിസ്താരം കൂടി അവയുടെ വലുപ്പം വര്‍ധിക്കുന്നതിനെ ”വേരിക്കോസിറ്റി’ എന്നാണ് അറിയപ്പെടുന്നത്. കാലുകളില്‍ വരാറുള്ള വേരിക്കോസ് വെയിന്‍ എന്ന അസുഖം പോലെതന്നെയാണ് ഇതിന്‍റെ ആരംഭ-വികാസങ്ങള്‍ (പാതോഫിസിയോളജി). എന്നിരിന്നാലും പൈല്‍സ് എന്ന രോഗത്തിന്‍റെ ചികിത്സയും കാരണങ്ങളും കാലിലെ വേരിക്കൊസ് വെയിനില്‍ നിന്നും വ്യത്യസ്ഥമാണ്.യദാര്‍ധത്തില്‍ മറ്റു ജീവികളെ അപേക്ഷിച്ച്, അവയ്ക്കില്ലാത്ത, നിവര്‍ന്നുനില്‍ക്കാനുള്ള മനുഷ്യന്‍റെ സിദ്ധികാരണം അവന്‍ നല്‍കേണ്ടിവരുന്ന ’പിഴ’ യാണ് പൈല്‍സ്.
ആയുര്‍വേദ പ്രകാരം അര്‍ശസ്
ആയുര്‍വേദ ഗ്രന്ധങ്ങള്‍ അര്‍ശസിനെ മാംസാങ്കുരങ്ങള്‍ ആയാണ് കണ്ടത്."അരിവത് പ്രാണിനോ മാംസകീലകാ വിശസന്തി യത്
അര്‍ശാസി തസ്മാത് ഉച്യന്തേ ഗുദമാര്‍ഗ്ഗ നിരോധതഃ"
മാംസകീലകങ്ങള്‍ (വളര്‍ച്ചകള്‍) ഗുദമാര്‍ഗ്ഗത്തെ നിരോധിച്ചിട്ട് ഒരു ശത്രുവിനേപോലെ (അരി=ശത്രു) രോഗിയെ കഷ്ടപ്പെടുത്തുന്നതുകൊണ്ട് അര്‍ശസ് എന്നുവിളിക്കുന്നു എന്ന് അഷ്ടാംഗ ഹൃദയം പറയുന്നു.
രോഗകാരണങ്ങള്‍
താഴെ പറയുന്ന ഏതാനും ഘടകങ്ങളെ രോഗകാരണങ്ങളായി ആധുനിക ശാസ്ത്രം വിലയിരുത്തുന്നു.
![]() | |
Picture-1 |
അര്‍ശസ് ഒരു പാരമ്പര്യ രോഗം കൂടിയാണ്. ഒരേകുടുമ്പത്തിലെ മിക്കവര്‍ക്കും പ്രത്യേകിച്ച് മറ്റ് രോഗ കാരണങ്ങളില്ലാതെ തന്നെ രോഗം വരാറുണ്ട്. മലദ്വാരത്തിന് ചുറ്റുമുള്ള ഞരമ്പുകളുടെ ശക്തിക്കുറവാകാം ഇതിന് കാരണമെന്നാണ് ഗണിക്കപ്പെടുന്നത്.
ശരീരഘടനാപരമായ കാരണങ്ങള്‍
മനുഷ്യശരീരത്തിന്‍റെ ’നിവര്‍ന്ന നില്‍പ്’ ഞരമ്പുകള്‍ക്ക് (സിര) മുകളിലേക്കുള്ള രക്തപ്രവാഹത്തെ ബുദ്ധിമുട്ടിലാക്കുകയും സിരകള്‍ വികസിക്കാന്‍ തുടങ്ങുകയും ചെയ്യും. (ചിത്രം- ഒന്ന്)
![]() | |
Picture-2 |
ഗുദത്തോട് ചേര്‍ന്നുനില്‍ക്കുന്ന സുപ്പീരിയര്‍ റെക്ടല്‍ വയിന്‍സ് എന്ന ഞരമ്പുകളില്‍ വാല്‍വുകള്‍ ഇല്ലാത്തത് രക്തം തങ്ങിനില്‍ക്കാനും ഞരമ്പുകള്‍ വികസിക്കാനും കാരണമാകുന്നു. (ചിത്രം- രണ്ട്)
മലബന്ധം/ വയറിളക്കം
ഈരണ്ട് സന്ദര്‍ഭങ്ങളിലും അധികമായി ചെയ്യപ്പെടുന്ന ’മുക്കല്‍’ പൈല്‍സിന് പ്രധാന കാരണമാണ്.
മലവിസര്‍ജനസമയത്ത് ഞരമ്പുകളിലെ മര്‍ദ്ദം കൂടുന്നത് വികാസത്തിന് കാരണമാകുന്നു.
ആഹാര കാരണങ്ങള്‍
മലബന്ധം ഉണ്ടാക്കുന്നതും, മലം ശുഷ്കിപ്പിക്കുന്നതുമായ ആഹാരങ്ങള്‍.
മറ്റ് കാരണങ്ങള്‍
മറ്റെന്തെങ്കിലും രോഗത്തിന്‍റെയോ അവസ്ഥയുടേയോ ബാക്കിപത്രമായും പൈല്‍സ് വരാം.
മുഴകള്‍/ കാന്‍സറുകള്‍- ഗുദത്തിലോ വന്‍കുടലിലോ വരുന്ന മുഴകള്‍ അവിടുത്തേ ഞരമ്പുകളെ തടസപ്പെടുത്തി പൈല്‍സ് രൂപപ്പെടാറുണ്ട്.
ഗര്‍ഭാവസ്ഥ- ഇതും ഗുദഞരമ്പുകളെ തടസപ്പെടുത്തുകയോ സിരാ പേസികളെ ദുര്‍ബലമാക്കുകയോ ചെയ്ത് അര്‍ശസിന് കാരണമകാറുണ്ട്.
ചിരകാല മലബന്ധം- വളരെക്കാലമായുള്ള മലബന്ധം എടുത്തുപറയാവുന്ന ഒരു കാരണമാണ്.
പോര്‍ട്ടല്‍ ഹൈപ്പര്‍ടെന്‍ഷന്‍- ’കരള്‍ സിര’ യിലെ രക്താതി മര്‍ദ്ദം പൈല്‍സിന് മറ്റൊരു കാരണമാണ്.
ആയുര്‍വേദം അര്‍ശസിന്‍റെ കാരണങ്ങള്‍ പറയുന്നത് ഇപ്രകാരം.
ദോഷങ്ങള്‍ പ്രകോപിക്കാനുള്ള കാരണങ്ങള്‍ കൊണ്ട് അവ കോപിച്ചിരിക്കുന്ന അവസ്ഥയില്‍ (പ്രധാനമായും ഉദരത്തെ സംബന്ധിക്കുന്ന ദോഷപ്രകോപം മൂലം. ദഹനം ശരിയാകാതെ വരികയോ ദഹിച്ച ഭക്ഷണത്തിന്‍റെ ശരിയായ ആഗീരണ വിസര്‍ജന പ്രക്രിയ ശരിയല്ലാതെ വരികയോ ചെയ്യുകയോ ചെയ്യുന്നത് മൂലവും ഉദരനിമിത്തമായ ഇന്ന് കണുന്ന മറ്റുരോഗങ്ങളായ മലബന്ധം, ഗ്യാസ്ടബിള്‍, വയറിളക്കം, ദഹനക്കേട്, പുളിച്ചുതികട്ടല്‍ എന്നിവയാണ് സാമാന്യമായി ദോഷകോപം എന്ന് ഉദ്ദേശിച്ചിരിക്കുന്നത്. ഇവ ശരിയായി ദോഷത്തേ നോക്കിശരിയായി ചികിത്സിച്ച് ഭേദമാക്കാതെ കൊണ്ടുനടക്കുന്ന രോഗിക്ക് അര്‍ശസ് വരാനുള്ള വിശേഷ കാരണങ്ങളെയാണ് ഇനി പറയുന്നത്).
ഉത്കടാസനം (കുന്തിച്ചിരിക്കല്‍)- അര്‍ശസ് രോഗികളുടെ ഒരു പ്രാധാന ശീലമാണിത്. ഇത് വാഗ്ഭടാചാര്യന്‍ എഴുതിയ കാലഘട്ടത്തേക്കാള്‍ ഇന്ന് ഇത് കൂടുതലാണ്. ഓഫീസിലും വീട്ടിലും മറ്റ ജോലിസ്ഥലങ്ങളീലും രാവിലെ മുതല്‍ മണിക്കൂറുകളോളം ഒരേ ഇരിപ്പിരുന്ന് ജോലിചെയ്യുനവരിലും ഡ്രൈവര്‍മാരിലും മറ്റും അര്‍ശസ് വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്. ഒരേ ഇരിപ്പിരിക്കിമ്പൊള്‍ മലദ്ദ്വാരത്തിന് അടുത്തുളള സിരകളിലെ മര്‍ദ്ദം കൂടുന്നതും ശരിയായ സമയത്ത് മലം, അധോവായു ഇവ വിസര്‍ജിക്കാനകാത്തതും അര്‍ശസിന് കാരണമാകുന്നു.
വിഷമാസനം- (ശരിയല്ലാത്ത രീതിയിലുള്ള ഇരിപ്പ്)
കഠിനാസനം (മാര്‍ദ്ദവമില്ലാത്ത ഇരിപ്പിടങ്ങളിലെ ഇരിപ്പ്)
ഉദ്ഭ്രാന്തയാനോഷ്ണാദി പ്രയാണാത് . കുടുക്കമുള്ള വാഹനങ്ങളിലെ ഇരുന്ന് യാത്രചെയ്യുന്നത് മൂലവും.
വ്യവായാത്- അധികമായ ലൈഗിക ബന്ധത്തില്‍ എര്‍പ്പെതുന്നതും (പ്രധാനമായും ഗുദമൈധുനം ചെയ്യുന്നത് അര്‍ശസിന് കാരണമാകുമെന്ന് ആധുനിക വിജ്ഞാനം തെളിയിക്കുന്നു)
വസ്തി നേത്ര അസമ്യക് പ്രണിധാനദിനാ ഗുദ ക്ഷണനാദ് അഭീക്ഷ്ണം- ശരിയല്ലാത്ത രീതിയില്‍ വസ്തിചെയ്യുമ്പോഴും മറ്റും ഗുദത്തില്‍ ഏല്‍ക്കുന്ന ക്ഷതവും
ശീതാംബുസംസ്പര്‍ശാത്- അധികം തണുത്ത ജലം ഗുദത്തില്‍ സ്പര്‍ശിക്കുമ്പോഴും (തണുത്തകാലാവസ്ഥയില്‍ തണുത്തുറഞ്ഞ ജലം ഗുദത്തില്‍ കഴുകുമ്പോഴും കുളികുമ്പോഴും മറ്റും സ്പര്‍ശിക്കുന്നതിനെയാണിവിടെ പരാമര്‍ശിക്കുന്നത്. തണുപ്പ് രക്തകുഴലുകളുടെ ഇലാസ്തികത കുറക്കുന്നു അതുകാരണം ചെറിയ ധമനികള്‍ സങ്കോചിക്കാന്‍ കാരണമാകുന്നു. അതുമൂലം രക്തപ്രവാഹം സിരകളിലേതും തടസപ്പെടുകയും അത് അര്‍ശസിന് കാരണമാകുകയും ചെയ്യും. മാത്രമല്ല തണുപ്പ് മലബന്ധത്തിനു കരണമാകുകയും അത് അര്‍ശസിന് നിമിത്തമാകുകയും ചെയ്യും)
ലോഷ്ടതൃണാദി സംഘര്‍ഷനാത്- കമ്പ്,കല്ല്,പുല്ല് മുതലായവ കൊണ്ട് ഘര്‍ഷണമേല്‍ക്കുന്നതുകൊണ്ടും. (അടി,ഇടി,മുതലായവകൊണ്ട് ഗുദപരിസരത്തുള്ള ചെറിയ രക്തക്കുഴലുകള്‍ പൊട്ടുകയും രക്തം കട്ടപിടിക്കുകയും ചെയ്ത് അവിടെ വീര്‍ത്ത് വേദനയോടുകൂടി തള്ളിവരുന്നു. ഇതിന് മോഡേണ്‍ മെഡിസിന്‍ ത്രോമ്പസ്ഡ് എക്സ്റ്റേണല്‍ പൈല്‍ എന്നു പറയും)
പ്രതതാദിപ്രവാഹണാത്- എപ്പോഴും ഊക്കോടുകൂടി മുക്കുന്നതുകൊണ്ടും
വാതമൂത്രപുരീഷവേഗോദീരണധാരണാത്- അധോവാതം, മൂത്രം, മലം, എന്നിവ ബലം പ്രയോഗിച്ച് തടയുന്നതുകൊണ്ടും, ബലമായി പ്രവര്‍ത്തിപ്പിക്കുന്നതുകൊണ്ടും
സ്ത്രീണാം ആമ ഗര്‍ഭഭ്രംശാത് ഗര്‍ഭോത്പീടനാത് വിഷമപ്രസൂതാതേരേവം- സ്ത്രീകള്‍ക്ക് ഗര്‍ഭം അലസിപ്പോകുന്നതുകൊണ്ടും, ഗര്‍ഭം കാരണം സിരകളിലേ രക്തത്തിന്‍റെ മുകളിലേക്കുള്ള ഒഴുക്കിനെ തടസം (വീനസ് റിട്ടേണ്‍) നേരിടുന്നത് കാരണവും, പ്രസവത്തില്‍ വൈഷമ്യമുണ്ടാകുന്നത് കാരണവും
ഏവം വിധൈശ്ചാപരൈഃ കുപിതോ വായുരപാനസ്തം മലമുപചിതമാസാദ്യ ഗുദവലീഷ്വാധത്തേ- ഈ വിധത്തില്‍ കുപിതമാകുന്ന അപാനവായു മലത്തേ ഗുദവലികള്‍ (ഗുദത്തിലുള്ള മാസപേശികള്‍) വച്ച് തടഞ്ഞുനിര്‍ത്തുന്നു.
തതസ്ത്വാഭിഷ്യണ്ണാസ്വര്‍ശാംസി ജായതേ- അവിടെ നീര്‍ക്കെട്ടുണ്ടാക്കി അര്‍ശസ് ഉണ്ടാകുന്നു.
അര്‍ശസ് ലക്ഷണങ്ങള്‍
- ആയുര്‍വേദം അര്‍ശസുകളെ പലവിഭാഗമാക്കി തിരിച്ചിട്ടുണ്ട്.
- സഹജ അര്‍ശസ്- എന്നാല്‍ എന്നാല്‍ ജന്‍മനാ ഉള്ളത്.
- ഉത്തരകാലജം- പിന്നീട് ഉണ്ടാകുന്നത്
- ആര്‍ദ്ര അര്‍ശസ്- രക്തം പ്രവഹിക്കുന്നത്
- ശുഷ്ക അര്‍ശസ്- രക്തം പ്രവഹിക്കാത്തത്
വാതജവും കഫജവും പിത്തജവും, രക്തജവുമ്, സന്നിപാതജവുമാണ് പിന്നീടുള്ള ദോഷജന്യങ്ങളായ അര്‍ശസുകള്‍ അവയ്ക്ക് ആതാതിന്‍റെ ലക്ഷണങ്ങള്‍ വിവരിച്ച് പറയുന്നുണ്ട്. (ചികിത്സിക്കുന്നവര്‍ക്ക് മാത്രം അറിഞ്ഞാല്‍ മതി എന്നുള്ളതുകൊണ്ട് ഒഴിവാക്കുന്നു)
പൂര്‍വരൂപങ്ങള്‍
അര്‍ശസ് വരുന്നതിനുമുന്‍പുതന്നെ നമുക്ക് വരാന്‍ സാധ്യതയുള്ള ചില ല്ക്ഷണങ്ങളാണിവ. ഈ ലക്ഷണങ്ങള്‍ ഒരാള്‍ക്ക് ഭാവിയില്‍ അര്‍ശസ് ഉണ്ടാകനുള്ള സാധ്യതയോ അര്‍ശസിന്‍റെ തുടക്കമുള്ളതായോ സംശയിക്കാം. ആതാതു ദോഷത്തേ നോക്കി ചികിത്സിക്കുകയോ പഥ്യം ആചരിക്കുകയോ ചെയ്താല്‍ പൂര്‍ണമായും ഭേദപ്പെടുകയും അര്‍ശസിനെ തടയുകയും ആകാം.
- ആഹാരം ദഹിക്കാന്‍ വിഷമം
- കുടലിരപ്പ്
- അധികമായ ഏമ്പക്കം
- പുളീച്ചുതികട്ടല്‍
- ആഹാരം വേണ്ടായ്ക
- നാഭിയുടെ ഉള്ളീല്‍ കല്ലിരിക്കുമ്പോലത്തെ കനം
- വയറ്റില്‍ ശബ്ദം
- ശാബ്ദത്തോടെ വായുപോകല്‍
- അധികമായി മൂത്രം പോകല്‍
- മലം കുറഞ്ഞിരിക്കല്‍
- ഗുദത്തില്‍ അരിയും പോലുള്ള വേദന
- കാലുകള്‍ക്ക് തളര്‍ച്ച
- കണ്ണുകള്‍ക്ക് നീര്
- ഉല്‍സാഹമില്ലായ്മ
- മടി
- തളര്‍ച്ച
- വയറ്റില്‍ എന്തെങ്കിലും രോഗമുണ്ടാകുമോ എന്ന സംശയം
ആധുനികന്‍ പറയുന്നത്
പൈല്‍സിന്‍റെ ആദ്യത്തെ പ്രധാന ലക്ഷണം ബ്ലീഡിംഗ് ആണ്
ബ്ലീഡിംഗ്
മലത്തോടൊപ്പം, വേദനയില്ലാതെ, ഇളം ചുവന്നനിറത്തിലുള്ള രക്തം പോകുന്നു. മലം പോകുന്നതിനോടൊപ്പം രക്തവും തെറിച്ചു വീഴുന്നതുപോലെ ക്ലോസറ്റിലേക്ക് വീഴുകയാണെന്ന് രോഗി പറയുന്നത് കേള്‍ക്കാം.. ഇവിടെ ഇത് പ്രധാനപ്പെട്ടതാകാനൊരു കാരണമുണ്ട്. മറ്റ് ചിലരോഗങ്ങളില്‍ മലത്തോടൊപ്പം രക്തം പൊകുമെങ്കിലും അത് ഇങ്ങനെയല്ല. ഉദാ: ഫിഷര്‍ എന്ന രോഗത്തില്‍ മലത്തില്‍ ഒരു വരപോലെയാണ് രക്തം കാണുക.
പുറത്തേക്ക് തള്ളല്‍
പൈല്‍സ് വലുതാകുന്നതിനൊപ്പം അത് മലദ്വാരത്തിന് പുറത്തേക്ക് തള്ളിവരുന്നു. തുടക്കത്തില്‍ ചെറിയതോതിലുള്ള തള്ളല്‍ രോഗം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് വലുതായി വരുന്നു. ഈ തള്ളലിന് നമ്മള്‍ നാല് സ്റ്റേജുകള്‍ പറയുന്നുണ്ട്.
ഡിഗ്രി ഒന്ന്
പൈല്‍ മാസ് പുറത്തേക്ക് വരുന്നതേയില്ല
ഡിഗ്രി രണ്ട്
പൈല്‍മാസ് മലവിസര്‍ജന സമയത്ത് പുറത്തേക്കെത്തുന്നു. അതിനു ശേഷം തനിയെ തിരികെ ഉള്ളിലേക്ക് കയറിപ്പൊകുന്നു.
ഡിഗ്രി മൂന്ന്
പൈല്‍മാസ് മലവിസര്‍ജന സമയത്ത് പുറത്തേക്കെത്തുന്നു. അതിനു ശേഷം തനിയെ തിരികെ ഉള്ളിലേക്ക് കയറിപ്പൊകുന്നില്ല. വിരള്‍ കൊണ്ട് തള്ളി ഉള്ളിലേക്ക് കയറ്റേണ്ടിവരുന്നു.
ഡിഗ്രി നാല്
പൈല്‍ മാസ് പുറത്തുതന്നെ നില്‍ക്കുന്നു. അകത്തേക്ക് കയറ്റാനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നില്ല. രോഗി വളരെ ബുദ്ധിമുട്ടുന്ന ഒരു സ്റ്റേജാണിത്.
വേദന- പൈല്‍സിന് തുടക്കത്തില്‍ അല്‍പം വേദനയുണ്ടാകാമെങ്കിലും അധികവും വേദനരഹിതമായ ഒരു രോഗമാണിത്. എന്നാല്‍ പൈല്സിലേക്കുള്ള രക്തപ്രവാഹം നിലച്ച് അവിടേ രക്തം കട്ടപിടിച്ചാല്‍ വേദനയുണ്ടാകറുണ്ട്. അതിന് ത്രോമ്പസ്ഡ് പൈല്‍ എന്നാണ് അറിയപ്പെടുന്നത്.
ചൊറിച്ചില്‍- മലദ്വാരത്തില്‍ ചൊറിച്ചില്‍ പലപ്പോഴും പൈല്‍സ് രോഗികള്‍ക്ക് അനുഭവപ്പെടാറുണ്ട്.
പൈല്‍സ് ഉപദ്രവങ്ങള്‍
അധിക രക്തസ്രാവം
രക്തക്കുറവ് (അനീമിയ)- ബ്ലീഡിംഗ് കാരണം
ത്രോമ്പോസിസ്- രക്തം കട്ടാപിടിക്കല്‍
അണുബാധകള്‍. അണുബാധ വന്നാല്‍ കരളീലേക്ക് വ്യാപിക്കാം
വ്രണമായി മാറുക.
(തുടരും).
Article by
Dr.Jishnu Chandran BAMS MS
Ayurveda Manjari Specialty Clinic & Panchakarma Center
Mylom
KottarakkaraKollam
പൈല്‍സ് ചികിത്സയില്‍ ഇന്ന് രോഗികള്‍ക്ക് മുന്‍പത്തേക്കാളും അവബോധം കൂടിയിട്ടുണ്ടെങ്കിലും ഇന്നും ചികിത്സ രോഗിക്ക് അത്യന്തം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ്.
ReplyDeleteമലബന്ധം, ഗ്യാസ്ടബിള്‍, വയറിളക്കം, ദഹനക്കേട്, പുളിച്ചുതികട്ടല്‍ എന്നിവയാണ് സാമാന്യമായി ദോഷകോപം
ReplyDeleteകമന്റ് പൂർണ്ണമല്ലെന്ന് തോന്നുന്നു
Delete