6.02.2014

ആയുർവേദത്തിലെ ഗവേഷണങ്ങൾ




നമ്മുടെ നാടിന്റെ ശാസ്ത്രമാണ് ആയുർവേദം. നമ്മുടെ ജീവിതരീതിയോട് അത് അഭേദ്യമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. എന്നിട്ടും നമ്മുടെ ശ്രദ്ധ ഈ ശാസ്ത്രത്തിനു വേണ്ടത്ര ലഭ്യമാകുന്നുണ്ടോ എന്നു സംശയമാണ്. പാശ്ചാത്യവൈദ്യത്തോടാണ് നമുക്ക് ആഭിമുഖ്യം. അതിനു കാരണം പാശ്ചാത്യവൈദ്യം തുടർച്ചയായ പരീക്ഷണനിരീക്ഷണങ്ങളുടെ ഫലമാണ് എന്നതാണ്. എന്നാൽ ആയുർവേദത്തിൽ നടക്കുന്ന ഗവേഷണങ്ങളെപ്പറ്റി എത്രപേർക്കറിയാം? ഇന്ന് ആയുർവേദത്തിൽ നടക്കുന്ന അനേകം ഗവേഷണഫലങ്ങൾ നമ്മുടെ പൂർവികരുടെ അറിവുകളെ ശരിവയ്ക്കുന്നു. ആയുർവേദത്തിൽ ഈ അടുത്ത കാലത്തായി നടന്ന രണ്ടു ശ്രദ്ധേയമായ ഗവേഷണഫലങ്ങളെപ്പറ്റിയാണ് ഇന്നു പറയാൻ പോകുന്നത്.

ഗവേഷണം ഒന്ന് - രസായനങ്ങൾ ജീവിതദൈർഘ്യം വർദ്ധിപ്പിയ്ക്കുന്നു

ആയുർവേദ രസായനങ്ങളുടെ ശരീരത്തിൽ ഉളവാകുന്ന ഫലങ്ങളെക്കുറിച്ച് ഈച്ചകളെ ഉപയോഗിച്ചു പരീക്ഷണം നടത്തി രസായനങ്ങളുടെ ഫലസിദ്ധിയെപ്പറ്റിയുള്ള ആചാര്യവചനം ആധുനികശാസ്ത്രത്തിന്റെ മാനദണ്ഡങ്ങൾ പ്രകാരം തെളിയിയ്ക്കാൻ സാധിച്ചു. പ്രഗത്ഭരായ ആയുർവേദ, മോഡേൺ ഭിഷഗ്വരന്മാരുടേയും ശാസ്ത്രജ്ഞന്മാരുടേയും മേൽനോട്ടത്തിലാണ് പഠനം നടന്നത്. മണിപ്പാൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആയിരുന്ന ഡോ. വല്യത്താൻ, ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ ജന്തുശാസ്ത്ര ജനിതകശാസ്ത്രവിഭാഗങ്ങൾ, കോട്ടയ്ക്കൽ ആര്യവൈദ്യശാല എന്നിവരാണ് ഈ ഗവേഷണത്തിന്റെ അമരക്കാർ.

ആയുർവേദത്തിൽ ഉപയോഗിയ്ക്കപ്പെടുന്ന രണ്ടു രസായനങ്ങൾ - ആമലകീരസായനവും രസസിന്ദൂരവും - ആണ് പഠനത്തിന്നായി തിരഞ്ഞെടുത്തത്. ആദ്യത്തേത് നെല്ലിയ്ക്ക അടങ്ങിയ ഒരു ഹെർബൽ മരുന്നും രണ്ടാമത്തേത് മെർക്കുറി, ഗന്ധകം എന്നിവ ചേർന്ന ഒരു ഹെർബോ-മിനറൽ മരുന്നും (രസൌഷധം) ആണ്. പരീക്ഷണത്തിന്നായി തിരഞ്ഞെടുത്ത ഡ്രോസോഫില മെലനോഗാസ്റ്റർ  എന്ന ഈച്ചകൾക്ക് ഈ രസായനങ്ങൾ ആഹാരമായി നൽകിയാണ് പഠനം നടന്നത്. പഠനത്തിൽ അവയുടെ ജീവിതദൈർഘ്യം വർദ്ധിച്ചതായി കണ്ടു. രസൌഷധമായ രസസിന്ദൂരം ഉപയോഗിച്ചിട്ടും ഹെവിമെറ്റൽ ടോക്സിസിറ്റി (ഖരലോഹങ്ങളിൽ നിന്നുള്ള വിഷബാധ) ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.

രസായനങ്ങൾ

ആയുർവേദത്തിലെ എട്ടു ശാഖകളിൽ ഒന്നാണ് രസായനചികിത്സ. ശരീരധാതുക്കളുടെ പുഷ്ടിയ്ക്കും വികാസത്തിനുമായി നൽകുന്ന മരുന്നുകളാണിവ. പലതരം രസായനചികിത്സകൾ വിവരിയ്ക്കുന്നുണ്ട്. ശരീരപുഷ്ടി, ആരോഗ്യം, നിറം, ആയുസ്സ് എന്നിവ വർദ്ധിപ്പിയ്ക്കാനായി നൽകപ്പെടുന്ന ഔഷധങ്ങളാണിവ. കഠിന പഥ്യ നിഷ്കർഷയിൽ നൽകപ്പെടുന്ന രസായന ചികിത്സകളുണ്ട്. അധികം പഥ്യമില്ലാതെ സാധാരണ രീതിയിലും രസായനങ്ങൾ ഉപയോഗിയ്ക്കാവുന്നതാണ്. ശോധനചികിത്സയിലൂടെ ശരീരശുദ്ധി വരുത്തിയ ശേഷം വിധിപ്രകാരം രസായനങ്ങൾ ശീലിയ്ക്കേണ്ടതാണ്.

ആമലകീരസായനം

നെല്ലിക്ക ഉപയോഗിച്ചുള്ള ഒരു രസായനമാണിത്. ഉണക്കനെല്ലിയ്ക്ക നിശ്ചിത അളവ് പൊടിയ്ക്കുന്നു. അതിനോടൊപ്പം പച്ചനെല്ലിയ്ക്കാനീര് അതേ അളവു ചേർത്തരയ്ക്കുന്നു. ഭാവന ചെയ്യുന്നു, എന്നാണീ പ്രക്രിയയ്ക്കു പേര്. പൂർണമായും നെല്ലിക്കാനീര് ഉണങ്ങിച്ചേരും വരെ അരയ്ക്കേണ്ടതാണ്. നെല്ലിക്കാനീരു വറ്റുമ്പോൾ വീണ്ടും അതേ അളവ് നെല്ലിക്കാനീരു ചേർത്ത് ഭാവന ചെയ്യുന്നു. ഇങ്ങനെ 21 പ്രാവശ്യം ഭാവന ചെയ്തെടുത്ത പൊടിയിൽ ഇരട്ടി തേനും പകുതി നെയ്യും ചേർത്ത് ഇളക്കുന്നു.

രസസിന്ദൂരം

വിധിപ്രകാരം ശുദ്ധി ചെയ്ത ഗന്ധകം, ശുദ്ധി ചെയ്ത രസം (മെർക്കുറി), തഴുതാമനീര് ഇവ പ്രത്യേക അനുപാതത്തിൽ ചേർത്തരയ്ക്കുന്നു. പത്തു ദിവസത്തോളം അരച്ചുകഴിയുമ്പോൾ കറുത്തു തിളങ്ങുന്ന കുഴമ്പുമിശ്രിതം രൂപാന്തരപ്പെടുന്നു. ഇതിനെ തണലിൽ ഉണക്കിപ്പൊടിച്ച് ആ പൊടി മൺചട്ടിയിലെടുത്ത് മറ്റൊരു ചട്ടികൊണ്ടടച്ച്, ചെളി കുഴച്ചു പുടം ചെയ്ത് ചൂളയിൽ വയ്ക്കുന്നു. നാൽ‌പ്പത്തെട്ടു മണിക്കൂർ ഉന്നത താപനിലയിലിരിയ്ക്കുന്ന ചട്ടി തണുത്തതിനു ശേഷം തുറക്കുമ്പോൾ ഇഷ്ടിക നിറത്തിൽ ഒരു പൊടി മൺചട്ടിയുടെ മുകൾഭാഗത്തു പറ്റിയിരിയ്ക്കുന്നതു കാണാം. അതു ചുരണ്ടിയെടുക്കുന്നു. ഇതിന്ന് രസസിന്ദൂരം എന്നു പറയുന്നു.

ഗവേഷണഫലങ്ങൾ

രസായനം കഴിച്ച ഈച്ചകൾ അല്ലാത്തവയേക്കാൾ അധികനാൾ ജീവിതദൈർഘ്യം ഉള്ളവയായി കണ്ടെത്തി. അവയുടെ ജീവിതചക്രം വേഗത്തിലായി. അതായത് ലാർവകൾ സാധാരണ ഈച്ചകളേക്കാൾ വേഗം വളർച്ച നേടി ധാരാളം മുട്ടകൾ ഇടാൻ തുടങ്ങി. താപനില ഏൽക്കാനുള്ള കഴിവു വർദ്ധിച്ചു. ആഹാരമില്ലാതെ കൂടുതൽ നേരം കഴിയാനുള്ള കഴിവു വർദ്ധിച്ചു. ആമലകീരസായനം രസസിന്ദൂരത്തേക്കാൾ ഫലം കാണിച്ചു.

ഹെവി മെറ്റൽ ടോക്സിസിറ്റി

ഖരലോഹമായ മെർക്കുറി അടങ്ങിയ മരുന്നു കഴിച്ചിട്ടും ഈച്ചകൾക്ക് വിഷബാധാലക്ഷണങ്ങൾ ഉണ്ടാകാതിരുന്നത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി. ആയുർവേദമരുന്നുകളിൽ ഖരലോഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടെന്നും അത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നും പ്രചരണങ്ങളുണ്ട്. ആയുർവേദപ്രകാരം ശോധനപ്രക്രിയകൾ ചെയ്തൊരു മരുന്ന് ഒരു വിഷബാധയും ഉണ്ടാക്കുന്നില്ല. മറിച്ച് രസായനഗുണമാണു നൽകുന്നത്.

ഗവേഷണം രണ്ട് - ആയുർവേദ ഭസ്മങ്ങളിലെ നാനോ പാർട്ടിക്കിൾ

ലോഹങ്ങളും ധാതുക്കളും നമ്മുടെ ശരീരത്തിൽ ദഹിയ്ക്കുന്നവയോ ആഗിരണം ചെയ്യപ്പെടുന്നവയോ അല്ല. ആയുർവേദസംഹിതകളുടെ കാലം മുതൽ തന്നെ ലോഹങ്ങളും ധാതുക്കളും മരുന്നായി ഉപയോഗിച്ചുവരുന്നുണ്ട്. അന്ന് അവ സൂക്ഷ്മ ചൂർണ്ണങ്ങളാക്കിയാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ആയുർവേദത്തിൽ വന്ന വികാസം അവയെ ചില പ്രോസസ്സുകൾക്കു വിധേയമാക്കി (Marana Technique, 7th Century AD), അവയുടെ പാർട്ടിക്കിൾ സൈസ് കുറച്ച് വളരെച്ചെറിയ, ശരീരത്തിലേയ്ക്ക് എളുപ്പം ആഗിരണം ചെയ്യുന്ന, വിഷസ്വഭാവമില്ലാത്ത, പെട്ടെന്നു ഫലം ചെയ്യുന്ന മരുന്നുകളാക്കി മാറ്റിയെടുക്കാനും സാധിച്ചു. അവയാണ് ഭസ്മങ്ങൾ. ആ പുരോഗതി ആയുർവേദചികിത്സയിലെ ഒരു കുതിച്ചുചാട്ടമായിരുന്നു. ഏഴാം നൂറ്റാണ്ടിൽ വികാസം പ്രാപിച്ച രസശാസ്ത്രം എന്ന വിഭാഗം ആയുർവേദത്തിൽ അനേകം പുതുമാറ്റങ്ങൾക്കു വഴി തെളിച്ചു.

എന്നാൽ പാശ്ചാത്യശാസ്ത്രങ്ങളുടെ കടന്നുവരവ് ഭാരതത്തിലുണ്ടായ ഇത്തരം പുരോഗതികളെ കണ്ടില്ലെന്നു നടിയ്ക്കാനും അവമതിയ്ക്കാനും ഇടയാക്കി. അത്രമാത്രം പുരോഗതി കൈവരിച്ചിട്ടില്ലാത്ത പാശ്ചാത്യശാസ്ത്രത്തിന് ആയുർവേദഭസ്മങ്ങളെ മനസ്സിലാക്കാനാകാഞ്ഞതു സ്വാഭാവികം. എന്നാൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നാനോ ടെക്നോളജിയുടെ കടന്നുവരവ് ഭസ്മങ്ങളിലുള്ള നാനോ പാർട്ടിക്കിളുകളെ കുറിച്ചു പഠിയ്ക്കാനും, ഭസ്മങ്ങൾ ആയുർവേദത്തിലെ നാനോ മെഡിസിനുകളാണെന്നു തെളിയാനും സഹായിച്ചു.

നാനോ പാർട്ടിക്കിൾ എന്നാൽ നാനോമീറ്റർ വലിപ്പത്തിലുള്ള കണങ്ങളാണ്. നാനോമീറ്റർ എന്നാൽ അതിസൂക്ഷ്മമായ ഒരളവാണ്. അതായത് ഒരു മീറ്ററിനെ 1000,000,000 ഭാഗങ്ങളാക്കി മുറിച്ചെടുത്താൽ അതിലൊരു കണത്തിന്റെ വലിപ്പമാണ് ഒരു നാനോമീറ്റർ. ഈ നാനോ പാർട്ടിക്കിളുകളെ മരുന്നുകളായി ഉപയോഗിയ്ക്കാൻ സാധിയ്ക്കും. നാനോ മെഡിസിനെ നമുക്കു പ്രയോജനപ്പെടുത്താനാകുന്നത് ഔഷധവാഹികൾ (ഡ്രഗ് കാരിയർ) ആയാണ്. മരുന്നുകളെ നാനോ മെഡിസിനോടൊപ്പം ചേർത്ത് കോശങ്ങളിലേയ്ക്കും കോശകേന്ദ്രത്തിലേയ്ക്കും (ന്യൂക്ലിയസ്) പ്രത്യേക ലക്ഷ്യസ്ഥാനങ്ങളിലേയ്ക്കും എത്തിയ്ക്കാൻ സാധിയ്ക്കും.

ചില പ്രത്യേക പച്ചമരുന്നുകളിട്ടു ഭാവന ചെയ്ത ഭസ്മങ്ങൾ പ്രത്യേക രോഗങ്ങളിൽ ആയുർവേദം ശുപാർശ ചെയ്യുന്നു. മാത്രമല്ല, ധാരാളം മാരണ/ഭസ്മീകരണ മെത്തേഡുകൾ വിവിധ ചെടികളുടെ സ്വരസങ്ങളും കഷായങ്ങളും ഉപയോഗിച്ചുണ്ടാക്കി വിവിധ രോഗങ്ങളിൽ നൽകാൻ പറയുന്നുണ്ട്. ഇതു മുകളിൽ പറഞ്ഞ ഔഷധവാഹി ഗുണത്തെ പ്രയോജനപ്പെടുത്തുകയാവാം.

നാനോ പാർട്ടിക്കിളുകൾ കണ്ടെത്തിയ വിവിധ ഭസ്മങ്ങൾ ചുവടെ ചേർക്കുന്നു.

സ്വർണ്ണഭസ്മം - 56 nm
രസസിന്ദൂരം (മെർക്കുറി) - 25 - 50 nm
മുക്ത ശുക്തി ഭസ്മം - 84 - 123 nm
a
ആയുർവേദത്തിലെ നാനോ മെഡിസിനുകളായ ഭസ്മങ്ങൾ രോഗശമനത്തിന്റെ അനേകായിരം സാദ്ധ്യതകൾ മുന്നിൽ വയ്ക്കുന്നു.

ഇനിയും ഈ രംഗത്തുണ്ടാകുന്ന റിസർച്ചുകൾ ആയുർവേദത്തെ മുൻ നിരയിലേയ്ക്കെത്തിയ്ക്കുമെന്നു പ്രത്യാശിയ്ക്കാം.


 തരംഗിണി ഓണ്‍ലൈന്‍ മാസിക പ്രസിദ്ധീകരിച്ച ലേഖനം
 http://www.tharamginionline.com/articles/viewarticle/717.html
Article by 
Dr.Jishnu Chandran BAMS MS
Ayurveda Manjari Specialty Clinic & Panchakarma Center
Mylom 
Kottarakkara
Kollam 

3 comments:

  1. ക്ഷിപ്രശാന്തി എന്ന ആകര്‍ഷണമാണ് മോഡേണ്‍ മെഡിസിനുള്ളത് .നവീന കാല ആയുര്‍വേദത്തിനു തികച്ചും അന്യമാണ് ഈ വിദ്യ.എന്നാല്‍ പരമ്പരാഗത ആയുരവൈദ്യന്മാരില്‍ പലര്‍ക്കും ഇതറിയുകയും ചെയ്യാം. ഈ അവസ്ഥ എങ്ങനെയുണ്ടായി? ക്ലാസ്സിക്കല്‍ ആയുര്‍വേദത്തില്‍ "പ്രക്ഷിപ്തം " ചേര്‍ത്ത് അരിക്കാന്‍ അനുവദിച്ചത് അഥവാ നിശ്ചയിച്ചത് ആരാണ് ? പഴയ സമ്പ്രദായം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്‌താല്‍ അത് മാത്രം മതി ആയുര്‍വേദം എന്ന ദിവ്യ ശാസ്ത്രം ഉന്നതമാണെന്നു ലോകം മുഴുവനും സമ്മതിക്കാന്‍ .

    ReplyDelete
  2. ക്ഷിപ്രശാന്തി അലോപ്പതിക്ക് മാത്രമല്ല. ആയുര്‍വേദത്തിനുമുണ്ട്. അതിന് പാരമ്പര്യ വൈദ്യന്‍ മാര്‍ മാത്രമല്ല ഡോക്ടര്‍മാര്‍ ചികിത്സിക്കുമ്പോഴുമുണ്ട്... ഇവിടുത്തേ വിഷയം അതല്ല.

    ReplyDelete
  3. ആയുര്‍വേദ മരുന്നില്‍ ഖരലോഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകുവാന്‍ കാരണം പല ആയുര്‍വേദ ചെടികളും ഖര ലോഹം മണ്ണില്‍ നിന്ന് ആഗിരണം ചെയ്യുന്നത് കൊണ്ടാണു. അത്തരം ചെടികള്‍ കൊണ്ട് ഉണ്ടാക്കുന്ന മരുന്നുകളില്‍ സ്വാഭാവികമായും ഖരലോഹം കണ്ടെത്താം. പണ്ടത്തെ പോലെയുള്ള മണ്ണിലല്ല മറിച്ച് ലാന്റ്ഫില്ലിങ് പ്രദേശത്ത് വരെ ആയുര്‍വേദ ചെടികള്‍ വളര്‍ത്തി വില്‍ക്കുന്നുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണു.

    ഗവേഷണം നടത്തി എന്ന് പറയുന്ന പേപ്പറുകളുടെ ലിങ്കുകള്‍ കൂടി കൊടുക്കുന്നത് നല്ലതായിരിക്കും.

    ReplyDelete

Copy right protected. Copy pasting disabled