9.17.2015

അലര്‍ജ്ജി ആയുര്‍വേദ ചികിത്സ Allergy ayurveda treatment kerala

അലര്‍ജ്ജി (Allergy)
അലര്‍ജ്ജി എന്നാലെന്താണ്?
അലര്‍ജ്ജി (allergy) എന്നത് ഇന്ന് മലയാളത്തില്‍ സാമാന്യവല്‍ക്കരിക്കപ്പെട്ട ഒരു വാക്കാണ്. എനിക്ക് അയാളെ കാണുന്നതേ അല‍ര്‍ജ്ജിയാണ്. എന്ന് ഒരു മലയാളി പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നതല്ല ഒരാള്‍ ഒരു ഡോക്ടറോട് എനിക്ക് പൊടി അലര്‍ജ്ജിയാണ് (dust allergy) എന്ന് പറയുമ്പോഴുള്ളത്. അലര്‍ജ്ജി എന്ന വാക്ക് ഇന്ന് ഒരു മെഡിക്കല്‍ വാക്കല്ല അത് സംസാരവാക്കാണ്. അലര്‍ജ്ജിയെ ഡോക്ടര്‍മാര്‍ വിളിക്കുന്നത് ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി (hyper sensitivity) എന്നാണ്. ഒരു തരം അതി വൈകാരികത എന്ന് വേണമെങ്കില്‍ പറയാം. അതി വൈകാരികത നമ്മുടെ ഇമ്മ്യൂണ്‍ സിസ്റ്റത്തിനാണെന്ന്  (immune system) (രോഗ പ്രതിരോധ സംവിധാനത്തിന്)  മാത്രം. യദാര്‍ത്ഥത്തില്‍ നമുക്ക് അണുബാധ (infection) മുതലായ രോഗങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കാനായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് നമ്മുടെ പ്രതിരോധ സംവിധാനം (immune system). സാധാരണ ഗതിയില്‍ അത് നമുക്ക് കുഴപ്പമൊന്നുമുണ്ടാക്കാത്ത ഒന്നാണ് ഇത്. എന്നാല്‍ അത് ചില സാഹചര്യങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. 

പലതരം ലക്ഷണങ്ങള്‍ അലര്‍ജ്ജിയില്‍ കാണാം. ശ്വസന വ്യവസ്ഥയുമായി ബന്ധപ്പെട്ട അലര്‍ജ്ജിയില്‍ (allergy) തുമ്മല്‍ (sneezing) ശ്വാസം മുട്ടല്‍ (breathlessness) മുതലായ ലക്ഷണങ്ങളാണ് ഉണ്ടാകുക. അതല്ലാതെ ത്വക്കില്‍ ചൊറിഞ്ഞ് തടിക്കുക മുതലായ ലക്ഷങ്ങളോട് കൂടിയും മാരകമായ രീതിയിലും അലര്‍ജ്ജി വരാറുണ്ട്. ആയുര്‍വേദത്തില്‍ അലര്‍ജ്ജിയെ പറ്റി പരാമര്‍ശങ്ങളുണ്ട്. രജ (പൊടി) ധൂമങ്ങള്‍ (പുക) എന്നിവമൂലവും വിഷദ്രവ്യങ്ങള്‍ മൂലവും ഉണ്ടാകുന്ന ശ്വാസകോശ രോഗങ്ങള്‍ ആയുര്‍വേദത്തില്‍ (Ayurveda) വിവരിക്കുന്നുണ്ട്. ഇന്ന് ആയുര്‍വേദ ചികിത്സകര്‍ അലര്‍ജ്ജിയെ (allergy) രക്തദുഷ്ടിയുമായി ബന്ധപ്പെടുന്ന ഒരു രോഗമായിട്ടാണ് കണക്കാക്കുന്നത്. ശാസ്ത്രീയമായ ആയുര്‍വേദ ചികിത്സകൊണ്ട് പൂര്‍ണ്ണമായും മാറ്റിയെടുക്കാവുന്ന ഒരു രോഗവുമാണ് അലര്‍ജ്ജി കൊണ്ടുള്ള തുമ്മല്‍.

ശ്വാസകോശ അലര്‍ജ്ജി
(Respiratory allergy)

നമ്മുടെ നാട്ടുകാരില്‍ 20 ശതമാനത്തോളം ആള്‍ക്കാര്‍ അലര്‍ജ്ജികൊണ്ട് കഷ്ടപ്പെടുന്നവരാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പതിനെട്ട് ശതമാനത്തോളം പേര്‍ ശ്വാസകോശ അലര്‍ജ്ജി ഉള്ളവരാണ്. അലര്‍ജ്ജി നാള്‍ക്കുനാള്‍ കൂടി വരികയുമാണത്രെ.

അലര്‍ജ്ജി ഉണ്ടാക്കുന്ന വസ്തുക്കളെ അലര്‍ജ്ജനുകള്‍ (allergens)  എന്നാണ് വിളിക്കുന്നത്. ഈ അലര്‍ജ്ജനുകള്‍ ശരീരത്തില്‍ ഏതു ഭാഗവുമായാണോ ബന്ധപ്പെടുന്നത് അതിനനൗസരിച്ചുള്ള ലക്ഷണമാണ് ഉണ്ടാകുന്നത്. ശ്വസനവ്യൂഹത്തില്‍ പ്രധാനമായും പോളനുകള്‍ ആണ് അലര്‍ജ്ജി ഉണ്ടാക്കുന്നത്. അലര്‍ജ്ജി ജന്യ ജലദോഷത്തില്‍ പ്രധാനമായും മൂക്കില്‍ ചൊറിച്ചില്‍, തുമ്മല്‍, കണ്ണ് ചൊറിച്ചില്‍, കണ്ണ് ചുവക്കല്‍ എന്നിവയാണ് ലക്ഷണമായുണ്ടാകുക.  ശ്വാസകോശത്തില്‍ കഫം അധികമായി ഉല്‍പാദിപ്പിക്കപ്പെടുകയും ചുമ, ശ്വാസം മുട്ടല്‍, ശബ്ദത്തോടെയുള്ള ശ്വാസോഛ്വാസം എന്നിവയുണ്ടാക്കുകയും ചെയ്യുന്നു. 
ഭക്ഷണം പലതരത്തിലുള്ള അലര്‍ജ്ജികള്‍ ഉണ്ടാക്കുമെങ്കിലും (വയറിളക്കം, വയറുവേദന, ചൊറിച്ചില്‍ മുതലായവ) ശ്വസനാലര്‍ജ്ജികള്‍ ഉണ്ടാക്കുന്നത് പതിവില്ല. ശ്വസനാലര്‍ജ്ജികള്‍ പ്രധാനമായും മൂക്കടപ്പ്, മൂക്കൊലിപ്പ്, തുമ്മല്‍ എന്നീ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. അലര്‍ജ്ജനുമായി ശരീരം സമ്പര്‍ക്കത്തിലേര്‍പെട്ടാല്‍ ഉടനെ ലക്ഷണം തുടങ്ങുകയായി.   

കാരണങ്ങള്‍ (causes )
അലര്‍ജ്ജി ഉണ്ടാക്കുന്ന ഘടകങ്ങളെ പ്രധാനമായും ശാരീരിക ഘടകങ്ങള്‍ പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിങ്ങനെ തിരിക്കാം. 

ശാരീരിക കാരണങ്ങള്‍
 • പാരമ്പര്യം (heredity)
ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് ഇത്. അലര്‍ജ്ജി മിക്കപ്പോഴും പാരമ്പര്യമാണ്.  മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലുമൊക്കെ അലര്‍ജ്ജി ഉണ്ടായിരുന്നെങ്കില്‍ അത് മക്കളിലേക്കും വരാം അതായത് അലര്‍ജ്ജി രോഗികള്‍ക്കുണ്ടാകുന്ന കുട്ടികളിലും അലര്‍ജ്ജി കാണപ്പെടാറുണ്ട് എന്നുമാത്രമല്ല അത് രോഗമില്ലാത്ത മാതാപിതാക്കള്‍ക്കുണ്ടാകുന്ന കുട്ടികളേക്കാള്‍ തീവ്രമായി അനുഭപ്പെടുകയും ചെയ്യുന്നു.
 • പ്രായം (age)
ചെറിയ കുട്ടികളിലാണ് അലര്‍ജ്ജി അധികവും കാണപ്പെടാറ്. അലര്‍ജ്ജികൊണ്ടുണ്ടകുന്ന ആസ്ത്മ കൂടുതലും കാണപ്പെടുന്നത് പത്ത് വയസില്‍ താഴെയുള്ള കുട്ടികളിലാണ്. എന്നാല്‍ അലര്‍ജ്ജിക് ജലദോഷം ചെറുപ്പക്കാരിലാണത്രേ കൂടുതല്‍.
 • ലിംഗം (sex)
ആണ് കുട്ടികളില്‍ പെണ്‍കുട്ടികളേക്കാള്‍ അലര്‍ജ്ജി കൂടുതലായി കാണപ്പെടുന്നത്. ആസ്ത്മ കൂടുതല്‍ പെണ്‍കുട്ടികളിലും.

പ്രതികൂല ഘടകങ്ങള്‍
 • പുകവലി(smoking)
 • കെമിക്കലുകള്‍ (chemicals)
 • തണുത്ത അന്തരീക്ഷം (cold climate)
 • എയര്‍ കണ്ടീഷനുകള്‍ (air conditions )
 • അന്തരീക്ഷത്തിലെ ഈര്‍പ്പം (humidity)
 • കാറ്റേല്‍ക്കുക (exposure to wind)
 • അന്തരീക്ഷ മലിനീകരണം (pollution )
 • പുക (smoke)
ലക്ഷണങ്ങള്‍
 • തുമ്മല്‍ (sneezing)
 • ജലദോഷം (running nose)
 • മൂക്കടപ്പ് (nose blockage)
 • മൂക്ക് ചൊറിച്ചില്‍ (itching of nose)
 • ചുമ (cough)
 • തൊണ്ട വേദന  (throat pain)
 • കണ്ണ് ചൊറിച്ചില്‍ (itchy eyes)
 • കണ്ണില്‍ നിന്ന് വെള്ളം വരുക (watering of eyes)
 • കണ്ണിന് ചുറ്റും കറുത്ത പാട് (black circles around the eyes)
 • തലവേദന (head ache)
 • ക്ഷീണം (tiredness)
 • തൊലിപ്പുറത്ത് ചൊറിച്ചിലും തടിപ്പുകളും വരുക (wheals on skin)
രോഗ നിര്‍ണ്ണയം (diagnosis) 
സാധാരണഗതിയില്‍ അലര്‍ജ്ജി ദേഹ അരിശോധനകൊണ്ട് രോഗനിര്‍ണ്ണയിക്കാവുന്ന ഒന്നാണ്. അതിന് ചില പ്രത്യേക ടെസ്റ്റുകളും നടത്താറുണ്ട്.

സ്കിന്‍ പ്രിക് ടെസ്റ്റ് (skin prick test)
രോഗിയുടെ ത്വക്കിലേക്ക് ചില പദാര്‍ഥങ്ങള്‍ സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ശരീരം അതിനോട് പ്രതികരിക്കുന്ന വിധം അളക്കുകയാണ് ചെയ്യുന്നത്. ഏതെല്ലാം വസ്തുക്കളോടാണ് രോഗിക്ക് അലര്‍ജ്ജി എന്ന് കണ്ടുപിടിക്കാന്‍ ഇത് സഹായകമാണ്.

RAST (Radio Alergo Sorbent Test)
ഇത് ശരീരത്തിലെ ഇമ്മ്യൂണോ ഗ്ലോബുലിന്‍ഇ (IgE) എത്രയുണ്ട് എന്ന് അറിയുന്നതിന് വേണ്ടിയുള്ളതാണ്.

ഈസിനോഫില്‍ കൗണ്ട്. (eosinophil count)
രോഗിയുടെ രക്തത്തിലുള്ള വെളുത്ത രക്താണുക്കളുടെ എണ്ണം തീര്‍ച്ചപ്പെടുത്തുന്നതിനുള്ള രക്ത പരിശോധനയാണ് ഇത്. ശരീരത്തില്‍ അലര്‍ജ്ജിയോ അണുബാധയോ മൂലമുള്ള രോഗങ്ങള്‍ ഉണ്ടെങ്കില്‍ ഈസിനോഫില്‍ കൗണ്ട് ഉയര്‍ന്ന് കാണപ്പെടുന്നു.  അലര്‍ജ്ജിയുടെ ഒരു പ്രാധമിക പരിശോധനയാണ് ഇത്. 
ഇത് കൂടാതെ മൂക്കില്‍ ദശ വളര്‍ച്ച, സൈനസൈറ്റിസ്, എന്നിവ ഉണ്ടോ എന്ന് പരിശോധിക്കാനായി x-ray പോലെയുള്ള പരിശോധനകളും നടത്താറുണ്ട്.

ചികിത്സ ( Treatment)
സാധാരണയായി അലോപ്പതിയില്‍ ആന്‍റീ ഹിസറ്റമൈനുകള്‍ (ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹിസ്റമൈന് എതിരായുള്ള മരുന്നുകള്‍), സ്റ്റിറോയിടുകള്‍ (മൂക്കടപ്പ് പെട്ടന്ന് മാറാനും ലക്ഷണങ്ങള്‍ക്ക് വേഗം ശമനം ലഭിക്കാനും സഹായിക്കുന്നു.) എന്നിവയാണ് ഉപയോഗിക്കുന്നത്.
ആയുര്‍വേദ ചികിത്സ (Ayurveda  treatment)

ആയുര്‍വേദ വീക്ഷണം
ആയുര്‍വേദ വീക്ഷണമനുസരിച്ച് അലര്‍ജ്ജിയുടെ കാരണങ്ങളിലേക്കാണ് ശ്രദ്ധിക്കേണ്ടത്. അത് അലര്‍ജ്ജിയുണ്ടാക്കുന്ന വസ്തുക്കളുമായുള്ള ബന്ധം മുറിക്കല്‍ മാത്രമല്ല. ആ വസ്തുക്കളോട് ശരീരത്തിനുണ്ടാകുന്ന ’പക’ ക്ക് എന്താണ് കാരണം എന്ന അന്വേഷണം കൂടിയാണ്. അലര്‍ജ്ജിക്ക് കാരണമാകുന്ന വാതപിത്തകഫങ്ങളെ ഔഷധങ്ങള്‍ കൊണ്ട് ക്രമീകരിക്കുകയോ ശോധന ചികിത്സകൊണ്ട് പുറം തള്ളുകയോ ആണ് ചെയ്യുന്നത്. ദോഷത്തിന്റെ കാഠിന്യം അനുസരിച്ചുള്ള മരുന്നുകളാണ് ചെയ്യേണ്ടത്. രോഗിയുടെ ലക്ഷണങ്ങളിലുള്ള വ്യക്തിഗതമായ വ്യത്യാസം മനസിലാക്കി ദോഷത്തേയും അഗ്നിയേയും പ്രകൃതിയേയും അറിഞ്ഞാണ് ചികിത്സ.

ചികിത്സ (treatment )
രോഗിയുടേയും രോഗത്തിന്‍റെയും അവസ്ഥ അനുസരിച്ച് ശോധനമോ ശമനമോ ചെയ്യുന്നു. ശോധന ചികിത്സ ചെയ്തതിന് ശേഷം ഔഷധങ്ങള്‍ കൊണ്ട് ചികിത്സിക്കുന്നത് വേഗം ഫലം സിദ്ധിക്കുന്നതായിക്കാണുന്നു. അഗ്നി വര്‍ദ്ധകമായ ചികിത്സയാണ് ആത്യന്തികമായി അലര്‍ജ്ജിക്ക് നല്‍കുന്നത്. വിഷപദാര്‍ത്ഥങ്ങളെ നിര്‍വീര്യമാക്കാനുള്ള മരുന്നുകളും അതില്‍ പെടുന്നു. ധാത്വഗ്നിയെ ദീപനം ചെയ്യുന്നതിനായുള്ള മരുന്നുകളില്‍ പ്രധാനമാണ് മഞ്ഞള്‍ തിപ്പലി ചുക്ക് കുരുമുളക് മുതലായവ.
 • വമനം
കഫദോഷത്തെ പുറന്തള്ളുന്നു. ദോഷത്തിന്‍റെ കോപം അനുസരിച്ച് മൃദു വമനമോ വമനമോ ചെയ്യാം.
 • വിരേചനം   
യുക്തമായ മരുന്നുകള്‍ കൊണ്ട് വിരേചനം ചെയ്യണം. അധികമായ പിത്തദോഷത്തെ വിരേചനം കൊണ്ട് പുറന്തള്ളാം. അഗ്നിദീപനമുണ്ടാകുവാനും ശരീരം ശുദ്ധമാകുവാനും വിരേചനം സഹായിക്കുന്നു.
 • നസ്യം
നസ്യം സൈനസൈറ്റിസ്, മൂക്കില്‍ ദശവളര്‍ച്ച എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് കഫം പുറത്തുകളയാന്‍ നല്ലതാണ്. നാസാ നാളത്തേയും സൈനസുകളേയും ശുദ്ധീകരിക്കാന്‍ രോഗാനുസൃതമായി ചെയ്ത നസ്യ ചികിത്സകൊണ്ട് സാധിക്കുന്നു. 
 • ഔഷധ ചികിത്സ
ഔഷധ ചികിത്സയില്‍ പ്രധാനമായും ത്രിദോഷഹരമായ മരുന്നുകള്‍ ഉപയോഗിക്കുന്നു.  രസായന പ്രയോഗങ്ങളും അവസ്ഥാനുസരണം ചെയ്യുന്നുണ്ട്.
ശരിയായ ആയുര്‍വേദ ചികിത്സ കൊണ്ട് അലര്‍ജ്ജി തുമ്മല്‍ എന്നിവ പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. എന്‍റെ ചെറിയ കാലത്തെ ചികിത്സാനുഭം കൊണ്ടുതന്നെ ഒരു പിടി ആള്‍ക്കാരെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുകളില്‍ പറഞ്ഞ സാമാന്യ ചികിത്സ രോഗത്തിനും രോഗിക്കും അനുസരിച്ച് വ്യത്യാസം വരുത്തിയാണ് ചികിത്സ.
എന്തുകൊണ്ട് ആയുര്‍വേദം?
അലോപ്പതി ചികിത്സയെ അപേക്ഷിച്ച് ആയുര്‍വേദ ചികിത്സയുടെ മേന്മകള്‍ താഴെപറയുന്നതാണ്
 • സ്റ്റിറോയിടുകള്‍ ഉപയോഗിക്കുന്നില്ല
 • പാര്‍ശ്വഫലങ്ങളില്ല
 • ജീവിതകാലം മുഴുവന്‍ മരുന്നുപയോഗം ഇല്ല
 • പ്രകൃതി ദത്തമായ മരുന്നുകള്‍ ഉപയോഗിക്കുന്നു
 • ശരീരത്തിന്‍റെ സ്വാഭാവിക രോഗ പ്രതിരോധ ശേഷിയെ വീണ്ടെടുക്കുന്നു.
അലര്‍ജ്ജിയുള്ളവര്‍ ചെയ്യേണ്ടത്.
 • തണുപ്പടിക്കുന്നത് ഒഴിവാക്കുക
 • തുളസി, പനിക്കൂര്‍ക്ക, ആടലോടകം, കരുനൊച്ചി ഇവയുടെ കഷായം രാവിലെ കഴിക്കുക.
 • പൊടി അടിക്കാതെ ശ്രദ്ധിക്കുക.
 • വിരുദ്ധാഹാരം പകലുറക്കം എന്നിവ ഒഴിവാക്കുക
 • നല്ലൊരു ആയുര്‍വേദ ചികിത്സകനെ കണ്ട് ചികിത്സ സ്വീകരിക്കുക.

ആയുര്‍വേദം അനേകരോഗങ്ങളെ വേരോടെ പിഴുതെറിയാന്‍ പ്രാപ്തിയുള്ള ഒരു ചികിത്സ ശാസ്ത്രമാണ്. അതിലൊന്നാണ് അലര്‍ജ്ജിയും.

Dr.Jishnu Chandran BAMS MS
Ayurveda Manjari Specialty clinic
Kottarakkara
mob: 8281873504 
www.ayurvedamanjari.com

Copy right protected. Copy pasting disabled