10.07.2010

മരുന്ന് കുറിപ്പിലെ പ്രായോഗികത

                             നമുക്കറിയാം ആയുര്‍വേദ മരുന്നുകള്‍ എന്ന് പറയുമ്പോള്‍ പെട്ടന്ന് മനസിലേക്ക് വരുന്നത് അരിഷ്ടങ്ങള്‍, കഷായങ്ങള്‍ എന്നിങ്ങനെയുള്ള പേരുകളാണ്. ഇവയില്‍ തന്നെ കഷായങ്ങളാണ്കേരളത്തില്‍ പ്രധാന  മരുന്നുകളായി  വൈദ്യന്മാരാലും ഡോക്ടര്‍ മാരാലും പൊതുവേ  അന്ഗീകരിക്കപെട്ടിട്ടുള്ളത്. അടുത്ത കാലത്തായി കഷായം ഗുളികകള്‍  രംഗത്ത് വന്നെങ്കിലും അത് പൊതുവേഔഷധ ഗുണത്തിന്റെ കാര്യത്തില്‍ അത്ര അന്ഗീകരിക്ക പെട്ടില്ല എന്ന് തന്നെ കരുതാം. ഇവിടെ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്  മരുന്നുകളുടെ ഔഷധ ഗുണങ്ങളെ കുറിച്ചല്ല. മറിച്ച് രോഗികളുടെ ഭാഗത്ത്‌ നിന്ന് ഒരു ചിന്തയാണ് പങ്കുവയ്കുന്നത്.
                     

                ചികിത്സാ ഒരു സേവനം എന്ന നിലയിലോ പ്രൊഫെഷന്‍ എന്ന നിലയിലോ ഒരു ആയുര്‍വേദ ഡോക്ടര്‍   രോഗിയുടെ ഭാഗത്തുനിന്നു ഒരു ആയുര്‍വേദ ചികിത്സയെക്കുറിച്ച് ചിന്തിക്കുമ്പോള്‍  തീര്‍ച്ചയായും കടന്നു വരേണ്ട ഒരു വിഷയമാണ് ചികിത്സാ ചെലവ്.സമകാലിക ആയുര്‍വേദ ചികിത്സയില്‍ ചികിത്സ ചെലവ് വളരെയധികം വര്‍ധിക്കുന്നു എന്നത് ഒരു പുതിയ അറിവല്ല.യഥാര്‍ത്ഥത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ ചിത്സ ചെലവ് കുറക്കാന്‍ നമുക്ക് സാധിക്കും. അവിടെയാണ് ഞാന്‍ പറഞ്ഞ കഷായം കുറിക്കലിന്റെ പ്രസക്തി. കഷായങ്ങള്‍ അരിഷ്ടങ്ങള്‍ എന്നിവ ആയുര്‍വേദത്തിലെ പ്രധാന മരുന്നുകളായി നിലനില്‍ക്കുന്നിടത്തോളം കാലം അത് തുടരുകയും ചെയ്യും.
                             ഒരു ഉദാഹരണം നോക്കാം. ഒരു ചെറിയ പനിരോഗി ഒരു ആയുര്‍വേദ ഡോക്ടറെ കാണുമ്പൊള്‍ പതിവായി എഴുതപെടാറുള്ള ചില മരുന്നുകള്‍ നോക്കാം. അമ്ര്താരിഷ്ടം 20 രൂപ, അമ്ര്തോത്തരം കഷായം 58 രൂപ , വെട്ടുമാരന്‍ ഗുളിക 8  രൂപ . വിലയിലുള്ള വ്യത്യാസം  ശ്രദ്ധിക്കു...  ഒരാഴ്ചക്ക് കുറിച്ച കൊടുക്കുന്ന മരുന്നിന്റെ വിലയാണ് ഈ പറഞ്ഞത് . കഷായത്തിനാണ് ഏറ്റവും വില വരുന്നത്. കഷായങ്ങള്‍ ഉപേക്ഷിക്കാന്‍ സാധിച്ചാല്‍ മരുന്നിന്റെ വില നന്നായി കുറക്കാന്‍ സാധിക്കും. കഷായങ്ങള്‍ ചികിത്സയില്‍ നിന്നും ഒഴിവാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം മിക്ക ആയുര്‍വേദ ഡോക്ടര്‍ മാരും കഷായത്തിനോട് അത്ര മാനസിക അടുപ്പത്തിലാണ്. പ്രത്യകിച്ചും ആയുര്‍വേദ പാരമ്പര്യം ഉള്ളവരും പ്രായം ആയവരും ആയ ആയുര്‍വേദ ഡോക്ടര്‍മാര്‍. കഷായം കുടിക്കാന്‍ വിസമ്മതിച്ച ഒരു രോഗിയെ ഒരു സീനിയര്‍ ഡോക്ടര്‍  ചികിത്സ നിഷേധിച്ച് തന്റെ ഓ പി യില്‍ നിന്നും പറഞ്ഞുവിടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ അത്രയ്ക്ക് മാനസിക അടുപ്പമാണ് (വിശ്വാസം?) കഷായത്തോട് അവര്‍ക്കൊക്കെ  ഉള്ളത്.എന്നാല്‍ കേരളത്തിന്‌ പുറത്തേക്കൊന്നു പോയി നോക്കിയാല്‍ കഷായം എന്നൊരു സാധനമേ കാണാന്‍ കിട്ടില്ല.
                                          .മറ്റു സംസ്ഥാനങ്ങളില്‍ അരിഷ്ടം ഗുളികകള്‍ എന്നിവകൊണ്ടുള്ള ഒരു പ്രക്ടിസ് ആണ് കാണാന്‍ കഴിയുന്നത്. കേരളത്തില്‍ മാത്രം കഷായത്തിനിത്ര പ്രാധാന്യം വരാന്‍ കാരണം എന്താകും? ശരിയായ ഉത്തരം എനിക്കിനിയും മനസിലായിട്ടില്ല. എങ്കിലും കഷായത്തിന്റെ പ്രത്യകതകള്‍ ഒന്ന് പരിശോധിച്ച് നോക്കിയാല്‍   അത് കുറെയൊക്കെ  മനസിലാക്കാവുന്നതാണ് . പഴയകാലത്തേക്ക്  അല്പം സഞ്ചരിച്ച്  നോക്കാം. കേരളത്തിലെ ആരോഗ്യരംഗം  പൂര്‍ണമായും ആയുര്‍വേദ വൈദ്യന്മാരാല്‍ കൈകാര്യം ചെയ്യപെട്ടിരുന്ന ആ സുവര്‍ണ്ണ കാലത്തേക്ക് ആണ്. ഇന്നത്തെ പോലെ prepared കഷായങ്ങള്‍ ഇല്ലായിരുന്നു. കഷായങ്ങളുടെ കുറിപ്പടികള്‍ കൊടുക്കുക മാത്രമായിരുന്നു പതിവ്. രോഗി മരുന്ന് പറിച്ച് ഉണക്കിയോ അല്ലാതെയോ കഷായം വച്ചിരുന്നു. (ഇന്നും ചില സ്ഥലങ്ങളില്‍ ഈ രീതിയുണ്ട് എന്നറിയുന്നു ). ഇത്തരം രീതിക്ക് ഒരു ഗുണം ഉണ്ടായിരുന്നു. അത് തികച്ചും ലാഭകരമായിരുന്നു. അതുമാത്രമല്ല സ്വയം തയ്യാര്‍ ചെയ്യുന്നതിനാല്‍ രോഗിക്ക് വിശ്വാസവും ആയിരുന്നു.
                                              എന്നാല്‍ ഗുളികകളോ? മരുന്നുകള്‍ ഇടിച്ചു  പൊടിക്കാനും അരച്ചുരുട്ടി ഗുളികയാക്കാനും തണലത്തുണക്കി എടുക്കാനും ധാരാളം കയികാധ്വാനവും സമയവും പണവും വേണമായിരുന്നു. അതിനാല്‍ വൈദ്യന്മാര്‍ ഗുളികകളെ ഒഴിവാക്കികൊണ്ട് കഷായങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു. കഷായങ്ങളാകുമ്പോള്‍  രോഗികള്‍ തന്നെ ഉണ്ടാക്കി കുടിച്ചു കൊളളും എന്നതിനാല്‍ കഷയങ്ങള്‍ക്ക് പ്രാധാന്യം വന്നു. സഹസ്രയോഗം മുതലായ കേരളത്തിലെ വൈദ്യന്മാരുടെ കൈപ്പുസ്തകങ്ങളിലും കഷായങ്ങള്‍ക്കാണ് പ്രാധാന്യം.
എന്നാല്‍ ഇന്നത്തെ സ്ഥിതി.
കഷായങ്ങള്‍ ആയുര്‍വേദ മരുന്ന് നിര്‍മാതാക്കള്‍ക്ക്‌  ഒരു ബാധ്യത  ആയിരിക്കുന്നു എന്ന് പറയേണ്ടി വരും.കഷായം ടാബ്ലെറ്റ് കള്‍ രംഗ പ്രവേശം ചെയ്യാന്‍ തന്നെ കാരണം ഇതാണ്. എന്നാല്‍ കഷായം ടാബ്ലെറ്റ് കള്‍ അമ്പേ പരാജയമായിരുന്നു. കഷായങ്ങളുടെ അരുചി ഒഴിവാക്കാം എന്നാ പരസ്യ ത്തോടെയാണ് അവ എത്തിയത്. എന്നാല്‍ കഷായം ടാബ്ലെടുകള്‍ രോഗികള്‍ക്ക് കൂടുതല്‍ അസൗകര്യങ്ങള്‍ ആണ് ഉണ്ടാക്കിയത്.
കഷായം ടാബ്ലെട്ടുകളുടെ ഡോസ്-
             കോട്ടക്കല്‍ ആര്യവൈദ്യ ശാല പറയുന്നു. ഒരു  കഷായംടാബ്ലെറ്റ് 5 മില്ലി കഷായത്തിന് തുല്യമാണ്. ഒരുനേരത്തെ കഷായത്തിന്റെ ഡോസ് നടപ്പ് രീതി അനുസരിച്ച് മിനിമം 15  മില്ലി ആയിരിക്കുമ്പോള്‍ ഒരു നേരം രോഗി മൂന്ന് ടാബ്ലെടുകള്‍ കഴിക്കേണ്ടി വരുന്നു. ഒരു ദിവസം 6 ടാബ്ലെറ്റ് കള്‍ കഴിക്കേണ്ടി വരുന്ന രോഗിയുടെ മാനസിക അവസ്ഥ എന്തായിരിക്കും?? മറ്റു മരുന്നുകളും ഗുളികകളും  വേറെയും. ഈ അസൗകര്യം കാരണം മിക്ക ഡോക്ടര്‍ മാരും ഡോസ് കുറച്ചാണ് കൊടുക്കുന്നത് അതുകൊണ്ടാകാം  കഷായം കുടിക്കുന്ന റിസള്‍ട്ട്‌ ടാബ്ലെട്ടിനു കിട്ടുന്നില്ല എന്നതും.
ഇനി കഷായം ടാബ്ലെട്ടുകളുടെ വില-
                  അഷ്ടവര്‍ഗം കഷായം ടാബ്ലെറ്റിന്ഒരാഴ്ചത്തേക്ക് (42 എണ്ണം) 88 രൂപ ആകുമ്പോള്‍ അഷ്ടവര്കം കഷായം 200 മില്ലിക്ക് 63  രൂപ മാത്രമാണ് വില. അപ്പൊ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന്‍ പറഞ്ഞപോലെകഷായം തന്നെയല്ലേ മെച്ചം???.
കാശം ടാബ്ലെട്ടുകള്‍ നിര്‍മ്മിക്കുന്നത്. എങ്ങനെ എന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കിടയില്‍  അധികം പേര്‍ക്കും അറിയില്ല. ഒരു കാര്യം മാത്രം അറിയാം കഷായം നന്നായി കുറുക്കുന്നു. കുരുക്കി അതൊരു ടാര്‍ പോലെയുള്ള പരുവമാകമ്പോള്‍ടാബ്ലെറ്റ് ആക്കുന്നതിനു സിലിക്ക, ബൈണ്ടിംഗ് മെടീരിയല്സ് എന്നിവ ചേര്‍ക്കുന്നു. ടാബ്ലെറ്റ് രൂപമാക്കുന്നു . (കടപ്പാട് ആപ്ത മാസിക vol -17   2010)
അപ്പൊ ഇനി ഇതൊന്നു പരീക്ഷിക്കുക.
              ആയുര്‍വേദത്തില്‍ ക്ലാസ്സിക്കല്‍ മരുന്നുകളുടെ കൂട്ടത്തില്‍ കഷായങ്ങളും അരിഷ്ടങ്ങളും മാത്രമല്ല ഉള്ളത്. ഗുളികകളും ധാരാളമായുണ്ട്. ഒരു പക്ഷെ ഉണ്ടാക്കാനുള്ള പ്രയാസം ആയിരിക്കാം ഗുളികകളെ പില്‍ക്കാലത്ത് പുറകിലാക്കിയത്. എന്തായാലും കഷായങ്ങളെ ആ രീതിയിലൊന്നു മാറ്റി നോക്കാവുന്നതാണ്.അതായത് കഷായത്തിന്റെ മരുന്നുകള്‍ എടുക്കുക. നന്നായി പൊടിച്ച് അനുയോജ്യമായ ദ്രവം ചേര്‍ത്ത്അരച്ച്  ഉരുട്ടി  ഗുളികയാക്കുക .
             ഇങ്ങനെ ഒരുപ്രത്യേക ഔഷധ കല്‍പ്പനയെ മറ്റൊന്നിലേക്കുമാറ്റേണ്ടിവരുമ്പോള്‍ ചെയ്യേണ്ടത് എങ്ങനെ എന്ന് പൂര്‍വ വൈദ്യന്മാര്‍ നമുക്ക് കാട്ടിതന്ന രീതിയുണ്ട്. ഏത് കല്‍പ്പനയെ ആണോ മാറ്റേണ്ടത് അതിന്റെ മരുന്ന് എടുത്ത് എതിലെക്കാണോ മാറ്റെണ്ടത് ആ കല്‍പ്പനയുടെ വിധി പ്രകാരം മരുന്ന് നിര്‍മ്മിക്കുക.  സുകുമാരം നെയ്യിനെ സുകുമാരം ലേഹ്യമാക്കിയപ്പോള്‍ സുകുമാരം  നെയ്യിന്റെ മരുന്നുകള്‍ എടുത്ത് ലേഹ പാക വിധിപ്രകാരം ലെഹ്യമാകി. അതുപോലെ കഷായം, ഗുളിക  ആക്കുമ്പോള്‍ കഷയതിറെ മരുന്നുകള്‍ എടുക്കുക ഗുളിക വിധിപ്രകാരം അരച്ചുരുട്ടി ഗുളികയാക്കുക.എന്തായാലും ചെലവ് കുറയും. ഗുണം എങ്ങനെ വരുമെന്ന്   നമുക്ക് നോക്കാം....

12 comments:

 1. അപ്പൊ ഇനി ഇതൊന്നു പരീക്ഷിക്കുക.

  ReplyDelete
 2. ലേഖനം നന്നായിരിക്കുന്നു. പണ്ടെല്ലാം കഷായവും മറ്റും ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടായിരുന്നു കൂടുതല്‍ ആളുകളേയും ആയുര്‍വ്വേദത്തില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നത്. ഇപ്പോള്‍ കഷായം റെഡിമേഡ് കിട്ടുന്നുണ്ടെങ്കിലും, ചികിത്സാ ചിലവുകൂടി കുറയുകയാണെങ്കില്‍ ഒരുപാട് പേര്‍ ആയുര്‍വ്വേദത്തിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് ഉറപ്പ്.

  ReplyDelete
 3. ഏകലവ്യന്‍, തീര്‍ച്ചയായും.. പണ്ട് അമ്മൂമ്മമാരൊക്കെ കഷായം ഉണ്ടാക്കി കഴിച്ചവരാണ്. പിന്നീട് തിരക്കുകള്‍ മലയാളി ജീവിതത്തെ ബാധിച്ചപ്പോള്‍ കഷായം ഉണ്ടാക്കല്‍ ബുദ്ധിമുട്ടായി. അപ്പോള്‍ റെഡിമേഡ് കഷായം ആയുര്‍വേദത്തെ രക്ഷിച്ചു. ഇന്ന് അവസ്ഥ മാറി. മരിയ സാഹചര്യത്തില്‍ കഷായത്തില്‍ നിന്നും നാം മുന്നോട്ട് പോകേണ്ടതുണ്ട്. ചെലവുകുറഞ്ഞ രീതിയില്‍...

  ReplyDelete

 4. കഷായത്തില്‍ നിന്നും നാം മുന്നോട്ട് പോകേണ്ടതുണ്ട്.
  "

  പ്രിയ ജിഷ്ണു,

  ഇതും കൂടി
  ഒന്നു നോക്കുമൊ?

  ReplyDelete
 5. സര്‍ ആ പോസ്റ്റ്‌ ഞാന്‍ വായിച്ചു. കഷായം 'കഷായ രസ' (ചവര്‍പ്പ്)പ്രധാനം ആയതിനാല്‍, കഷായത്തില്‍ ചേര്‍ക്കുന്ന മരുന്നുകളുടെ രസം കഷായം ആകുമെന്നും. അതിനു അനുസരിച്ചാണ് കഷായങ്ങളുടെ ഔഷധഗുണം വരുന്നത് എന്നുമാണ് ആ പോസ്റ്റില്‍ നിന്നും മനസിലായത്.

  ശരിയായിരിക്കാം... അതുകൊണ്ടാണ് നവജ്വരത്തില്‍ കഷായ പാനം നിഷേധിച്ചത് എന്നും കേട്ടിട്ടുണ്ട്.. മരുന്നുകള്‍ നിര്‍മ്മിക്കുന്ന സമയത്ത് ആചാര്യന്‍മാര്‍ മനസ്സില്‍ എന്തൊക്കെയാണ് ഉദ്ദേശിച്ചിരുന്നത് എന്ന് നമുക്ക് പൂര്‍ണമായും വ്യക്തമല്ല. എങ്കിലും പ്രായോഗികമായി നോക്കുമ്പോള്‍, ആചാര്യ വചനത്തെ മാത്രം കണക്കാക്കി നമുക്ക് കൈയും കേട്ടിയിരിക്കാന്‍ പറ്റില്ല. ആയുര്‍വേദം കൂടുതല്‍ ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്. അതിനാല്‍ ഇന്നത്തെ വെല്ലുവിളികളെ നാം അതിജീവിക്കേണ്ടിയിരിക്കുന്നു. കഷായം രോഗികളെ കൊണ്ട് ഉണ്ടാക്കിപിച്ചു കഴിക്കുക എന്നത് പ്രായോഗികമല്ല എന്നത് പണിക്കര്‍ സാര്‍ ന്റെ പോസ്റ്റില്‍ തന്നെ പറയുന്നുണ്ട്. നിര്‍മ്മിത (prepared) കഷായത്തിന് താങ്ങാനാകാത്ത വിലയും.ഈ അവസ്ഥയില്‍ ബദല്‍ മാര്‍ഗങ്ങള്‍ അന്വഷിക്കാതെ തരമില്ല. കഷയങ്ങളെ ഗുളിക കല്‍പ്പന പ്രകാരം ഗുളികകളാക്കി ഒരു പരീക്ഷണം നടത്തണം എന്ന് പറഞ്ഞതും അതുകൊണ്ടാണ്. റിസള്‍ട്ട്‌ എങ്ങനെ വരും എന്ന് നമുക്ക് നോക്കാവുന്നതാണല്ലോ... പണിക്കര്‍ സാര്‍ പറഞ്ഞപോലെ 'രസം വ്യത്യാസം ' വന്നതുമൂലം എന്തെങ്കിലും വ്യത്യാസം ഔഷധ ഗുണത്തിലും വന്നിട്ടുണ്ടോ എന്ന് നോക്കുകയും ചെയ്യാം.

  ReplyDelete
 6. "എങ്കിലും പ്രായോഗികമായി നോക്കുമ്പോള്‍, ആചാര്യ വചനത്തെ മാത്രം കണക്കാക്കി നമുക്ക് കൈയും കേട്ടിയിരിക്കാന്‍ പറ്റില്ല. ""

  ??

  Then what the hell is your base?

  Have you gotyour own theories? You told that "we" can't even understand FULLY what acharya meant.

  The how are u criticising the trade marked medicines?

  ReplyDelete
 7. ആയുര്‍വേദത്തിന്റെ അടിസ്ഥാനം ആചാര്യ വചനങ്ങള്‍ തന്നെയാണ്. എന്റെ മാത്രമല്ല ആയുര്‍വേദം പഠിച്ച എല്ലാവരും അത് തന്നെയാണ് പഠിക്കുന്നത്. ഏതെങ്കിലും ആയുര്‍വേദ ഡോക്ടര്‍ സ്വന്തം തിയറികള്‍ ആയുര്‍വേദത്തില്‍ ഉണ്ടാക്കിയതായി അറിയില്ല. എന്റെ ഒരു വാചകത്തെ മാത്രം എടുത്തു വിമര്‍ശിക്കരുത് സര്‍.. ഈ പോസ്റ്റിന്റെ ഉദ്ദേശം തന്നെ കഷായങ്ങള്‍ ചിലവേറിയത് ആണെന്നും അത് ഒപി തലത്തില്‍ ചികിത്സയുടെ ചെലവ് കൂട്ടുന്നു എന്നും അതുകൊണ്ട് കഷയങ്ങള്‍ക്ക് ഒരു 'പകരക്കാരന്‍' വേണം എന്നും ആണ്.... കഷായങ്ങള്‍ കൊണ്ടുമാത്രമേ ഒരു ആചാര്യനും പറയുന്നില്ല. മാത്രമല്ല ചികിത്സകന്റെ യുക്തിക്ക് അനുസരിച്ച് മരുന്നുകളില്‍ മാറ്റം വരുത്താനും അധികാരം തന്നിട്ടുണ്ട്. കര്‍ണ്ണാടകയില്‍ കഷായം ഇല്ലാതെ ഗുളികകളും രസൌഷധങ്ങളും അരിഷ്ടങ്ങളും കൊണ്ട് വിജയകരമായി ആയുര്‍വേദ ചികിത്സ ചെയ്യുന്നുണ്ട്.പക്ഷെ അരിഷ്ടത്തിനും വില കൂടുന്നു എന്നുള്ളത് വേറൊരു സത്യം..... ഈ പ്രശ്നത്തിന് ഒരു പരിഹാരമാണ് ഞാന്‍ ആരായുന്നത്. ഞാന്‍ ഒരു ആചാര്യനെയും എതിര്‍ക്കുന്നില്ല.... ഒരു മരുന്നിനെയും വിമര്‍ശിച്ചുമില്ല... കാലത്തിനു അനുസരിച് മാറാത്ത ഒരു സയന്‍സും നിലനിന്ന ചരിത്രമില്ല... വാഗ്ഭടന്‍ തന്നെ അഷ്ടാംഗ ഹൃദയം എഴുതിയത് ശാസ്ത്രത്തെ 'യുഗാനുരൂപ സന്ദര്‍ഭം' (ക്കാലത്തിനു അനുസരിച്ച്) ആക്കാനാണെന്ന് അദ്ദേഹം പറയുന്നുണ്ട്.. അങ്ങനെ ഒരു മാറ്റം അനിവാര്യമാണ്. ഇല്ലെങ്കില്‍ ആയുര്‍വേദം എന്ന ചികിത്സാ ശാസ്ത്രം കാലത്തെ അതിജീവിക്കില്ല....

  ReplyDelete
 8. പ്രിയ ജിഷ്ണു,

  എന്നെ വെറുതെ വിട്ടേരെ. അറിയാതെ പറഞ്ഞു പോയതാണ്‌.

  "അങ്ങനെ ദോഷങ്ങളെ മനസിലാക്കി ചികില്‍സിക്കുമ്പോള്‍ ഒരേ രോഗത്തിനു തന്നെ രണ്ടു വ്യത്യസ്ഥമായ്‌ മരുന്നുകള്‍ ഉപയോഗിക്കുന്നു. അങ്ങനെ ഉപയോഗിക്കുമ്പോല്‍ കാമലാരിയും മറ്റും എങ്ങനെ ആയുര്‍വേദമാകും?"

  ഇതെഴുതിയ ജിഷ്ണു


  ദാ ഇങ്ങനെയും എഴുതി
  ലേഖനത്തിന്റെ ആദ്യഭാഗത്തുള്ള ഒരു വരി " ഒരു ചെറിയ പനിരോഗി ഒരു ആയുര്‍വേദഡൊക്റ്ററെ കാണുമ്പോല്‍ പതിവായി എഴുതപ്പെടാറുള്ള ചില മരുന്നുകള്‍ നോക്കാം - അമൃതാരിഷ്ടം 20രൂപ ---"
  "
  പിന്നെ ഇങ്ങനെയും കണ്ടപ്പോള്‍

  നിങ്ങള്‍ക്കു ഏതു ചെറിയ പനിരോഗി വന്നാലും അമൃതാരിഷ്ടം മതി അല്ലെങ്കില്‍ പകരം വയ്ക്കാന്‍ അമൃതോത്തരം കഷായം ഇതു ദഹിച്ചില്ല

  പിന്നെ ഇങ്ങനെയും കണ്ടപ്പോള്‍"
  മാത്രമല്ല ചികില്‍സകന്റെ യുക്തിക്കനുസരിച്ച്‌ മരുന്നുകളി മാറ്റം വരുത്താനും അധികാരം തന്നിട്ടുണ്ട്‌
  "

  അപ്പോള്‍ കാമിലാരിക്കാരന്‍ യുക്തി ഉപയോഗിച്ചതാണെങ്കിലോ?


  ശാസ്ത്രസിദ്ധാന്തങ്ങള്‍ക്കനുശൃതമായിരിക്കണം എല്ലാം എന്നുള്ള കാഴ്ചപ്പാടാണ്‌ ജിഷ്ണുവിനും എന്നു തോന്നി. അതുകൊണ്ടു പറഞ്ഞു എന്നെ ഉള്ളു സാരമില്ല.

  ReplyDelete
 9. സര്‍ ആദ്യത്തെ കന്റില്‍ താങ്കള്‍ ഉന്നയിച്ചത് കഷായത്തിന്റെപ്രാധാന്യത്തെ കുറിച്ചാണ്.... രണ്ടാമത്തെ കമന്റില്‍ വിഷയം ഞാന്‍ ആചാര്യന്റെ വാക്കിനെ പറ്റി പറഞ്ഞത് ആയിരുന്നു. മൂന്നാമത്തെ കമന്റിന്റെ വിഷയം മറ്റൊന്നാണ്.

  "അങ്ങനെ ദോഷങ്ങളെ മനസിലാക്കി ചികില്‍സിക്കുമ്പോള്‍ ഒരേ രോഗത്തിനു തന്നെ രണ്ടു വ്യത്യസ്ഥമായ്‌ മരുന്നുകള്‍ ഉപയോഗിക്കുന്നു. അങ്ങനെ ഉപയോഗിക്കുമ്പോല്‍ കാമലാരിയും മറ്റും എങ്ങനെ ആയുര്‍വേദമാകും?" ഇത് ഞാന്‍ എഴുതിയതാണ്. ഈ അഭിപ്രായത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

  " ഒരു ചെറിയ പനിരോഗി ഒരു ആയുര്‍വേദഡൊക്റ്ററെ കാണുമ്പോല്‍ പതിവായി എഴുതപ്പെടാറുള്ള ചില മരുന്നുകള്‍ നോക്കാം - അമൃതാരിഷ്ടം 20രൂപ ---'' എന്ന് ഞാന്‍ എഴുതുമ്പോള്‍ വിഷയം മറ്റൊന്നായിരുന്നു. 'ഏതു ചെറിയ പനിരോഗി വന്നാലും അമൃതാരിഷ്ടം മതി അല്ലെങ്കില്‍ പകരം വയ്ക്കാന്‍ അമൃതോത്തരം കഷായം' എന്നൊന്നും ഞാന്‍ ഉദ്ദേശിച്ചില്ല... ഞാന്‍ പ്രാധാന്യം കൊടുത്തത് അതിന്റെ വിലയിലാണ്.. ഗുളികയ്ക്ക് കഷായത്തെക്കാള്‍ വില കുറവാണ് എന്ന് കാണിക്കുക ആയിരുന്നു ഉദ്ദേശം. അതില്‍ ഇങ്ങനെ കൊനഷ്ട്ട് ഉണ്ടെന്നു കരുതിയില്ല. ഞാന്‍ പിന്നെ എങ്ങനെ എഴുതണമായിരുന്നു??? ''കഫ വാത ജ്വരത്തിന്റെ ആമാവസ്ഥയില്‍ പതിവായി കൊടുക്കാറുള്ള''. എന്നെഴുതണമായിരുന്നോ?? അങ്ങനെ എഴുതിയാല്‍ ഞാന്‍ ഉദ്ദേശിച്ച ഭാഗത്തിന്റെ പ്രാധാന്യം നഷ്ടമാകും. അതങ്ങനെയൊക്കെ എഴുതി കുഴച്ചു മറിക്കേണ്ട എന്ന് കരുതി.

  'മാത്രമല്ല ചികില്‍സകന്റെ യുക്തിക്കനുസരിച്ച്‌ മരുന്നുകളി മാറ്റം വരുത്താനും അധികാരം തന്നിട്ടുണ്ട്‌" കഷായം എന്ന പൊതുവായ ഒരു കല്‍പ്പനയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഒരു പ്രത്യേക കഷായം എല്ലാര്‍ക്കും ഗുളിയാക്കി കൊടുക്കാനല്ല പറഞ്ഞത് . ഇന്ദുകാന്തം ഘൃതം, ഇന്ദുകാന്തം കഷായമാക്കി നമ്മുടെ പൂര്‍വ വൈദ്യന്മാര്‍. അത് യുക്തി അനുസൃതമായി ചിന്തിച്ചു ദോഷം, അവസ്ഥ, ബലം ഇവ നോക്കി രോഗിക്ക് കൊടുക്കുന്നു.... അതുപോലെ ആണോ കാമലാരി? കാമലാരിയുടെ പരസ്യത്തില്‍ 'കരള്‍ രോഗത്തിന് കാമലാരി' എന്നാണ് പറയുന്നത്. ഇത് ആയുര്‍വേദത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് എതിരാണ് എന്നാണു ഞാന്‍ അവിടെ പറഞ്ഞത്. അത് വേ, ഇത് റെ...

  ReplyDelete
 10. പ്രിയ ജിഷ്ണു,

  ആയുര്‍വേദത്തിന്റെ ഏറ്റവും വലിയ മാഹാത്മ്യം ശ്രദ്ധിച്ചിട്ടുണ്ടോ?

  ഒരു വൈദ്യന്‌ ചികില്‍സയില്‍, ആധുനിക വൈദ്യന്റെ പോലെ ഉള്ള പരിമിതികള്‍ ഇല്ല - ആധുനികന്‌ മരുന്നു കമ്പനിക്കാര്‍ മരുന്നു തയ്യാറാക്കി കടയില്‍ വച്ചതു കുറിക്കാനെ കഴിയൂ

  എന്നാല്‍ ആയുര്‍വേദവൈദ്യന്‌ ചെടികള്‍ നോക്കി പറിച്ചെടുത്ത്‌ വേണ്ട മരുന്നുണ്ടാക്കി തന്റെ രോഗിക്കു കൊടുക്കാന്‍ സാധിക്കും- അതായത്‌ മരുന്നിന്റെ ഗുണനിലവാരം വൈദ്യന്‍ കൃത്യമായി അറിയാം -- കുന്നംകുളം ഹോര്‍ലിക്സ്‌ പോലെ അവില്ല എന്നര്‍ത്ഥം

  ഇനി രോഗി കയ്യില്‍ കാശില്ലാത്തവന്‍ ആണെങ്കില്‍ - വൈദ്യനു പ്രത്യേകിച്ചു യാതൊരു ചെലവും ഇല്ലാതെ ഒരു കഷായ ക്കുറിപ്പടി എഴുതി കൊടൂക്കാം, ആ മരുന്ന് അയാള്‍ ഉണ്ടാക്കി കഴിച്ചോളും - അതിനു ആയിരക്കണക്കിനു രൂപ മുടക്കി ആശുപത്രിയില്‍പോയി ചികില്‍സിക്കേണ്ട കാര്യമില്ല

  ചുരുക്കത്തില്‍ ആയുര്‍വേദ വൈദ്യം ഒരു One man army ആണ്‌ ആ പ്രത്യേകതയ്ക്കു ഏറ്റവും ഉതകുന്നത്‌ കഷായങ്ങള്‍ ആണു താനും , ഗുളികയോ ലേഹമോ എണ്ണയൊ ഉണ്ടാക്കാന്‍ സാധാരണക്കരനെകൊണ്ട്‌ സാധിച്ചു എന്നും വരില്ല.

  ആ കഷായത്തിനെ ഒഴിവാക്കണം എന്നു കേട്ടപ്പോള്‍ - അതിനു കാരണം വിലക്കൂടുതലാണു പോലും - പഴയ മനസ്സല്ലെ സുഖിച്ചില്ല എന്നു കൂട്ടിക്കോളൂ

  പിന്നെ കാമിലാരി ആയുര്‍വേദ സിദ്ധാന്തങ്ങള്‍ക്കെതിരാണെന്ന്‌ പറയുന്നതിന്റെ യുക്തിയും മനസ്സിലായില്ല കേട്ടൊ :)

  ReplyDelete
 11. ഹഹഹഹഹ്!

  ഇപ്പോ മരുന്നുകമ്പനികൾ ഗുളികകൾ എങ്ങനെ ഉണ്ടാക്കുന്നുവെന്ന് ഡോക്റ്റർ ശ്രദ്ധിച്ചിട്ടുണ്ടോ? അതിൽ എത്ര ശതമാനം സ്റ്റാർച്ച് ചേർക്കുന്നുവെന്നു അറിയാമോ?

  മരുന്നു കമ്പനികളും സ്വാശ്രയ വൈദ്യന്മാരും കൂടി ഈ മഹദ്ശാസ്ത്രത്തെ ബലാത്സംഗം ചെയ്യുകയാണിന്ന്.

  ഇനിയെത്ര കാലം നിലനിൽപ്പുണ്ടെന്നേ ഇനി ചിന്തിക്കാനുള്ളൂ...

  ReplyDelete

Copy right protected. Copy pasting disabled