10.04.2010

പഞ്ചമഹാ ഭൂതങ്ങള്‍

ഞാന്‍ ഇവിടെ പറയുന്നത് പഞ്ച മഹാഭൂതങ്ങളെ പറ്റി എനിക്ക് മനസിലായകാര്യങ്ങളാണ്.ഞാന്‍ ഇതില്‍ ഗ്രന്ഥ reference കള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ പോസ്റ്റിലെ പല കാര്യങ്ങളും  ആധുനിക ശാസ്ത്രവുമായി പൊരുത്തപ്പെടാത്തവയാണ്.ഈ പോസ്റ്റില്‍കൂടി ഈ വിഷയത്തെ പറ്റി കൂടുതല്‍ മനസിലാകണം എന്നും പ്രതിക്ഷിക്കുന്നു.
പഞ്ചമഹാ ഭൂതങ്ങള്‍  ചേര്‍ന്നാണ് ഈ ലോകം ഉണ്ടായിട്ടുള്ളത് എന്ന് ആയുര്‍വ്വേദം വിശ്വസിക്കുന്നു. കാണാന്‍ പറ്റുന്നതും പറ്റാത്തതും ആയ ഏതു ദ്രവ്യവും പഞ്ച ഭൂതാത്മകം ആണ്.
വായു .
പഞ്ചമഹാ ഭൂതങ്ങളില്‍ ഒന്നാണ് വായു. വാച്യാര്‍ദ്ധത്തില്‍ കാറ്റ്. വായു ചലനമാണ്. ചലനമുള്ളിടതെല്ലാം വായു ഉണ്ട്. ആ അര്‍ഥത്തില്‍ കാറ്റും വായു ഭൂത പ്രധാനമായ ഒരു ദ്രവ്യമാണ്‌.
 ദ്രവ്യം എന്താണെന്ന് പറയാം ആദ്യം. ആയുര്‍വേദ പ്രകാരം ഗുണവും കര്‍മ്മവും ഉള്ളതെല്ലാം ദ്രവ്യമാണ്‌. അങ്ങനെ വരുമ്പോള്‍ ഇലക്ട്രിക്‌ കറന്റ് വരെ ദ്രവ്യമാകും. ആയുര്‍വേദം കാര്യങ്ങളെ മിക്കപ്പോഴും മനസിലാക്കുന്നത് അനുമാനിച്ചാണ്. അതായത് രോഗിക്ക് വേദന വരുമ്പോള്‍ ശരീരത്തില്‍ വാത ദോഷ പ്രകൊപം എന്ന് അനുമാനിക്കുന്നു. പുകച്ചില്‍ കൂടി ഉണ്ടെങ്കിലോ.... പിത്തവും അനുബന്ധിച്ചു എന്ന് അനുമാനിക്കുന്നു. അങ്ങനെ ലക്ഷണങ്ങളെ മനസിലാക്കിയാണ് . ഉള്ളിലെ ദോഷങ്ങളെ അനുമാനിക്കുന്നത്.
നമ്മള്‍ പറഞ്ഞു വന്നത് ഭൂതങ്ങളെ ക്കുറിച്ചാണ്. ഭൂതങ്ങളെയും ഇങ്ങനെ അനുമാനിക്കാം ഗുണവും കര്‍മവും മനസിലാക്കിയാണ്  അനുമാനിക്കുന്നത്. അതായത് ഒരു വസ്തു ചലിക്കുന്നത് കാണുമ്പോള്‍ നമുക്ക് അതില്‍ വായു മഹാഭൂതമുണ്ട് എന്ന് മനസിലാക്കാം.യന്ത്രങ്ങള്‍ ചലിക്കുന്നതും, ജീവികള്‍ ചലിക്കുന്നതും, ശരീരത്തിലെ പേശികള്‍ ചലിക്കുന്നതും, ആകാശ ഗോളങ്ങള്‍ ചലിക്കുന്നതും വായു മഹാഭൂതം കാരണമാണ്.  ഈ ചലനഗുണം കാരണം വായു അഗ്നിയും ജലത്തെയും എപ്പോഴും സഹായിച്ചുകൊണ്ടിരിക്കുന്നു. ഈ ലോകത്തെ ചലനാത്മകമാക്കുന്നു.
ജലം.
വാച്യാര്‍ദ്ധത്തില്‍വെള്ളം. ജലത്തെ വേണമെങ്കില്‍ പഞ്ച മഹാഭൂതങ്ങള്‍ക്കിടയിലെ സിമന്റ് എന്ന് വിളിക്കാം. ഭൂമി ഭൂതത്തിന്റെ കണങ്ങളെ ഒന്നിച്ചു നിര്‍ത്തുന്നത്. ജലമാണ്. ഈ ജലത്തിന് ശീതം  (തണുപ്പ്) എന്നാ ഗുണം കൂടി ഉണ്ട്.
 ഭൂമി
കണ്ണുകൊണ്ട് കാണാനും,തൊടാനും,പറ്റുന്ന ഏതു വസ്തുവിന്റെയും അടിസ്ഥാന ഘടകമാണ് ഭൂമി. ഭൂമി കണങ്ങളായി കാണപ്പെടുന്നു.ആറ്റവുമായോ തന്മാത്രയുമായോ താരതമ്യ പ്പെടുത്താതെ കണം എന്നോ വളരെ ചെറിയ, തമ്മില്‍ കൂടിചേരുമ്പോള്‍ ആകൃതിയുള്ള, ഭാരമുള്ള, കട്ടിയുള്ള, ഒരു വസ്തുവിനെ സൃഷ്ടിക്കാന്‍ കഴിവുള്ള ഒന്ന് എന്നോ മനസിലാക്കാം. ഈ കണങ്ങളുടെ സംയോജന ഫലമായി മുകളില്‍ പറഞ്ഞ ഗുണങ്ങളുള്ള ഒരു വസ്തു ഉണ്ടാകുന്നു. അതെങ്ങനെ ഉണ്ടാകുന്നു എന്ന് ചിന്തിക്കുന്നത് രസകരമായിരിക്കും. ശൂന്യതയില്‍ ചിതറിക്കിടക്കുന്ന കുറച്ച് ഭൂമി ഭൂതത്തിന്റെ കണങ്ങളെ സന്കല്പിക്കൂ. അവിടേക്ക് നമ്മള്‍ വായു ഭൂതത്തേയും ജല ഭൂതത്തേയും കൊണ്ടുവരുന്നു. എന്ത് സംഭവിക്കും .വായു ആ കണങ്ങളെ ചലിപ്പിച്ച് അടുത്തേക്ക് കൊണ്ടുവരും. ജലം പരസ്പരം ഒരുമിപ്പിക്കും. അവ കൂടിച്ചേര്‍ന്നു ഒരു വസ്തു രൂപം കൊള്ളും. ഇനി ആ വസ്തുവുന്റെ ആകൃതി, നിറം, ഗുണം, കര്‍മ്മം, എന്നിവ അവയിലെ മഹാഭൂതങ്ങളുടെ അളവ് അനുസരിച്ചിരിക്കും.
ആകാശം
ആകാശം എന്നാല്‍ ശൂന്യതയാണ്. അവിടെ മറ്റു മഹാഭൂതങ്ങള്‍ ഇല്ല. വസ്തുക്കളിലെ കണങ്ങള്‍ക്കിടയിലെ ശൂന്യതയും കണക്കാക്കാം.
അഗ്നി 
തീ എന്ന് വാച്യാര്‍ദ്ധം. അഗ്നി പരസ്പരം വിഘടിപ്പിക്കുന്നതും തുളച്ചു കയറുന്നതും, ആയ ഒന്നാണ്. ജലത്തെ ഇല്ലാതെയാക്കി അഗ്നി ദ്രവ്യത്തിലെ മറ്റു ഭൂതങ്ങളെ പരസ്പരം വിഘടിപ്പിക്കുന്നു.. അതിനാല്‍ അഗ്നിഭൂതം ദ്രവ്യത്തിന്റെ നാശത്തിനു കാരണമാകുന്നു. നമുക്ക് പഴയ ഉദാഹരണത്തിലേക്ക് വീണ്ടും  പോകാം. ഭൂമിയും ജലവും വായുവും ഒന്നിച്ച് പ്രവര്‍ത്തിച്ച് ഉണ്ടായ ആ ദ്രവ്യം അഗ്നി സമ്പര്‍ക്കത്താല്‍  നശിച്ചു പോകുന്നു. അഗ്നി ജലത്തെ നിഷ്ക്രിയമാകുന്നു.പരസ്പര ബന്ധനത്തെ ഇല്ലാതെയാക്കുന്നു.  വായു അഗ്നിയോടൊപ്പം പ്രവര്‍ത്തിച്ച് കണങ്ങളെ വിഘടിപ്പിച്ചു മാറ്റുന്നു. അപ്പോള്‍ അവിടെ ആകാശ ഭൂതം ഉണ്ടാകുന്നു. അഗ്നി ഭൂതം അധികമായ ദ്രവ്യങ്ങളും മറ്റു വസ്തുക്കളെ നശിപ്പിക്കുന്നു. ആസിഡുകള്‍, ആല്‍ക്കലികള്‍, തീയ്, വൈദ്യുതി തുടങ്ങിയവ ഉദാഹരണം.  
 ( തുടരും... )  
(കടപ്പാട് ഗുരുതുല്യനായ രവിശങ്കര്‍ പെര്‍വാജെ സര്‍നോട്).

6 comments:

 1. ഈ പോസ്റ്റില്‍കൂടി ഈ വിഷയത്തെ പറ്റി കൂടുതല്‍ മനസിലാകണം എന്നും പ്രതിക്ഷിക്കുന്നു.

  ReplyDelete
 2. ദ്രവ്യത്തിനെ നിര്‍വചിച്ചത്‌ പോരാ എന്നഭിപ്രായം ഉണ്ട്‌-

  ആചാര്യന്‍ അത്‌ വളരെ ബുദ്ധിപൂര്‍വം,ആണ്‌ ശ്ലോകത്തില്‍ കൊടുത്തത്‌.
  ദ്രവ്യം, അനുനിമിഷപരിണാമി ആണ്‌ - ഈ പോസ്റ്റ്‌ നോക്കുക.

  സമയത്തിന്റെ ഏറ്റവും ചെറിയ മാത്രയും നിര്‍ണ്ണയിക്കാന്‍ സാധ്യം അല്ല, അപ്പോള്‍
  ആ അനുനിമിഷപരിണാമപ്രകാരം യാതൊന്നിനെയും നിര്‍വച്ചിക്കാന്‍ സാധ്യമല്ല എന്നു വരും

  ആ സ്ഥിതി ഒഴിവാക്കുവാനാണ്‌
  "യത്രാശ്രിതാഃ കര്‍മ്മഗുണാഃ" എന്നതിനു ബാക്കിയായി "കാരണം സമവായി യത്‌" എന്ന ഒരു ഉപാധി കൂടി ചേര്‍ത്തത്‌

  അതായത്‌ അത്‌ സമവായി കാരണം മാത്രം ആണ്‌ എന്നും കൂടി പറയുന്നു.

  ബ്രഹ്മത്തെ കുറിച്ചു പറയുമ്പോള്‍ അത്‌ ഒരേസമയം അണുവാണ്‌, വിഭുവും ആണ്‌, നിര്‍ഗ്ഗുണനാണ്‌ എന്നാല്‍ എല്ല ഗുണങ്ങളും ഉള്ളതാണ്‌ എന്നൊക്കെ പറയുന്നത്‌ പോലെ (ഇപ്പോള്‍ മറ്റൊരിടത്ത്‌ ഈ നിര്‍ഗ്ഗുണ പ്രശ്നം വായിച്ചു വന്നതെ ഉള്ളു അവിടെ പറഞ്ഞിട്ടു കാര്യം ഇല്ലാത്തതു കൊണ്ട്‌ പറയുന്നില്ല )

  ഒരേ സമയം കാര്യം ആണെന്നും കാരണം ആണെന്നും പറയുന്ന യുക്തി അല്‍പം ഗഹനമായ ചിന്ത അര്‍ഹിക്കുന്നു.

  തുടരുക വായിക്കുന്നുണ്ട്‌

  http://indiaheritage.blogspot.com/2007/12/basic-principles-of-ayurveda.html
  പഞ്ചഭൂതങ്ങളെ കുറിച്ച്‌ എന്റെ അഭിപ്രായം കുറച്ചു വ്യത്യസ്ഥമാണ്‌

  ജലം "യോനി" ആണെന്നാണു പറയുന്നത്‌. ഉല്‍ഭവസ്ഥാനം - അഥവാ യാതൊന്നില്‍ നിന്നും ഉണ്ടാകുന്നുവോ അത്‌ - സമവായികാരണം തന്നെ, അതില്‍ നിന്നും അന്യമായി ഒന്നും ഇല്ല.

  സമയ്ക്കുറവുണ്ട്‌ പിന്നീട്‌ ബാക്കി കുറിയ്ക്കാം

  ReplyDelete
 3. ഗുണവും കര്‍മ്മവും സവായി കാരണത്തോടെ വര്‍ത്തിക്കുന്നത് എന്തോ ഒന്ന് അതാണ്‌ ദ്രവ്യം എന്നാണു ഞാന്‍ മനസിലാക്കിയത്. സമവായി എന്ന് പറഞ്ഞാല്‍ പിരിക്കാന്‍ പറ്റാത്ത ബന്ധനം. ദ്രവ്യത്തില്‍ നിന്നും ഗുണത്തെയും കര്മ്മതെയും വേര്‍പെടുത്താന്‍ സാധ്യമല്ല. എന്ന്വച്ചാല്‍ ആയുര്‍വേദ പ്രകാരം ഗുണവും കര്‍മവും ഉള്ളതെല്ലാം ദ്രവ്യമാണ്‌.കാണാന്‍ പറ്റുന്നതും അല്ലാത്തതും ആയ എന്തും.... എന്തെങ്കിലും കര്‍മ്മം അതിനു ചെയ്യാന്‍ പറ്റുമോ എന്ന് മാത്രം നോക്കിയാല്‍ മതി.. എന്റെ മനസിലാക്കലില്‍ തെറ്റുണ്ടോ എന്ന് അറിയില്ല സര്‍.. ഈ വിഷയത്തില്‍ ഒരുപാട് ആഴത്തില്‍ ഞാന്‍ വായിച്ചിട്ടില്ല..

  ReplyDelete
 4. പ്രിയ ജിഷ്ണു,

  തെറ്റും ശരിയും എല്ലാം ആപേക്ഷികമല്ലെ?

  അതാതിനു വേണ്ട ആംഗിളില്‍ കൂടി നോക്കിയാല്‍ എല്ലാം ശരി , അല്ലെങ്കില്‍ എല്ലാം തെറ്റ്‌ - അല്ലേ?

  ഞാന്‍ ആചാര്യന്റെ ആശ്ലോകത്തിന്റെ ഭംഗി ആലോചിച്ചു പോയതായിരുന്നു.

  ഒരേ ശ്വാസത്തില്‍ തന്നെ നിര്‍വചനവും നിരാകരണവും ഒരുമിച്ചു നടത്തുന്ന ആ പ്രതിഭ.

  ജിഷ്ണു പറഞ്ഞത്‌ തെറ്റാണെന്നല്ല ഞാന്‍ പറഞ്ഞത്‌

  ഗുണവും കര്‍മ്മവും ദ്രവ്യത്തിന്റെ സമവായി കാരണം ആണ്‌ എന്നാണൊ അതിനര്‍ത്ഥം ?

  എന്തിന്റെ സമവായി കാരണമായി ഗുണവും കര്‍മ്മവും വര്‍ത്തിക്കുന്നു ? എവിടെ വര്‍ത്തിക്കുന്നു ?

  ഇതു കൂടി ഒന്നു വ്യകതമാക്കാമൊ?

  ReplyDelete
 5. കര്മ്മതിന്റെയും ഗുണത്തിന്റെയും സമവായി കാരണം ആണ് ദ്രവ്യം. എന്തുകൊണ്ടെന്നാല്‍ ദ്രവ്യമില്ലാതെ കര്മ്മമില്ല, ഗുണമില്ല. ആധാരം- ദ്രവ്യം. ആധേയം- ഗുണവും കര്‍മ്മവും.
  ഞാന്‍ ഇതിന്റെ പ്രായോഗിക വശം കാണാന്‍ ശ്രമിക്കുന്നു. ഉഷ്ണം ഒരു ഗുണമാണ്. പചനം ഒരു കര്‍മ്മവും. ശരീരത്തില്‍ ഈ ഗുണവും കര്‍മ്മവും കാണുമ്പോള്‍ നമ്മള്‍ അഗ്നിയെ അനുമാനിക്കുന്നു. അല്ലാതെ നേരിട്ട് നാം കാണുന്നില്ല. നേരിട്ട് കണ്ടില്ലെങ്കിലും ശരീരത്തില്‍ അഗ്നിയുണ്ട് എന്ന് അതിന്റെ കര്‍മ്മ ഗുണങ്ങളിലൂടെ മനസിലാക്കുന്നു.
  അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് കര്‍മ്മവും ഗുണവും എന്തിനൊക്കെ ഉണ്ടോ അതൊക്കെ ദ്രവ്യമാണ്‌.

  ReplyDelete
 6. പ്രിയ ജിഷ്ണു,

  വിശദീകരണത്തിനു നന്ദി

  "ഗുണവും കര്‍മ്മവും സമവായികാരണത്തോടെ വര്‍ത്തിക്കുന്നത്‌-" എന്നു വായിച്ചപ്പോള്‍ ഒന്നും പിടി കിട്ടിയില്ല :) അതുകൊണ്ടായിരുന്നു ഞാന്‍ വിശദീകരിക്കാന്‍ പറഞ്ഞത്‌

  ReplyDelete

Copy right protected. Copy pasting disabled