11.25.2023

ആയുര്‍വേദവും ശാസ്ത്രീയതയും.

ശിഥില ചിന്തകള്‍: ആയുര്‍വേദവും ശാസ്ത്രീയതയും. 

ചോദനയില്‍ നിന്നുണ്ടാകുന്നതാണത്രേ ചോദ്യം. അറിയാനുള്ള ചോദനയാണത്. ഈ ചോദനയില്‍ നിന്നാണ് ലോകം ഇക്കണ്ട കോലത്തിലെത്തിയത്. ചോദ്യങ്ങളും ഉത്തരങ്ങളുമായി ശാസ്ത്രം പുരോഗമിക്കുന്നു. അതില്‍നിന്നുള്ള ഗുണഫലങ്ങള്‍ നാമനുഭവിച്ചുകൊണ്ടുമിരിക്കുന്നു. അതിനിടയില്‍ ആയുര്‍വേദം ഒരു ചോദ്യചിഹ്നമായി നില്‍കുകയാണ്. അതി പുരാതനകാലത്ത് ഉണ്ടായി വന്ന ഒരു വിജ്ഞാന ശാഖ ഇപ്പോഴും അക്കാദമികമായി പഠിപ്പിക്കുന്നുണ്ടെങ്കില്‍ അത് ആയുര്‍വേദമാണ്. അതോടൊപ്പവും അതിനുശേഷവും ഉണ്ടായിരുന്ന പല വിജ്ഞാന ശാഖകളേയും ശാസ്ത്രം ചവറ്റുകൊട്ടയിലെറിഞ്ഞു. ജ്യോതിഷവും വാസ്തുശാസ്ത്രവുമൊക്കെ ഉദാഹരണങ്ങള്‍. എന്നാല്‍ ഇന്ന് നാം ആ ചോദ്യം നേരിടുകയാണ്. ആയുര്‍വേദം ഒരു ശാസ്ത്രമാണോ ? അടുത്തകാലത്ത് കേരളക്കര ചര്‍ച്ചചെയ്ത വിവാദ വിഷയമാണിത്. പുറത്തുനിന്ന് വന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കുന്നതിന് മുന്‍പ് നാം തന്നെ ഇതൊക്കെ ചര്‍ച്ചചെയ്ത് ഉറപ്പിക്കേണ്ടതുണ്ട്. ആയുര്‍വേദക്കാര്‍ പൊതുവെ ചോദ്യം ചോദിക്കുന്നതില്‍ വിമുഖത കാണിക്കുന്നുണ്ട്. അതിന് കാരണം നാം ശാസ്ത്രം എന്ന് കരുതി പഠിക്കുന്ന ചില വിശ്വാസങ്ങളാണ്. അതിലൊന്നാണ് ആചാര്യന്‍ ആപ്തനാണ്, ആപ്തനെ ചോദ്യം ചെയ്യാന്‍ പാടില്ല എന്നുള്ളത്. സ്കൂള്‍ തലത്തില്‍ ശാസ്ത്രം പഠിച്ച് ശാസ്ത്രീയ ചിന്തയുമായി വരുന്ന വിദ്യാര്‍ത്ഥിയെ മനപ്പാഠത്തൊഴിലാളിയാക്കി മാറ്റുന്നതില്‍ ഈ വിശ്വാസം കുറച്ചൊന്നുമല്ല പങ്കുവഹിക്കുന്നത്. ആദ്യ വര്‍ഷത്തില്‍ തന്നെ ചോദ്യം ചോദിക്കാനുള്ള പ്രവണതയെ നാം തല്ലിക്കെടുത്തുന്നു. അങ്ങനെ ആയുര്‍വേദം കാണാപ്പാഠം പഠിക്കേണ്ടുന്ന ഒന്നായി മാറുകയാണ്. 

ഒരു ചോദ്യം; ആയുര്‍വേദത്തിലെ കോഴിയും മുട്ടയും
നാം ചെറുപ്പം മുതലേ കേള്‍ക്കുന്ന ഒരു ചോദ്യമുണ്ട്, സാങ്കല്‍പ്പിക മെങ്കിലും രസകരമായ ഒന്നാണത്. കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്നാണത്. ജീവശാസ്ത്ര പരമായി നോക്കുമ്പോള്‍ ഒരു മണ്ടന്‍ ചോദ്യമാണെങ്കിലും ഒരു വിദ്യാര്‍ത്ഥിയുടെ ചിന്താശേഷിയെ ചെറ്റൊന്നുണര്‍ത്താന്‍ ആ ചോദ്യത്തിന് കഴിയുന്നുണ്ട്. അത്തരമൊന്ന് ആയുര്‍വേദത്തിലുണ്ടോ? ആദ്യമുണ്ടായത് എന്നാണ് എന്നു തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത ഉത്തരമുള്ള ഒരു ചോദ്യം. അത്തരമൊന്നുണ്ട്. ’സിദ്ധാന്തമാണോ പ്രയോഗമാണോ ആദ്യമുണ്ടായത്?’ എന്ന ചോദ്യമാണത്. ഒറ്റ നോട്ടത്തില്‍ ഇതൊരു അപ്രധാനമായ ചോദ്യമാണെന്ന് തോന്നുമെങ്കിലും പല ഉത്തരങ്ങളിലേക്കും നമ്മെ നയിക്കാന്‍ കെല്‍പ്പുള്ള ചോദ്യമാണത്. ഈ ചോദ്യത്തിന് ഉത്തരം കിട്ടിയാല്‍ ആയുര്‍വേദം ശാസ്ത്രമാണോ? മതശാസനമാണോ? ആയുര്‍വേദത്തില്‍ ഗവേഷണങ്ങള്‍ വേണമോ എന്നിങ്ങനെ പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടും എന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ തന്നെ ചോദിക്കട്ടേ.. ആയുര്‍വേദത്തില്‍ സിദ്ധാന്തമാണോ പ്രയോഗമാണോ ആദ്യമുണ്ടായത്? 

ആയുര്‍വേദ സിദ്ധാന്തങ്ങളായ- ത്രിദോഷങ്ങള്‍, ധാതുക്കള്‍, ആമം, അഗ്നി എന്നൊക്കെ നാം പഠിക്കുന്ന സിദ്ധാന്തങ്ങള്‍ ഉണ്ടായശേഷം അതിന് അനുസരിച്ച് മരുന്നുകള്‍ ചേരും പടി കണ്ടെത്തിയതാണോ, അതോ ഒരു ദ്രവ്യം മരുന്നാണെന്ന് കണ്ടെത്തിയ ശേഷം അത് ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് വിശദീകരിക്കാന്‍ സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തിയതാണോ എന്നതാണ് ചോദ്യം. ആദ്യം പറഞ്ഞ പ്രകാരമാണെങ്കില്‍ ആമം എന്നൊന്ന് ശരീരത്തില്‍ ഉണ്ട്, അത് രോഗകാരമാണ് എന്ന് കണ്ടെത്തിയ ശേഷം അതിനെ പചിപ്പിക്കാന്‍ പറ്റിയ മരുന്നുകള്‍ അന്വേഷിച്ചു, അങ്ങനെ മുത്തങ്ങമുതല്‍ ചുക്കുവരെയുള്ള ഔഷധങ്ങള്‍ കണ്ടെത്തി. എന്നാല്‍ രണ്ടാമത് പറഞ്ഞപ്രകാരമണെങ്കിലോ അനേകം പ്രകാരത്തില്‍ സമൂഹത്തില്‍ നിലനിന്ന ഔഷധ പ്രയോഗങ്ങളെ നിരീക്ഷിച്ചു, അതിന്‍ പ്രകാരം ഇതെല്ലാം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ചിന്തിച്ചതിന്‍റെ ഫലമായി അനേകം സിദ്ധാന്തങ്ങള്‍ രൂപപ്പെട്ടുവന്നു. പരീക്ഷിച്ച് ഫലവത്താണ് എന്ന് ഉറപ്പിച്ച ശേഷം അത് സംഹിതകളില്‍ ക്രോഡീകരിക്കപ്പെട്ടു. .എന്തായാലും ഇന്ന് നാം പഠിക്കുന്ന ആയുര്‍വേദത്തില്‍ ഇത് രണ്ടുമുണ്ട്. പരസ്പര പൂരകങ്ങളായി അവ പ്രവര്‍ത്തിക്കുന്നു. നാം അവയെ അനുസരിച്ച് മരുന്നുകള്‍ കൊടുക്കുന്നു,പലതും ഫലിക്കുന്നു. എങ്കിലും മേല്‍ ചോദിച്ച ചോദ്യത്തിന് ഉത്തരമാകുന്നില്ല.

അല്‍പം ചരിത്രം
ആയുര്‍വേദത്തിന്‍റെ ചരിത്രം നമുക്കൊന്ന് നോക്കാം. നാം പഠിക്കാത്ത ഒന്നാണിത്. (ആയുര്‍വേദത്തിന്‍റെ ചരിത്രം എന്ന പേരില്‍ നാം പഠിക്കുന്നത് പുരാണകഥകളും, മിത്തുകളുമാണ്. എന്നാല്‍ കെട്ടുകഥകള്‍ ചരിത്രമല്ല). ചരിത്രം തെളിവുകളെ അടിസ്ഥാനപ്പെടുത്തി കണ്ടെത്തിയെടുക്കുന്ന പൂര്‍വകാല യാധാര്‍ത്ഥ്യങ്ങളാണ്. ആയുര്‍വേദ ചരിത്രം പഠിക്കാന്‍ ആയുര്‍വേദ സംഹിതകളേയും ചതുര്‍വേദങ്ങളേയും ചരിത്രപരമായി പഠിക്കുകയാണ് വേണ്ടത്. ആയുര്‍വേദ ഗ്രന്ധങ്ങള്‍ പറയുന്നത് ആയുര്‍വേദം ബ്രഹ്മാവ് സ്മരിക്കുകയായിരുന്നു എന്നാണ്. അത് തുടക്കം മുതലേ അനേകായിരം ശ്ലോകങ്ങളുള്ള ഒറ്റ സംഹിതയായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. പിന്നീട് പഠിക്കാനുള്ള സൗകര്യാര്‍ത്ഥം ചുരുക്കിയെഴുതപ്പെടുകയായിരുന്നത്രേ. എന്തായാലും ആയുര്‍വേദ സംഹിതകളിലേ അവതാര കഥകളിലൂടെ കണ്ണ് ഓടിച്ചാല്‍ അത് ദൈവദത്തമാണെന്നും സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് വന്നെത്തിയതാണെന്നും ഉള്ള പരാമര്‍ശ്ശങ്ങള്‍ കാണാം. ഇത്തരം പരാമര്‍ശ്ശങ്ങള്‍ മനസിലാക്കി തരുന്നത് സിദ്ധാന്തവും പ്രയോഗവും ഒരുമിച്ചുണ്ടാക്കിയതാണെന്നും അതിന്‍റ സ്രഷ്ടാവ് ദൈവമാണെന്നുമാണ്. എന്നാല്‍ യുക്തിയുക്തമായി ചിന്തിക്കുമ്പോള്‍ ഇത് തെറ്റാണെന്ന് മനസിലാക്കാം.

 സംഹിതകള്‍ വായിക്കുമ്പോള്‍ അവയില്‍ കാണുന്ന ചര്‍ച്ചകള്‍ നാം ശ്രദ്ധിച്ചിരുക്കും. ചരകത്തിലെ വാതകലാകലീയത്തിലും മറ്റും ചിത്രീകരിച്ചിരിക്കുന്ന ചര്‍ച്ചകള്‍ ആയുര്‍വേദത്തിന്‍റെ വികാസ പരിണാമങ്ങളിലേയ്ക്ക് വെളിച്ചം വീശുന്നതാണ്. ഒരു പ്രത്യേകത ഇതില്‍ നാം കാണേണ്ടത് ആ ചര്‍ച്ചകളെല്ലം സൈദ്ധാന്തികമാണ് എന്നുള്ളതാണ്. സൂത്രസ്ഥാനത്തിലെ സിദ്ധാന്തങ്ങള്‍ വിവരിക്കുന്ന ഭാഗങ്ങളിലാണ് ചര്‍ച്ചകള്‍ കടന്നുവരുന്നത്. അതുകൊണ്ട് തന്നെ സിദ്ധാന്ത ചര്‍ച്ചകള്‍ പണ്ട് നടന്നിരുന്നു എന്ന് അനുമാനിക്കാം. അത്തരം ധാരാളം ചര്‍ച്ചകളിലൂടെ തീര്‍പ്പുകല്‍പ്പിക്കപ്പെട്ട സിദ്ധാന്തങ്ങളാണ് ഇന്ന് സംഹിതകളിലുള്ളത്. അത് കൊണ്ട് തന്നെ ആയുര്‍വേദം ദൈവദത്തമാണെന്നും സ്വര്‍ഗ്ഗീയമാണെന്നും ഉള്ള വിശ്വാസങ്ങള്‍ പൊള്ളയാണെന്ന് മനസിലാക്കാം. മറ്റൊന്ന്, സിദ്ധാന്തങ്ങള്‍ ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞതാണെന്നും പ്രയോഗം വരുന്നതിന് മുന്‍പ് സിദ്ധാന്ത ചട്ടക്കൂട് ഇല്ലായിരുന്നു എന്നും അനുമാനിക്കാം.  

പ്രയോഗമാണ് ചേട്ടന്‍ 
ആയുര്‍വേദത്തിന്‍റെ തുടക്കം വേദത്തിലാണത്രേ. ഋഗ്വേദവും അഥര്‍വ വേദവുമൊക്കെ അയുര്‍വേദത്തിന്‍റെ മാതൃത്വത്തെ പേറുന്നുണ്ട്. അതിനാല്‍ തന്നെ വേദങ്ങള്‍ ആയുര്‍വേദത്തിന്‍റെ ഏറ്റവും പഴക്കം ചെന്ന റെഫറന്‍സുകളായി കണക്കാക്കാം. വേദങ്ങളില്‍ ആയുര്‍വേദ സിദ്ധാന്തങ്ങളൊന്നും പരാമര്‍ശ്ശിക്കപ്പെടുന്നുപോലും ഇല്ല എന്നതാണ് ഏറ്റവും കൗതുകകരമായ യധാര്‍ത്ഥ്യം. അഞ്ചുകൊല്ലം നാം പഠിക്കുന്ന വാതവും, പിത്തവും, അഗ്നി, ആമാദികളൊന്നും തന്നെ വേദത്തിലില്ല. എന്നാല്‍ പ്രയോഗങ്ങളുണ്ട് താനും. ഏതാനും മരുന്നുകളും, അവയുടെ വിചിത്രവും, കൗതുക കരവും, യുക്ത്യധിഷ്ഠിതമല്ലാത്തതുമായ (empirical) പ്രയോഗങ്ങളുമാണ് വേദത്തിലുള്ളത്. ഒരെണ്ണം എടുത്തു പറയാം. മഞ്ഞളിന്‍റെ ഔഷധ സസ്യത്തിന്‍റെ ഗുണങ്ങള്‍ അഥര്‍വ വേദത്തില്‍ പറയുന്നത് ഇപ്രകാരമാണ്. "ഹരിദ്ര എന്നു പേരുള്ള ഹേ ഔഷധീ, നീ രാത്രിയില്‍ ഉണ്ടായിരിക്കുന്നു. കുഷ്ഠ രോഗത്താല്‍ വികൃതാംഗനായി ഭവിച്ച ഇവന്‍റെ അവയവങ്ങളെ നിങ്ങള്‍ നിറത്താല്‍ ശുദ്ധമാക്കൂ... ഹേ ഔഷധീ നീ അധികം ശ്രേഷ്ടയാകുന്നു. ഈ രോഗിയില്‍ പണ്ടുണ്ടായിരുന്ന പോലെ ശോണിമ പ്രവേശിക്കുന്നതിന് ശ്വേതകുഷ്ടത്തെ ഈ ശരീരത്തില്‍ നിന്നും മാറ്റിക്കളയൂ.. ഈ ശരീരത്തില്‍ വീണ്ടും ശ്വേതവര്‍ണ്ണം പടരാതിരിക്കുന്നതിന് നീ അവയെ ദൂരേയ്ക്ക് മാറ്റിക്കളയൂ.. " (അവലംബം- അഥര്‍വവേദം മലയാളം വി ബാലകൃഷ്ണന്‍ , ആര്‍ ലീലാദേവി). ഈ പറഞ്ഞ ശ്ലോകത്തില്‍ മഞ്ഞള്‍ എന്ന ചെടി അതിന്‍റെ നിറത്തിന്‍റെ പ്രത്യേകത കൊണ്ട് കുഷ്ഠരോഗത്തെ മാറ്റി സ്വാഭാവിക വര്‍ണ്ണം പ്രദാനം ചെയ്യുന്നു എന്ന് മനസിലാക്കാം. ഹരിദ്രയുടെ ദോഷഘ്നതയെ കുറിച്ചോ രസപഞ്ചകങ്ങളെ കുറിച്ചോ ഉള്ള പരാമര്‍ശ്ശം ഇതിലില്ല. 

എന്നാല്‍ ആയുര്‍വേദ ഗ്രന്ധങ്ങളില്‍ മഞ്ഞളിന്‍റെ ഗുണങ്ങള്‍ പറയുന്നത് ശ്രദ്ധിക്കൂ. "കടുതിക്തേ നിശേ കുഷ്ഠേ മേഹ പിത്ത കഫാപഹേ" എന്നാണ്. ഇവിടെ രസഗുണവീര്യ വിപാകാദി കള്‍, ദോഷഘ്നത എന്നിവ പരിഗണിച്ചാണ് വര്‍ണ്ണിച്ചിരിക്കുന്നത്. വേദങ്ങളിലെ പരാമര്‍ശമായ ’കുഷ്ഠരോഗത്തെ നശിപ്പിക്കുന്നതാണ്’ എന്നതിനെ ഒഴിവാക്കിയിട്ടുമില്ല. വേദത്തില്‍ പറഞ്ഞ പ്രകാരമുള്ള അറിവിനെ സൈദ്ധാന്തിക അടിത്തറയുള്ള അറിവായി മാറ്റിയെടുത്തിരിക്കുന്നു എന്ന് നമുക്ക് ഈ ഉദാഹരണത്തില്‍ നിന്നും മനസിലാക്കാം. ഇതുപോലെ അനേകം പ്രയോഗങ്ങളില്‍ നിന്ന് കാര്യകാരണങ്ങളെ വിശകലനം ചെയ്ത് ഉണ്ടായി വന്നതാണ് ആയുര്‍വേദ സിദ്ധാന്തം. "പരീക്ഷകൈഃ ബഹുവിധം പരീക്ഷ്യ ഹേതുഭീ സാധയിത്വാ..." എന്ന ശ്ലോകപ്രകാരം അനേകം തവണ പരീക്ഷിച്ച് കാര്യകാരണ ബന്ധം കണ്ടെത്തി തീര്‍ച്ചപ്പെടുത്തിയതാണ് ആയുര്‍വദ സിദ്ധാന്തം. അതിനാലാണ് അതിനെ അടിസ്ഥാനപ്പെടുത്തി ചികിത്സ നിശ്ചയിക്കാനും അത്തരം ചികിത്സകള്‍ പ്രായോഗിക തലത്തില്‍ വിജയിക്കാനും കാരണം.  

വേദങ്ങള്‍ എഴുതപ്പെട്ടത് ബിസി 1500 ആണ്. സംഹിതാകാലം 2 to 6 century ആണെന്നും നമുക്കറിയാം. വേദങ്ങളില്‍ നിന്നും സംഹിതകളിലേക്കുള്ള ദൂരം 1600 വര്‍ഷമാണ്. ഈ കാലഘട്ടം ഭാരതത്തിലെ വിജ്ഞാന ശാഖകളുടെ സുവര്‍ണ്ണകാലഘട്ടമാണ്. നളന്തയും തക്ഷശിലയും നിലനിന്ന കാലഘട്ടം. ഈ കാലഘട്ടത്തിലാണ് ആയുര്‍വേദം ഒരു ശാസ്ത്രശാഖയായി രൂപപ്പെട്ടത്. വേദങ്ങളിലെ യുക്തിരഹിത (emprircal) പ്രയോഗങ്ങളില്‍ നിന്നും യുക്തി അധിഷ്ടിതവും (logical) കാരണാധിഷ്ടിതവുമായ (reasoning) ചികിത്സയിലേക്ക് ആയുര്‍വേദം മാറ്റപ്പെട്ടു. അന്നത്തെ ആയുര്‍വേദത്തിന് സമകാലിക ശാസ്ത്ര ശാഖകളുമായി ബന്ധമുണ്ടായിരുന്നു. വൈശേഷിക, സാംഖ്യ ദര്‍ശനങ്ങളുമായി കൊടുക്കല്‍ വാങ്ങലുകളുണ്ടായിരുന്നു. 1600 വര്‍ഷങ്ങള്‍ക്കിടയ്ക്ക് ശാസ്ത്രത്തില്‍ പൊതുവേയുണ്ടായ വികാസം ആയുര്‍വേദത്തെ ഒരുപാട് ദൂരം മുന്നേറാന്‍ സഹായിച്ചു. സിദ്ധാന്തങ്ങള്‍ രൂപപ്പെട്ടു. അവയെ പലവിധം പരീക്ഷിച്ച്, തള്ളേണ്ടതിനെ തള്ളിയും കൊള്ളേണ്ടതിനെ കൊണ്ടും പ്രയോഗയുക്തമാക്കി മാറ്റി. അപ്രകാരം ഇന്ന് നാം സംഹിതകളില്‍ കാണുന്ന ആയുര്‍വേദം രൂപപ്പെട്ടു എന്ന് കരുതാം. 

ഇനി നമ്മുടെ ഊഴം

ആചാര്യന്‍ പറഞ്ഞ കാര്യങ്ങള്‍ അതേപടി പഠിച്ച് അത് പിന്തുടര്‍ന്നോ പിന്തുടരാതെയോ ചികിത്സ ചെയ്യുക എന്നതാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ ഇന്ന് ചെയ്യുന്നത്. ആയുര്‍വേദ സിദ്ധാന്ത പ്രകാരം രോഗത്തിന്‍റെ ദോഷം, ദൂഷ്യം, മുതലായവ കണ്ടുപിടിച്ച് അതിന് യുക്തമായ മരുന്ന് നിര്‍ദ്ദേശിക്കുന്നതാണ് ശരിയായ രീതിയായി ആയുര്‍വേദം പരിഗണിക്കുന്നത്. വെറുതെ ഇന്ന രോഗത്തിന് ഇന്ന് മരുന്ന് എന്ന രീതി ആയുര്‍വേദത്തിന് സ്വീകാര്യമല്ല തന്നെ. 'വിനാ തര്‍ക്കേണ സിദ്ധിഃ യദൃശ്ചയാ സിദ്ധി' എന്ന് ആചാര്യന്‍ പറഞ്ഞു വച്ചിട്ടുണ്ട്. അതിനാല്‍ തര്‍ക്കം അഥവാ യുക്തി ഉപയോഗിച്ചുള്ള ചിന്തയിലൂടെ അനേകം കാര്യങ്ങളെ അപഗ്രധിച്ചാണത്രേ ചികിത്സ നിശ്ചയിക്കേണ്ടത്. എന്നാല്‍ ഇന്നത്തെ കാലത്ത്, ഒരു വൈദ്യന്‍റെ യുക്തി ദോഷാദികളില്‍ മാത്രം ഒതുങ്ങി നില്‍ക്കണോ എന്നതാണ് നാം ചിന്തിക്കേണ്ടത്. തൃദോഷ സിദ്ധാന്തം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയ ബൃഹത്രയികളുടെ കാലപ്പഴക്കം നോക്കുമ്പോള്‍ കുറഞ്ഞത് രണ്ടായിരം വര്‍ഷമെങ്കിലും പഴക്കമുള്ള ഒരു സിദ്ധാന്തമാണ് അത്. പഞ്ചമഹാഭൂതങ്ങള്‍ എന്ന ടൂളുപയോഗിച്ച് പ്രായോഗികതയുടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയെടുക്കപ്പെട്ട തൃദോഷാദി സിദ്ധാന്തങ്ങള്‍ ആധുനിക ശാസ്ത്രം ബാല്യാവസ്ഥയില്‍ ഉണ്ടായിരുന്ന കാലത്ത് രൂപപ്പെട്ടവയാണ്. അത് ഇന്നും പ്രയോഗികമാണെങ്കിലും സമ്പൂര്‍ണ്ണമായ ഒന്നല്ല. കാരണം പഞ്ചേന്ദ്രിയങ്ങള്‍ മാത്രം കൊണ്ട് അറിവ് സമ്പാദിച്ചിരുന്ന ഒരു കാലഘട്ടത്തിന്‍റെ സംഭാവനയാണ് തൃദോഷ സിദ്ധാന്തം. ’പ്രത്യക്ഷം ഹി അല്‍പം അനല്‍പം അപ്രത്യക്ഷം’ എന്ന പരാമര്‍ശം പഞ്ചേന്ദ്രിയങ്ങളുടെ പരിമിതി വെളിവാക്കുന്നു. 

ഇന്ന് ശാസ്ത്രം പുരോഗമിച്ച് അതി നൂതന ഉപായങ്ങള്‍ കൊണ്ട് അറിവ് സമ്പാദിക്കുകയും അത് പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുമ്പോള്‍ പഴയ ടൂളുകള്‍ നമുക്ക് പോരാതെ വരുന്നുണ്ട്. ഹരിദ്രാ കുഷ്ടഘ്നം എന്ന് മാത്രം പഠിച്ചതുകൊണ്ട് അറിവ് പൂര്‍ണ്ണമാകുന്നില്ല. കാരണം മഞ്ഞളിലുള്ള കുര്‍ക്കുമിന്‍റെ ഓരോ തരം കോശങ്ങളിലും വിവിധ അവസ്ഥകളുലുമുള്ള പ്രവര്‍ത്തനത്തെ പറ്റിയാണ് ആധുനികശാസ്ത്രം പഠിക്കുന്നത്. കുഷ്ഠം എന്നത് അനേക രോഗങ്ങള്‍ അടങ്ങിയ ഒരു വലിയ രോഗ സമൂഹമാണ്. ഹരിദ്ര കുഷ്ഠഗ്നമാണ്, കഫപിത്തഹരമാണ്, രസായനമാണ് എന്നു വച്ച് ചിന്തിച്ചാല്‍ ഏകദേശം ധാരണയോടെ ചികിത്സിക്കാന്‍ സാധിക്കുമെങ്കിലും. കൃത്യമായ (specific) ചികിത്സ സാധിക്കാതെ വരുന്നു. ഗവേഷണങ്ങള്‍ മുന്നോട്ടുപോവുകയും ഹരിദ്രയുടെ, ദോഷഘ്നതയ്ക്കും രസപഞ്ചകത്തിനുമപ്പുറത്ത്, തന്മാത്രാ തലത്തിലുള്ള പ്രവര്‍ത്തനം മനസിലാക്കിയാല്‍ കൂടുതല്‍ കൃത്യമായ (specific) ചികിത്സയ്ക്ക് സഹായകമാകുകയും ചെയ്യുന്നു. ആയുര്‍വേദത്തില്‍ സാമാന്യം വിശേഷം എന്നിങ്ങനെ ചികിത്സകള്‍ ഉണ്ട്. ഏതു രോഗത്തിനും വിശേഷ ചികിത്സയാണ് ശ്രേഷ്ഠം. വിശേഷചികിത്സ സാധിക്കാതെ വരുമ്പൊഴേ സാമാന്യ ചികിത്സ ചെയ്യേണ്ടതുള്ളൂ. അതിനാല്‍ തന്നെ വിശേഷവും അതി-വിശേഷവുമായ (more specific) ചികിത്സയിലേക്ക് ആയുര്‍വേദം കടക്കേണ്ടതുണ്ട്.

ആയുര്‍വേദം ശാസ്ത്രമാണോ? 
അല്ല; എന്നാണ് പെട്ടന്നുള്ള ഉത്തരം. കാര്യകാരണ സഹിതം ഉത്തരം പറയാന്‍ പറ്റുന്നതും സമകാലിക ശാസ്ത്ര സംജ്ഞകള്‍ കൊണ്ട് വിശദീകരിക്കാനാകുന്നതുമായ ഒന്നിനെയാണ ശാസ്ത്രം എന്ന് വിളിക്കുന്നത്. അത് കാലകാലങ്ങളായി ഗവേഷണ നിരീഷണങ്ങളാല്‍ പുതുക്കപ്പെടുന്നതാണ്. അതായത് കാലത്തിനനുസരിച്ചാണ് എന്നര്‍ത്ഥം. യുഗാനുരൂപമാക്കുക എന്നാണ് ആയുര്‍വേദം ഇതിനെ വിളിക്കുന്നത്. വാഗ്ഭടന്‍ അ.സംഗ്രഹം എഴുതിയത് ആയുര്‍വേദത്തെ യുഗാനുരൂപമാക്കാനാണത്രേ. അങ്ങനെ നോക്കിയാല്‍ ആയുര്‍വേദം വാഗ്ഭടന്‍റെ കാലം വരെയേ ശാസ്ത്രീയമായി നിന്നിട്ടുള്ളൂ എന്ന് പറയാം. (അതിനു ശേഷം അത്രയും ബൃഹത്തായ ഒരു യത്നം നടന്നിട്ടില്ല. ചരക സുശ്രുത ഗ്രന്ധങ്ങളില്‍ നിന്നും വാഗ്ഭടന്‍ ഒഴിവാക്കിയ, പുതിയതായി കൂട്ടിച്ചേര്‍ത്ത, പുനര്‍നിര്‍വചിച്ച, കാര്യങ്ങളെ പറ്റി ഒരു പഠനം നടത്തുന്നത് ആയുര്‍വേദ ഗവേഷണങ്ങള്‍ക്ക് ഒരു ദിശാബോധം നല്‍കിയേക്കും.) ഇന്നത്തെ ആയുര്‍വേദം കാലത്തിനനുസരിച്ചുള്ളതല്ല അതുകൊണ്ട് ശാസ്ത്രീയവുമല്ല. 

ആയുര്‍വേദം ഇന്നത്തെ ശാസ്ത്ര പ്രകാരം ശാസ്ത്രീയമല്ല എങ്കിലും പ്രാഥമികമായി ഒരു ശാസ്ത്രത്തിനു വേണ്ട രീതികള്‍ പിന്‍ തുടരുന്നുണ്ട്. നിര്‍വചിക്കല്‍ (defining ), തരം തിരിക്കല്‍ (classifying), ഗുണങ്ങളെ വിവരിക്കല്‍(explaining ), വിധികള്‍ (indications) , വിധി നിഷേധങ്ങള്‍ (contraindications), ഉപദ്രവങ്ങള്‍ ( complications) നിര്‍ദ്ദേശങ്ങള്‍ (guidlines) എന്നിങ്ങനെ ശാസ്ത്രം അവലംബിക്കുന്ന രീതികളെ ആയുര്‍വേദം അനുവര്‍ത്തിക്കുന്നുണ്ട്. ഒരുകാലത്ത് ശാസ്ത്രീയ രീതിയവലംബിച്ചിരുന്ന ആയുര്‍വേദത്തിന് ഇടയ്ക്ക് ശാസ്ത്രീയത കൈമോശം വന്നു എന്നാണ് അതിനര്‍ത്ഥം. നഷ്ടപ്പെട്ട ശാസ്ത്രീയതയെ തിരികെ കൊണ്ടുവരേണ്ടതുണ്ട്. ഗവേഷണങ്ങളിലൂടെ മാത്രമേ അതിന് സാദ്ധ്യമാകുകയുള്ളൂ. എക്കാലത്തും ഗവേഷണം (അഥവാ പരീക്ഷണം) തന്നെയാണ് ആയുര്‍വേദത്തിന്‍റെ ജ്ഞാന സാമ്പാദന മാര്‍ഗ്ഗം. വേദകാലത്തുനിന്നും സംഹിതാകലത്തെ ആയുര്‍വേദത്തിലേക്ക് നടത്തിയ കുതിച്ചുചാട്ടം, ഗവേഷണത്തിലൂടെ നടത്തിയതാണ്. ഇനിയും മറ്റൊരു കുതിച്ച് ചാട്ടത്തിന് ആയുര്‍വേദത്തിന് കഴിയും. അതിനായി പ്രവര്‍ത്തിക്കുകയാണ് നാം ചെയ്യേണ്ടത്. 

തെളിവധിഷ്ടിത ആയുര്‍വേദം
ആയുര്‍വേദത്തിന്‍റെ ഭാവി എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. വ്യക്തി അധിഷ്ടിതമായി കാര്യങ്ങളെ അപഗ്രധിക്കുകയും ചികിത്സിക്കുകയും ചെയ്തിരുന്ന കാലത്തുനിന്നും ആയുര്‍വേദം പുരോഗമിച്ചു എന്ന് വേണമെങ്കില്‍ പറയം. ലാബ് ഇന്‍വസ്റ്റിഗേഷന്‍സ് ഇന്ന് ആയുര്‍വേദ ചികിത്സയുടെ ഭാഗമായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. തെളിവിനെ അധിഷ്ടാനമാക്കി മരുന്ന് നല്‍കുന്ന രീതിയും ഇപ്പോഴുണ്ട്. കൃത്യമായ ഡോക്കുമെന്‍റേഷന്‍ ആണ് ഇനി നമുക്കാവശ്യം. ഒരാളുടെ ചികിത്സാനുഭവത്തെ മറ്റൊരാള്‍ക്ക് കാണിച്ച് ബോധ്യപ്പെടുത്തികൊടുക്കാന്‍ കഴിയും എന്നതാണ് തെളിവധിഷ്ടിതവും (evidens based) കുറിച്ചുവയ്ക്കപ്പെട്ടതുമായ (doocumented) അറിവുകളുടെ പ്രത്യേകത. കുറിച്ചുവയ്ക്കെപ്പെട്ട (documented) ചികിത്സാനുഭവങ്ങളെ മുന്‍ നിര്‍ത്തിയും അടിസ്ഥാന സിദ്ധാന്തങ്ങളെ മനസിലാക്കിയും, തെളിവധിഷ്ടിതമായ ചികിത്സയും സമന്വയിപ്പിച്ച് മാത്രമേ ആയുര്‍വേദത്തിന് മുന്നേറാനാകൂ. ആയുസിന്‍റെ വേദത്തിന് അതിന് കഴിയും എന്ന് നമുക്ക് പ്രത്യാശിക്കാം.

Copy right protected. Copy pasting disabled