6.01.2010

കാമിലാരിയും , ഫാറ്റ് ഫ്രീ യും പിന്നെ ലവണ തൈലവും

ധാരാളം ഉത്പന്നങ്ങള്‍ ആയുര്‍വേദം എന്ന ലേബല്‍ ഒട്ടിച് പരസ്യത്തോടെ നമ്മുടെ മുന്നില്‍ എത്തുന്നു. മുകളില്‍ പറഞ്ഞ മൂന്നെണ്ണം അതില്‍ ചിലത് മാത്രം. ഈ മരുന്നുകള്‍ക്ക്(?) അവര്‍ അവകാശപെടുന്ന ഗുണങ്ങള്‍ ഉണ്ടോ എന്നുള്ള ചിന്തയല്ല ഞാനിവിടെ പങ്കുവയ്ക്കുന്നത്. ധാര്‍മികമായി ആയുര്‍വേദം എന്ന് അവകാശപെടാനുള്ള അര്‍ഹത ഇത്തരം ഇല്പന്നങ്ങള്‍ക്ക് ഉണ്ടോ?
ആയുര്‍വേദത്തില്‍ ഈ അസുഖത്തിന് ഈ മരുന്ന് എന്നുള്ള രീതി ഇല്ല എന്ന് അറിയാമല്ലോ. രോഗത്തിന്റെ അവസ്ഥ അനുസരിച്ച് മരുന്നുകളും മാറുന്നു.
രോഗം ഏത് അവസ്ഥയില്‍ ആണ് എന്ന് മനസിലാക്കുന്നത് രോഗ ലക്ഷണങ്ങള്‍ നോക്കിയാണ്. (അതായത് അവ്യക്തമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സ ബുദ്ധിമുട്ടാണ് എന്നും മനസിലാകാം. ഉദാ: ഹൈപ്പെര്‍ ടെന്‍ഷന്‍ ) ത്രിദോഷങ്ങള്‍ ആണ് ആയുര്‍വേദത്തിന്റെ ആധാര ശിലകള്‍. ഏതു രോഗവും ത്രിദോഷ വൈഷമ്യം കൊണ്ട് ഉണ്ടാകുന്നു. രോഗം ഏതു ദോഷം കൊണ്ടാണ് ഉണ്ടായത് എന്ന് മനസിലാകാന്‍ ലക്ഷണങ്ങള്‍ വൈദ്യനെ സഹായിക്കുന്നു.
ഞാന്‍ അതൊന്നു വിശദികരിക്കാന്‍ ശ്രമിക്കാം. മുട്ടുവേദനയുമായി ഒരാള്‍ ഒരു ആയുര്‍വേദ ചികിത്സകന്റെ അടുത്ത് എത്തിയാല്‍. ആദ്യം തന്നെ ദോഷങ്ങളെ കുറിച്ച ചിന്തിക്കുമ്പോള്‍ മനസ്സില്‍ വാത ദോഷമാണ് വരുക കാരണം വേദന വാത ദോഷത്തിന്റെ ലക്ഷണമാണ്. ഉടനെ ചികിത്സ എഴുതാന്‍ പറ്റുമോ? ഇല്ലാ... അസുഖത്തെ കുറിച്ച കൂടുതല്‍ വ്യക്തമാകേണ്ടിയിരിക്കുന്നു. വാത ദോഷ പ്രകോപത്തിന്റെ കാരണങ്ങളാണ് ഇനി അറിയേണ്ടത്. വാത കോപം പല വിധത്തില്‍ ഉണ്ടാകാം.
൧)ഇടി, ചതവ്, ഉളുക്ക് എന്നിവ മൂലം- അങ്ങനെ
എങ്കില്‍ അവിടെ രക്ത ദുഷ്ടി ജന്യ വാതപ്രകോപ ചികിത്സ ആണ് ചെയ്യേണ്ടത് .
൨)രോഗിക്ക് ചെറിയ വേദന ഉണ്ടാകുക, നീരുണ്ടാക്കുക, മരവിപ്പ് ഉണ്ടാകുക, തരിപ്പ് ഉണ്ടാകുക ഇത്തരം ലക്ഷണങ്ങള്‍ വന്നാല്‍ അത് കഫ സംസര്‍ഗ വാതമാണ് അപ്പോള്‍ വാതകഫഹരമായ ചികിത്സ ആണ് ചെയ്യേണ്ടത്.
൩) കുത്തിനോവ് ഉണ്ടാകുക, ചുട്ടുനീറ്റല്‍, പുകച്ചില്‍ ഇവ ഉണ്ടെങ്കില്‍ പിത്ത സംസര്‍ഗ വാതമാണ് അപ്പോള്‍ വാത പിത്ത ഹര ചികിത്സ ചെയ്യണം.
൪) നീര് വലുതായിരിക്കുക, വേദന അതി കഠിനമായിരിക്കുക, വിശപ്പ്‌ കുറയുക തുടങ്ങിയ ലക്ഷണം വന്നാല്‍ സാമയുക്തമായ വാതമാണ്. അപ്പോള്‍ ചികിത്സ ആമപാചകവും വാത ഹരവും ആയിരിക്കണം.
൫) അസ്ഥിക്ക് തെയ്മാനമോ, മാംസത്തിനു ശോഷമോ ഉണ്ടെങ്കില്‍ ധാതുക്ഷയ ജന്യ വാത വൃദ്ധി ആണ്. അപ്പോള്‍ ചികിത്സ ബ്ര്മ്ഹണം (ധാതുപോഷണം)
ആകണം.
ഒരു മുട്ട് വേദനക്ക് തന്നെ ആയുര്‍വേദത്തില്‍ ഇത്രെയും ചികിത്സ വൈവിധ്യങ്ങള്‍ ഉണ്ട്. ആയുര്‍വേദത്തില്‍ രോഗാവസ്ഥക്ക് അനുസരിച്ച് മരുന്ന് മാറുന്നു എന്ന് പറയാനാണ് ഇത്രയും പറയേണ്ടി വന്നത്.
അങ്ങനെ ദോഷങ്ങളെ മനസിലാക്കി ചികിത്സിക്കുമ്പോള്‍ ഒരേ രോഗത്തിന് തന്നെ രണ്ട് രോഗികളില്‍ രണ്ട് വ്യത്യസ്ഥമായ മരുന്നുകള്‍ ഉപയോഗിക്കുന്നു. അങ്ങനെ ഉപയോഗികേണ്ടി വരുമ്പോള്‍ കമാലാരിയും മറ്റു പല മരുന്നുകളും എങ്ങനെ ആയുര്‍വേദമാകും? പരസ്യങ്ങളില്‍ പറയുന്ന എല്ലാ മരുന്നുകളും ഞങ്ങളുടെ മരുന്ന് കഴിച്ചാല്‍ അസുഖം പമ്പകടക്കും എന്ന് അവകാശപ്പെടുന്നവയാണ്.അവിടെ ദോഷവുമില്ല ദൂഷ്യവുമില്ല. ഒട്ടു മിക്ക patented മരുന്നുകളും ഇങ്ങനെ തന്നെയാണ്. മോഡേണ്‍ മെഡിസിനെ അനുകരിച്ച് അതെ പേരുകളും ലേബലുകളും അനുകരിച് പുറത്തുവരുന്ന ഇത്തരം മരുന്നുകള്‍ കൊടുക്കാന്‍ ഇന്ന് ആയുര്‍വേദ ഡോക്ടര്‍ മാര്‍ മത്സരിക്കുന്നു. ഇത്തരം മരുന്നുകള്‍ പലതും യാതൊരു പഠനവും നടത്താതെ സംഹിതകളില്‍ പറയുന്നതും അല്ലാത്തതുമായ ചെടികള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്ന തട്ടിക്കൂട് മരുന്നുകളാണ്. പുതിയ മരുന്നുകള്‍ വേണ്ട എന്നല്ല; അങ്ങനെ ഒരു പുതിയ മരുന്ന് വരുമ്പോള്‍ ആയുര്‍വേദ പ്രകാരം അതിന്റെ കര്‍മവും ഗുണവും വിവരിക്കേണ്ടതല്ലേ? ( മുകളില്‍ പറഞ്ഞ രീതിയില്‍ ഏത് അസുഖത്തിന് ഏത് അവസ്ഥയില്‍ എങ്ങനെ കൊടുക്കണം ).ക്ലാസ്സിക്കല്‍ ആയുര്‍വേദ മരുന്നുകള്‍ പരിശോധിച്ചാല്‍ ആചാര്യന്മാര്‍ എത്രമാത്രം നിഷ്കര്‍ഷയോടെ ആണ് അത് രൂപപെടുതിയത് എന്ന് മനസിലാക്കാം.
പുതിയ കാലത്തില്‍ അതിനു അനുസരിച്ചുള്ള കര്‍ശനമായ പരിശോധനകളും മറ്റും നടത്തിയ ശേഷമേ മരുന്ന് ഉണ്ടാക്കാന്‍ പാടുള്ളൂ. യാതൊരു ലജ്ജയുമില്ലാതെ ആയുര്‍വേദ ഡോക്ടര്‍ മാര്‍ മരുന്നുണ്ടാക്കാന്‍ മുന്നിട്ടിരങ്ങുന്നതാണ് നമ്മള്‍ ഇന്ന് കാണുന്നത്. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ശ്രമിക്കേണ്ടുന്ന സര്‍ക്കാര്‍ ഇതിനെല്ലാം കൂട്ടുനില്‍ക്കുന്നു. അടുത്ത കാലത്ത് ആയുര്‍വേദ രംഗത്തെ യുവ പ്രതിഭക്കുള്ള പുരസ്‌കാരം ഒരു കച്ചവട പ്രമുഖനു ലഭിച്ചതും നമ്മള്‍ കണ്ടു.
സര്‍വരോഗ സംഹാരികള്‍ ആയുര്‍വേദത്തിന്റെ പേര് കെടുത്തുന്നു. ഇത്തരം മരുന്നുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കാമിലാരി  എന്ന മരുന്ന് ആയുര്‍വേദത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ക്ക് വരെ എതിരാണ്. 
കാരണം ആയുര്‍വേദം പറയുന്നു ഇതൊരു രോഗത്തിന്റെയും ഏറ്റവും പ്രാഥമികമായ ചികിത്സ 'നിദാന പരിവര്ജനം' (കാരണങ്ങളെ ഒഴിവാക്കല്‍  )  ആണ്. കാമിലാരി പരസ്യത്തില്‍ പറയുന്നു... '' ഞാന്‍ ഡെയിലി രണ്ടെണ്ണം അടിക്കാറുണ്ട് കാമിലാരി കഴിക്കുന്നുണ്ട് ഇപ്പൊ കുഴപ്പമില്ലത്രേ.." മദ്യപിക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്റെ കാമിലാരി  കൂടി കഴിച്ചോളൂ എന്നാണു വൈദ്യന്‍ പറയുന്നത്.


Copy right protected. Copy pasting disabled