1.25.2015

നടുവേദന ഒരു മാറാവ്യാധിയല്ല.. പെയിന്‍കില്ലര്‍ അതിനൊരു സൊല്യൂഷനും അല്ല!!! Back pain Ayurveda treatment kerala How to get red of pain killers..

നടുവേദന

എല്ലാവര്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന (back pain) അനുഭവപ്പെടുന്നു. അത് കുട്ടിക്കാലത്തെ വീഴ്ചയുടെ ഭാഗമാകാം അല്ലെങ്കില്‍ വയസുകാലത്തെ എല്ല് തേയ്മാനമാകാം (osteoporosis) അതുമല്ലെങ്കില്‍ ഉളുക്കാകാം (sprains). എന്നിരുന്നാലും മുറിവെണ്ണയോ (murivenna) കൊട്ടം ചുക്കാദിയോ (kottam chukkadi thailam) ഇട്ടൊന്നു തിരുമ്മി ചൂടു വെള്ളത്തില്‍ ഒരു കുളി പാസാക്കിയാല്‍ മാറുന്ന വേദനകളെങ്കിലും എല്ലാവര്‍ക്കും വരാറുണ്ട്. നടുവേദനയും അനുബന്ധ രോഗങ്ങളുമായി കഷ്ടപ്പെടുന്നവര്‍ എണ്‍പത് ശതമാനത്തോളം വരുമെന്ന് അമേരിക്കന്‍ ആര്‍ത്രൈറ്റിസ് ഫെഡറേഷന്‍ പറയുന്നത്രേ (American arthritis federation).

ശരീര ചലനത്തെ തടസപ്പെടുത്തുന്ന ഒരു രോഗമായതിനാല്‍ നടുവേദനക്ക് മറ്റൊരു മാനം കൈവരുന്നുണ്ട് അത് രോഗിയുടെ പ്രോഫഷണല്‍ ജീവിതത്തെ ബാധിക്കുന്നു എന്നുളളതാണ്. മിക്കപ്പോഴും ഗള്‍ഫ് നാടുകളില്‍ ജോലിചെയുന്ന നല്ലൊരു ശതമാനം മലയാളികള്‍ക്കും നടുവേദനയും അനുബന്ധ പ്രശ്നങ്ങളുമായി നാട്ടില്‍ ചികിത്സ തേടേണ്ടി വരാറുണ്ട്. നാല്‍പത് ശതമാനത്തോളം ആള്‍ക്കാര്‍ തൊഴില്‍ പരമായ നടുവേദന അനുഭവിക്കുന്നവരാണെന്ന് പഠനങ്ങള്‍ പറയുന്നു.

ആയുര്‍വേദ ചികിത്സക്ക് ധാരാളം ആളുകള്‍ എത്തുന്നൊരു രോഗവുമാണ് നടുവേദന. നടുവേദന ഒരു രോഗ ലക്ഷണമാണ്. അതിന്‍റെ കാരണം കണ്ടെത്തി ചികിത്സ ചെയ്യുക എന്നതാണ് നടുവേദനയുടെ സുഖപ്രാപ്തിയിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആയുര്‍വേദത്തില്‍ തന്നെ വിവിധതരം നടുവേദനകള്‍ പറയപ്പെട്ടിട്ടുണ്ട്.

നടുവേദനയുടെ കാരണങ്ങള്‍ (Causes of back pain)
നടുവേദനയുടെ കാരണങ്ങളെ നമുക്ക് രണ്ടായി തിരിക്കാം.

നട്ടെല്ലുമായി ബന്ധപ്പെട്ടവ
നട്ടെല്ലുമായി ബന്ധം ഇല്ലാത്തവ

നട്ടെല്ലുമായി ബന്ധം ഇല്ലാതെയുണ്ടാകുന്ന നടുവേദനകള്‍ വയറുമായി ബന്ധപ്പെട്ടവയാണ്. കിഡ്ണീ സ്റ്റോണുകള്‍, വയറ്റിലുണ്ടാകുന്ന മുഴകള്‍, മൂത്രാശയ രോഗങ്ങള്‍, പഴുപ്പ്, എന്നിവ നടുവേദന ഉണ്ടാക്കുന്നു. 

സാധാരണയായി ഉണ്ടാകാറുള്ള നടുവേദന പേശിവലിവുമായി ബന്ധപ്പെട്ടുള്ളവയാണ്. ശരീരം പെട്ടന്ന് മുന്പോട്ടായുക്, ഭാരമേറിയ സാധനങ്ങള്‍ ഉയര്‍ത്തുക, പതിവില്ലാത്ത വിധം ജോലികളില്‍ ഏര്‍പ്പെടുക, സ്ഥിരമായി നടുവിന് സപ്പോര്‍ട്ട് ഇല്ലാതെ ഇരിക്കുക എന്നിവ ചെയ്യുന്നത് മൂലം പേശികള്‍ക്ക് വലിവുണ്ടായി അനുഭവപ്പെടുന്ന നടുവേദനയാണ്. അത് താരതമ്യേന വേഗം മാറുന്നതുമാണ്.

ഡിസ്ക് സ്ഥാനം തെറ്റല്‍

വിട്ടുമാറാത്ത നടുവേദനയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണിത്. നട്ടെല്ല് ഒറ്റ അസ്ഥിയല്ല അത് അനേകം കശേരുക്കളുടെ ഒന്നിന് മുകളില്‍ ഒന്ന് എന്നപോലെ ആടുക്കി വച്ചിരിക്കുന്ന ഒരു അസ്ഥി സഞ്ചയമാണ്.  ഈ കശേരുക്കള്‍ക്കിടയ്ക്ക് ഉള്ള ഡിസ്കിനുണ്ടാകുന്ന സ്ഥാന ചലനമാണ് കാരണം. നമുക്ക്‌ ആവശ്യാനുസരണം കുനിയാനും നിവരാനും തിരിയാനും ചലിക്കാനും സാധിക്കുന്നത്‌ ഡിസ്‌കിന്റെ പ്രവര്‍ത്തന ക്ഷമതകൊണ്ടാണ്‌. ഡിസ്‌കിനു തകരാറു പറ്റുമ്പോള്‍ നട്ടെല്ലിന്റെ വഴക്കം കുറയുകയും ഇരിക്കാനും നില്‍ക്കാനും നടക്കാനും കഴിയാതെ ബുദ്ധിമുട്ടുകയും ചെയ്യും.ഡിസ്ക് സ്ഥാനം തെറ്റുമ്പോള്‍ തള്ളി നില്‍ക്കുന്ന ഭാഗം ഡിസ്‌കിനോടു ചേര്‍ന്നു നില്‍ക്കുന്ന ഞരമ്പില്‍ അമരുകയും കാലിലേക്കും കൈയിലേക്കും വേദന പടരുകയും ചെയ്യുന്നു. കാലിലെ പേശികള്‍ക്ക്‌ ബലക്കുറവോ പാദങ്ങളില്‍ മരവിപ്പോ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. കൂടാതെ വാര്‍ദ്ധക്യ സഹജമായ തേയ്‌മാനങ്ങള്‍ ഡിസ്‌കുള്‍പ്പെടെ നട്ടെല്ലിന്റെ സന്ധികളെ ബാധിക്കുമ്പോള്‍ ഏതൊരു സന്ധിയെപോലെ തന്നെ നട്ടെല്ലിനും വേദനയുണ്ടാക്കും.

ഓസ്റ്റിയോ പൊറോസിസ്
: എല്ല് ശോഷിക്കുന്നതു മൂലം കശേരുക്കളില്‍ സുഷിരങ്ങളുണ്ടാവുന്നു. ഇത് ബലക്ഷയം, ഒടിയല്‍, അംഗഭംഗം എന്നിവക്ക് കാരണമാവുന്നു. കാല്‍സ്യത്തിന്‍റെ കുറവ് അസ്ഥിക്ഷയത്തിന് കാരണമാകുന്നുണ്ട്. അത് പലപ്പോഴും ആഹരത്തില്‍ കാല്‍സ്യം കുറവുള്ളതുകൊണ്‍ടല്ല മറിച്ച് ശരീരത്തില്‍ കാല്സ്യത്തിന്‍റെ ആഗീരണം കുറയുന്നതിനാലാണ്.

സന്ധിവാതം (ആര്‍െ്രെതറ്റിസ്): എല്ലാ സന്ധികളേയും പോലെ ആര്‍ത്രൈറ്റിസ് നട്ടേല്ലിലെ സന്ധികളേയും ബാധിക്കുന്നു.
നട്ടെല്ലിലെ സന്ധികളില്‍ വീക്കമുണ്ടാവുമ്പോള്‍ ഡിസ്കിന്റെ ക്ഷയം മൂലം എല്ല് വളരാനും ഇത് കശേരുക്കളില്‍ തട്ടി വേദനയുണ്ടാകാനും കാരണമാവുന്നു.

തേയ്മാനം (വിയര്‍ ആന്‍റ് ടിയര്‍):

പ്രായമാകുന്നതോടെ ഡിസ്കിന്റെ ബലക്ഷയം മൂലം കശേരുക്കള്‍ക്കിടയില്‍ സ്‌പോഞ്ചുപോലുള്ള ഡിസ്ക് വരണ്ട സ്വഭാവമുള്ളതാവുന്നു. മൃദുസ്വഭാവം നഷ്ടപ്പെടുന്നു. ബലം കുറയുന്നു.

ആര്‍ത്തവപൂര്‍വ അസ്വാസ്ഥ്യങ്ങള്‍:
മാസമുറ, അതിനു തൊട്ടുമുമ്പുള്ള കാലം എന്നീ സമയങ്ങളിലുള്ള വേദനയും മറ്റ് അസ്വാസ്ഥ്യങ്ങളും നടുവേദന ഉണ്ടാക്കാറുണ്ട്.

സ്‌േകാളിയോസിസ് കൈഫോസിസ് :
നട്ടെല്ലിന്റെ ക്രമാതീതമായ വളവ് നടുവേദനക്ക് ഒരു കാരണമാണ്.

നട്ടെല്ലില്‍ ട്യൂമര്‍, ക്ഷയം (ടിബി), ബ്ലാഡര്‍ ഇന്‍ഫക്ഷന്‍ (മൂത്രസഞ്ചിയിലെ അണുബാധ), അണ്ഡാശയ കാന്‍സര്‍ അണ്ഡാശയ മുഴ, വൃക്കരോഗം എന്നിവ കൃത്യമായി രോഗനിര്‍ണ്ണയം ചെയ്ത് ശരിയായ ച്കിത്സ തേടേണ്ട രോഗങ്ങളാണ്.

ജീവിതരീതിയിലെ പ്രശ്‌നങ്ങള്‍


മിക്ക നടുവേദനയും ജീവിതരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില കാരണങ്ങള്‍ ഇതാ
വ്യായാമത്തിന്റെ കുറവും ശരീരം തീരെ ഇളകാത്ത രീതിയിലുള്ള ജീവിതരീതിയും

 • അത്യധികമായ കായികാധ്വാനം.
 • അമിതമായ ശരീരഭാരം
 • ശരിയല്ലാത്ത ശരീരനില, നടപ്പുരീതി, കൂനിക്കൂടിയുള്ള നടപ്പ്,
 • കൂനിക്കൂടി ഇരുന്നുള്ള െ്രെഡവിംഗ്,
 • ശരീരം വളച്ചുകൊണ്ടുള്ള നില്‍പ്,
 • നിരപ്പല്ലാത്ത പ്രതലത്തില്‍ കിടന്നുകൊണ്ടുള്ള ഉറക്കം.
 • വൈകാരിക സമ്മര്‍ദം.
 • ശരിയായ ബാലന്‍സില്ലാതെ ഭാരമുയര്‍ത്തല്‍.
 • തെറ്റായ ജോലിപരിശീലനം.

നടുവേദന ഒഴിവാക്കാന്‍

 • ഇരിക്കുമ്പോള്‍ നിവര്‍ന്നിരിക്കുക
 • ഒരുപാട് നേരം ഒരേ ഇരിപ്പിരിക്കരുത്
 • കാല്‍ ഉയര്‍ത്തി വയ്ക്കുക
 • ഇടക്ക് ഒന്ന് എഴുന്നേറ്റ് നടക്കുക
 • ഹൈ ഹീല്‍ ചെരുപ്പ് ഒഴിവാക്കുക
 • നട്ടെല്ലിന് സുഖപ്രദമായ,അധികം ഫൊമില്ലാതെ കിടക്ക ഉപയോഗിക്കുക, പലകകട്ടിൽ ഒരു പരിധിവരെ ഗുണം ചെയ്യും.
 • ശരീരഭാഗം കുറക്കുക
 • അമിതമായ ഭാരം എടുക്കാതിരിക്കുക,
 • നിത്യവും വ്യായാമം ചെയ്യുക.

ചികിത്സ
വേദന സംഹാരികള്‍

പെട്ടന്നുണ്ടാകുന്ന നടുവേദനയ്ക്ക് വേദന സംഹാരികള്‍ ഒരു നല്ല മരുന്നാണ്. എന്നാല്‍ വളരെ നാളായുള്ള നടുവേദനകള്‍ക്ക് അത് ഒരു സൊല്യൂഷന്‍ അല്ല.

കാരണമറിഞ്ഞാണ് നടുവേദനക്ക് ചികിത്സിക്കേണ്ടത്. ആന്തരിക അവയവങ്ങളുടെ കുഴപ്പം കൊണ്ടുണ്ടാകുന്ന നടുവേദനയ്ക്ക് അതാതിന്‍റെ ചികിത്സ സമയാസമയത്ത് ചെയ്യേണ്ടതാണ്. അതിനാല്‍ രോഗനിര്‍ണ്ണയം പ്രധാനമാണ്. സ്കാന്‍ ഉള്‍പ്പെടെയുള്ള രോഗനിര്‍ണ്ണയ ഉപാധികള്‍ സ്വീകരിക്കുന്നതാണ് നല്ലത്.

നട്ടെല്ലിന്‍റെ കുഴപ്പം കൊണ്ടുണ്ടാകുന്ന നടുവേദനകള്‍ക്ക് പഞ്ചകര്‍മ്മ ചികിത്സ ഫലപ്രദമാണ്. വിവിധതരം പഞ്ചകര്‍മ്മ ചികിത്സകള്‍ അവസ്ഥാനുസരണം ചെയ്യണം.

അഭ്യംഗം
അഭ്യംഗം അധവാ തിരുമ്മല്‍ നടുവേദനയ്ക്ക് വളരെ ഫലപ്രദമാണ്. നടുവിന് സംഭവിച്ച ക്ഷതം പരിഹരിക്കുന്നതിനും മസിലുകളിലേക്കുള്ള രക്തയോട്ടം വര്ദ്ധിപ്പിച്ച് അവയെ റിലാക്സ് ആകുന്നതിനും തിരുമ്മല്‍ സഹായിക്കുന്നു. നടുവേദനക്ക് തിരുമ്മുമ്പോള്‍, പ്രത്യേകിച്ചും ഡിസ്ക് തള്ളള്‍ മുതലായ രോഗങ്ങളില്‍ തിരുമ്മുമ്പോള്‍് അധികം മര്‍ദ്ദം പ്രയോഗിക്കാതെ ശരദ്ധയോടെ തിരുമ്മണം എന്നുള്ളത് പ്രധാനമാണ്. തിരുമ്മു ചികിത്സ അംഗീകൃതമായ ഒരു ചികിത്സാലയത്തില്‍ നിന്ന് വേണം സ്വീകരിക്കാന്‍.

കിഴി
കിഴി പലതരത്തിലുണ്ട്. വാതഹരമായ ഇലകള്‍ കിഴികെട്ടി ചെയ്യുന്ന ഇലക്കിഴി, ഔഷധ ഗുണമുള്ള മരുന്നുകള്‍ പൊടിച്ച് കിഴിയാക്കി ചെയ്യുന്ന പൊടിക്കിഴി, ഞവരയരിയുപയോഗിച്ച് ചെയ്യുന്ന ഞവരക്കിഴി എന്നിങ്ങനെ വിവിധ തരം കിഴികള്‍ അവസ്ഥാ ഭേദം അനുസരിച്ച് ചെയ്യണം. കിഴി ശരീരത്തിലെ നീര്ക്കെട്ട് കുറയ്ക്കാനും, വാതത്തെ അനുലോമിപ്പികാനും ഉതകുന്നു. ഞവരകിഴി മാംസത്തേ പരിപോഷിപ്പിച്ച് ബലം പ്രദാനം ചെയ്യുന്നു.
 
ഉദ്വര്‍ത്തനം
ഉദ്വര്‍ത്തനം വിവിധതരം പൊടികള്‍ കൊണ്ടുള്ള തിരുമ്മലാണ്. അത് ശരീരത്തിലേ കൊഴുപ്പുകുറച്ച് ഭാരം കുറക്കാനും അതുവഴി നട്ടെല്ലിന്‍റെ ജോലിഭാരം കുറക്കാനും സഹായിക്കുന്നു.

കടിവസ്തി
വേദനയുള്ള ഭാഗത്ത് രോഗാവസ്ഥയ്ക്ക് അനുസരിച്ചുള്ള എണ്ണകള്‍ തളം കെട്ടി നിര്‍ത്തുന്ന രീതിയാണിത്.  ഇത് ഡിസ്കിന്‍റെ തേയ്മാനത്തിനും നട്ടെല്ലിന്‍റെ തേയ്മാനത്തിലും ഈ ചികിത്സ വളരെ ഫലം ചെയ്യുന്നതാണ്.
 
വസ്തി
മലദ്വാരത്തിലൂടെ പ്രത്യേകതരം മരുന്നുകള്‍ കടത്തുന്ന ഒരു ചികിത്സാരീതിയാണിത്. പ്രത്യേകരീതിയില്‍ തയ്യാര്‍ ചെയ്ത കഷായങ്ങളും തൈലങ്ങളും ഇതിനായി ഉപയോഗിക്കുന്നഇത് ശോധന ചികിത്സയാണ്. ദോഷങ്ങളെ ശോധന ചെയ്ത് ശരീര ശുദ്ധിവരുത്തുന്നു. വേദനയ്ക്ക് ഏറ്റവും വിശിഷ്ടമായതും അഞ്ച് പ്രധാന പഞ്ചകര്‍മ്മങ്ങളില്‍ ഒന്നുമാണിത്..

നടുവേദന ആയുര്‍വേദത്തില്‍ ഏറ്റവും നന്നായി സുഖപ്പെടുത്താന്‍ സാധിക്കുന്ന ഒരു രോഗമാണ്. ആയുര്‍വേദ ചികിത്സയിലൂടെ സര്‍ജ്ജറിയും പെയിന്‍കില്ലര്‍ മരുന്നുകളും ഒഴിവാക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
With regards,
Dr. Jishnu Chandran BAMS, MS
Mob: 8281873504  
Ayurveda Manjari Specialty Clinic & Panchakarma center
www.ayurvedamanjari.com

Copy right protected. Copy pasting disabled