3.21.2010

ധൂമപാനം:പുകവലിച്ചും ചികിത്സിക്കാമോ?

Panchakarma Ayurveda's Mantra of RejuvenationPanchakarma Ayurveda's Mantra of RejuvenationPanchakarma

ഒരു കുഞ്ഞു പോസ്റ്റ്‌ ആണ് ഇന്ന്.. സമയക്കുറവു കൊണ്ടാണ് കേട്ടോ ക്ഷമിക്കുമല്ലോ..
പുകവലിച്ചും ചികിത്സിക്കാമോ എന്ന് ചിന്തിക്കുന്നുണ്ടാകും അല്ലേ? ആയുര്‍വേദത്തില്‍ പുകവലിയെ ഒരുചികിത്സ ക്രമമായി വിവരിച്ചിട്ടുണ്ട്. ധൂമപാനം എന്ന് പറയും. ഈ പുകവലി തോന്നുന്നപോലെ പുകവലിച്ച് പുറത്തുവിടുന്ന ഒരു പരിപാടി അല്ല. വിധിപ്രകാരം ചെയ്യേണ്ട ഒരുചികിത്സയാണ്.
. ധൂമപാനം ഒരു പാശ്ചാത് കര്‍മം
നസ്യം ചെയ്യ്തത്തിനു ശേഷം ധൂമപാനം ചെയ്യാന്‍ വിധിയുണ്ട്. നസ്യത്തിനു ശേഷം മൂക്കില്‍ കൂടി വരുന്ന കഫത്തിനെ കുറയ്ക്കുവാനായി ആണ് ധൂമപാനം ചെയ്യുന്നത് . കഴുത്തിന്‌ മുകളിലേക്ക് കഫദോഷം കൊണ്ടും വാത ദോഷം കൊണ്ടും അവയുടെ സംസര്‍ഗം കൊണ്ടും അസുഖങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും ഉണ്ടായവയെ മാറ്റുന്നതിനുമാണ് ധൂമപാനം ചെയ്യുനത്
ധൂമാപാനത്തെ ഒരു സാധാരണ പുകവലി ആയി കാണാന്‍ കഴിയില്ല ( തലക്കെട്ട്‌ അങ്ങനെ കൊടുത്തെങ്കിലും). ധൂമപാനത്തിനു ഉപയോഗിക്കുന്നത് ഔഷധ സസ്യങ്ങളുടെ പുക ആണ് അന്നതാണ് ഒരു കാരണം. ധൂമപാനം ചെയ്യുമ്പോള്‍ ഒരിക്കലും പുകവലിക്കുന്നവര്‍ക്കു കിട്ടുന്ന "സുഖം" ലഭിക്കുന്നില്ല എന്നതും ഒരുകാരണമാണ്‌.
പ്രത്യേകം വിധികളോടും വിധി നിഷേധങ്ങളോടും കൂടി പത്യാചരണത്തോടെ ചെയ്യുന്നതാകയാല്‍ ധൂമപാനത്തിനു പുകവലിപോലെ ദുഷ്യ ഫലങ്ങളും ഉണ്ടാകുന്നില്ല. പ്രത്യേക രോഗത്തിന് പ്രത്യേകം അവസ്ഥകളില്‍ ദോഷം, ദൂഷ്യം, ബലം, കാലം, ഇവയെക്കുറിച് ചിന്തിച് ചെയ്യുന്ന ധൂമം, രോഗിയുടെ അസുഖത്തെ മാറ്റുന്നു.
ധൂമപാനം പലവിധം
വാഗ്ഭടാചാര്യന്‍ ധൂമപാനത്തെ മൂന്നായി തരം തിരിക്കുന്നു.

* സ്നിഗ്ധ ധൂമം
* മധ്യ ധൂമം
* തീക്ഷ്ണ ധൂമം

സ്നിഗ്ധ ധൂമത്തിനു സ്നേഹ ധൂമമെന്നും മൃദു ധൂമമെന്നും; മധ്യ ധൂമത്തിനു ശമന ധൂമമെന്നും പ്രായോഗിക ധൂമമെന്നും; തീക്ഷ്ണ ധൂമത്തിനു വിരേചന ധൂമമെന്നും പേരുകളുണ്ട്.
ഇതില്‍ സ്നിഗ്ധ ധൂമം വാത ദോഷം കൊണ്ടുള്ള രോഗങ്ങളിലും, മധ്യ ധൂമം വാതവും കഫവും കൊണ്ടുള്ള രോഗങ്ങളിലും, തീക്ഷ്ണധൂമം കഫം മാത്രമുള്ള രോഗങ്ങളിലുമാണ് പ്രയോഗിക്കേണ്ടത്.
പിത്തം കൊണ്ടുള്ള രോഗങ്ങളില്‍ ധൂമം പ്രയോഗിക്കുവാന്‍ പാടില്ല. കാരണം ധൂമപാനം ഉഷ്ണവും, തീക്ഷ്ണവും, ആയതിനാല്‍ അത് പിതത്തെ വര്‍ധിപ്പിക്കുന്നു.
ധൂമപാനം പാടില്ലാത്തവര്‍
ദുഖിതര്‍, കഠിനാധ്വാനം ചെയ്യുന്നവര്‍ , ഭയ ചകിതനായ വ്യക്തി , ക്രോധന്‍, ശരീരത്തില്‍ ചൂട് കൂടുതല്‍ ഉള്ളവര്‍, വിഷം കഴിച്ചവര്‍, ബ്ലീഡിംഗ് അസുഖങ്ങള്‍ ഉള്ളവര്‍, മദ്യപിച്ചവര്‍, മോഹാലസ്യപെട്ടുപോയവര്‍, ച്ചുട്ടുനീടല്‍ ഉള്ളവര്‍, വെള്ള ദാഹമുള്ളവര്‍ , വിളര്‍ച്ച, തൊണ്ട വരള്‍ച്ച , ഛര്ദി , തലയ്ക്കു അപകടം പറ്റിയവര്‍, തിമിരം, പ്രമേഹം, എന്നിവയുള്ളവര്‍ , ബാലന്മാര്‍, ശരീരബലം കുറഞ്ഞവര്‍, പഞ്ച കര്‍മ്മ ചികിത്സ ചെയ്തു കഴിഞ്ഞവര്‍, ക്ഷീണിച്ചവര്‍, ശരീര ജലാംശം കുറവുള്ളവര്‍, നെഞ്ചില്‍ അപകടങ്ങള്‍ പറ്റിയവര്‍, ചെറിയ തോതില്‍ മാത്രം കഫരോഗങ്ങള്‍ ഉള്ളവര്‍, ഇവര്‍ക്ക് ധൂമപാനം പാടില്ല. മുകളില്‍ പറഞ്ഞ വിധിനിഷേധങ്ങളെല്ലാം ധൂമ പാനത്തിനെ അടിസ്ഥാനമാക്കിയുള്ള ദോഷ ചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞവയും പ്രായോഗികമായി കണ്ട അനന്തര ഫലങ്ങളെയുംഅടിസ്ഥാനമാക്കി ഉള്ളതാകാം. പിത്ത വാത സംസര്‍ഗമുള്ള രോഗങ്ങളില്‍ ധൂമപാം പാടില്ല.
ധൂമപാനം ചെയ്യേണ്ട വിധം
ചുരുക്കി വിവരിക്കാം.
step 1 )
ആവശ്യമുള്ള മരുന്നുകള്‍ പൊടിച്ചു ദര്‍ഭ പുല്ലിലോ തുണിയിലോ തേച്ചു പിടിപ്പിച്ചു നിഴലില്‍ ഉണക്കി ചുരുട്ടി എടുക്കുന്നു. ഇതിനു ധൂമ വര്‍ത്തി എന്ന് പറയുന്നു.
step 2 )
ഇനി വേണ്ടത് ധൂമ നേത്രമാണ്. അതായത് ഒരു കുഴല്‍. ഈ കുഴല്‍ വഴി ആണ് പുക ഉള്ളിലേക്ക് എടുക്കേണ്ടത്. തടി ലോഹം എന്നിവ കൊണ്ട് ഈ നേത്രം ഉണ്ടാക്കാറുണ്ട്. ചിലയിടങ്ങളില്‍ കട്ടി കടലാസ് ചുരുട്ടിയും ധൂമ നേത്രം ഉണ്ടാക്കാറുണ്ട്.
step 3 )
രോഗി നിവര്ന്നിരിക്കുക. വര്‍ത്തി കത്തിച്ച് വരുന്ന പുക ധൂമ നേത്രം വഴി ഉള്ളിലേക്ക് എടുക്കുക. ആദ്യം ഒരു മൂക്ക് മാത്രം അടച്ച് മറ്റേ മൂക്കിലുടെ വലിക്കുക. അതിനു ശേഷം എതിര്‍ നാസ ദ്വാരം അടച്ച് ആവര്‍ത്തിക്കുക. ഇപ്രകാരം നിര്‍ദ്ദിഷ്ട പ്രാവശ്യം ചെയ്യുക. വായിലുടെയോ മൂക്കിലുടെയോ പുക വലിച്ചെടുക്കാം. എന്നാല്‍ വായില്‍ കൂടി എടുക്കുന്ന പുക മൂക്കില്‍ കൂടി പുറത്തുവിടാന്‍ പാടില്ല. അങ്ങനെ ചെയ്‌താല്‍ കണ്ണിനു അസുഖങ്ങള്‍ വരുത്തുമെന്ന് ശാസ്ത്രം.
ഔഷധങ്ങള്‍
അകില്‍, ഗുഗ്ഗുലു, മുത്തങ്ങ, കോലരക്ക്, മഞ്ഞള്‍, രാമച്ചം, ഇരുവേലി, ഇലവംഗം, വാല്‍മുളക്, ഇരട്ടി മധുരം, കൂവള മജ്ജ, ദശമൂലം, മനയോല, അറിതാരം, കോലരക്ക്, ത്രിഫല, താമരപൂവ്, മഞ്ചട്ടി, പതുമുകം, കോട്ടം എന്നിങ്ങനെ ധാരാളം മരുന്നുകള്‍ ധൂമാപാനതിനു ഉപയോഗിക്കാവുന്നവയാണ്.
രോഗ സ്വഭാവം, കാലം, രോഗിയുടെ പ്രകൃതി, ദോഷ ഹരത്വം, മരുന്നുകളുടെ ലഭ്യത, രോഗിയുടെ സഹന ശേഷി ഇവ മനസിലാകി ഔചിത്യ പൂര്‍വ്വം മരുന്ന് തിരഞ്ഞെടുക്കുന്നു.
ധൂമ പാനത്തിന്റെ ഗുണങ്ങള്‍
വാക്കിനും മനസിനും പ്രസന്നത കൈവരുന്നു. തലമുടി, പല്ലുകള്‍, താടി മീശയിലെ രോമങ്ങള്‍ എന്നിവയ്ക്ക് ദൃഢതയും വായ്ക്കു സുഗന്ധവും നിര്‍മലതയും ഉണ്ടാകും. ചുമ , ശ്വാസം മുട്ടല്‍, അരുചി, തൊണ്ടയടപ്പ്, ക്ഷീണം, ഉറക്ക കൂടുതല്‍, ഹനു സ്തംഭം. കഴുത്തില്‍ ഉണ്ടാകുന്ന വേദന, സൈനസൈടിസ്, തലവേദന, ചെവി വേദന, കണ്ണ് വേദന, കഫാ വാത ജന്യമായ മുഖ രോഗങ്ങള്‍ ഇവ പതിവായി ധൂമപാനം ശീലമാകിയവര്‍ക്ക് ബാധിക്കില്ല.
ധൂമപാനം ഒരു ദിനചര്യ
ധൂമപാനത്തെ ഒരു ദിനചര്യ ആയി വിവരിക്കുന്നുണ്ട്. പക്ഷെ അതിനുമുന്‍പ്‌ നസ്യം , കവളം, ഗണ്ടുഷം ( വായില്‍ എണ്ണ നിറച്ചു നിര്‍ത്തുക ) മുതലായവ ചെയ്തിരിക്കണം എന്ന് മാത്രം.
കഫജന്യമായ രോഗങ്ങള്‍ സ്ഥിരം അലട്ടുന്നവര്‍ക്ക് ധൂമപാനം ഒരു ശീലം ആക്കാവുന്നതാണ്

1 comment:

  1. വിജ്ഞാനപ്രദമായ പോസ്റ്റ്

    ReplyDelete

Copy right protected. Copy pasting disabled