3.08.2024

ആരോഗ്യ അറിവുകൾ | വിശപ്പ്, വ്യായാമം, പൊണ്ണത്തടി, പ്രമേഹം, ഇവതമ്മിലുള്ള ബന്ധം


ഡോക്ടർ : വിശപ്പ് ഉണ്ടോ?

രോഗി: ഭക്ഷണം നന്നായി കഴിക്കുന്നുണ്ട്. 

ഡോ: അതല്ല. വിശപ്പ് അനുഭവപ്പെടുന്നുണ്ടോ ? .

രോ: ഇല്ല. അതിനുള്ള അവസരം ഉണ്ടാകാറില്ല. സമയമാകുമ്പോൾ ഭക്ഷണം കഴിക്കും. 

Fact
ദിവസം ഒരു നേരമെങ്കിലും വിശപ്പ് അറിഞ്ഞു ഭക്ഷണം കഴിക്കണം.  മിക്കപ്പോഴും ഉദര സംബന്ധമായ രോഗങ്ങൾ ഉള്ളവരിൽ വിശപ്പ് പൊതുവെ അറിയുന്നില്ല. ആയുർവേദ പ്രകാരം വിശപ്പ് അറിയുക എന്നത് ദഹന ശേഷിയുടെ ഒരു അളവ് കോലാണ്. ദഹന ശേഷി കുറഞ്ഞാൽ , അത് ചില രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. അതിനാൽ, ദഹന ശേഷി കൃത്യമായി വരാനുള്ള മരുന്നകൾ കഴിക്കുകയും ജീവിത ശൈലി മാറ്റങ്ങൾ ചെയ്യുകയും വേണം. 

ദിവസവും വ്യായാമം ചെയ്യുക. വെള്ളം ആവശ്യത്തിന് കുടിക്കുക, ലഘുവായി ഭക്ഷണം കഴിക്കുക. അമിതമോ, ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണം ഒഴിവാക്കുക എന്നീവയിലൂടെ നമുക്ക് ദഹന ശേഷി വീണ്ടെടുക്കാം. 

രോഗി: ഡോക്ടർ അപ്പോൾ എന്തുകൊണ്ടാണ് ? ചിലർ എത്ര ഭക്ഷണം കഴിച്ചാലും തടി വയ്ക്കാത്തത്? ചിലർ അല്പം ഭക്ഷണം കഴിച്ചാൽ പോലും നന്നായി തടി വയ്ക്കുന്നു. 

ഡോക്ടർ: അത് ഓരോരുത്തരുടെയും BMR ബേസൽ മേറ്റബോളിക്ക് റേറ്റിനെ ആശ്രയിച്ചാണ് ഉള്ളത്. ബേസൽ മെറ്റബോളിക് റേറ്റ് എന്നത് ഒരു യൂണിറ്റ് സമയത്തിനുള്ളിൽ ഒരു വ്യക്തിക്ക് ശരീരം വിശ്രമിക്കാൻ ആവശ്യമായ ഊർജ്ജത്തിൻ്റെ അളവാണ്. ശ്വസനം, രക്തചംക്രമണം, ശരീര താപനില നിയന്ത്രിക്കൽ, കോശവളർച്ച, തലച്ചോറിൻ്റെയും നാഡികളുടെയും പ്രവർത്തനം, പേശികളുടെ സങ്കോചം എന്നിവയാണ് ആ പ്രക്രിയകളിൽ ചിലത്.

അതായത് നിങ്ങൾ വെറുതെ ഇരിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിലെ ശാരീരിക പ്രവർത്തനങ്ങൾ എല്ലാം നടത്തിക്കൊണ്ട് പോകാൻ എത്ര ഊർജം ആവശ്യമുണ്ടോ അതാണ് BMR. അത് കുറഞ്ഞിരുന്നാൽ പൊതുവെ ആൾ തടിച്ചിരിക്കും. അതായത് അയാൾക്ക് കുറച്ച് ഊർജം മതി. ബാക്കി കൊഴുപ്പായി സൂക്ഷിക്കുന്നു. എന്നാൽ ചിലർക്ക് കൂടുതൽ വേണം അപ്പോൾ കൊഴുപ്പ് ബാക്കി വരുന്നില്ല. അവർ മെലിഞ്ഞിരിക്കുന്നു. 

രോഗി: ചിലർ ചെറുപ്പത്തിൽ  മേലിഞ്ഞതായിരിക്കും. അന്ന് എത്ര ഭക്ഷണം കഴിച്ചാലും തടിക്കുമായിരുന്നില്ല. എന്നാൽ ഇന്ന് അവരൊക്കെ മുതിർന്നവർ ആയപ്പോൾ നന്നായി തടിച്ചിരിക്കുന്നു. അതിന്റെയും കാരണം BMR തന്നെ ആണോ? 

ഡോക്ടർ: അതേ.. ശരിയാണ്.  ഒരു കുട്ടി പക്വത പ്രാപിക്കുകയും ഏകദേശം 16 അല്ലെങ്കിൽ 17 വയസ്സ് പ്രായമാകുമ്പോൾ ബേസൽ മെറ്റബോളിക് നിരക്ക് (ബിഎംആർ)  ഏറ്റവും വർദ്ധിക്കുന്നു. ആ ഘട്ടത്തിന് ശേഷം, ഇത് സാധാരണയായി കുറയാൻ തുടങ്ങുന്നു. അമേരിക്കൻ കൗൺസിൽ ഓൺ എക്സർസൈസ് പറയുന്നത് ബിഎംആർ ഒരു ദശകത്തിൽ ഏകദേശം ഒന്ന് മുതൽ രണ്ട് ശതമാനം വരെ കുറയുന്നു എന്നാണ്. 

രോഗി: അതായത്, പ്രായം കൂടുന്തോറും മുതിർന്ന ഒരാൾക്ക് BMR കുറയുന്നു. അപ്പോൾ ആവശ്യമുള്ള ഊർജം കുറയുന്നു. അങ്ങനെ ആയാൽ ആയാൾക്ക് ആവശ്യമുള്ള ഭക്ഷണവും കുറവ് മതിയല്ലോ.. ? 

ഡോക്ടർ: വളരെ ശരിയാണ്. നിങ്ങൾ 20 വയസുള്ളപ്പോൾ കഴിച്ചിരുന്ന അത്രയും ഭക്ഷണം 40 വയസ്സാകുമ്പോൾ കഴിക്കേണ്ടതില്ല. മാത്രമല്ല അധികം ഊർജ്ജം സംഭരിക്കപ്പെടാതെ വ്യായാമം ചെയ്ത് കളയുകയും വേണം. 

രോഗി: ഡോക്ടർ നമുക്ക് എന്റെ തടിയിലേക്ക് തിരിച്ചു വരാം. എനിക്ക് ഒന്ന് തടി മെച്ചപ്പെടുത്തണം എന്നുണ്ട്. ഞാൻ എന്താണ് ചെയ്യേണ്ടത്. 

ഡോക്ടർ : നിങ്ങൾക്ക് ജിമ്മിൽ പോകാവുന്നതാണ്. അവിടെ മസിൽ ട്രെയിനിംഗ് ചെയ്യുമ്പോൾ ശരീരം ബൾക്ക് ഉണ്ടാകുകയും തടി തോന്നുകയും ചെയ്യും. കൊളസ്‌ട്രോൾ മുതലായവ നോർമൽ ആക്കുകയും പ്രമേഹ സാധ്യത കുറയുകയും ചെയ്യും. 

രോഗി: അയ്യോ ഡോക്ടർ എനിക്ക് ഒരു മസിൽ മാൻ ആകണമെന്നില്ല. 

ഡോക്റ്റർ: മസിൽ മാൻ ആകാൻ വേണ്ടി മാത്രമല്ല ജിമ്മിന്റെ പ്രയോജനം. ശരിയായ രീതിയിൽ മസിൽ ട്രെയിനിങ് ചെയ്യുന്നതിലൂടെ ശരീരത്തിന്റെ ശരീര സൗന്ദര്യം വർദ്ധിപ്പിക്കാൻ സാധിക്കും. 

രോഗി:  ഡോക്ടർ ജിമ്മിൽ പോകുന്നതിനെ പറ്റി പറഞ്ഞല്ലോ. പ്രമേഹ രോഗികൾക്ക് ജിമ്മിൽ പോകാമോ? 

ഡോക്ടർ: ജിമ്മിൽ പോകുന്നതിനും വ്യായാമങ്ങൾ ചെയ്യുന്നതിനും അങ്ങനെ ഒരു പ്രത്യേക രോഗമുള്ളവർ ചെയ്യാൻ പാടില്ല എന്നൊന്നും ഇല്ല. ഹൃദ്രോഗം പോലെയുള്ള പ്രശ്നങ്ങൾ ഉള്ളവർ അവർക്ക് പറ്റിയ രീതിയിൽ ഉള്ള വ്യായാമങ്ങൾ ചെയ്യണം എന്ന് മാത്രം. അതിന് വിദഗ്ധനായ ഒരു ട്രെയിനറുടെ നിർദ്ദേശത്തിൽ വേണം ചെയ്യാൻ. 

രോഗി: പ്രമേഹ രോഗികൾക്ക് ഏത് തരം വ്യായാമങ്ങൾ ആണ് വേണ്ടത്? 

പ്രമേഹ രോഗികൾക്ക് ഒരു സമീകൃതമായ വ്യായാമം ആണ് വേണ്ടത്. അതായത് അവരുടെ പ്രധാന പ്രശ്നങ്ങളെ എല്ലാം ഉൾക്കൊള്ളുന്ന തരം വ്യായാമം ആണ് ആവർ ചെയ്യേണ്ടത്. അതായത് അവർക്ക് നടത്തം, ജോഗിംഗ്  പോലെയുള്ള കാർഡിയാക് വ്യായാമങ്ങളും യോഗ പോലെയുള്ള stretching, വ്യായാമങ്ങളും ഡംബൽ എടുത്ത് ചെയ്യുന്ന തരം മസിൽ strengthening വ്യായാമങ്ങളും വേണം. 

രോഗി: യോഗയും നടത്തവും ഒക്കെ പൊതുവെ കേട്ടിട്ടുള്ളതാണ്. പക്ഷെ ഡംബൽ വച്ച് ചെയ്യുന്ന വ്യായാമം വേണം എന്ന് ഇതുവരെ കേട്ടിട്ടില്ല. അതിന്റെ പ്രയോജനം എന്താണ്? 

ഡോക്ടർ : ഡംബൽ വച്ച് ചെയ്യുന്ന വ്യായാമം എന്ന് പറഞ്ഞാൽ മസിലിന് ബലം വരുന്ന തരം resistant വ്യായാമങ്ങൾ വേണം എന്നതാണ്. അത് ഡംബൽ വച്ച് തന്നെ ചെയ്യണമെന്നില്ല. പ്രത്യേക തരം ഇലസ്റ്റിക്ക് ബാന്റുകളോ, ഉപകരണകളോ ഒക്കെ വച്ച് ചെയ്യാം.  

പ്രമേഹത്തിൽ രോഗികൾക്ക് മസിൽ മാസ് നഷ്ടപ്പെടുക എന്നൊരു അവസ്ഥ ഉണ്ടാകുന്നുണ്ട്. പ്രമേഹ രോഗികൾ കുറച്ചു കഴിയുമ്പോൾ മെലിഞ്ഞു പോകാനുള്ള ഒരു കാരണം അവരുടെ മസിൽ മാസ് കുറഞ്ഞു പോകുന്നതാണ്‌. 

പ്രമേഹത്തിന്റെ അനേകം പ്രത്യാഘാതങ്ങളിൽ ഒന്നാണത്. 

രോഗി : അത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്. ? 

ഡോക്ടർ: പറയാം. പ്രമേഹത്തിൽ, പ്രത്യേകിച്ച് അനിയന്ത്രിതമായ പ്രമേഹത്തിൽ, നിരവധി ഘടകങ്ങൾ കാരണം പേശികളുടെ അളവ് കുറയുന്നു:

ഒന്നമത്തെ കാരണം ഇൻസുലിൻ പ്രതിരോധം ആണ്.  സാധാരണ ടൈപ്പ് 2 പ്രമേഹത്തിൽ ഇൻസുലിൻ പ്രതിരോധം,  പേശി കോശങ്ങൾ ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തും. ഇത് പേശികളുടെ പ്രവർത്തനത്തിനും വളർച്ചയ്ക്കും ആവശ്യമായ ഊർജ്ജ ലഭ്യത കുറയ്ക്കുന്നു.

മറ്റൊന്ന് മോശം ഗ്ലൂക്കോസ് നിയന്ത്രണമാണ്.  ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കാരണം, ശരീരത്തിന്  ഊർജ്ജത്തിനു വേണ്ടി പേശീകോശങ്ങളെ ഉപയോഗിക്കുന്നതിന്  കാരണമാകും.

ഇൻസുലിൻ പ്രതിരോധം പ്രോട്ടീൻ മെറ്റബോളിസത്തെയും ബാധിക്കും, ഇത് പ്രോട്ടീൻ സിന്തസിസ് കുറയുന്നതിനും മസിൽ കുറയുന്നതിനും ഇടയാക്കും

ഇങ്ങനെ പല കാരണങ്ങൾ കൊണ്ടും പ്രമേഹ രോഗിയുടെ പേശികളുടെ അളവ് കുറയുന്നു. 

രോഗി: അതിന് എന്താണ് പ്രതിവിധി? 
ഡോക്റ്റർ: 
ഏറ്റവും പ്രധാനം പതിവായി വ്യായാമം ചെയ്യുക എന്നതാണ്.  ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും പേശികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും പേശികളുടെ ശോഷണം തടയുന്നതിനും എയ്റോബിക് വ്യായാമത്തിലും (നടത്തം, നീന്തൽ പോലുള്ളവ) പ്രതിരോധ പരിശീലനത്തിലും (ഭാരോദ്വഹനം, റെസിസ്റ്റൻസ് ബാൻഡുകൾ) ഏർപ്പെടുക.

മറ്റൊന്ന് സമീകൃതാഹാരം കഴിക്കുക എന്നതാണ്.  ലീൻ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ,  എന്നിവയാൽ സമ്പുഷ്ടമായ സമീകൃതാഹാരം പേശികളുടെ അറ്റകുറ്റപ്പണികൾക്കും വളർച്ചയ്ക്കും സഹായിക്കുന്നു. 

ബ്ലഡ് ഷുഗർ മാനേജ്മെൻ്റ്: മരുന്നുകൾ പാലിക്കുന്നതിലൂടെ നല്ല രക്തത്തിലെ പഞ്ചസാര നിയന്ത്രണം നിലനിർത്തുക. 

ഇത്രയും കാര്യങ്ങളാണ് വേണ്ടത്. 

രോഗി : ഡോക്ടറെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ. ഡോക്ടർ പറഞ്ഞല്ലോ പ്രമേഹം ഉള്ളവർ മസിൽ resistant വ്യായാമങ്ങൾ ചെയ്യണം എന്ന്. അങ്ങനെ ചെയ്താൽ അവർക്ക് blood sugar കുറയാൻ അത് സഹായിക്കുമോ? 

ഡോക്ടർ: തീർച്ചയായും സഹായിക്കും.. മസിലുകൾ നമ്മുടെ ശരീരത്തില നല്ല ഗ്ലൂക്കാസ് ഉപഭോക്താക്കൾ ആണ്.  

സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശരീരം ഗ്ലൂക്കോസ്  ഫലപ്രദമായി ഉപയോഗിക്കുന്നത് കൂട്ടുകയും,  ഭക്ഷണം കഴിച്ചതിനുശേഷം ഗ്ലൂക്കോസ് രക്തത്തിൽ വേഗത്തിൽ പ്രവേശിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. 

വിശ്രമിക്കുന്ന പേശികളേക്കാൾ പ്രവർത്തിക്കുന്ന പേശികൾ ഇൻസുലിനോട് കൂടുതൽ സെൻസിറ്റീവ് ആണ്. ഇതിനർത്ഥം ഇൻസുലിൻ ഓരോ യൂണിറ്റും വ്യായാമ സമയത്ത് കൂടുതൽ ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നു, ഇത് രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നു.

സ്ഥിരമായ വ്യായാമം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും, ഇത് സെല്ലുലാർ ഇൻസുലിൻ സംവേദനക്ഷമത (sensitivity) വർദ്ധിപ്പിക്കുന്നു. 

രോഗി: ഡോക്ടർ ഇടയ്ക്ക് ഉപയോഗിച്ച രണ്ട് വാക്കുകളാണ്. ഇൻസുലിൻ സെൻസിറ്റിവിറ്റിയും ഇൻസുലിൻ പ്രതിരോധവും. ഇത് എന്താണെന്ന് വിവരിക്കാമോ?"

ഇൻസുലിൻ സംവേദനക്ഷമത (sensitivity) എന്നത് നിങ്ങളുടെ ശരീരത്തിലെ കോശങ്ങൾ ഇൻസുലിനോട് എത്ര നന്നായി പ്രതികരിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നു. ഇൻസുലിൻ ഒരു ഹോർമോണാണ്, അത് നമ്മുടെ കോശങ്ങളെ രക്തത്തിൽ നിന്ന് ഗ്ലൂക്കോസ് (പഞ്ചസാര) എടുക്കാൻ സഹായിച്ചുകൊണ്ട് നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. 

നിങ്ങളുടെ കോശങ്ങൾ ഇൻസുലിനോട് സെൻസിറ്റീവ് ആയിരിക്കുമ്പോൾ, അവ അതിൻ്റെ സിഗ്നലുകളോട് ഫലപ്രദമായി പ്രതികരിക്കുകയും ഗ്ലൂക്കോസിനെ ഊർജത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ , ഇൻസുലിൻ sensitivity  കുറയുമ്പോൾ, നിങ്ങളുടെ കോശങ്ങൾ ഇൻസുലിനോട് പ്രതികരിക്കുന്നില്ല എന്നാണ് ഇതിനർത്ഥം, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.  

ഇത് ഒടുവിൽ പ്രമേഹം പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. അതിനാൽ, ഇൻസുലിൻ സെൻസിറ്റിവിറ്റി അടിസ്ഥാനപരമായി നിങ്ങളുടെ ശരീരത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇൻസുലിൻ എത്രത്തോളം കാര്യക്ഷമമായി ഉപയോഗിക്കാം എന്നതാണ്.

രോഗി: സാർ ഈ ഇൻസുലിൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നുകൂടി പറയാമോ? 

ഡോക്ടർ: തീർച്ചയായും! ഇൻസുലിൻ രക്തപ്രവാഹത്തിലേക്ക് വിടുമ്പോൾ, അത് ഒരു സന്ദേശവാഹകനെപ്പോലെ പ്രവർത്തിക്കുന്നു.  രക്തപ്രവാഹത്തിൽ നിന്ന് ഗ്ലൂക്കോസ് എടുക്കുന്നതിന് നിങ്ങളുടെ ശരീരത്തിലെ കോശങ്ങൾക്ക് സൂചന നൽകുന്നു. കോശങ്ങൾക്ക് അവയുടെ ഉപരിതലത്തിൽ ഇൻസുലിൻ തിരിച്ചറിയുന്ന പ്രത്യേക റിസപ്റ്ററുകൾ ഉണ്ട്. ഇൻസുലിൻ ഈ റിസപ്റ്ററുകളുമായി ബന്ധിപ്പിക്കുമ്പോൾ, അത് സെല്ലിനുള്ളിൽ ഒരു കൂട്ടം രാസപ്രവർത്തനങ്ങൾക്ക് കാരണമാകുന്നു, അത് ആത്യന്തികമായി ഗ്ലൂക്കോസിനെ പ്രവേശിക്കാൻ അനുവദിക്കുന്നു. 

ഊർജത്തിനായി ഉപയോഗിക്കാവുന്ന കോശങ്ങളിലേക്ക് ഗ്ലൂക്കോസ് എത്തുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഈ പ്രക്രിയ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. 

അതായത്, ലളിതമായി പറഞ്ഞാൽ, കോശങ്ങൾ ഇൻസുലിൻ സിഗ്നലുകളോട് പ്രതികരിക്കുകയും ഇൻസുലിൻ പറയുമ്പോൾ ഗ്ലൂക്കോസ് തുറക്കുകയും ചെയ്യുന്നു. 

എന്നാൽ, ഇൻസുലിൻ പ്രതിരോധത്തിൽ (insulin resistance) , ശരീരത്തിലെ കോശങ്ങൾ, പ്രത്യേകിച്ച് പേശികൾ, കൊഴുപ്പ്, കരൾ കോശങ്ങൾ എന്നിവ ഇൻസുലിനോട് ഫലപ്രദമായി പ്രതികരിക്കുന്നില്ല. എന്നുവച്ചാൽ അവർ രക്തത്തിൽ നിന്ന് ഗ്ലൂക്കോസ് ആവശ്യമായത്ര കാര്യക്ഷമമായി എടുക്കുന്നില്ല. 

ഇതിനർത്ഥം, ഇൻസുലിൻ റെസ്പെറ്ററുകൾ ഇൻസുലിൻ തിരിച്ചറിയുന്നില്ല എന്നാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.

രോഗി: ഡോക്ടർ ഞാൻ മുമ്പ് കേട്ടിട്ടുള്ളത് പ്രമേഹം എന്നാൽ അത് പാൻക്രിയാസിലെ ബീറ്റാ കോശങ്ങൾ ഇൻസുലിൻ ഹോർമോണ് ഉല്പാദിപ്പിക്കാത്തതാണ് എന്നായിരുന്നു. എന്നാൽ ഇപ്പോൾ ഡോക്ടർ പറയുന്നു പ്രമേഹത്തിൽ ഇനസുലിൻ അവിടെ ഉണ്ട് അത് തിരിച്ചറിയാത്തതാണ് എന്ന്. അതൊന്ന്. വിവരിക്കാമോ?

ഡോക്ടർ: രണ്ട് വിശദീകരണങ്ങളും യഥാർത്ഥത്തിൽ ശരിയാണ്, എന്നാൽ അവ വ്യത്യസ്ത തരത്തിലുള്ള പ്രമേഹത്തെയാണ് സൂചിപ്പിക്കുന്നത്. 

പ്രമേഹം രണ്ട് തരത്തിലുണ്ട്. ടൈപ്പ് 1 ഉം ടൈപ്പ് 2 ഉം. 

1. ടൈപ്പ് 1 പ്രമേഹം: ഇത് പ്രാഥമികമായി ഇൻസുലിൻ ഉത്പാദിപ്പിക്കാൻ പാൻക്രിയാറ്റിക് ബീറ്റാ കോശങ്ങൾക്ക് കഴിവില്ലായ്മയാണ്. ശരീരത്തിൻ്റെ രോഗപ്രതിരോധ സംവിധാനം ഈ കോശങ്ങളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ഒരു   autoimmune  അവസ്ഥയാണിത്, ഇത് ഇൻസുലിൻ കുറവിലേക്ക് നയിക്കുന്നു.

2. ടൈപ്പ് 2 പ്രമേഹം: ഇത് പ്രധാനമായും ഇൻസുലിൻ പ്രതിരോധം മൂലമാണ്, ശരീരകോശങ്ങൾ ഇൻസുലിനോട് പ്രതികരിക്കുന്നത് കുറയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുകയും ചെയ്യുന്നു. കാലക്രമേണ, പാൻക്രിയാസ് കുറഞ്ഞ ഇൻസുലിൻ ഉൽപ്പാദിപ്പിച്ചേക്കാം, ഇത് പ്രശ്നത്തിന് കൂടുതൽ സംഭാവന നൽകുന്നു.

ചുരുക്കത്തിൽ, ടൈപ്പ് 1 പ്രമേഹം പ്രാഥമികമായി ഇൻസുലിൻ ഉൽപാദനത്തിൻ്റെ കുറവാണ്, അതേസമയം ടൈപ്പ് 2 പ്രമേഹത്തിൽ ഇൻസുലിൻ പ്രതിരോധവും ഒരു പരിധിവരെ അപര്യാപ്തമായ ഇൻസുലിൻ ഉൽപാദനവും ഉൾപ്പെടുന്നു.

രോഗി: എന്റെ പ്രമേഹം ടൈപ്പ് 1ആണോ ടൈപ്പ് 2 ആണോ എന്ന് എങ്ങനെ അറിയാം? 
ഡോക്ടർ: അത് നേരിട്ട് ഒരു ഡോകടറെ നേരിട്ട് കണ്ട് തന്നെ ചെയ്യുന്നതാണ് നല്ലത്. 

ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം തമ്മിലുള്ള വ്യത്യാസം സാധാരണയായി മെഡിക്കൽ ഹിസ്റ്ററി, ശാരീരിക പരിശോധന, ലബോറട്ടറി പരിശോധനകൾ എന്നിവയിലൂടെ ആണ് ചെയ്യുന്നത്.  സാധാരണയായി,  നിങ്ങളുടെ ലക്ഷണങ്ങൾ, പ്രമേഹത്തിൻ്റെ കുടുംബ ചരിത്രം, മുൻകാല മെഡിക്കൽ ചരിത്രം, മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളുടെ ഡോക്ടർ ചോദിക്കും. കൂടാതെ ഒരു ശാരീരിക പരിശോധനയിൽ ടൈപ്പ് 1 അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ കണ്ടെത്തിയേക്കാം. ഉദാഹരണത്തിന്, ടൈപ്പ് 1 പ്രമേഹമുള്ള വ്യക്തികൾക്ക് ഭാരക്കുറവ്, വർദ്ധിച്ച ദാഹം, ഇൻസുലിൻ കുറവുമായി ബന്ധപ്പെട്ട മറ്റ് ലക്ഷണങ്ങൾ എന്നിവ ഉണ്ടാകാം. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ പൊണ്ണത്തടി അല്ലെങ്കിൽ ദേഹത്ത് ഇരുണ്ട പാടുകൾ പോലുള്ള ഇൻസുലിൻ പ്രതിരോധത്തിൻ്റെ ലക്ഷണങ്ങൾ ഉണ്ടാകാം. 

കൂടാതെ ലബോറട്ടറി പരിശോധനകളായ
ഫാസ്റ്റിംഗ് ബ്ലഡ് ഗ്ലൂക്കോസ്, ഓറൽ ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റ്, HbA1c ലെവലുകൾ എന്നിവ പ്രമേഹം കണ്ടുപിടിക്കുന്നതിനും നിരീക്ഷിക്കുന്നതിനും സാധാരണയായി ഉപയോഗിക്കുന്നു.

അതുപോലെ തന്നെ സി-പെപ്റ്റൈഡ് ടെസ്റ്റ്. ഇത് രക്തത്തിലെ സി-പെപ്റ്റൈഡിൻ്റെ അളവ് അളക്കുന്നു, ഇത് നിങ്ങളുടെ ശരീരം എത്ര ഇൻസുലിൻ ഉത്പാദിപ്പിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. കുറഞ്ഞ അളവ് ടൈപ്പ് 1 പ്രമേഹത്തെ സൂചിപ്പിക്കാം, ഉയർന്ന അളവ് ടൈപ്പ് 2 പ്രമേഹത്തെ സൂചിപ്പിക്കാം.

ഈ ഘടകങ്ങളുടെ സംയോജനത്തെ അടിസ്ഥാനമാക്കി, നിങ്ങൾക്ക് ടൈപ്പ് 1 അല്ലെങ്കിൽ ടൈപ്പ് 2 ഡയബറ്റിസ് ആണോ എന്ന് ഒരു ഡോക്ടർക്ക് നിർണ്ണയിക്കാനാകും. 

 രോഗി: Ok thank you Doctor. 

Dr. Jishnu Chandran BAMS 
8281873504

No comments:

Post a Comment

Copy right protected. Copy pasting disabled