ഒരു അഭിമുഖം ആണിത്. വൈദ്യഭൂഷണം രാഘവന്‍ തിരുമുല്‍പാടുമായി നടന്ന മാധ്യമം വാരികയില്‍ വന്ന അഭിമുഖം. ആയുര്‍വേദ മഞ്ജരിയുടെ വായനക്കാര്‍ക്കായി ഇവിടേക്ക് കോപ്പി ചെയ്യുന്നു. ഒരു ആയുര്‍വേദ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ഞാന്‍ അറിയാന്‍ ആഗ്രഹിച്ച ഒരുപാട് ചോദ്യങ്ങള്‍ക്ക് ഇതില്‍ ഉത്തരമുണ്ട്. നിത്യ ചര്‍ച്ചാ വിഷയങ്ങളില്‍ ശ്രീ തിരുമുല്‍പാട് സാര്‍ വ്യക്തമായ ഭാഷയില്‍ ഉത്തരം നല്‍കുന്നു. പല ചോദ്യങ്ങളിലും അതിശയകരമായ, അപ്രതീക്ഷിതമായ മറുപടികള്‍; എതൊരു ആധുനികനേക്കാളും ഉല്‍പ്പതിഷ്ണുവാണ് താന്‍ എന്ന് അദ്ദേഹം തെളിയിക്കുന്നു. ഏതൊരു സധാരണക്കാരനു മുന്നിലും ആയുര്‍വേദത്തെ ലളിതമായി വിവരിക്കുന്നു ഈ അപൂര്‍വവൈദ്യന്‍..
അജ്ഞതയാണ്, ആയുര്‍വേദമല്ല ചൂഷണം ചെയ്യപ്പെടുന്നത്
ആയുര്‍വേദത്തിന്റെ കച്ചവടം/ വൈദ്യഭൂഷണം കെ. രാഘവന്‍ തിരുമുല്‍പാട്/രവിശങ്കര്‍. പി.ടി
തിരക്കുകളില്‍ ഒളിക്കുന്നവനായിരുന്നു എന്നും മലയാളി. സ്വയം മറന്ന് എന്തിനൊക്കെയോ പിറകെ ഓടിത്തളര്‍ന്ന് തിരിച്ചെത്തിയപ്പോഴാണ് ആരോഗ്യം എന്ന സംഗതി കൈമോശം വന്നതറിയുന്നത്. എന്നാല്‍ പിന്നെ അതിനു പിറകെ ആകട്ടെ ഇനിയുള്ള ഓട്ടം എന്നായി തീരുമാനം. അങ്ങനെയാണ് മരുന്നുകളുമായി മലയാളി അടുക്കുന്നത്. 2010 മേയ് മാസത്തില്‍ നവതി ആഘോഷിച്ച രാഘവന്‍ തിരുമുല്‍പാടിന്റെ ചികിത്സാ സപര്യ അറുപതു വര്‍ഷം പിന്നിട്ടു. ആയുര്‍വേദ ചികിത്സാ രംഗത്തെ അതികായന്‍ എന്ന വിശേഷണത്തിന് നിസ്സംശയം യോഗ്യന്‍.
കച്ചവടം ചെയ്യപ്പെടാത്ത ആയുസ്സിന്റെ ശാസ്ത്രം കൈയിലൊതുക്കി വൈദ്യഭൂഷണം കെ.രാഘവന്‍ തിരുമുല്‍പാട് നയം വ്യക്തമാക്കുന്നു:
ആരോഗ്യം - ആയുര്‍വേദം എങ്ങനെ നിര്‍വചിക്കുന്നു?
* ലളിതമായി പറഞ്ഞാല്‍ രോഗമില്ലാത്ത അവസ്ഥ. അതാണ് ആരോഗ്യം. 90 വയസ്സ് കഴിഞ്ഞ എനിക്ക് വാര്‍ധക്യസഹജമായ അസ്‌ക്യതകള്‍ ഉണ്ട്. വളരെ വേഗത്തിലോ ഒരുപാട് ദൂരമോ നടക്കാന്‍ കഴിയില്ല. എന്നാല്‍, പറയത്തക്ക അസുഖങ്ങളൊന്നുംതന്നെയില്ല. വാര്‍ധക്യം ഒരു രോഗമല്ല. ബാല്യം, യൗവനം എന്നതുപോലുള്ള ഒരു അവസ്ഥയാണ്. ബാല്യത്തിലും യൗവനത്തിലും വാര്‍ധക്യത്തിലും മനുഷ്യന് സ്വാഭാവികമായ ചില അസ്‌ക്യതകള്‍ അനുഭവപ്പെടാറുണ്ട്. ഇവയെ ഒഴിച്ചുനിര്‍ത്തിയാല്‍ രോഗത്തില്‍നിന്ന് മുക്തനായിരിക്കുന്ന ഒരാള്‍ ആരോഗ്യവാനാണ്. തന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുംവിധത്തിലുള്ള ജീവിതം എന്നും പറയാം.
ജായന്തേ ഹേതു വൈഷമ്യ
ദ്വിഷമാ ദേഹധാതവഃ
ധാതു സാമ്യാത്‌സമാസ്‌തേഷാം
സ്വഭാവോ പരമഃ സദാ
അഗ്‌നി, ദോഷങ്ങള്‍, ധാതു, മലം, ശരീരപ്രക്രിയ എന്നിവ സമമായി സമന്വയിച്ച് എല്ലാ തരത്തിലും ശരീരത്തിന് പ്രസന്നത കൈവരുന്ന അവസ്ഥയാണ് ആരോഗ്യം.
തിരുമുല്‍പാട് പാല്‍ കുടിക്കുന്നതിന് എതിരാണെന്ന് കേട്ടിട്ടുണ്ട്?
* ലളിതമാണ് സംഗതി. സമീകൃതമെന്ന് പറയുമ്പോഴും മനുഷ്യസ്ത്രീ ഉല്‍പാദിപ്പിക്കുന്ന പാലൊഴികെ മറ്റൊരു പാലും മനുഷ്യശരീരത്തിന് ഗുണകരമല്ല. നാം കഴിക്കുന്നതെന്തും രോഗത്തെ ശമിപ്പിക്കുന്നതും ആരോഗ്യത്തെ ഉണര്‍ത്തുന്നതുമായിരിക്കണം. ആഹാരത്തിന്റെ പോഷകഗുണം മാത്രം നോക്കിയിട്ട് കാര്യമില്ല. ആയുര്‍വേദ വിധിപ്രകാരം പാല്‍ ദഹനപ്രക്രിയയോട് അനുബന്ധിച്ച അഗ്‌നിയെ മന്ദീഭവിപ്പിക്കുന്നു. പ്രകൃതിയനുസരിച്ച് ശരീരം വ്യത്യസ്ത രീതികളില്‍ പ്രതികരിക്കുന്നെന്ന് മാത്രം.
മുലപ്പാലോ?
* അത് തികച്ചും വ്യത്യസ്തമാണ്. മനുഷ്യസ്ത്രീയുടെ ശരീരം തന്റെ കുഞ്ഞിനായി ചുരത്തുന്നതാണ് മുലപ്പാല്‍. തികച്ചും സ്വാഭാവികം. ആട്ടിന്‍പാലിനോട് ശരീരം പ്രതികരിക്കുന്നതുപോലെയല്ല പശുവിന്‍പാലിനോട് പ്രതികരിക്കുന്നത്. പൂര്‍ണമായി ഹിതം, അഹിതം എന്ന വേര്‍തിരിവ് ആയുര്‍വേദത്തിലില്ല. സ്വാഭാവികമല്ലാത്തത് വര്‍ജിക്കണമെന്ന് മാത്രം. പശു, പാല്‍ അതിന്റെ കിടാവിനായി ചുരത്തുന്നതാണ്. മനുഷ്യന് ഇത് സ്വാഭാവിക ആഹാര ദ്രവ്യമല്ല. ആഹാരം ശരീരമായിതന്നെയാണ് മാറ്റപ്പെടുന്നത്. അതിന് സാധ്യമല്ലാത്തത് മലമായി പുറന്തള്ളപ്പെടുന്നു.
ഒരു പൊതുവായ കാഴ്ചപ്പാടാണ് ഇത് എന്ന് തോന്നുന്നു - ആയുര്‍വേദ ഔഷധത്തിന്റെ ബലം വളരെ പതുക്കെയാണ് പ്രത്യക്ഷപ്പെടുക. എന്നാല്‍, രോഗം സ്ഥായിയായി മാറുകയും ചെയ്യും.
* അത് പൂര്‍ണമായും ശരിയല്ല. മരുന്നിനോട് ശരീരം സ്വാഭാവികമായി പ്രതികരിക്കുന്ന സമയമാണിത്. ഒരു രോഗവും ഒറ്റ രാത്രികൊണ്ട് ഉണ്ടാകുന്നതല്ല. പല പല ഘട്ടങ്ങളിലൂടെ കടന്നുപോയാണ് ഒരാള്‍ രോഗിയാകുന്നത്. രോഗത്തില്‍നിന്ന് ആരോഗ്യത്തിലേക്ക് തികച്ചും നാച്വറലായ തിരിച്ചുപോക്കാണ് ആയുര്‍വേദം ആവശ്യപ്പെടുന്നത്. അലോപ്പതി മരുന്നുകള്‍ രോഗത്തെ ഒരുതരത്തില്‍ പറഞ്ഞാല്‍ അടിച്ചമര്‍ത്തുകയാണ്. അതുകൊണ്ടുതന്നെ പിന്നീട് ഒരവസരത്തില്‍ രോഗം പൊട്ടിമുളക്കും. പെട്ടെന്നുള്ള രോഗശമനം തികച്ചും അസ്വാഭാവികമാണ്.
സ്വാഭാവികമാണ് രോഗശമനമെങ്കില്‍ അവിടെ മരുന്നിന്റെ സ്ഥാനം എവിടെയാണ്?
* രോഗശമനം ഒരു അനുഭവമാണ്. ആയുര്‍വേദത്തില്‍ എല്ലാം അടിസ്ഥാനമാക്കുന്നത് അനുഭവങ്ങളിലാണ്. രോഗം പിടിപെടുന്ന അവസ്ഥക്ക് സംപ്രാപ്തി എന്നാണ് പറയുന്നത്. ഇതൊരു ഘട്ടംഘട്ടമായ പ്രക്രിയയാണ്. രോഗകാരണം പലതലങ്ങളില്‍ ത്രിദോഷങ്ങളുടെ, ധാതുക്കളുടെ, ശാരീരിക പ്രക്രിയകളുടെ തലങ്ങളില്‍ വൈകല്യങ്ങളെ സൃഷ്ടിച്ചാണ് ലക്ഷണങ്ങള്‍ പ്രകടമാക്കുന്നത്. ഇതില്‍നിന്ന് ശരീരത്തിന്റെ തനത് അവസ്ഥയിലേക്കുള്ള തിരിച്ചുപോക്കിന്, രോഗപ്രക്രിയക്ക് തടസ്സം സൃഷ്ടിക്കണം. ഇതിനെ സംപ്രാപ്തി വിഘട്ടനം എന്ന് പറയുന്നു. മരുന്നുകള്‍ ഈയൊരു പ്രക്രിയക്കായി ശരീരത്തെ സജ്ജമാക്കുന്നു. സത്യത്തില്‍ ഇത്തരമൊരവസ്ഥയില്‍ വൈദ്യന്റെ സ്ഥാനവും പരിഗണിക്കപ്പെടേണ്ടതാണ്. രോഗിയും വൈദ്യനും തമ്മിലുള്ള മാനസിക അടുപ്പവും പൊരുത്തവും സംപ്രാപ്തി വിഘട്ടനം കൂടുതല്‍ ലളിതമാക്കുമെന്ന് തോന്നുന്നു.
അപ്പോള്‍ ഇവിടെ രോഗമാണോ രോഗിയാണോ ചികിത്സ ആവശ്യപ്പെടുന്നത് ?
* രോഗം ഒരു സങ്കല്‍പംമാത്രമാണ്. അതുകൊണ്ടുതന്നെ രോഗിയെ ചികിത്സിക്കാനേ സാധിക്കുകയുള്ളൂ. രോഗിയെ ചികിത്സിച്ചാല്‍ രോഗം മാറുന്നു. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും പ്രകൃതിപരവുമായ സവിശേഷതകള്‍ക്ക് അനുസൃതമായാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുക. രോഗിയില്‍നിന്ന് രോഗത്തെ പറിച്ചുമാറ്റുകയല്ല, മറിച്ച് അയാളെ പൂര്‍വാവസ്ഥയിലേക്ക് തിരിച്ചെത്തിക്കുകയാണ് ചെയ്യുന്നത്. ഒരാളില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ക്കനുസൃതമായിരിക്കണം രോഗചികിത്സ. ആയുര്‍വേദം അതുകൊണ്ടുതന്നെ വ്യക്തിയിലധിഷ്ഠിതമാണ്. വാതപ്രകൃതിയുള്ളവര്‍, പിത്തപ്രകൃതിയുള്ളവര്‍, കഫപ്രകൃതിയുള്ളവര്‍ എന്നൊക്കെ കേട്ടിട്ടില്ലേ. ത്രിദോഷങ്ങളെ ശാരീരിക പ്രകൃതിക്കനുസരിച്ച് ഒരു സന്തുലനത്തില്‍ എത്തിക്കുകയാണ് ആയുര്‍വേദ ചികിത്സയുടെ ലക്ഷ്യം.
തിരുമുല്‍പാട് പറഞ്ഞതനുസരിച്ചാണെങ്കില്‍ ഈ ത്രിദോഷങ്ങളെ 'ദോഷം' എന്നു വിശേഷിപ്പിക്കാമോ?
* അത് ശരിയല്ല, അതൊരു സാങ്കേതിക പ്രയോഗം മാത്രമാണ്. ത്രിദോഷങ്ങള്‍ എന്നു വിളിക്കുന്ന വാത-പിത്ത-കഫങ്ങളില്‍ അധിഷ്ഠിതമാണ് ശരീരം. അവയെ ശരിക്ക് ദോഷങ്ങളെന്ന് വിളിക്കാന്‍ പാടില്ലാത്തതാണ്. അവക്ക് ഫിസിയോളജിക്കല്‍ ഫങ്ഷന്‍സുമുണ്ടല്ലോ. എന്നാല്‍, ഈ മൂന്നിന്റെയും തുലനാവസ്ഥക്ക് കോട്ടം സംഭവിച്ചാല്‍ അത് രോഗകാരണമാകും എന്നതിനാലാണ് ദോഷങ്ങള്‍ എന്ന് അറിയപ്പെടുന്നത്.
അലോപ്പതിയെ അപേക്ഷിച്ച്, ശമനത്തിന് കാലതാമസമുണ്ടെങ്കിലും ആയുര്‍വേദ ചികിത്സയുടെ പ്രധാന ആകര്‍ഷണം പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്ന വിശ്വാസമാണല്ലോ. ഇത് എത്രകണ്ട് ശരിയാണ്?
* പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതായി ലോകത്തില്‍ ഒന്നുമില്ല. ഹിതത്തിന് ഹിതവും അഹിതത്തിന് അഹിതവുമാണ് പ്രതിഫലം. പ്രകൃതിദത്തമായതിനാല്‍ ആയുര്‍വേദ ചികിത്സക്ക് മറ്റ് ചികിത്സാ രീതികളെ അപേക്ഷിച്ച് പാര്‍ശ്വഫലങ്ങള്‍ കുറവാണ്. എന്നാല്‍, തീരെ ഇല്ലെന്നല്ല അര്‍ഥം. കൃത്യമായി ഹിത ഔഷധം സേവിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ പരിഗണനീയമല്ലാത്തവിധം കുറച്ചെടുക്കാനാകും. ഒരു പടക്കം പൊട്ടിക്കുമ്പോള്‍ ശബ്ദവും വെളിച്ചവും പുകയും ഉണ്ടാകാറുണ്ട്. എന്നാല്‍, ശബ്ദം കുറഞ്ഞ് വെളിച്ചവും പുകയും കൂടിയാല്‍ അതൊരു പാര്‍ശ്വഫലമാണ്.
പാര്‍ശ്വഫലങ്ങള്‍ക്ക് മുകളില്‍ പൂര്‍ണനിയന്ത്രണമില്ലെന്നാണോ?
* ഞാന്‍ മുമ്പ് പറഞ്ഞിരുന്നു- വ്യക്തിയാണ് പ്രധാനം. വ്യക്തികള്‍ക്ക് അനുസരിച്ച് പാര്‍ശ്വഫലങ്ങള്‍ മാറാം. ഇവയെ പരമാവധി കുറച്ചുകൊണ്ടുവരുന്നതിനാണ് പഥ്യം നിഷ്‌കര്‍ഷിക്കുന്നത്. പിന്നെ മറ്റൊന്ന്, രോഗിക്ക് അനുസൃതമായ ചികില്‍സയാണ്. ചേര്‍ക്കുരു എന്ന ഔഷധം പിത്തപ്രകൃതിക്കാരില്‍ തൊലിപ്പുറമെ അസ്വസ്ഥതകള്‍ക്കിടയാകാറുണ്ട്. ഇത് ആദ്യമേ തിരിച്ചറിഞ്ഞാവണം തുടര്‍ചികിത്സ. ചികിത്സകന്റെ കാഴ്ചപ്പാട് ഇവിടെ പ്രധാനമാണ്.
പഥ്യം രോഗശമനത്തിനുള്ള മാര്‍ഗം
മാത്രമാണോ?
* പഥ്യം എന്നാല്‍ ഹിതം എന്നാണ് അര്‍ഥം. ശരീരത്തിന് യോജിച്ചത്, ചികിത്സക്ക് യോജിച്ചത്, രോഗശമനത്തിന് യോജിച്ചത് എന്നൊക്കെ പറയാം.
''പഥ്യം പഥോന പേതം സ്യാത്.''
ആരോഗ്യത്തിലേക്കുള്ള വഴിക്ക് യോജിച്ചത് എന്തോ അതെല്ലാം പഥ്യമാണ്. രോഗശമനം ഉദ്ദേശ്യം മാത്രമാണ്. മറ്റൊരു ശ്ലോകമുണ്ട്:
''വിനാപി ഭേഷ ജൈര്‍ വ്യാധി
പഥ്യാദേവ നിവര്‍ത്തതേ
നതു പഥ്യ വിഹീനസ്യ
ഭേഷ ജാനാം ശതൈരവി.''
മരുന്നില്ലെങ്കിലും രോഗം
പഥ്യംകൊണ്ടേ ശമിച്ചിടും
പഥ്യമില്ലെങ്കില്‍ മാറില്ല
നൂറുനൂറൗഷധങ്ങളാല്‍.
വിധിക്കപ്പെട്ട ചെറിയ ചികിത്സകൊണ്ട് രോഗം ഭേദമാകണമെങ്കില്‍ നിഷ്‌കര്‍ഷിക്കപ്പെട്ട പഥ്യത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് സാരം. പഥ്യത്തില്‍ ഉറച്ച ഒരു ജീവിതരീതി തുടരുകയാണെങ്കില്‍ രോഗാതുരതയില്‍നിന്ന് അകന്നുനില്‍ക്കാം.
ഒരുപക്ഷേ ഇത്തരത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ചിട്ടകളല്ലേ ഒരു വിഭാഗത്തെ ഈ ചികിത്സാരീതിയില്‍നിന്ന് അകറ്റുന്നത്?
* ഇത് മറ്റൊരു തെറ്റായ കാഴ്ചപ്പാടാണ്. ആയുര്‍വേദം യഥാര്‍ഥത്തില്‍ ഫ്‌ളക്‌സിബിളാണ്. മുമ്പ് ഉദ്ധരിച്ച ശ്ലോകത്തിന് തുടര്‍ച്ചയുണ്ട്:
''പഥ്യം പഥോന പേതം സ്യാത്
യച്ചോക്തം മനസഃപ്രിയം.''
ആരോഗ്യത്തിലേക്കുള്ള വഴിയില്‍നിന്ന് വിട്ടുമാറാത്തതും അതോടൊപ്പം രോഗിയുടെ മനസ്സിന് ഇണങ്ങുന്നതുമാകണം ചികിത്സാവിധി എന്നര്‍ഥം. ഇതൊരു ചെറിയ വിട്ടുവീഴ്ചയാണ്. ഉദാഹരണത്തിന്, കഫപ്രകൃതിക്കാരനായ ഒരാളെ ചികിത്സിക്കുമ്പോള്‍ പഴവര്‍ഗങ്ങള്‍ കഴിക്കരുതെന്ന് നിഷ്‌കര്‍ഷിക്കാം. എന്നാല്‍, രോഗിക്ക് പഴവര്‍ഗങ്ങള്‍ കഴിച്ചേ തീരൂ എന്നാണെങ്കില്‍ നമുക്ക് അദ്ദേഹത്തിന്റെ ഹിതമനുസരിച്ച് ചെറിയ വിട്ടുവീഴ്ചകള്‍ വേണ്ടിവരും. കഫപ്രകൃതിയെ ദോഷമായി ബാധിക്കാത്ത പേരക്ക കഴിക്കാന്‍ അനുവാദം നല്‍കിയാണ് സാധാരണ ഇത്തരം ബുദ്ധിമുട്ടുകളെ തരണംചെയ്യുക. ശരീരത്തിനെന്നപോലെ മനസ്സിനും രോഗമുക്തിയില്‍ പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ട്.
ആയുര്‍വേദത്തിന്റെ വിശ്വാസ്യതയെ കൂട്ടുപിടിച്ചാണല്ലോ മുസ്‌ലിപവര്‍ എക്‌സ്ട്രാ പോലുള്ള ലൈംഗിക ഉത്തേജന മരുന്നുകളും മറ്റ് സൗന്ദര്യ വര്‍ധകങ്ങളും വിപണി കീഴടക്കുന്നത്?
* നമ്മുടെ നാട്ടില്‍ ഉദയംചെയ്തതാണെങ്കിലും നമ്മളില്‍ പലര്‍ക്കും ആയുര്‍വേദത്തിന്റെ അടിസ്ഥാന ജ്ഞാനം പോലുമില്ല. ചികിത്സാ രീതികളെക്കുറിച്ചും മരുന്നുകളെക്കുറിച്ചും നമുക്ക് പ്രാഥമികമായ ഒരു അറിവ് അത്യാവശ്യമാണ്. ഈ അല്‍പജ്ഞാനത്തെയാണ് മരുന്നുകച്ചവടക്കാര്‍ സത്യത്തില്‍ ചൂഷണം ചെയ്യുന്നത്. അല്ലാതെ ആയുര്‍വേദത്തെയല്ല.
ഇത്തരത്തിലുള്ള മരുന്നുകമ്പനിക്കാര്‍ വാഗ്ദാനം ചെയ്യുന്ന ഗുണഫലങ്ങള്‍ യഥാര്‍ഥത്തില്‍ ആയുര്‍വേദത്തില്‍ അധിഷ്ഠിതമാണോ?
* വ്യക്തതയില്ലായ്മയാണ് എല്ലാത്തിനും കാരണം. ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാരം നിയന്ത്രിക്കാനുള്ള നടപടികള്‍ വളരെ ദുര്‍ബലമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ വ്യാപകമായി വിറ്റഴിയുന്ന മരുന്നുകള്‍ എന്താണെന്നോ അതിന്റെ ചേരുവകകള്‍ ഏതാണെന്നോ ഇനി അത് ആയുര്‍വേദ മരുന്നുതന്നെയാണെന്നോ വ്യക്തമായി അറിയില്ല.
''സത്യനൃതം തു വാണിജ്യം.''
പൂര്‍ണമായും ധര്‍മത്തില്‍ അധിഷ്ഠിതമായ ഒരു കച്ചവടവുമില്ല. ഇതൊക്കെക്കൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ മരുന്നുനിര്‍മാണം നിര്‍ത്തിയത്. വിധിപ്രകാരം നിശ്ചിതഅളവില്‍ മാത്രമേ മരുന്ന് നിര്‍മിക്കാന്‍ പാടുള്ളൂ. വാണിജ്യകാര്യത്തിന് ഭീമമായ അളവില്‍ ഔഷധം ഉല്‍പാദിപ്പിക്കപ്പെടുമ്പോള്‍ അതിന്റെ ഗുണത്തില്‍ കാര്യമായ കിഴിവുണ്ടാകും. രോഗിക്ക് വൈദ്യന്‍തന്നെ മരുന്ന് നിര്‍മിച്ച് നല്‍കുന്ന ഒരു ചിട്ട പണ്ടുണ്ടായിരുന്നു. ഓരോ രോഗിക്കും ആവശ്യമായ അളവില്‍ മാത്രമാണ് അപ്പോള്‍ മരുന്ന് ഉല്‍പാദിപ്പിക്കപ്പെടുക.
ഇന്ന് വിപണിയില്‍ കാണുംവിധത്തിലുള്ള ലൈംഗിക ഉത്തേജകങ്ങളെക്കുറിച്ച് ആയുര്‍വേദത്തില്‍ എവിടെയെങ്കിലും പരാമര്‍ശിച്ചിട്ടുണ്ടോ?
* വാജീകരണം, ആയുര്‍വേദ ചികിത്സയിലെ സുപ്രധാന വിഭാഗമാണ്. ലൈംഗികമായ ശക്തി വര്‍ധിപ്പിക്കുക എന്നതാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം. എട്ട് തരത്തിലുള്ള ശുക്ലദോഷം, ധ്വരഭംഗം തുടങ്ങിയവ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ചില രോഗാവസ്ഥകളാണ്. ഇവക്കെല്ലാം വ്യക്തമായ ചികിത്സാ ശൈലികളുമുണ്ട്. എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്, വിപണിയില്‍ ലഭ്യമാകുന്ന ഉത്തേജക ഔഷധങ്ങളുടെ മുഖ്യ കൂട്ടില്‍ നിലപ്പനയുടെ കുടുംബത്തില്‍പ്പെട്ട ഒരു ഔഷധം ചേര്‍ക്കുന്നുണ്ട്. ഇതിനെപ്പറ്റി ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ടെങ്കിലും ഇന്ന് കാണുന്നതുപോലുള്ള ഒരു ഉപയോഗക്രമം എങ്ങും പരാമര്‍ശിച്ചുകണ്ടിട്ടില്ല. ഇനി അതിന് ലൈംഗിക ഉത്തേജന ഗുണങ്ങള്‍ ഉണ്ടോ എന്നറിയുന്നതിന് വ്യക്തമായ പരിശോധനാക്രമം ആവശ്യമാണ്.
ആയുര്‍വേദത്തിന്റെ പേരില്‍ പുറത്തിറങ്ങുന്ന ഇത്തരം മരുന്നുകളുടെ പരസ്യത്തില്‍തന്നെ ചികിത്സാക്രമം സൂചിപ്പിക്കാറുണ്ട്. എല്ലാ രോഗികള്‍ക്കും ഒരു മരുന്നെന്ന ഈ രീതി അടിസ്ഥാന ആയുര്‍വേദ പ്രമാണത്തിന് വിരുദ്ധമല്ലേ?
* അതെ. ഹേതുവിപരീതമാണ് ആയുര്‍വേദ ചികിത്സാരീതി. രോഗകാരണങ്ങളെയാണ് പരിഗണിക്കുന്നത്. ചെറിയ പനി വന്നാല്‍ പാരസെറ്റാമോള്‍ കഴിക്കുന്നതുപോലെയുള്ള ഇടപാട് പലപ്പോഴും ആയുര്‍വേദത്തില്‍ സാധ്യമല്ല. നമ്മള്‍ മുമ്പ് ചര്‍ച്ച ചെയ്തതുപോലെ വ്യക്തിപരമാണ് ആയുര്‍വേദ ചികിത്സ. വേദവിധി പ്രകാരം സ്വതന്ത്രവ്യാധി, പരതന്ത്രവ്യാധി എന്നിങ്ങനെ രണ്ട് വേര്‍തിരിവുകളുണ്ട്. മൂലരോഗത്തെ സ്വതന്ത്രമെന്നും അതിനോടനുബന്ധിച്ചതിനെ പരതന്ത്രമെന്നും പറയാം. പ്രമേഹബാധിതനായ ഒരാള്‍ക്ക് ലൈംഗികപ്രശ്‌നങ്ങള്‍ പ്രകടമാകാനിടയുണ്ട്. ഇവിടെ പ്രമേഹത്തിനെയാണ് ചികില്‍സിക്കേണ്ടത്. മൂലവ്യാധിയെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രമേ അനുബന്ധവ്യാധിയെ ചികിത്സിക്കാറുള്ളൂ. കൂടാതെ, വൈദ്യനിര്‍ദേശം ഇല്ലാതെയുള്ള ചികില്‍സാരീതി ആയുര്‍വേദത്തില്‍ ശാസനീയമല്ല. ഈ അവസരത്തിലാണ് വിപണിയില്‍ വൈദ്യനെ ഒഴിവാക്കി പരസ്യപ്പെടുന്ന ഔഷധങ്ങള്‍ അപകടകരമാകുന്നത്. വ്യക്തിയുടെ പ്രായം, ലിംഗം, ദേശം എന്നിവവരെ ഔഷധനിര്‍മാണത്തെ സ്വാധീനിക്കുന്നുണ്ട്. ഒരേ രോഗലക്ഷണത്തിന് ഒരു മരുന്നെന്ന രീതി തികച്ചും തെറ്റാണ്. കഠിനമായി തൊഴിലെടുക്കുന്ന ഒരാള്‍ക്ക് സന്ധിയില്‍ നീര് വരുന്നതും കാര്യമായി ദേഹമനങ്ങാത്ത ഒരാള്‍ക്ക് നീര് വരുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. പ്രഥമദൃഷ്ടിയില്‍ രോഗലക്ഷണം സമാനമാണെങ്കിലും അതിന്റെ മൂലവ്യാധി മറ്റൊന്നാവാനാണ് സാധ്യത. നിരവധി കാര്യകാരണങ്ങള്‍ പരിഗണിച്ചാണ് ആയുര്‍വേദത്തില്‍ രോഗനിര്‍ണയം നടത്തപ്പെടേണ്ടത്.
ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതല്ലേ?
* വി.എം.സുധീരന്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ പരസ്യങ്ങളുടെ പുറത്ത് നിയന്ത്രണംകൊണ്ടുവന്നിരുന്നു. പക്ഷേ, പിന്നീടൊന്നും തുടരാനായില്ല. ലവണതൈലങ്ങള്‍പോലുള്ളത് തികച്ചും ആയുര്‍വേദമാണോയെന്ന് ആധികാരികമായി പരിശോധന നടത്താനുള്ള ചിട്ടവട്ടംപോലും നമുക്കില്ല. ലവണതൈലങ്ങളില്‍ ചേര്‍ക്കുന്ന ഇന്തുപ്പ് നീര് കുറക്കുമെന്നത് ശരിയാണ്. ഇത്തരത്തിലുള്ള മരുന്നിനെപ്പറ്റിയും കൊഴുപ്പിനെ ഉരുക്കിക്കളയുമെന്നതിനെപ്പറ്റിയും ഗ്രന്ഥങ്ങളില്‍ എവിടെയും പരാമര്‍ശിക്കപ്പെട്ടിട്ടില്ല. അപഥ്യത്തിന് പഥ്യമാണ് മരുന്ന്. ദീര്‍ഘകാലത്തെ ചിട്ടയില്ലാത്ത ജീവിതത്തിന്റെ ഫലമാണ് ഭൂരിഭാഗം രോഗങ്ങളും. ഒരു തൈലം തേച്ചാല്‍ തടി കുറയുമെന്നോ, എണ്ണ തേച്ചാല്‍ മുടി കിളിര്‍ക്കുമെന്നോ കേട്ട് ഇറങ്ങിപ്പുറപ്പെടാതെ ചിട്ടയായ പഥ്യത്തില്‍ ശരിയായ ചികിത്സ നേടുകയാണ് വേണ്ടത്.
പച്ചമരുന്നുകള്‍ അപ്രത്യക്ഷമാകുന്നു
* ഇപ്പോള്‍ ചുറ്റുവട്ടത്ത് മരുന്നുകള്‍ കുറവാണ്. ഭാരതത്തിലുയര്‍ന്നുവന്ന വൈദ്യശാഖക്കുവേണ്ടി പുറംനാടുകളില്‍നിന്ന് മരുന്നുകള്‍ ഇറക്കുമതി ചെയ്യേണ്ടിവരുന്നു. കുത്തക കമ്പനികളുടെ കൈയില്‍ മാത്രമേ ആവശ്യത്തിന് മരുന്നുള്ളൂ എന്ന അവസ്ഥയാണ്. ആയുര്‍വേദം വാണിജ്യവത്കരിക്കപ്പെടുകയാണല്ലോ. പണ്ടുകാലത്ത് മരുന്നുപറിക്കാര്‍ എന്ന വിഭാഗംതന്നെയുണ്ടായിരുന്നു. വൈദ്യനുവേണ്ടി മരുന്നുശേഖരണമായിരുന്നു തൊഴില്‍. ഒരുപക്ഷേ, വൈദ്യനെക്കാളും പച്ചമരുന്നുകളെക്കുറിച്ച് ഇവര്‍ക്കായിരിക്കും ധാരണ. മരുന്ന് ലഭ്യമാകുന്ന പ്രദേശങ്ങള്‍, അവയുടെ തരംതിരിവുകള്‍, വിഷാംശമുള്ള മരുന്നുകള്‍ തുടങ്ങി സകല കാര്യവും ഇവര്‍ക്ക് ഹൃദിസ്ഥമായിരുന്നു. എത്‌നോ ബോട്ടണിസ്റ്റ് (ethno botanist) എന്നുവിളിക്കാം.
മരുന്നുചെടികള്‍ ടിഷ്യൂകള്‍ച്ചര്‍ മുഖേന കൃത്രിമപരിസ്ഥിതിയില്‍ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങി. കഷായം കഷായ ഗുളികകളായി. ഇത്തരം മാറ്റങ്ങളെ ആയുര്‍വേദം എങ്ങനെ സ്വീകരിക്കുന്നു?
* ആയുര്‍വേദ ഗ്രന്ഥങ്ങളെ പ്രതിസംസ്‌കരിക്കുന്ന സമ്പ്രദായം അതിന്റെ നല്ല കാലത്തുണ്ടായിരുന്നു. ഇന്ന് ലഭിക്കുന്ന ചരകം, അഗ്‌നിവേശകൃതമായ തന്ത്രത്തെ ചരകന്‍ പ്രതിസംസ്‌കരിച്ചതാണ്.
''സംസ്‌കര്‍താ കുരുതേ തന്ത്രം
പുരാണം ച പുനര്‍ന്നവം.''
പുരാണതന്ത്രത്തെ ആധുനികമാക്കുകയാണ് സംസ്‌കരണംകൊണ്ടുദ്ദേശിക്കുന്നത്. മുമ്പ് പറഞ്ഞിരുന്നല്ലോ, ആയുര്‍വേദം ഫ്‌ളക്‌സിബിള്‍ ആണെന്ന്. കാലാനുസൃതമായ മാറ്റങ്ങളെല്ലാം അത് സ്വീകരിച്ചുപോന്നിട്ടുണ്ട്. സ്വാഭാവിക പരിവര്‍ത്തനങ്ങളാണവ. മരുന്നുചെടികളുടെ ദൗര്‍ലഭ്യം ടിഷ്യൂകള്‍ച്ചര്‍ മുഖേന പരിഹരിക്കാമെങ്കില്‍ അത് നല്ലതുതന്നെ. തിരക്കുപിടിച്ച ഇക്കാലത്ത് വെള്ളം തിളപ്പിച്ച് കഷായം കുടിക്കാന്‍ പലര്‍ക്കും സമയം കാണില്ല. അതിനുള്ള ബദലായാണ് കഷായഗുളികകള്‍ അവതരിച്ചത്. ചില പോരായ്മകള്‍ ഉണ്ടാകാം. എന്നാല്‍, കാലത്തിനനുസരിച്ച് മാറ്റം അനിവാര്യമാണ്. പണ്ട് മണ്‍കൂജകളില്‍ സൂക്ഷിച്ചിരുന്ന മരുന്നുകള്‍ പിന്നെ ചില്ലുകുപ്പിയിലേക്കും തുടര്‍ന്ന് പ്ലാസ്റ്റിക് കുപ്പിയിലേക്കും മാറ്റപ്പെട്ടില്ലേ. ഗ്രന്ഥത്തില്‍ പറയുംപ്രകാരമാണെങ്കില്‍ അത് സൂക്ഷിക്കേണ്ടത് സ്വര്‍ണത്തിന്റെയോ ചെമ്പിന്റെയോ പാത്രത്തിലാണ്. പ്രായോഗികതയാണിവിടെ വിഷയം.
പലപ്പോഴും അലോപ്പതിക്ക് പിറകിലാകാറില്ലേ ആയുര്‍വേദത്തിന്റെ സ്ഥാനം?
* ശരിയാണ്. ഗവേഷണമില്ലായ്മയാണ് ആയുര്‍വേദത്തിന്റെ പോരായ്മ. അതുകൊണ്ടുതന്നെ ആയുര്‍വേദത്തെ ഒരു പൂര്‍ണ ശാസ്ത്രശാഖയായി പരിഗണിക്കുന്നില്ല. അനസ്‌തേഷ്യയുടെയും ശസ്ത്രക്രിയയുടെയും അഭാവം ഒരു പ്രധാന അപര്യാപ്തതയാണ്. അലോപ്പതി കുതിച്ചുചാട്ടം നടത്തിയത് അനസ്‌തേഷ്യയുടെ സഹായത്തോടെയാണ്. ആയുര്‍വേദത്തില്‍ ശസ്ത്രക്രിയാരീതികളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും അവ കാലത്തെ അതിജീവിച്ചില്ല. അനസ്‌തേഷ്യയുടെ അഭാവംതന്നെയാണ് പ്രധാനം. രസതന്ത്ര ശാസ്ത്രശാഖക്ക് പാശ്ചാത്യരാജ്യങ്ങളിലുണ്ടായ വികാസം ഇന്ത്യയില്‍ സംഭവിച്ചില്ല. ബുദ്ധമതത്തിന്റെ സ്വാധീനവും ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നു. ശസ്ത്രക്രിയ ബുദ്ധ ആചാരപ്രകാരം ഹിംസയാണ്. അതുകൊണ്ടുതന്നെ അവര്‍ അതിനെതിരായി. എന്നാല്‍, കുറച്ചിടെയായി ഭഗന്ദരം, അര്‍ശസ്സ് തുടങ്ങിയ രോഗങ്ങള്‍ക്കായി ആയുര്‍വേദവിധിപ്രകാരം ശസ്ത്രക്രിയകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
ആയുര്‍വേദത്തിന്റെ നിലനില്‍പില്‍ തിരുമുല്‍പാടിന് ആശങ്കയുണ്ടോ ?
* ഒട്ടുമില്ല.
കേരളവും ആയുര്‍വേദവും
* high morbidity - low mortality എന്നതാണ് കേരളത്തിന്റെ സ്ഥിതി. മരണനിരക്ക് കാര്യമായി കുറയുന്നു. എന്നാല്‍, രോഗാതുരത ക്രമാതീതമായി വര്‍ധിക്കുന്നു. വിവിധ തരത്തിലുള്ള പുതിയ രോഗങ്ങളുടെ ഉദ്ഭവം ഇതിന്റെ ഒരു ലക്ഷണമാണ്. ജീവിതശൈലിയില്‍ വന്ന മാറ്റവും കാരണമാകാം. ആയുര്‍വേദത്തെ കച്ചവടമാക്കാന്‍ ശ്രമിക്കുന്നതുകൊണ്ടുണ്ടായ ഒരു ഗുണം വിദ്യാഭ്യാസരംഗത്താണ്. കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് ആയുര്‍വേദ കോഴ്‌സിന് പ്രവേശനം ലഭിച്ചാല്‍ പോലും ആര്‍ക്കും ചേരാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് ലക്ഷങ്ങള്‍ നല്‍കി ആയുര്‍വേദം പഠിക്കാന്‍ കുട്ടികള്‍ തയാറാണ്. പണത്തിന്റെ പേരിലായാലും ആയുര്‍വേദം പഠനവിധേയമാകുന്നു. അതും നല്ലതുതന്നെ.
എതൊരു ആധുനികനേക്കാളും ഉല്‍പ്പതിഷ്ണുവാണ് താന്‍ എന്ന് അദ്ദേഹം തെളിയിക്കുന്നു. ഏതൊരു സധാരണക്കാരനു മുന്നിലും ആയുര്‍വേദത്തെ ലളിതമായി വിവരിക്കുന്നു ഈ അപൂര്‍വവൈദ്യന്‍..
ReplyDeleteമനോഹരമായിരിക്കുന്നു എന്നു തന്നെ പറയാം, ജിഷ്ണൂ. ഇത്രയും വ്യക്തമായും പ്രായോഗികമായും കാര്യങ്ങളെ സമീപിക്കുന്ന ആളുകൾ അപൂർവ്വമെന്ന് തന്നെ പറയാം.
ReplyDeleteഇത് ഇവിടെ പങ്കുവച്ചതിനു നന്ദി.
അദ്ദേഹം അവസാനം പറഞ്ഞ വാക്കുകള്‍ നോക്കൂ..
ReplyDelete'ഇന്ന് ലക്ഷങ്ങള്‍ നല്‍കി ആയുര്‍വേദം പഠിക്കാന്‍ കുട്ടികള്‍ തയാറാണ്. പണത്തിന്റെ പേരിലായാലും ആയുര്‍വേദം പഠനവിധേയമാകുന്നു. അതും നല്ലതുതന്നെ.'
ഈ വാക്കുകള്‍ അദ്ദേഹത്തിനു മാത്രമേ പറയാന്‍ കഴിയൂ.. വളരെ നന്ദി അനിലേട്ടാ..
Great personality
ReplyDeleteനന്ദി . എനിക്കും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടി
ReplyDeleteതീര്‍ച്ചയായും അറിവിന്റെ ഒരു ലോകം തന്നെ സൃഷ്ട്ടിച്ചു ..നന്ദി ജിഷ്ണുട്ടാ ...പ്രകൃതിയോട് ബന്ധപെട്ട ഒന്നാണ് ആയുര്‍വേദം ..ആയുര്‍വേദ ത്തിന്റെ ഒരു ബന്ധം എനിക്കുണ്ട് ....എന്റെ ഉമ്മയുടെ ഉപ്പ അന്നത്തെ ഒരു വൈദ്യന്‍ ആയിരുന്നു ....പഴയ ആ ആയുര്‍വേദ ബുക്കുകള്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചിട്ടുണ്ട് ..ഇനിയും എഴുതുക എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDelete@ ഒരു കുഞ്ഞുമയില്‍പീലി വൈദ്യപാരമ്പര്യത്തിന് ഉടമയായതില്‍ അഭിമാനിക്കാം.. പുസ്തകങ്ങളൊക്കെ ഇടക്കിടക്ക് വായിച്ചുനോക്കൂ.. ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു. ആയുര്‍വേദത്തെകുറിച്ച് അറിയുന്നവരല്ലെ അതിന്‍റെ പ്രചാരകരാകേണ്ടത്.?
ReplyDelete@രമേശ് അരൂര്‍
ഇരിപ്പിടത്തിന് എന്‍റെ എല്ലാ ആശംസകളും നേരുന്നു. എന്‍റെ കുഞ്ഞുമഞ്ജരിയെ പരാമര്‍ശിച്ചതിന് ഒരുപാട് നന്ദി. തീര്‍ച്ചയായും ഇതൊരു നല്ല സംരംഭമാണ്. വി യെ ക്കു പ്രത്യേകം നന്ദിപറയുന്നു. ഇരിപ്പിടത്തിന്‍റെ ഒരു സ്ഥിരം വായനക്കാരന്‍ ആയിരിക്കും ഞാന്‍.