8.22.2011

ആയുര്‍വേദത്തിനു തമിഴ്നാട്ടില്‍ ശുദ്ധി കലശം അഥവാ കൊല്ലാനായുള്ള കുളിപ്പിക്കല്‍

തീരുമാനം തമിഴ്നാട് സര്‍ക്കാരിന്‍റേതാണെങ്കിലും പറയാതെ വയ്യ ആയുര്‍വേദ ബാച്ച്ലര്‍ കോഴ്സില്‍ നിന്നും ആധുനിക ശാസ്ത്ര വിഷയങ്ങള്‍  നീക്കം ചെയ്തുകൊണ്ട് തമിഴ് നാട്ടിലെ മെഡിക്കല്‍ സര്‍വകലാശാല അധിപന്‍ ഉത്തരവിറക്കി. നിസാരമെന്നും നിര്‍ദ്ദോഷകരമെന്നും കേള്‍ക്കുന്നവര്‍ക്ക് തോന്നാമെങ്കിലും പടിപടിയായി ആയുര്‍വേദത്തിന്‍റെ ആയുസ്സറക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍.
                  ആയുര്‍വേദക്കാരെന്തിനാണ് അലോപ്പതിയൊക്കെ പഠിക്കുന്നത് എന്ന് വിചാരിക്കുന്നവര്‍ ഉണ്ടാകാം. ആയുര്‍വേദ ചികിത്സകരില്‍ തന്നെ അധുനികശാസ്ത്രം പഠിക്കുന്നതാണ് ആയുര്‍വേദം വളരാത്തതിന് കാരണം എന്ന് കരുതുന്നവരും ഉണ്ട്. ഇന്നത്തെ ആയുര്‍വേദ പഠനം ഒരുപാട് മാറ്റങ്ങള്‍ക്കുശേഷമാണ് ഇന്നത്തെ നിലയില്‍ എത്തിയത്. ഡിഗ്രികളും ഒരുപാട് മാറി വന്നു. രാജാക്കന്മാരുടെ കാലം മുതല്‍ തന്നെ ഭാരതത്തില്‍ ആയുര്‍വേദ കൊഴ്സുകള്‍ നിലവിലുണ്ടായിരുന്നു. അത്തരം പഠശാലകളിലെ പഠനവും വ്യത്യസ്ത രീതിയികളിലായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായി എകീകൃത പഠനക്രമം ആയുര്‍വേദത്തിനു വന്നത് സെന്‍ട്രല്‍ കൗണ്സിലിന്‍റെ വരവോടുകൂടിയാണ്.സി.സി.ഐ.എം നിശ്ചയിക്കുന്ന സിലബസ് ആണ് ഭാരതമൊട്ടകെയുള്ള സര്‍വകലാശാലകള്‍ പഠിപ്പിക്കുന്നത്.
        അതിനു ശേഷവും പലതവണ ആയുര്‍വേദ സിലബസ് മാറുകയും കോഴ്സിനു തന്നെ രൂപമാറ്റങ്ങളും സംഭവിച്ചാണ് ഇന്നു കാണുന്ന ബി.എ.എം.ഏസ് വന്നത്. മാറ്റങ്ങള്‍ ഇപ്പൊഴും തുടരുന്നു. എല്ലാ മാറ്റങ്ങളും നന്മയിലേക്കു തന്നെ ആയിരുന്നു എന്നാണ് ഇതുവരെയുള്ള ആയുര്‍വേദ ചികിത്സകരുടെ ചരിത്രം തെളിയിക്കുന്നത്. കേരളത്തിലുള്‍പ്പെടെ പ്രഗല്‍ഭരായ ധാരാളം ആയുര്‍വേദ ചികിത്സകര്‍ ഇന്നുണ്ട്. അവരില്‍ വൈദ്യ പാരമ്പര്യമുള്ളവരും ഇല്ലാത്തവരും ഉള്‍പ്പെടുന്നു.
ആയുര്‍വേദക്കാരെന്തിന് മോഡേണ്‍ പഠിക്കണം.
ആയുര്‍വേദ ചികിത്സ തീര്‍ച്ചയായും ആയുര്‍വേദ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. എന്നാല്‍ സമകാലിക ശാസ്ത്ര വിഷയങ്ങളിലുള്ള അറിവ് ഒരു ചികിത്സകന് ഒഴിച്ചുകൂടാനാകാത്തതാണ്. ജീവനുള്ള മനുഷ്യശരീരമാണ് അയാളുടെ പ്രവര്‍ത്തിമണ്ഡലം എന്നതാണ് പ്രധാന കാരണം. രോഗനിര്‍ണയത്തിനായി സമകാലികമായ എല്ലാ അറിവുകളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. രോഗങ്ങള്‍ പലരൂപത്തില്‍ ഭാവത്തില്‍ വരുന്നു. കൃത്യമായ രോഗനിര്‍ണയം രോഗശാന്തിയിലേക്കുള്ള ആദ്യത്തെ ചുവടുവയ്പ്പാണ്. 
പ്രൊക്ടോസ്കോപ്
                    രോഗം നിര്‍ണ്ണയിക്കാന്‍ ഏതുമാര്‍ഗവും വൈദ്യനു സ്വീകരിക്കാം. രോഗം നിര്‍ണ്ണയിക്കുക എന്നതാണ് പ്രധാനം. അതൊരു ചെറിയ കാര്യമല്ല. "രോഗമാദൗ പരീക്ഷേത് തദനന്തരമൗഷധം" രോഗം ആദ്യം നിര്‍ണ്ണയിക്കണം എന്നിട്ടാണ് മരുന്ന് നല്‍കേണ്ടത് എന്ന് ആചാര്യന്‍ പറയുന്നു. ഇന്ന രീതിയില്‍ മാത്രമേ രോഗം കണ്ടെത്താവു എന്ന് ആരും പറയുന്നില്ല. ധാരാളം രോഗ രോഗീ പരീക്ഷാവിധികള്‍ അവര്‍ പറയുന്നുണ്ടെന്കിലും, ഉദാഹരണത്തിന് ’അഷ്ടസ്ഥാന പരീക്ഷ’ എട്ട് ശരീരഭാഗങ്ങളുടെ പരിശോധനയാണ്. ഈ എട്ട് പരിശോധനകള്‍ എട്ട് രീതിയില്‍ ശരീരത്തെ മനസിലാക്കലാണ്. ഏട്ട് കോണുകളിലൂടെയുള്ള നോക്കിക്കാണലാണ്. രോഗിയുടെ നാടി, മൂത്രം, മലം, നാക്ക്, ശബ്ദം, സ്പര്‍ശം, കണ്ണ്, ആകൃതി (വിവിധ ശാരീരാവയവങ്ങളുടെ രൂപമാറ്റം) ഇവ പരിശോധിച്ചാണ് രോഗനിര്‍ണ്ണയം ചെയ്യേണ്ടത് എന്ന് പറയുന്നു.
             രോഗനിര്‍ണ്ണയത്തിനായി ധാരാളം വിധികള്‍ ഇനിയും പൊതുവായും അതാത് രോഗങ്ങളുടെ പ്രകരണത്തിലും പറയുന്നുണ്ട്. രോഗനിര്‍ണ്ണയത്തിനായി അവര്‍ സ്വീകരിച്ചിരുന്ന വഴികള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. രോഗിയുടെ പതിവ് വിസര്‍ജ്യസ്ഥലങ്ങളില്‍ ഉറുമ്പ് മുതലായ മധുരം ഇഷ്ടപ്പെടുന്ന പ്രാണികളുടെ സാനിധ്യം അയാള്‍ പ്രമേഹരോഗിയാണ് എന്ന തെളിവ് നല്‍കുന്നു. രോഗനിര്‍ണ്ണയത്തില്‍ മാത്രമല്ല മരണാസന്നനായ രോഗിയുടെ ജീവിതകാലം നിര്‍ണ്ണയിക്കുന്ന അരിഷ്ട ലക്ഷണങ്ങള്‍ പറയുന്ന സന്ദര്‍ഭത്തിലും ഇതേ മതിരിയുള്ള അറിവുകളുടെ പ്രയോഗങ്ങളുണ്ട്. രോഗിയുടെ ഗന്ധ വ്യത്യാസം, ശബ്ദവ്യത്യാസം, തൊട്ടും കണ്ടുമുള്ള പരിശോധനകള്‍ എന്നിവ നടത്തി രോഗ നിര്‍ണ്ണയം ചെയ്യുമായിരുന്നു.
ആര്‍ശോ യന്ത്രം.
                അചാര്യന്‍മാര്‍ അവരുടെ കാലത്ത് ഉപയോഗിക്കുവാന്‍ പറ്റുമായിരുന്ന ഏത് ആധുനിക സാങ്കേതിക വിദ്യയും അവര്‍ ഉപയോഗിച്ചിരുന്നു. സുശ്രുത സംഹിതയില്‍ രോഗദര്‍ശനാര്‍ത്ഥം (രോഗഭാഗം നേരിട്ട്കാണുവാന്‍) നാഡി യന്ത്രങ്ങള്‍ (കുഴല്‍ രൂപത്തിലുള്ള ഉപകരണങ്ങള്‍) ഉപയോഗിക്കുന്നതിന്‍റെ വിവരണങ്ങളുണ്ട്. മലദ്വാരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന അര്‍ശസുകളെ കാണുവാന്‍ ഉപയോഗിച്ചിരുന്ന ആര്‍ശോ യന്ത്രം. അതേ അര്‍ശോ യന്ത്രമാണ് ഇന്ന് പ്രൊക്ടോസ്കോപ് എന്ന പേരില്‍ അധുനികര്‍ ഉപയോഗിക്കുന്നത്. പഴയ നാഡി യന്ത്രതിന്‍റെ അതേ ഉപയോഗവും ധര്‍മ്മവുമാണ് ഇന്നത്തെ എന്‍ഡോസ്കോപ്പും കൊളാനോസ്കോപ്പും അഞ്ജിയോഗ്രാമും ഒക്കെ ചെയ്യുന്നത്. ശാസ്ത്രത്തിന്‍റെ വളര്‍ച്ച പഴയ നാഡി യന്ത്രത്തിന്‍റെ സാധ്യതകളെ വിപുലീകരിച്ചു.   
                    ശബ്ദപരീക്ഷയെക്കുറിച്ച് പറയാം. ശബ്ദ പരീക്ഷ രോഗിയുടെ ശരീരത്തിലെ സ്വാഭാവികവും അസ്വാഭാവികവുമായ ശബ്ദങ്ങളുടെ പരിശോധനയാണ്. അതായത് ഒരാള്‍ ആരോഗ്യവാനായിരിക്കുമ്പോഴും രോഗിയാകുമ്പോഴും ശരീരത്തിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് ശബ്ദങ്ങള്‍ക്കുണ്ടാകുന്ന വ്യത്യാസം മനസിലാക്കി രോഗം നിര്‍ണ്ണയിക്കുക. ഈ ശബ്ദങ്ങള്‍ ഹൃദയ സ്പന്ദനവും ശ്വാസോഛ്വാസവുമൊക്കെയല്ലാതെ പിന്നെന്താണ്? അത് അന്നും ഇന്നും രോഗ പരിശോധനയുടെ പ്രധാന ഘടകമാണ്. അന്ന് സ്റ്റെതസ്കോപ്പോ മറ്റുപകരണങ്ങളോ ഇല്ലാതിരുന്ന കാലത്തുപൊലും നെഞ്ചില്‍ തലചേര്‍ത്തുവച്ച് അവര്‍ നൊക്കിയിരിക്കണം. ഭൗതികശാസ്ത്രം വികാസം പ്രാപിച്ചിട്ടില്ലായിരുന്ന ആ കാലഘട്ടത്തില്‍ വാഗ്ഭടന് ഒരു സ്റ്റെതസ്കോപ്പ് കിട്ടിയിരുന്നെങ്കില്‍ തീര്‍ച്ചയായും അത് ഉപയോഗിക്കുക മാത്രമല്ല സംഹിതയില്‍ എഴുതുകയും ചെയ്തേനെ. ഇങ്ങനെ ഓരൊ അഷ്ടസ്ഥാന പരീക്ഷകളില്‍ ഒരോന്നും എടുത്തു നോക്കിയാല്‍ ഒടുവില്‍ അത്യാധുനിക രോഗനിര്‍ണ്ണയോപധികളിലാകും ചെന്നു നില്ക്കുക. അവയൊന്നും ഒരു ആയുര്‍വേദ വിദ്യാര്‍ദ്ധി പഠിക്കരുത് എന്ന് പറയുന്നത് എന്ത് ന്യയമാണ്???
                     ഇത് പാശ്ചാത്യനാണ് ഇത് തൊടാന്‍ പാടില്ല എന്ന വിവേചനം പഴയവൈദ്യന്‍മാര്‍ക്കുണ്ടായിരുന്നില്ല. അതിന് എറ്റവും നല്ല ഉദാഹരണം ഫിരംഗം എന്ന രോഗമാണ്. സിഫിലിസ് ആണ് അത്. ആദ്യകാല ആയുര്‍വേദ ഗ്രന്ധങ്ങളില്‍ ഫിരംഗ രോഗത്തെപറ്റി പരാമര്‍ശങ്ങളില്ല. അന്ന് അങ്ങനെ ഒരു രോഗം ഇല്ലായിരുന്നു എന്നതാണ് കാരണം. എന്നാല്‍ ഭാരതത്തിലേക്ക് പാശ്ചാത്യര്‍ വരാന്‍ തുടങ്ങിയതോടുകൂടി ഈ രോഗം ഇവിടെയും വരികയും അത് ചികിത്സിക്കാനിടയായ വൈദ്യന്‍ അതും ആയുര്‍വേദത്തിന്‍റെ വിജ്ഞാന ശേഖരത്തിന്‍റെ ഭാഗമാക്കുകയാണ് ഉണ്ടായത്, ഫിരംഗരോഗം പിന്നീടുള്ള മാധവനിദാനം പോലുള്ള ഗ്രന്ധങ്ങളില്‍ വിവരിച്ചിട്ടുണ്ട്. രോഗനിര്‍ണ്ണയം ചെയ്യുന്നതിലും ചികിത്സിക്കുന്നതിലും പാശ്ചാത്യ പൗരസ്ഥ്യ വ്യത്യാസങ്ങള്‍ ഇവിടെയില്ലായിരുന്നു.
                    ഇന്നത്തെ കാലത്തെ ഒരു ആയുര്‍വേദ ചികിത്സകന് മോഡേണ്‍ ഒഴിച്ചുകൂടാനാകാത്തതാണ്. രോഗനിര്‍ണയത്തിന് ആധുനിക ഉപകരണങ്ങള്‍ ഇന്നവന്‍ പ്രയോജനപ്പെടുത്തുന്നു. അധുനിക ശാസ്ത്രപ്രകാരം രോഗനിര്‍ണയം ചെയ്യുന്നതോടൊപ്പം ലക്ഷണാനുസൃതമായി ത്രിദോഷനിരൂപണം ചെയ്താണ് ഇന്ന് ആയുര്‍വേദ ചികിത്സകര്‍ ചികിത്സിക്കുന്നത്. അതിന് അതിന്‍റേതായ ഗുണങ്ങളുമുണ്ട്. ബാഹ്യമായി കാലാനുസൃതമായി രൂപന്തരപ്പെട്ടുകൊണ്ട് ആന്തരികമായി അടിസ്ഥാന തത്വങ്ങളില്‍ ഉറച്ചുനിന്നാണ് ആയു‍ര്‍വേദം എന്നും നിലനിന്നു പോരുന്നത്.
                 ഇന്നത്തെ ഒരു രോഗി ഒരു സകല പരിശോധനാ ഫലങ്ങളുമായാണ് ആയുര്‍വേദ ചികിത്സക്കായി എത്തുന്നത്. സ്കാന്‍ റിപ്പൊര്‍ട്ടുമായി തന്‍റെ മുന്നില്‍ അത്തുന്ന രോഗിയോട് എന്താണ് ഒരു ആയുര്‍വേദക്കാരന്‍ പറയേണ്ടത്?? ’സ്കാന്‍ അയുര്‍വേദമല്ല ഞാനത്നോക്കില്ല’ന്നോ??
 സ്കോളിയോസിസിനു ആയുര്‍വേദത്തില്‍ ചികിത്സയുണ്ടോ എന്നു ചോദിച്ചു വരുന്നയാളോട് അതെന്താണെന്ന് എനിക്കറിയില്ല എന്നൊരു ചികിത്സകന്‍ പറഞ്ഞാലെങ്ങെനിരിക്കും? ഇത്തരം നീക്കങ്ങള്‍ സൃഷ്ടിക്കുന്നത് ഭാവിയില്‍ ബി.പി നോക്കാനറിയാത്ത, ലാബ് പരിശോധനകള്‍ എന്തെന്നറിയാത്ത ഒരു ഡോക്ടര്‍ തലമുറയെ ആയിരിക്കും.
                     പക്ഷെ അതാണ് അവര്‍ക്കു വേണ്ടത് എന്നതാണ് സത്യം. ഇങ്ങനെയൊരു ബുദ്ധിശൂന്യതക്ക് പിന്നിലേ കുബുദ്ധി അതാണ് ഉദ്ദേശിക്കുന്നതും. ഇന്ന് ആയുര്‍വേദത്തെ ’സ്വതന്ത്രമാക്കാന്‍’ എന്ന വ്യാജേന ഭാവി തലമുറയെ തളര്‍ത്തുക. എന്നിട്ട് കാലത്തിനൊത്ത് വളര്‍ന്നില്ല എന്ന കുറ്റം ചുമത്തി ആയുര്‍വേദ പഠനം അവസാനിപ്പിക്കുക.
                  വിവേചനശേഷിയില്ലാതെ തീരുമാനങ്ങളെടുത്ത് സിലബസില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ദൂരവ്യാപകമായ ഫലങ്ങളാണ് വരുത്തുന്നത്. ഒരു തലമുറയെത്തെന്നെ അറിവില്ലായ്മയിലേക്ക് തള്ളിവിടുന്നു. ആയുര്‍വേദക്കാരുടെ വ്യാജ ചികിത്സ അവസാനിപ്പിക്കാന്‍ വേണ്ടിയാണ്. എന്നൊരു ന്യായവും പറഞ്ഞിട്ടുണ്ട്. ഇവിടെ പത്താം ക്ലാസ് പാസാകത്തവന്‍ വ്യാജ ചികിത്സ നടത്തിയിട്ട് മിണ്ടാത്തവരാണ് ഇപ്പൊ ആയുര്‍വേദക്കാരുടെ വ്യാജ ചികിത്സ നിര്‍ത്തുന്നത്. വ്യാജ ചികിത്സനിര്‍ത്താന്‍ അതു ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കുകയാണ് വേണ്ടത്.

വാലറ്റം
നാളെ ഇതേ ആള്‍ക്കാര്‍ ഒരു പുതിയ നിയമാവലി ഇറക്കികൂടയ്കയില്ലാ

1) ആയുര്‍വേദ ഡോക്ടര്‍മാര്‍ കാല്‍നടയായി സഞ്ചരിക്കുക. ആര്‍ഭാടത്തിന് കാളവണ്ടിയോ കുതിര വണ്ടിയോ ആകാം.
2)പേന, പേപ്പര്‍ മുതലായവ ഉപയോഗിക്കാതെ എഴുത്താണികൊണ്ട് പനയോലയില്‍ കുറിപ്പടി എഴുതുക.
3) മരവുരിയുടുക്കുക
ഇനി ഏന്തെല്ലാം കാണാന്‍ കിടക്കുന്നു.......

29 comments:

  1. ഉദ്ദേശലക്ഷ്യങ്ങള്‍ വ്യക്തമാണ്. ഒരു ഭാഗത്ത് ജനങ്ങള്‍ ആയുര്‍വേദത്തെ സ്വീകരിക്കുമ്പൊള്‍ മറുഭാഗത്ത് അത് തകര്‍ക്കാനൊരു ശ്രമം.

    ReplyDelete
  2. ആയൂർവേദം എത്രയോ നൂറ്റാണ്ടുകളായി ഇവിടെ ഉള്ളതാണ്. ഈ വക പേപ്പിടി കൊണ്ടൊന്നും അതിനെ തകർക്കാൻ പറ്റുമോ...?

    ReplyDelete
  3. സുഹൃത്തേ ....
    ആയുര്‍വേദം ഒരു ഫാഷനായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങനൊരു സംഭവം നടന്നില്ലെങ്കിലേ അതിശയമുള്ളൂ.... ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ മുന്‍കൈ എടുത്ത താങ്കള്‍ക്ക് അഭിവാദ്യങ്ങള്‍....

    ReplyDelete
  4. ശ്രീ വി.കെ, ആയുര്‍വേദത്തെ അങ്ങനെ തകര്‍ക്കാനൊന്നും ആര്‍ക്കും കഴിയില്ല. അങ്ങനെ വ്യാമോഹിക്കുന്നവരാണ് ഇതിനു പിന്നില്‍..
    ശ്രീ ഡോക്ടര്‍ മൃദുല്‍ മോഹന്‍, ആയുര്‍വേദമഞ്ജരി വായിച്ചതില്‍ ഒരുപാട് നന്ദി. അഭിപ്രായത്തിനും.

    ReplyDelete
  5. ശ്രീ ജിഷ്ണു

    ഞങ്ങളൊക്കെ ആയുര്‍വേദം ശുദ്ധമായി മാത്രം പഠിച്ചവരാണ്‌.

    ആധുനിക വിജ്ഞാനം കൂടി വേണം എന്നു തോന്നിയപ്പോള്‍ അതു വേറെ പഠിച്ചു. ഓരോന്നും അതാതിന്റെ തനിമയില്‍ പഠിക്കുന്നതല്ലെ നല്ലത്‌?

    അല്ലാത്തതിന്റെദോഷവശം കൂടി അറിയാവുന്നതു കൊണ്ടാണ്‌ ഇതെഴുതുന്നത്‌.

    stethoscope വച്ച്‌ ഹൃദയ മിടിപ്പിന്റെ ശബ്ദം കേട്ടിട്ട്‌ എന്തു മഹാകാര്യം ആണ്‌ ആയുര്‍വേദരീതിയില്‍ സാധിക്കാനുള്ളത്‌?


    ആയുര്‍വേദത്തെ നശിപ്പിക്കുന്നത്‌ ആയുര്‍വേദക്കാര്‍ തന്നെ ആണ്‌ അല്ലതെ മറ്റാരും അല്ല

    ReplyDelete
  6. ശ്രീ ഇന്‍ഡ്യാഹെറിറ്റേജ് സാര്‍, അതാതിന്‍റെ തനിമയില്‍ തന്നെ രണ്ടും പഠിക്കണം. രണ്ടും വേണം എന്നതാണ് കാര്യം. ഒന്നുമാത്രമായാല്‍ പോരാ. ആയുര്‍വേദത്തെ മോഡേണിലേക്ക് വലിച്ചിഴച്ച് പഠിക്കുന്നതിനെ ഞാനും എതിര്‍ക്കുന്നു.

    സ്റ്റെതസ്കോപ്പ് വച്ചുനോക്കിയിട്ട് എന്തുകാര്യം എന്ന് ചോദിചാല്‍, ത്രിദോഷവികല്‍പം ചെയ്യുമ്പോള്‍ സ്റ്റെതസ്കോപ്പിനു റോളുണ്ടോ എന്നെനിക്കറിയില്ല. തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ സാധിച്ചുകൂടെന്നില്ല.

    തമകശ്വാസത്തില്‍ രോഗി ’ഘുര്‍ഘുര’ ശബ്ദത്തില്‍ ശ്വസിക്കും എന്ന് വാഗ്ഭടാചാര്യന്‍ പറയുന്നു. ആ ശബ്ദം നമുക്ക് യന്ത്ര സഹായമില്ലാതെതന്നെ കേള്‍ക്കാവുന്നതാണ്. എന്നാല്‍ തമകശ്വാസം പൂര്‍ണ്ണരൂപം പ്രാപിക്കുന്നതിന് മുന്പെ രോഗി ചികിത്സകനേ വന്നുകണ്ടാല്‍, ആ സ്റ്റെതസ്കോപ്പ് വച്ചുനോക്കിയാല്‍ ആ ശബ്ദം കേള്‍ക്കുകയും വരാനിരിക്കുന്ന തമകശ്വാസത്തെ സ്ഥാനസംശ്രയ ഘട്ടത്തില്‍ തന്നെ ചികിത്സിച്ച് മാറ്റുകയും ചെയ്യാം.
    ഇതേപോലെ തന്നെ ആധുനിക സങ്കേതിക വിദ്യകള്‍ ആയുര്‍വേദപ്രകാരം ഒരു അസുഖത്തിന്‍റെ സംപ്രാപ്തിയെ പ്രകോപ, പ്രസര, സ്ഥാനസംശ്രയ ഘട്ടങ്ങളില്‍ വച്ച് തന്നെ മനസിലാക്കാന്‍ സാധിക്കുന്നു. സ്വാഭാവികമായും മേല്‍പ്പറഞ്ഞ ഘട്ടങ്ങളില്‍ രോഗശാന്തി താരതമ്യേന എളുപ്പമാണല്ലോ.. ഉദാഹരണമായി രക്താതിസമ്മര്‍ദ്ദം, ആയുര്‍വേദപ്രകാരം അതൊരുരോഗമല്ല. കാരണം വ്യക്തമായ ലക്ഷണ‍ങ്ങള്‍ ഉണ്ടാകുന്നില്ല എന്നതുതന്നെ കാരണം. എന്നാല്‍ വര്‍ധിച്ച അവസ്ഥയില്‍ ബി.പി അവ്യക്ത ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിനാല്‍ അതിനെ എതോ ഒരു അസുഖത്തിന്‍റെ പൂര്‍വരൂപ ഘട്ടമായി കണക്കാക്കാം. പിന്നെ ബി.പി കൂടി ഉണ്ടാകുന്ന അനന്തരവ്യാധികളെ വരുന്നതിനു മുന്‍പ് തടയാന്‍ സാധിക്കില്ലെ?? പക്ഷാഘാതം, ഹൃദോഗം മുതലായ അതി ബി.പി ജനിത രോഗങ്ങളെല്ലാം വാതപ്രധാന രോഗങ്ങളായതിനാല്‍ രക്താതിമര്‍ദ്ദം ഒരു വാതത്തിന്‍റെ സംപ്രാപ്തിയാണെന്ന് മനസിലാക്കാം. സന്തര്‍പ്പണ നിദാനത്താല്‍ ഉണ്ടാകുന്നതിനാല്‍ കേവല വാതവൃദ്ധിയല്ല ആവരണജന്യ വാതവൃദ്ധിയാണെന്നും മനസിലാക്കാം. അപതര്‍പ്പണകരവും വാതാനുലോമന കരവുമായ ചികിത്സയിലൂടെ ഔഷധ പഥ്യസേവയിലൂടെ (സര്‍പ്പഗന്ഥാദി ഗുളിക അല്ല ഉദ്ദേശിച്ചത്) നമുക്കൊരു പക്ഷാഘാതത്തെയോ ഹൃദ്രോഗത്തെയോ തടയാന്‍ സാധിച്ചാല്‍ അതൊരു വലിയ കാര്യമല്ലേ സാര്‍? മോഡേണ്‍ ടെക്നോളജി ആയുര്‍വേദക്കാര്‍ക്കും ഉപയോഗപ്രദമാണ് എന്ന് പറയാണ് ഇത്രയും പറഞ്ഞത്. ആയുര്‍വേദക്കാര്‍ സ്മിഗ്മോമനോമീറ്ററിനെ വെറുക്കേണ്ടതുണ്ടോ?

    ReplyDelete
  7. ശ്രീ ജിഷ്ണുവിന്റെ വികാരം മനസിലാകുന്നു.
    പക്ഷെ അത്ര ലളിതമായി പറഞ്ഞു തീര്‍ക്കാന്‍ പറ്റുന്ന വിഷയമല്ലാത്തതു കൊണ്ട്‌ കൂടൂതല്‍ എഴുതുന്നില്ല.

    ആകെ ഉള്ള അഞ്ചുകൊല്ലത്തെ പഠിത്തം കൊണ്ട്‌ ആയുര്‍വേദം മുഴുവന്‍ മനസിലാകുമൊ?

    ശ്രീരാമോദന്തം കാവ്യത്തിന്റെ ആദ്യ 23 ശ്ലോകങ്ങള്‍ ആറുമാസം എടുത്ത്‌ പഠിപ്പിച്ച അദ്ധ്യാപകന്റെ ശിഷ്യനാണ്‌ ഞാന്‍.

    അതു തന്നെ ഒരു ദിവസം കൊണ്ടു മുഴുവനും പഠിപ്പിക്കാനും പറ്റും.

    ശ്രീകൃഷ്ണവിലാസം ആയുര്‍വേദവിദ്യാര്‍ത്ഥികള്‍ക്കു ഉപകരിച്ചേക്കും എന്നു കരുതി മലയാളത്തില്‍ അതു മുഴുവനും അര്‍ത്ഥത്തോടും വ്യാഖ്യാനത്തോടുംകൂടി ഉണ്ടാക്കികൊണ്ടിരുന്ന ഒരവസരത്തില്‍ ആയുര്‍വേദകോളേജിലെ തന്നെ ചില പ്രമുഖ അദ്ധ്യാപകരോടു സംസാരിക്കാനുള്ള അവസരം ഉണ്ടായി

    അവര്‍ പറഞ്ഞു പുതുതലമുറയിലെ ആയുര്‍വേദവിദ്യാര്‍ത്ഥികളുടെ തനിനിറം

    അതുകൊണ്ട്‌ ഈ വിഷയത്തില്‍ കൂടുതല്‍ പറയുന്നില്ല

    ഇനിയാ അഞ്ചുകൊല്ലത്തിനുള്ളില്‍ ആധുനികവും പഠിച്ചു തീര്‍ക്കുമൊ?

    വെറ്റിലയും അടയ്ക്കയും ചുണ്ണാമ്പും ചേരുമ്പോള്‍ ചുവപ്പു നിറമാണുണ്ടാകുക - പച്ചയും കാണില്ല്ല വെള്ളയും കാണില്ല.

    പിന്നെ സ്കാന്‍ റിപോര്‍ട്ടും കൊണ്ടുവരുന്നകാര്യം

    ത്രിദോഷചിന്തനത്തിനു സ്കാനിന്റെ ആവശ്യം ഇല്ലല്ലൊ ജിഷ്ണൂ, BP apparatusഉം വേണ്ട

    ReplyDelete
  8. നല്ല തമാശ തന്നെ.
    തലമുറകളുടെ വ്യത്യാസം അനുഭവേദ്യമാകുന്ന സന്ദർഭങ്ങളാണിതെല്ലാം.

    ജിഷ്ണൂവിന്റെ നിലപാടുകളോട് യോജിക്കുന്നു. കോണകം ഉടുത്ത് പണ്ട് യോഗ ചെയ്തിരുന്നു എന്നുള്ളതിനാൽ ഇപ്പോഴും യോഗ ചെയ്യാൻ കോണകം തന്നെ വേണം എന്ന് നിർബന്ധം പറയുന്ന ചിലരെപ്പോലെ തോന്നുന്നല്ലോ പണിക്കർ സാറെ കമന്റ് കണ്ടിട്ട്.
    സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് പരിശോധിക്കണ്ട ഒരു സാഹചര്യവും ആയൂർവേദത്തിലില്ല എന്നാണോ പറഞ്ഞു വരുന്നത്?

    സ്പെസിഫിക്കായി ആക്റ്റ് ചെയ്യാവുന്ന ഒരു മരുന്നു, അഥവാ ലൈൻ ഓഫ് ട്രീറ്റ്മെന്റുകളും ആയൂർ വേദത്തിലില്ല എന്നാണോ ഉദ്ദേശിക്കുന്നത്?

    ReplyDelete
  9. സ്പെസിഫിക്കായി ആക്റ്റ് ചെയ്യാവുന്ന ഒരു മരുന്നു, അഥവാ ലൈൻ ഓഫ് ട്രീറ്റ്മെന്റുകളും ആയൂർ വേദത്തിലില്ല എന്നാണോ ഉദ്ദേശിക്കുന്നത്?
    എന്ന ചോദ്യം രസകരമാണ്. ആയുര്‍വേദം സ്പെസിഫിക് അല്ലായിരുന്നു എങ്കില്‍ ആകേ മൂന്നേ മൂന്ന് മരുന്നുകളെ ആവശ്യമുണ്ടായിരുന്നുള്ളു
    വാതത്തിനൊന്ന്
    പിത്തത്തിനൊന്ന്
    കഫത്തിനൊന്ന്.
    എന്നാല്‍ ഗ്രന്ഥങ്ങളായ ഗ്രന്ഥങ്ങളിലെല്ലാം കൂടി ആയിരക്കണക്കിന് മരുന്നുകള്‍ ആയുര്‍വേദം എത്രത്തോളം സ്പെസിഫിക് ആണ് എന്നതിന്‍റെ സൂചനയല്ലെ?

    ReplyDelete
  10. ജിഷ്ണു,
    ചോദ്യം പണിക്കർ സാറിനോടായിരുന്നു.

    സ്പെസിഫിക്കായ ട്രന്റ്മെന്റിനു സ്പെസിഫിക്കായ ഡയഗ്നോസിസ് ആവശ്യമാണെന്നതാണ് എന്റെ നിലപാട്.

    ReplyDelete
  11. http://heritageindia-indiaheritage.blogspot.com/2007/12/blog-post_26.html

    അനില്‍

    ചോദിച്ചതു കൊണ്ട്‌ പറയാം

    മുകളില്‍ കൊടുത്ത ലിങ്ക്‌ ഒന്നു വായിക്കുക.

    സംശയം ആണെങ്കില്‍ രോഗികളുടെ MRD നമ്പര്‍ ചോദിച്ചോളൂ

    അവരെ ചികില്‍സിച്ചത്‌ ദാ ഈ പറയുന്ന ആള്‍ ആണ്‌

    http://indiaheritage1.blogspot.com/2011/05/blog-post_28.html

    അദ്ദേഹത്തെ കുറിച്ച്‌ മറ്റൊരാള്‍ പറഞ്ഞതും കാണൂ.

    http://jayanevoor1.blogspot.com/2011/05/blog-post_27.html

    ഇ പറഞ്ഞ ആള്‍ എന്നോടൊപ്പം ഒരു മുറിയില്‍ ഒരു കട്ടിലില്‍ കിടന്നുറങ്ങി വളര്‍ന്നവനാണ്‌.

    ഇവനെ കൊണ്ടാണ്‌ ഞാന്‍ അവരെ ചികില്‍സിപ്പിച്ചത്‌.

    ആധുനികം അറിയാന്‍ പറ്റാത്തതിന്റെ വിഷമങ്ങള്‍ എന്നെ പറഞ്ഞു മനസിലാക്കാന്‍ പണ്ട്‌ ഇവനും കുറെ ശ്രമിച്ചതാണ്‌. പ്രശ്നം ഇതു തന്നെ - കുട്ടികള്‍ അലട്ടുന്നു, അല്ലാതെ ചികില്‍സയിലല്ല.

    അന്ന് ഇതെ ഉപദേശം ആയിരുന്നു അവനും ഞാന്‍ കൊടുത്തത്‌ - ആയുര്‍വേദം നന്നായി ചെയ്യാന്‍ അറിയാവുന്ന ഒരാള്‍ നശിക്കേണ്ടല്ലൊ എന്നു കരുതി മാത്രം,
    അഥവാ ഇനി ആധുനികര്‍ പറയുന്ന കിടൂപിടികള്‍ വിശ്വസിക്കാന്‍ തുടങ്ങിയിരുന്നു എങ്കില്‍ അദ്ദേഹവും ഇവരെ ശസ്ത്രക്രിയ അല്ലെ ഉപദേസിക്കുമായിരുന്നുള്ളു?

    അതു കൊണ്ട്‌ കൊണകം ചിലപ്പോള്‍ നല്ലതാണ്‌ എന്നു മാത്രം മനസ്സിലാക്കുക :)

    ReplyDelete
  12. പണിക്കർ സാർ,
    ആദ്യ പോസ്റ്റ് ഇപ്പോഴാണ് കാണുന്നത്. മറ്റത് രണ്ടും നേരത്തെ വായിച്ചവയാണ്.

    ആദ്യ പോസ്റ്റിലെ അവസാന വാചങ്ങൾ കണ്ടൂ: രണ്ടു ശാസ്ത്രശാഖകളും ഇതേ പോലെ ഒന്നിച്ചുപയോഗിച്ചാല്‍ അനന്‍തമായ സാധ്യതകള്‍ ഉണ്ട്‌ എന്നാണ്‌ ഞാന്‍ പറയുവാന്‍ ഉദ്ദേശിച്ചത്‌--
    അല്ലാതെ വെട്ടുപോത്തുകളെ ആയുര്‍വേദം പഠിപ്പിച്ചുകളയാം എന്നല്ല
    .

    അതു തന്നെയാണല്ലോ ജിഷ്ണുവും ഇവിടെ പറയുന്നത്. ഏതു രോഗവും സ്പെസിഫിക്കായി കണ്ടെത്തിയാൽ ചികിത്സയും അത്രക്കു സ്പെസിഫിക്കാവും സമയം ലാഭം പണം ലാഭം രോഗിക്ക് സഫറിങ് കുറയും ചികിത്സ ഫലപ്രദമാവും.

    തർക്കം കഴിഞ്ഞു.
    :)

    ReplyDelete
  13. പണിക്കർ സാറിന്റെ കമന്റ് കാണുന്നില്ലല്ലോ. എവിടെപ്പോയി?

    കമന്റ് ഇതാണ്: ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on the post "ആയുര്‍വേദത്തിനു തമിഴ്നാട്ടില്‍ ശുദ്ധി കലശം അഥവാ കൊ...":

    http://heritageindia-indiaheritage.blogspot.com/2007/12/blog-post_26.html

    അനില്‍

    ചോദിച്ചതു കൊണ്ട്‌ പറയാം

    മുകളില്‍ കൊടുത്ത ലിങ്ക്‌ ഒന്നു വായിക്കുക.

    സംശയം ആണെങ്കില്‍ രോഗികളുടെ MRD നമ്പര്‍ ചോദിച്ചോളൂ

    അവരെ ചികില്‍സിച്ചത്‌ ദാ ഈ പറയുന്ന ആള്‍ ആണ്‌

    http://indiaheritage1.blogspot.com/2011/05/blog-post_28.html

    അദ്ദേഹത്തെ കുറിച്ച്‌ മറ്റൊരാള്‍ പറഞ്ഞതും കാണൂ.

    http://jayanevoor1.blogspot.com/2011/05/blog-post_27.html

    ഇ പറഞ്ഞ ആള്‍ എന്നോടൊപ്പം ഒരു മുറിയില്‍ ഒരു കട്ടിലില്‍ കിടന്നുറങ്ങി വളര്‍ന്നവനാണ്‌.

    ഇവനെ കൊണ്ടാണ്‌ ഞാന്‍ അവരെ ചികില്‍സിപ്പിച്ചത്‌.

    ആധുനികം അറിയാന്‍ പറ്റാത്തതിന്റെ വിഷമങ്ങള്‍ എന്നെ പറഞ്ഞു മനസിലാക്കാന്‍ പണ്ട്‌ ഇവനും കുറെ ശ്രമിച്ചതാണ്‌. പ്രശ്നം ഇതു തന്നെ - കുട്ടികള്‍ അലട്ടുന്നു, അല്ലാതെ ചികില്‍സയിലല്ല.

    അന്ന് ഇതെ ഉപദേശം ആയിരുന്നു അവനും ഞാന്‍ കൊടുത്തത്‌ - ആയുര്‍വേദം നന്നായി ചെയ്യാന്‍ അറിയാവുന്ന ഒരാള്‍ നശിക്കേണ്ടല്ലൊ എന്നു കരുതി മാത്രം,
    അഥവാ ഇനി ആധുനികര്‍ പറയുന്ന കിടൂപിടികള്‍ വിശ്വസിക്കാന്‍ തുടങ്ങിയിരുന്നു എങ്കില്‍ അദ്ദേഹവും ഇവരെ ശസ്ത്രക്രിയ അല്ലെ ഉപദേസിക്കുമായിരുന്നുള്ളു?

    അതു കൊണ്ട്‌ കൊണകം ചിലപ്പോള്‍ നല്ലതാണ്‌ എന്നു മാത്രം മനസ്സിലാക്കുക :)

    ReplyDelete
  14. എന്റെ കമന്റ്‌ വെളിച്ചം കണ്ടില്ലല്ലൊ എവിടെ പോയി ജിഷ്ണൂൂ?

    അനില്‍ ജി
    തര്‍ക്കം കഴിഞ്ഞിരിക്കാം.
    പക്ഷെ ജിഷ്ണു പറഞ്ഞതും അനില്‍ജി പറഞ്ഞത്ം അല്ല ഞാന്‍ പറഞ്ഞത്‌ ഒന്നു കൂടി വിശദമായി ആലോചിച്ചു നോക്കുക

    ശ്രീ ശങ്കരന്‍ ആധുനികം കൂടി പഠിച്ചിരുന്നു എങ്കില്‍ ഇതു ചെയ്യാന്‍ ധൈര്യം ഉണ്ടാകുമായിരുന്നില്ല എന്ന ഒരു മാനം കൂടി ഉണ്ട്‌

    ആധുനികര്‍ ചെയ്യേണ്ടത്‌ ആധുനികരും ആയുര്‍വേദക്കാര്‍ ചെയ്യേണ്ടത്‌ ആയുര്‍വേദക്കാരും ചെയ്യണം അതിന്‌ ഒരു Co-ordination വേണം അത്രയെ ഞാന്‍ ഉദ്ദേശിച്ചുള്ളു അല്ലാതെ ആധുനികര്‍ കുറെ ആയുര്‍വേദവും ആയുര്‍വേദക്കാര്‍ കുറെ ആധുനികവും പഠിച്ചാല്‍ ശരിയാകില്ല എന്ന്
    :)

    ReplyDelete
  15. ക്ഷമിക്കണം. രണ്ട് കമന്‍റ്റുകള്‍ സ്പാമായി വന്നിരുന്നു. ഞാനറിഞ്ഞില്ല...

    ReplyDelete
  16. ശങ്കരന്‍ സാറിനെ കുറിച്ച് ഞാന്‍ കേട്ടിട്ടേ ഉള്ളു. അദ്ദേഹത്തെ ‍ഞാന്‍ ബഹുമാനിക്കുന്നു.
    ആയുര്‍വേദവും മോഡേണും അറിഞ്ഞിട്ടും റിസ്ക് എടുത്ത് ചികിത്സിക്കുന്നവര്‍ ഉണ്ട് സാര്‍. രോഗം ഭേദമാകുമോ ഇല്ലയോ എന്നുള്ളത് ഒരോ ചികിത്സാ സമ്പ്രദായത്തിന്‍റെ മാനദണ്ഡങ്ങള്‍ വച്ച് നോക്കുന്നതാണ് നല്ലത്.ആയുര്‍വേദക്കാരന്‍ അലോപ്പതി പഠിച്ചതുകൊണ്ട് അവനു ചികിത്സിക്കാന്‍ ധൈര്യം കൂടുകയേ ഉള്ളു എന്നാണ് എനിക്ക് തോന്നുന്നത്. ധൈര്യമൊക്കെ ഒരോരുത്തരെ അശ്രയിച്ചല്ലെ സാര്‍. അക്യുട്ട് സി.വി.എ ക്കു അയുര്‍വേദചികിത്സ ചെയ്യുന്ന ഒരാളെ കുറിച്ച് ഞാന്‍ എഴുതിയിരുന്നു. മോഡേണ്‍ അറിഞ്ഞിട്ടാണ് പുള്ളി അത് ചെയ്യുന്നത്.

    ReplyDelete
  17. പ്രിയ ജിഷ്ണൂ ആയുര്‍വേദം പഠിക്കാന്‍ ഉള്ള കാലം മുഴുവന്‍ ആയുര്‍വേദം പഠിക്കുക
    ആ കാലം കൊണ്ടും പഠിച്ചു തീരാന്‍ പറ്റാത്ത അത്ര മഹത്തായ ഒന്നാണ്‌ അത്‌

    ആധുനികവും അത്ര എളുപ്പം പഠിച്ചു തീരാവുന്ന ഒരു സാധനം അല്ല
    അങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അങ്ങു മാറ്റിവയ്ക്കുക.

    stethoscope വച്ച്‌ ഹൃദയശബ്ദങ്ങള്‍ വിശകലനം ചെയ്യുന്നതും ഒരു കാരണം അനുമാനിക്കുന്നതും ഒരു മൂന്നാം വര്‍ഷ MBBS കാരന്റെ കൂടെ അല്‍പദിവസം medical College ല്‍ കറങ്ങി കണ്ടാല്‍ ഇങ്ങനെ ഒരു ധാരണ ഉണ്ടെങ്കില്‍ അങ്ങു മാറിക്കിട്ടും

    ഇതു രണ്ടും കൂടി ഒന്നിച്ചു പഠിച്ച്‌ മഹാ കാര്യം സാധിക്കും എന്നു പറയുന്നത്‌ അസംബന്ധം ആണ്‌. വേണം എങ്കില്‍ രണ്ടും അതാതിന്റെ രീതിയില്‍ പഠിക്കുക

    പിന്നെ ധൈര്യത്തിന്റെ കാര്യം പറഞ്ഞല്ലൊ

    വിവരം കുറയും തോറും ധൈര്യം കൂടും അതു ലോക നീതി ആണ്‌

    ReplyDelete
  18. ദേണ്ട കിടക്കുന്നു !!!

    പണിക്കർ സാറെ,
    ആയൂർവേദ മരുന്നിൽ പാരസിറ്റമോളും ബീറ്റമെതാസോണൂം കലക്കുന്ന കാര്യമല്ലല്ലോ നമ്മൾ പറയുന്നത്. ആയുർവേദ ഗ്രന്ധങ്ങൾ രചിക്കുന്ന കാലത്ത് നിലവിലൂണ്ടായിരുന്ന ഡയഗ്നോസ്റ്റിക് മെതേഡ്സെ ആ ഗ്രന്ധങ്ങളിൽ ഉണ്ടാവൂ. എന്നു കരുതി അതിനു ശേഷം വന്ന പുതിയ മെതേഡ്സ് ഉപയുക്തമാക്കുന്നതിൽ എന്താണു തെറ്റ് ? അതിനെക്കുറിച്ച് പഠിക്കുന്നതിലും തെറ്റില്ല.

    ReplyDelete
  19. അനില്‍ വീണ്ടും വഴിതിരിച്ചു വിടാനാണ്‌ നോക്കുന്നത്‌ അല്ലെ?

    ഞാന്‍ പറയുന്നത്‌ ആയുര്‍വേദം പഠിക്കുമ്പോള്‍ തന്നെ ആധുനികം പഠിക്കണം എന്നു പറയുന്നതിനെതിരെ ആണ്‌.

    സമയപരിധി അനിലിന്‌ അറിവില്ലാത്തതല്ലല്ലൊ.

    ഈ രണ്ടു വൈദ്യശാഖകളും മനസ്സിരുത്തി 'പഠിക്കണം' എങ്കില്‍ ഇപ്പോല്‍ ഉള്ള കാലാവധി പര്യാപ്തം അല്ല. അപ്പോള്‍ പിന്നെ രണ്ടും ഒന്നിച്ചായാല്‍?

    യഥാര്‍ത്ഥ ആയുര്‍വേദചികില്‍സയ്ക്കു ആധുനിക ഡയഗോസ്റ്റിക്സ്‌ ഒരാവശ്യം അല്ല.


    പിന്നെ അതിലുള്ള കുഴപ്പം ഇന്നത്തെ കാലഘട്ടത്തില്‍ ഉള്ള രോഗികള്‍ അതെല്ലാം ചുമന്നു കൊണ്ടായിരിക്കും വരുന്നത്‌ അവരെ തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല എന്നതാണ്‌. അതുകൊണ്ടു തന്നെ വയറ്റുപിഴപ്പു മുട്ടും അതും ശരി

    പുലാമന്തോള്‍ മൂസിന്‌ (ഒരു പേരു പറഞ്ഞു എന്നെ ഉള്ളൂ) MRI റീഡ്‌ ചെയ്യാന്‍ അറിയുമോ എന്നു നോക്കിയല്ല രോഗികള്‍ അവിടെ പോകുന്നത്‌ - ശുദ്ധമായ ആയുര്‍വേദചികില്‍സ കിട്ടും എന്നു വിശ്വസിച്ചാണ്‌.

    ReplyDelete
  20. "എന്നു കരുതി അതിനു ശേഷം വന്ന പുതിയ മെതേഡ്സ് ഉപയുക്തമാക്കുന്നതിൽ എന്താണു തെറ്റ് ?"

    ഒരു തെറ്റും ഇല്ല പക്ഷെ ശുധമായ ആയുര്‍വേദചികില്‍സയ്ക്ക്‌ അവ ആവശ്യമില്ല. എന്നാല്‍ ഞാന്‍ മുമ്പ്‌ എഴുതിയതുപോലെ ആധുനികര്‍ പറയുന്ന പ്രകാരം ഇന്ന രോഗമായിരുന്നു അത്‌ എന്നു മനസ്സിലായാല്‍ കൂടുതല്‍ പഠനങ്ങള്‍ക്കു ആ അറിവുപയോഗിക്കാം. അപ്പൊഴും രണ്ടു കൈകാര്യം ചെയ്യുന്നത്‌ അതാതില്‍ വിദഗ്ദ്ധന്മാരായിരിക്കണം. അഥവാ ഐന്‍സ്റ്റെയിനെ ഒക്കെ പോലെ ബുദ്ധിയുള്ളവരാണെങ്കില്‍ ഞാന്‍ പറഞ്ഞതു പിന്‌വലിച്ചിരിക്കുന്നു


    "അതിനെ കുറിച്ചു പഠിക്കുന്നതിലും തെറ്റില്ല. "

    ഒരു തെറ്റും ഇല്ല, പക്ഷെ ആയുര്‍വേദം പഠിക്കേണ്ട കാലത്ത്‌ ആയുര്‍വേദം പഠിക്കുക. അതുകഴിഞ്ഞ്‌ മറ്റുള്ളവ പഠിക്കുക

    ReplyDelete
  21. അപ്പൊഴും രണ്ടും കൈകാര്യം ചെയ്യുന്നത്‌ അതാതില്‍ വിദഗ്ദ്ധന്മാരായിരിക്കണം.

    ഇതിനായിരുന്നു ഞാന്‍ എന്റെപോസ്റ്റ്‌ വായിക്കാന്‍ പറഞ്ഞത്‌

    ആ രോഗികളെ പരിശോധിച്ചത്‌ പലഭാഗങ്ങളിലുള്ള വിദഗ്ദ്ധരും അവസാനം അമൃത, ലേക്‌ഷോര്‍ പോലെ ഉള്ള സ്ഥാപനങ്ങളും.

    അത്രയും വിജ്ഞാനം ആയുര്‍വേദകോളേജില്‍ പഠിക്കുന്ന കാലത്തു തന്നെ ഉണ്ടാക്കാം അല്ലെ?

    ഇനി അതുകഴിഞ്ഞാലോ?

    ചികില്‍സിക്കണം എങ്കില്‍ അപ്പോള്‍ ആയുര്‍വേദവും അറിയണം. അത്രെ ഉള്ളു.

    ആധുനികശാസ്ത്രത്തില്‍ വിദഗ്ദ്ധരുണ്ട്‌. അതുപോലെ ആയുര്‍വേദവിദ്യാര്‍ത്ഥികള്‍ ആദ്യം, ആയുര്‍വേദം പഠിക്കുക, അതില്‍ പ്രാവീണ്യം നേടുക
    അതാണ്‌ വേണ്ടത്‌

    ReplyDelete
  22. ഒരു രോഗി മൂത്രകൃച്ച്ര ലക്ഷണങളുമായി വരുനു. വൈദ്യന്‍ അതിന്റെതായ രീതിയില്‍ സര്‍വ്വ വഴികളിലും ചികിത്സിക്കുന്നു. പക്ഷെ രോഗം മാറുന്നില്ല. ഗതികെട്ട രോഗി ആധുനികന്റെ അടുത്ത് സഹായം തേടുന്നു. സ്കാനിങ്, ആദി സംഭവന്‍ങ്ങള്‍ക്കു ശേഷം പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നു രോഗ നിര്‍ണ്ണയം.ഇനി പറയൂ ആധുനികം പഠിക്കണോ, വേണ്ടയോ????

    ReplyDelete
  23. അജീഷ്‌ ആയുര്‍വേദം പഠിക്കാന്‍ പോകണം എന്നു ഞാന്‍ നിര്‍ബന്ധിച്ചോ?

    അജീഷ്‌ പോയി മെഡിക്കല്‍ കോളേജില്‍ പഠിക്കുക. ആയുര്‍വേദം അതു പഠിക്കേണ്ടവര്‍ പഠിച്ചോട്ടെ
    പോരെ?

    ReplyDelete
  24. please see this link: http://madhuchashakam.blogspot.com/2011/09/blog-post.html

    tried posting here, but did not go through...

    ReplyDelete
  25. പണിയൊന്നും ഇല്ലാതിരിക്കുക അല്ല അതുകോണ്ട്‌ ഇതു ഇനി ടൈപ്‌ ചെയ്തു വായിക്കാനൊന്നും നേരമില്ല.

    ആയുര്‍വേദം പഠിക്കണം എനാശ ഉള്ളവര്‍ അയുര്‍വേദം പഠിക്കുക ആല്ലാതെ ആധുനികത്തിനു ചേരാന്‍ അവസരം കിട്ടാതെ വന്നിട്ട്‌ എന്തെങ്കിലും ആകട്ടെ എന്നു വിചാരിക്കുന്ന "കോന്തന്മാര്‍" അതിനു വരാതിരിക്കുക.

    കൂടുതലൊന്നും പറയാനില്ല

    ReplyDelete
  26. മുന്‍പ്‌ സൂരജ്‌ എഴുതിയ ആയുര്‍വേദ വിമര്‍ശനങ്ങളെ സാധൂകരിച്ച "ആയുര്‍വേദ ഡോക്റ്റര്‍മാര്‍ " ഉണ്ടായിരുന്നു
    അവരെ പോലെ ഉള്ള തന്തയില്ലാത്തവന്മാര്‍ ഇതിനു വരണ്ടാ എന്ന്‌!

    ReplyDelete
  27. അല്ല ഞാനെന്തിനാ ഈ രോഷം കൊള്ളുന്നത്‌ അല്ലെ
    നിങ്ങളായി നിങ്ങളുടെ പാടായി

    ഇനി വരുന്ന കാലത്ത്‌ ഇങ്ങനെ ഒക്കെ ആയിരിക്കും 'ആയുര്‍വാതം'

    ഈ പദം ഞാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ MBBS നു ചേര്‍ന്ന ആദ്യ ദിവസം അവിടത്തെ പ്രിന്‍സിപ്പല്‍ 'തെണ്ടി' എന്നോടു പറഞ്ഞ വാക്കാണു കേട്ടൊ. അവനെ കൊണ്ട്‌ അങ്ങേ പറയിപ്പിച്ചതിനുള്ള ഉത്തരവാദിത്തം നിങ്ങളെ പോലെ ഉള്ളവര്‍ക്കാണ്‌

    ഞങ്ങളൊക്കെ expiry കഴിഞ്ഞവരായില്ലെ?

    അതുകൊണ്ട്‌ ഇനി ഈ വിഷയത്തില്‍ നിങ്ങള്‍ എന്തു വേണമെങ്കിലും പറഞ്ഞൊ
    ഞാന്‍ ഈ വഴിക്കില്ല

    ReplyDelete
  28. This comment has been removed by the author.

    ReplyDelete

  29. ആയുര്‍വേദം പഠിക്കുമ്പോള്‍ ആയുര്‍വേദം പഠിക്കുക. അതു പഠിച്ചു കഴിഞ്ഞ്‌ അവര്‍ ലോകത്ത്‌ ഏതു കുന്ത്രാണ്ടം പഠിച്ചാലും ആര്‍ക്കും ഒരു കുഴപ്പവും ഇല്ല.


    ആയുര്‍വേദം പഠിക്കുവാന്‍ നിശ്ചയിച്ച സമയത്ത്‌ മറ്റുള്ളവ പഠിക്കണം എന്നു പറയുന്നതിനെ ആണ്‌ ഞാന്‍ എതിര്‍ക്കുന്നത്‌.

    ഇത്‌ എത്ര പറഞ്ഞാലും തലയില്‍ കയറില്ല എന്നുണ്ടോ?

    നാലര കൊല്ലം കൊണ്ട്‌ പഠിക്കാവുന്നത്ര ആയുര്‍വേദമാണുപഠിക്കാന്‍ നോക്കെണ്ടത്‌.
    അതിന്റെ ഉള്ളില്‍ പഠിച്ചു തീര്‍ന്നിട്ട്‌ ബാക്കി പഠിക്കാന്‍ സമയം ഉണ്ടെങ്കില്‍ ആയുര്‍വേദപഠനകാലത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ പറയൂ.

    വെറുതെ എന്തിനാ വര്‍ഷങ്ങള്‍ മെനകെടുത്തുന്നത്‌?
    അല്ലെങ്കില്‍ PG യ്ക്കുള്ള ഭാഗങ്ങള്‍ പഠിപ്പിക്കൂ.

    ReplyDelete

Copy right protected. Copy pasting disabled