8.22.2011

ആയുര്‍വേദത്തിനു തമിഴ്നാട്ടില്‍ ശുദ്ധി കലശം അഥവാ കൊല്ലാനായുള്ള കുളിപ്പിക്കല്‍

തീരുമാനം തമിഴ്നാട് സര്‍ക്കാരിന്‍റേതാണെങ്കിലും പറയാതെ വയ്യ ആയുര്‍വേദ ബാച്ച്ലര്‍ കോഴ്സില്‍ നിന്നും ആധുനിക ശാസ്ത്ര വിഷയങ്ങള്‍  നീക്കം ചെയ്തുകൊണ്ട് തമിഴ് നാട്ടിലെ മെഡിക്കല്‍ സര്‍വകലാശാല അധിപന്‍ ഉത്തരവിറക്കി. നിസാരമെന്നും നിര്‍ദ്ദോഷകരമെന്നും കേള്‍ക്കുന്നവര്‍ക്ക് തോന്നാമെങ്കിലും പടിപടിയായി ആയുര്‍വേദത്തിന്‍റെ ആയുസ്സറക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍.
                  ആയുര്‍വേദക്കാരെന്തിനാണ് അലോപ്പതിയൊക്കെ പഠിക്കുന്നത് എന്ന് വിചാരിക്കുന്നവര്‍ ഉണ്ടാകാം. ആയുര്‍വേദ ചികിത്സകരില്‍ തന്നെ അധുനികശാസ്ത്രം പഠിക്കുന്നതാണ് ആയുര്‍വേദം വളരാത്തതിന് കാരണം എന്ന് കരുതുന്നവരും ഉണ്ട്. ഇന്നത്തെ ആയുര്‍വേദ പഠനം ഒരുപാട് മാറ്റങ്ങള്‍ക്കുശേഷമാണ് ഇന്നത്തെ നിലയില്‍ എത്തിയത്. ഡിഗ്രികളും ഒരുപാട് മാറി വന്നു. രാജാക്കന്മാരുടെ കാലം മുതല്‍ തന്നെ ഭാരതത്തില്‍ ആയുര്‍വേദ കൊഴ്സുകള്‍ നിലവിലുണ്ടായിരുന്നു. അത്തരം പഠശാലകളിലെ പഠനവും വ്യത്യസ്ത രീതിയികളിലായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായി എകീകൃത പഠനക്രമം ആയുര്‍വേദത്തിനു വന്നത് സെന്‍ട്രല്‍ കൗണ്സിലിന്‍റെ വരവോടുകൂടിയാണ്.സി.സി.ഐ.എം നിശ്ചയിക്കുന്ന സിലബസ് ആണ് ഭാരതമൊട്ടകെയുള്ള സര്‍വകലാശാലകള്‍ പഠിപ്പിക്കുന്നത്.
        അതിനു ശേഷവും പലതവണ ആയുര്‍വേദ സിലബസ് മാറുകയും കോഴ്സിനു തന്നെ രൂപമാറ്റങ്ങളും സംഭവിച്ചാണ് ഇന്നു കാണുന്ന ബി.എ.എം.ഏസ് വന്നത്. മാറ്റങ്ങള്‍ ഇപ്പൊഴും തുടരുന്നു. എല്ലാ മാറ്റങ്ങളും നന്മയിലേക്കു തന്നെ ആയിരുന്നു എന്നാണ് ഇതുവരെയുള്ള ആയുര്‍വേദ ചികിത്സകരുടെ ചരിത്രം തെളിയിക്കുന്നത്. കേരളത്തിലുള്‍പ്പെടെ പ്രഗല്‍ഭരായ ധാരാളം ആയുര്‍വേദ ചികിത്സകര്‍ ഇന്നുണ്ട്. അവരില്‍ വൈദ്യ പാരമ്പര്യമുള്ളവരും ഇല്ലാത്തവരും ഉള്‍പ്പെടുന്നു.
ആയുര്‍വേദക്കാരെന്തിന് മോഡേണ്‍ പഠിക്കണം.
ആയുര്‍വേദ ചികിത്സ തീര്‍ച്ചയായും ആയുര്‍വേദ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. എന്നാല്‍ സമകാലിക ശാസ്ത്ര വിഷയങ്ങളിലുള്ള അറിവ് ഒരു ചികിത്സകന് ഒഴിച്ചുകൂടാനാകാത്തതാണ്. ജീവനുള്ള മനുഷ്യശരീരമാണ് അയാളുടെ പ്രവര്‍ത്തിമണ്ഡലം എന്നതാണ് പ്രധാന കാരണം. രോഗനിര്‍ണയത്തിനായി സമകാലികമായ എല്ലാ അറിവുകളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. രോഗങ്ങള്‍ പലരൂപത്തില്‍ ഭാവത്തില്‍ വരുന്നു. കൃത്യമായ രോഗനിര്‍ണയം രോഗശാന്തിയിലേക്കുള്ള ആദ്യത്തെ ചുവടുവയ്പ്പാണ്. 
പ്രൊക്ടോസ്കോപ്
                    രോഗം നിര്‍ണ്ണയിക്കാന്‍ ഏതുമാര്‍ഗവും വൈദ്യനു സ്വീകരിക്കാം. രോഗം നിര്‍ണ്ണയിക്കുക എന്നതാണ് പ്രധാനം. അതൊരു ചെറിയ കാര്യമല്ല. "രോഗമാദൗ പരീക്ഷേത് തദനന്തരമൗഷധം" രോഗം ആദ്യം നിര്‍ണ്ണയിക്കണം എന്നിട്ടാണ് മരുന്ന് നല്‍കേണ്ടത് എന്ന് ആചാര്യന്‍ പറയുന്നു. ഇന്ന രീതിയില്‍ മാത്രമേ രോഗം കണ്ടെത്താവു എന്ന് ആരും പറയുന്നില്ല. ധാരാളം രോഗ രോഗീ പരീക്ഷാവിധികള്‍ അവര്‍ പറയുന്നുണ്ടെന്കിലും, ഉദാഹരണത്തിന് ’അഷ്ടസ്ഥാന പരീക്ഷ’ എട്ട് ശരീരഭാഗങ്ങളുടെ പരിശോധനയാണ്. ഈ എട്ട് പരിശോധനകള്‍ എട്ട് രീതിയില്‍ ശരീരത്തെ മനസിലാക്കലാണ്. ഏട്ട് കോണുകളിലൂടെയുള്ള നോക്കിക്കാണലാണ്. രോഗിയുടെ നാടി, മൂത്രം, മലം, നാക്ക്, ശബ്ദം, സ്പര്‍ശം, കണ്ണ്, ആകൃതി (വിവിധ ശാരീരാവയവങ്ങളുടെ രൂപമാറ്റം) ഇവ പരിശോധിച്ചാണ് രോഗനിര്‍ണ്ണയം ചെയ്യേണ്ടത് എന്ന് പറയുന്നു.
             രോഗനിര്‍ണ്ണയത്തിനായി ധാരാളം വിധികള്‍ ഇനിയും പൊതുവായും അതാത് രോഗങ്ങളുടെ പ്രകരണത്തിലും പറയുന്നുണ്ട്. രോഗനിര്‍ണ്ണയത്തിനായി അവര്‍ സ്വീകരിച്ചിരുന്ന വഴികള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. രോഗിയുടെ പതിവ് വിസര്‍ജ്യസ്ഥലങ്ങളില്‍ ഉറുമ്പ് മുതലായ മധുരം ഇഷ്ടപ്പെടുന്ന പ്രാണികളുടെ സാനിധ്യം അയാള്‍ പ്രമേഹരോഗിയാണ് എന്ന തെളിവ് നല്‍കുന്നു. രോഗനിര്‍ണ്ണയത്തില്‍ മാത്രമല്ല മരണാസന്നനായ രോഗിയുടെ ജീവിതകാലം നിര്‍ണ്ണയിക്കുന്ന അരിഷ്ട ലക്ഷണങ്ങള്‍ പറയുന്ന സന്ദര്‍ഭത്തിലും ഇതേ മതിരിയുള്ള അറിവുകളുടെ പ്രയോഗങ്ങളുണ്ട്. രോഗിയുടെ ഗന്ധ വ്യത്യാസം, ശബ്ദവ്യത്യാസം, തൊട്ടും കണ്ടുമുള്ള പരിശോധനകള്‍ എന്നിവ നടത്തി രോഗ നിര്‍ണ്ണയം ചെയ്യുമായിരുന്നു.
ആര്‍ശോ യന്ത്രം.
                അചാര്യന്‍മാര്‍ അവരുടെ കാലത്ത് ഉപയോഗിക്കുവാന്‍ പറ്റുമായിരുന്ന ഏത് ആധുനിക സാങ്കേതിക വിദ്യയും അവര്‍ ഉപയോഗിച്ചിരുന്നു. സുശ്രുത സംഹിതയില്‍ രോഗദര്‍ശനാര്‍ത്ഥം (രോഗഭാഗം നേരിട്ട്കാണുവാന്‍) നാഡി യന്ത്രങ്ങള്‍ (കുഴല്‍ രൂപത്തിലുള്ള ഉപകരണങ്ങള്‍) ഉപയോഗിക്കുന്നതിന്‍റെ വിവരണങ്ങളുണ്ട്. മലദ്വാരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന അര്‍ശസുകളെ കാണുവാന്‍ ഉപയോഗിച്ചിരുന്ന ആര്‍ശോ യന്ത്രം. അതേ അര്‍ശോ യന്ത്രമാണ് ഇന്ന് പ്രൊക്ടോസ്കോപ് എന്ന പേരില്‍ അധുനികര്‍ ഉപയോഗിക്കുന്നത്. പഴയ നാഡി യന്ത്രതിന്‍റെ അതേ ഉപയോഗവും ധര്‍മ്മവുമാണ് ഇന്നത്തെ എന്‍ഡോസ്കോപ്പും കൊളാനോസ്കോപ്പും അഞ്ജിയോഗ്രാമും ഒക്കെ ചെയ്യുന്നത്. ശാസ്ത്രത്തിന്‍റെ വളര്‍ച്ച പഴയ നാഡി യന്ത്രത്തിന്‍റെ സാധ്യതകളെ വിപുലീകരിച്ചു.   
                    ശബ്ദപരീക്ഷയെക്കുറിച്ച് പറയാം. ശബ്ദ പരീക്ഷ രോഗിയുടെ ശരീരത്തിലെ സ്വാഭാവികവും അസ്വാഭാവികവുമായ ശബ്ദങ്ങളുടെ പരിശോധനയാണ്. അതായത് ഒരാള്‍ ആരോഗ്യവാനായിരിക്കുമ്പോഴും രോഗിയാകുമ്പോഴും ശരീരത്തിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് ശബ്ദങ്ങള്‍ക്കുണ്ടാകുന്ന വ്യത്യാസം മനസിലാക്കി രോഗം നിര്‍ണ്ണയിക്കുക. ഈ ശബ്ദങ്ങള്‍ ഹൃദയ സ്പന്ദനവും ശ്വാസോഛ്വാസവുമൊക്കെയല്ലാതെ പിന്നെന്താണ്? അത് അന്നും ഇന്നും രോഗ പരിശോധനയുടെ പ്രധാന ഘടകമാണ്. അന്ന് സ്റ്റെതസ്കോപ്പോ മറ്റുപകരണങ്ങളോ ഇല്ലാതിരുന്ന കാലത്തുപൊലും നെഞ്ചില്‍ തലചേര്‍ത്തുവച്ച് അവര്‍ നൊക്കിയിരിക്കണം. ഭൗതികശാസ്ത്രം വികാസം പ്രാപിച്ചിട്ടില്ലായിരുന്ന ആ കാലഘട്ടത്തില്‍ വാഗ്ഭടന് ഒരു സ്റ്റെതസ്കോപ്പ് കിട്ടിയിരുന്നെങ്കില്‍ തീര്‍ച്ചയായും അത് ഉപയോഗിക്കുക മാത്രമല്ല സംഹിതയില്‍ എഴുതുകയും ചെയ്തേനെ. ഇങ്ങനെ ഓരൊ അഷ്ടസ്ഥാന പരീക്ഷകളില്‍ ഒരോന്നും എടുത്തു നോക്കിയാല്‍ ഒടുവില്‍ അത്യാധുനിക രോഗനിര്‍ണ്ണയോപധികളിലാകും ചെന്നു നില്ക്കുക. അവയൊന്നും ഒരു ആയുര്‍വേദ വിദ്യാര്‍ദ്ധി പഠിക്കരുത് എന്ന് പറയുന്നത് എന്ത് ന്യയമാണ്???
                     ഇത് പാശ്ചാത്യനാണ് ഇത് തൊടാന്‍ പാടില്ല എന്ന വിവേചനം പഴയവൈദ്യന്‍മാര്‍ക്കുണ്ടായിരുന്നില്ല. അതിന് എറ്റവും നല്ല ഉദാഹരണം ഫിരംഗം എന്ന രോഗമാണ്. സിഫിലിസ് ആണ് അത്. ആദ്യകാല ആയുര്‍വേദ ഗ്രന്ധങ്ങളില്‍ ഫിരംഗ രോഗത്തെപറ്റി പരാമര്‍ശങ്ങളില്ല. അന്ന് അങ്ങനെ ഒരു രോഗം ഇല്ലായിരുന്നു എന്നതാണ് കാരണം. എന്നാല്‍ ഭാരതത്തിലേക്ക് പാശ്ചാത്യര്‍ വരാന്‍ തുടങ്ങിയതോടുകൂടി ഈ രോഗം ഇവിടെയും വരികയും അത് ചികിത്സിക്കാനിടയായ വൈദ്യന്‍ അതും ആയുര്‍വേദത്തിന്‍റെ വിജ്ഞാന ശേഖരത്തിന്‍റെ ഭാഗമാക്കുകയാണ് ഉണ്ടായത്, ഫിരംഗരോഗം പിന്നീടുള്ള മാധവനിദാനം പോലുള്ള ഗ്രന്ധങ്ങളില്‍ വിവരിച്ചിട്ടുണ്ട്. രോഗനിര്‍ണ്ണയം ചെയ്യുന്നതിലും ചികിത്സിക്കുന്നതിലും പാശ്ചാത്യ പൗരസ്ഥ്യ വ്യത്യാസങ്ങള്‍ ഇവിടെയില്ലായിരുന്നു.
                    ഇന്നത്തെ കാലത്തെ ഒരു ആയുര്‍വേദ ചികിത്സകന് മോഡേണ്‍ ഒഴിച്ചുകൂടാനാകാത്തതാണ്. രോഗനിര്‍ണയത്തിന് ആധുനിക ഉപകരണങ്ങള്‍ ഇന്നവന്‍ പ്രയോജനപ്പെടുത്തുന്നു. അധുനിക ശാസ്ത്രപ്രകാരം രോഗനിര്‍ണയം ചെയ്യുന്നതോടൊപ്പം ലക്ഷണാനുസൃതമായി ത്രിദോഷനിരൂപണം ചെയ്താണ് ഇന്ന് ആയുര്‍വേദ ചികിത്സകര്‍ ചികിത്സിക്കുന്നത്. അതിന് അതിന്‍റേതായ ഗുണങ്ങളുമുണ്ട്. ബാഹ്യമായി കാലാനുസൃതമായി രൂപന്തരപ്പെട്ടുകൊണ്ട് ആന്തരികമായി അടിസ്ഥാന തത്വങ്ങളില്‍ ഉറച്ചുനിന്നാണ് ആയു‍ര്‍വേദം എന്നും നിലനിന്നു പോരുന്നത്.
                 ഇന്നത്തെ ഒരു രോഗി ഒരു സകല പരിശോധനാ ഫലങ്ങളുമായാണ് ആയുര്‍വേദ ചികിത്സക്കായി എത്തുന്നത്. സ്കാന്‍ റിപ്പൊര്‍ട്ടുമായി തന്‍റെ മുന്നില്‍ അത്തുന്ന രോഗിയോട് എന്താണ് ഒരു ആയുര്‍വേദക്കാരന്‍ പറയേണ്ടത്?? ’സ്കാന്‍ അയുര്‍വേദമല്ല ഞാനത്നോക്കില്ല’ന്നോ??
 സ്കോളിയോസിസിനു ആയുര്‍വേദത്തില്‍ ചികിത്സയുണ്ടോ എന്നു ചോദിച്ചു വരുന്നയാളോട് അതെന്താണെന്ന് എനിക്കറിയില്ല എന്നൊരു ചികിത്സകന്‍ പറഞ്ഞാലെങ്ങെനിരിക്കും? ഇത്തരം നീക്കങ്ങള്‍ സൃഷ്ടിക്കുന്നത് ഭാവിയില്‍ ബി.പി നോക്കാനറിയാത്ത, ലാബ് പരിശോധനകള്‍ എന്തെന്നറിയാത്ത ഒരു ഡോക്ടര്‍ തലമുറയെ ആയിരിക്കും.
                     പക്ഷെ അതാണ് അവര്‍ക്കു വേണ്ടത് എന്നതാണ് സത്യം. ഇങ്ങനെയൊരു ബുദ്ധിശൂന്യതക്ക് പിന്നിലേ കുബുദ്ധി അതാണ് ഉദ്ദേശിക്കുന്നതും. ഇന്ന് ആയുര്‍വേദത്തെ ’സ്വതന്ത്രമാക്കാന്‍’ എന്ന വ്യാജേന ഭാവി തലമുറയെ തളര്‍ത്തുക. എന്നിട്ട് കാലത്തിനൊത്ത് വളര്‍ന്നില്ല എന്ന കുറ്റം ചുമത്തി ആയുര്‍വേദ പഠനം അവസാനിപ്പിക്കുക.
                  വിവേചനശേഷിയില്ലാതെ തീരുമാനങ്ങളെടുത്ത് സിലബസില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ദൂരവ്യാപകമായ ഫലങ്ങളാണ് വരുത്തുന്നത്. ഒരു തലമുറയെത്തെന്നെ അറിവില്ലായ്മയിലേക്ക് തള്ളിവിടുന്നു. ആയുര്‍വേദക്കാരുടെ വ്യാജ ചികിത്സ അവസാനിപ്പിക്കാന്‍ വേണ്ടിയാണ്. എന്നൊരു ന്യായവും പറഞ്ഞിട്ടുണ്ട്. ഇവിടെ പത്താം ക്ലാസ് പാസാകത്തവന്‍ വ്യാജ ചികിത്സ നടത്തിയിട്ട് മിണ്ടാത്തവരാണ് ഇപ്പൊ ആയുര്‍വേദക്കാരുടെ വ്യാജ ചികിത്സ നിര്‍ത്തുന്നത്. വ്യാജ ചികിത്സനിര്‍ത്താന്‍ അതു ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കുകയാണ് വേണ്ടത്.

വാലറ്റം
നാളെ ഇതേ ആള്‍ക്കാര്‍ ഒരു പുതിയ നിയമാവലി ഇറക്കികൂടയ്കയില്ലാ

1) ആയുര്‍വേദ ഡോക്ടര്‍മാര്‍ കാല്‍നടയായി സഞ്ചരിക്കുക. ആര്‍ഭാടത്തിന് കാളവണ്ടിയോ കുതിര വണ്ടിയോ ആകാം.
2)പേന, പേപ്പര്‍ മുതലായവ ഉപയോഗിക്കാതെ എഴുത്താണികൊണ്ട് പനയോലയില്‍ കുറിപ്പടി എഴുതുക.
3) മരവുരിയുടുക്കുക
ഇനി ഏന്തെല്ലാം കാണാന്‍ കിടക്കുന്നു.......

8.18.2011

ശസ്ത്രക്രിയയില്‍ സുശ്രുതന്‍റെ സംഭാവനകള്‍ ഭാഗം-൧

യുര്‍വേദപ്രേമികള്‍ ആവേശപൂര്‍വം ഉരിയാടുന്ന പേരാണ് സുശ്രുതന്‍റേത്.കാരണം ആധുനിക ലോകത്ത് സുശ്രുതനോളം അംഗീകാരം കിട്ടിയ മറ്റൊരു ആയുര്‍വേദ ആചാര്യന്‍ ഇല്ല എന്നതുതന്നെ.എന്തായിരിക്കാം ചരകനോ വാഗ്ഭടനോ കിട്ടിയിട്ടില്ലാത്ത ആ അംഗീകാരത്തിന് കാരണം? സുശ്രുത സംഹിതയില്‍ അദ്ദേഹം വിവരിച്ചിരിക്കുന്ന പലതും ആധുനിക വൈദ്യവുമായി ചേര്ന്നു നില്‍ക്കുന്നു. ബൃഹത്ത്രയികള്‍ അന്നറിയപ്പെടുന്ന ചരക സുശ്രുത വാഗ്ഭടന്‍മാര്‍ അവരവരുടെ മേഘലകളില്‍ ആചാര്യന്മാര്‍ ആയിരുന്നു. കായ ചികിത്സയില്‍ ചരകനും ശല്യ ചികിത്സയില്‍ സുശ്രുതനും ആയിരുന്നു പ്രധാനികള്‍.ചരക സുശ്രുത ഗ്രന്ഥങ്ങളെ പഠിച്ച് അവയെ ക്രോടീകരിച്ച് കാലാനുസൃതമായി വാഗ്ഭടന്‍ തന്‍റെ അഷ്ടാംഗ സംഗ്രഹം എഴുതുകയും അതിന്‍റെ ഹൃദയഭാഗങ്ങളെ കോര്‍ത്തിണക്കി പഠിതാക്കള്‍ക്കായി അഷ്ടാംഗ ഹൃദയം എഴുതുകയും ചെയ്തു. സുശ്രുത സംഹിത അതില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു. ആയുര്‍വേദത്തിലെ അഷ്ട അംഗങ്ങളും (എട്ട് ശാഖകള്‍) വിവരിക്കപ്പെട്ടിരുന്നെങ്കിലും ശല്യ ചികിത്സയുടെ സാനിദ്ധ്യം സുശ്രുത സംഹിതയെ വേറിട്ടതാക്കി.
ശല്യതന്ത്രം
ശല്യ എന്ന വാക്കിനെ മനസിനും ശരീരത്തിനും ’ആബാധകര’മായത് എന്താണോ അത് എന്നാണ് ആചാര്യന്‍ തന്നെ സൂത്രസ്ഥാനത്തില്‍ വിവരിക്കുന്നത്. ശല്യതന്ത്രത്തിന്‍റെ നിര്‍വചനം പറയുന്ന ആദ്യത്തെ അധ്യായത്തില്‍തന്നെ ഉദാഹരണ സഹിതം ഇപ്രകാരം വിവരിക്കുന്നു.
                      "ശല്യതന്ത്രം എന്നുപറയുന്നത് ശരീരത്തിലുള്ള പലതരത്തിലുമുള്ള ശല്യങ്ങള്‍-പുല്‍നാമ്പുകള്‍,മരക്കഷ്ണങ്ങള്‍,മണല്‍,കല്ലുകള്‍,ലോഹത്തുണ്ടുകള്‍,മുടി,രോമം,നഖം,പഴുപ്പ്,ദുഷിച്ച വ്രണങ്ങള്‍,ഗര്‍ഭസ്ഥ മൃതശിശു,മുതലായ ’ശല്യ’ങ്ങളെ നീക്കം ചെയ്യുക,പലതരം ശസ്ത്രക്രിയ ഉപകരണങ്ങള്‍,മൂര്‍ച്ചയുള്ള ശസ്ത്രങ്ങള്‍,ക്ഷാരങ്ങള്‍,അഗ്നി മുതലായവ കൊണ്ടുള്ള ചികിത്സകള്‍, വ്രണചികിത്സ മുതലായവ വിവരിക്കുന്ന/പ്രയോഗിക്കുന്ന ശാസ്ത്രമാണ്".
                          മുകളില്‍ പറഞ്ഞ വിവരണപ്രകാരം ശല്യചികിത്സ എതെങ്കിലും വിധേന ശരീരത്തില്‍ കയറുന്ന അന്യ വസ്തുക്കള്‍ (forign bodies) ആകാം ഉദാഹരണത്തിന് അപകടങ്ങള്‍,യുദ്ധങ്ങള്‍ എന്നിവ മൂലം ശരീരത്തില്‍ തുളച്ച്കയറുകയോ വ്രണങ്ങളുണ്ടാക്കുകയോ ചെയ്യുന്ന വസ്തുക്കള്‍. മറ്റ് ചിലവ ശരീരത്തില്‍ തന്നെയുള്ള മുടി, നഖം മുതലായവ ശരീരത്തിലിരുന്ന് പഴുക്കുമ്പൊഴോ ഉള്ളിലേക്ക് കൊണ്ട്കയറുമ്പോഴൊ ശല്യം എന്ന പേരിന് അര്‍ഹമാകുന്നു. ഗര്‍ഭത്തിലിരിക്കുമ്പോള്‍ മരണപ്പെട്ടുപോകുന്ന ശിശുവോ ഭ്രൂണമോ പുറത്തുപോകാതെ ഇരിക്കുമ്പൊഴോ,ജീവനുള്ള ശിശു പ്രസവ സമയത്ത് ഗര്‍ഭപാത്രത്തില്‍ കുടുങ്ങി പുറത്തുവരാതെ അമ്മയുടെ ജീവന് ഭീഷണിയാകുമ്പൊഴോ അതും ശല്യമായി കണക്കാക്കപ്പെടുന്നു.
                     ഈ നിര്‍വചനത്തില്‍ നേരിട്ട് പറയാത്തതും എന്നാല്‍ ശല്യചികിത്സയുടെ അവിഭാജ്യ ഘടകവുമായ ഏതാനും വസ്തുതകള്‍ കൂടിയുണ്ട്.അവ അസ്ഥി സന്ധികളുടെ ഒടിവ്, കുഴതെറ്റല്‍ എന്നിവയുടെ ചികിത്സ,ശരീരമുഴകളുടെ നീക്കം ചെയ്യല്‍,മൂത്രാശയ കല്ലുകളുടെ ആഹരണ വിദ്യ,അര്‍ശസ്,ഫിസ്റ്റുല, മുതലായവയുടെ ചികിത്സ,അങ്ങനെ ധാരാളം ശസ്ത്രക്രിയ അനു ശസ്ത്രക്രിയ വിദ്യകള്‍ വിവരിച്ചിരിക്കുന്നു.കൂടാതെ ആധുനിക ലോകത്ത് സുശ്രുതാചാര്യന് ശസ്ത്രക്രിയയുടെ പിതാവ് എന്ന പേര് നേടിക്കൊടുക്കാന്‍ കാരണമായി എന്ന് കരുതപ്പെടുന്ന പ്ലാസ്ടിക് സര്‍ജറി എന്ന് വിളിക്കപ്പെടുന്ന സന്ധാന കര്‍മ്മ വിധി.ചെവി നഷ്ടപ്പെട്ടയാള്‍ക്ക് ചെവി തുന്നി ചേര്‍ക്കുക, മൂക്ക് നഷ്ട്ടപ്പെട്ടയാള്‍ക്ക് കവിളിലെ മാംസം മുറിച്ചെടുത്ത് മൂക്ക് പുനര്‍ന്നിര്‍മ്മിക്കുക തുടങ്ങിയ വിദ്യകള്‍.അങ്ങനെ നിരവധി ചികിത്സ വിധികള്‍കൊണ്ട് അനുഗ്രഹീതമാണ് സുശ്രുത സംഹിത.
ഇനി ഒരോന്നിലേക്കും കടന്നു ചെല്ലാം......
സുശ്രുത സംഹിതയുടെ താളുകളിലൂടെ ഒരു പ്രക്ഷിണം, ആചാര്യവന്ദനം......
.സുശ്രുതാചാര്യന്‍
ആത്രേയ സമ്പ്രദായമെന്നും ധന്വന്തരി സമ്പ്രദായം എന്നും ആയുര്‍വേദത്തെ രണ്ടായി തിരിക്കാം അതില്‍ സുശ്രുതന്‍ ധന്വന്തരി സമ്പ്രദായതിലെ പ്രധാനിയാണ്.കാശീ രാജാവായിരുന്ന ദിവോദാസ ധന്വന്തരിയുടെ ശിഷ്യന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം.ജീവിത കാലഘട്ടം കൃസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടാണെന്ന് കരുതപ്പെടുന്നു.
                               ഇന്ന് ലഭ്യമായ സുശ്രുത സംഹിത മുഴുവന്‍ സുശ്രുതന്‍ ഒറ്റക്ക് എഴുതിയതാണെന്ന് വിശ്വസിക്കപ്പെടുന്നില്ല. കാശീരാജാവിന്‍റെ ശിഷ്യന്മാര്‍ എല്ലാരും സ്വന്തമായ സംഹിതകള്‍ രചിച്ചു എന്നും അതിലൊന്നാണ് സുശ്രുത സംഹിത എന്നും സൂത്ര സ്ഥാനത്തില്‍ തന്നെ പറയുന്നുണ്ട്.എങ്കിലും സംഹിതയുടെ മുന്‍ പകര്‍പ്പുകള്‍ (editions) ഉണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ കണക്കാക്കുന്നു.(വൃദ്ധ സുശ്രുതന്‍ എന്നൊരാളെപ്പറ്റി ഒരിടത്ത് വ്യാഖ്യാതാവായ ഡല്‍ഹണന്‍ പരാമര്‍ശിക്കുന്നതാണ് ഇതിനാധാരം.ഒരേ പേരില്‍ രണ്ടാചാര്യന്മാര്‍ ഉണ്ടാകുകയോ രണ്ട് ഗ്രന്ഥങ്ങള്‍ ഉണ്ടാകുകയോ ചെയ്യുമ്പൊള്‍ ആദ്യം ഉണ്ടായിരുന്ന ഗ്രന്ഥത്തെ സൂചിപ്പിക്കാന്‍’വൃദ്ധ’എന്നുകൂടി ചേര്‍ത്തിരുന്നു.) സുശ്രുത സംഹിതയിലെ അവസാന അധ്യായങ്ങള്‍ അടങ്ങിയ ഉത്തരതന്ത്രം പൂര്‍ണമായും നഷ്ടപ്പെടുകയും പിന്നീട് നാഗാര്‍ജുനന്‍ എഴുതിച്ചേര്‍ത്തതുമാണ്.ഈ വിഷയത്തില്‍ മറ്റൊരു പോസ്റ്റിനുള്ള സാദ്ധ്യത കാണുന്നതിനാല്‍ വിവരണം തല്‍ക്കാലം നിര്ത്തട്ടെ.
ശസ്ത്രക്രിയ
ശസ്ത്രകര്‍മ്മം എന്ന വാക്കാണ് ആയുര്‍വേദത്തില്‍ പൊതുവെ പറയപ്പെടുന്നത്.ശസ്ത്രം എന്നു പറഞ്ഞാല്‍ മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. ശസ്ത്രം കൊണ്ട് ചെയ്യുന്ന കര്‍മം ശസ്ത്രകര്‍മം. അടിസ്ഥാനമായ ശസ്ത്രകര്‍മങ്ങള്‍ എട്ടുവിധമായി സുശ്രുതന്‍ തിരിക്കുന്നു.
  1. ഛേദനം(ഛേദിക്കല്‍,മുറിച്ചുകളയല്‍,excision) ഉദാഹരണത്തിന് മുഴകള്‍,ഗ്രന്ധികള്‍ മുതലായവ അല്‍പ്പം പോലും ബാക്കി നില്‍ക്കാതെ ഛേദിച്ച്കളയുക.
  2. ഭേദനം (കീറല്‍,insision)പഴുപ്പ് നിറഞ്ഞ മുഴകള്‍, ശരീരഭാഗങ്ങള്‍ മുതലായവ കീറുക.
  3. ലേഘനം (ഉരസല്‍,scraping)
  4. വ്യധനം (തുളക്കുക,puncturing)
  5. ഏഷണി (തുരക്കുക,probing)
  6. ആഹാര്യം (പുറത്തേക്ക് എടുത്തുകളയല്‍,ആഗീരണം ചെയ്യുക,retraction,absorbtion)
  7. വിസ്രാവണം (സ്രവിപ്പിച്ച് കളയുക,blood letting)
  8. സീവനം (തുന്നല്‍,suturing) 
 മുകളില്‍ പറഞ്ഞ എട്ട് കര്‍മങ്ങള്‍ തന്നെയാണ് ഇന്നും സര്‍ജറിയുടെ അടിസ്ഥാനം എന്നറിയുമ്പോഴാണ് ശരിക്കും സുശ്രുതന്‍റെ മഹത്വം നമുക്ക് മനസിലാവുക.
തുടരും....

(original post on 3/25/11. republished 8/18/11 )

Copy right protected. Copy pasting disabled