ഒരു പ്രമേഹ രോഗിക്ക് എന്തൊക്കെ കഴിക്കാം? പ്രമേഹ രോഗിയായാല്‍ മധുരം ഒഴിവാക്കണം എന്ന് എല്ലാവര്ക്കും അറിയാം. മധുരമില്ലാത്ത ചായ, ഒഴിവാക്കപ്പെടുന്ന പായസങ്ങള്‍, മധുര പലഹാരങ്ങള്‍, രാത്രിയിലെ ഗോതമ്പ് കൊണ്ടുള്ള ഭക്ഷണം ഇങ്ങനെ പോകുന്നു ഒരു മലയാളി പ്രമേഹ രോഗിയുടെ ആഹാരാരീതി. പ്രമേഹത്തില്‍ എന്തൊക്കെ ഒഴിവാക്കണം എന്ന് നാം നന്നായി പഠിച്ചിരിക്കുന്നു. എന്നാല്‍ എന്തൊക്കെ കഴിക്കണം എന്ന് നമ്മെ ആരും പഠിപ്പിച്ചില്ല. അഥവാ നാമത് പഠിക്കാന്‍ ശ്രമിച്ചില്ല എന്നതാണ് സത്യം. (അല്ലെങ്കിലും ഒരു രോഗം വന്നാല്‍ ആ രോഗത്തിന് അനുസരണമായി വ്യക്തിജീവിതത്തില്‍ പാലിക്കേണ്ട ആഹാര രീതികളേയും ജീവിത ചര്യകളേയും കുറിച്ച് ചോദിച്ച് മനസിലാക്കി അവ അണുവിടതെറ്റാതെ പാലിക്കുന്ന ശീലം നാം എവിടെയോ ഉപേക്ഷിച്ചല്ലോ. ആയുര്‍വേദം പഥ്യം എന്ന പേരില്‍ നിഷ്കര്‍ശിച്ചിരുന്ന ആഹാര ക്രമീകരണം ഒരു കാലത്ത് ’അരുതു’ കള്‍ മാത്രമായി അധപ്പതിച്ചപ്പോള്‍. രോഗിയും പഥ്യാചരണത്തെ വെറുത്തു എന്നത് സത്യം. ) പ്രമേഹരോഗിയുടെ ആഹാര രീതിയെ നമുക്ക് മൂന്നായി വിഭജിക്കാം. ധാരാളം കഴിക്കേണ്ടുന്നത്, മിതമായി കഴിക്കേണ്ടത്, അല്പം മാത്രം കഴിക്കേണ്ടത്.
പൊതുവെ പറഞ്ഞാല്‍ കാര്‍ബോ ഹൈഡ്രേററ്റ് അടങ്ങിയ ഭക്ഷണം നാം കഴിയുന്നത്ര കുറയ്ക്കുകയും പ്രോട്ടീന്‍, വൈറ്റമിന്‍, എന്നിവയും ഫൈബര്‍ അടങ്ങിയതുമായ ഭക്ഷണം ധാരാളം ഉള്‍പ്പെടുത്തുകയും വേണം. കൊഴുപ്പും ചില തരം പഴങ്ങളും നിയന്ത്രിതമായ മിതമായ അളവില്‍ മാത്രം കഴിക്കുകയും വേണം.
എന്ത്കൊണ്ട് കാര്‍ബോ ഹഡ്രേറ്റ് ഒഴിവാക്കണം. ?
കാര്‍ബോഹൈഡ്രേറ്റ് ( അടങ്ങിയ ഭക്ഷണം നമ്മുടെ പ്രധാന ഊര്‍ജ്ജ സ്രോതസ്സാണ്. മധുര രസ പ്രധാനമായ എല്ലാ ആഹാരവും ഓരോ തരം കാര്‍ബോഹൈഡ്രേറ്റ് തന്നെയാണ്. മധുരം ചിലപ്പോള്‍ ഏറിയും കുറഞ്ഞുമിരിക്കാം.നാം കഴിക്കുന്ന അരി, ഗോതമ്പ്, എന്നീധാന്യങ്ങളും പഴവര്‍ഗ്ഗങ്ങളും, കിഴങ്ങുകളും കൃത്രിമമായി ചേര്‍ക്കുന്ന മധുരവുമാണ് നമ്മുടെ ആഹാരത്തില്‍ കാര്‍ബോ ഹൈഡ്രേറ്റിനെ പ്രദാനം ചെയ്യുന്ന പ്രധാന സ്രോതസുകള്‍. അന്നജം ്, പഞ്ചസാര എന്നിവയുടെ രൂപത്തിലാണ് കാര്‍ബോഹൈഡ്രേറ്റുകള്‍ ഇവയിലെല്ലാമുള്ളത്. സാധാരണ നാം കാര്ബോഹൈഡ്രേറ്റ്ശരീരത്തില് എത്തുകയും അവ ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനത്താല്‍ കൊഴുപ്പ് രൂപത്തില്‍ ശരീരത്തില്‍ ശേഖരിക്കപ്പെടുകയുമാണ് ചെയ്യുന്നത്. എന്നാല്‍ പ്രമേഹ രോഗമുള്ളവര്‍ക്ക് ശരീരത്തില്‍ ഇന്‍സുലിന്‍ ഇല്ലാതിരിക്കുകയോ ഇന്‍സുലിന്‍ ശരീരത്തില്‍ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുകയണെങ്കില്‍ ഈ പ്രവര്‍ത്തനം നടക്കാതിരിക്കുകയും രക്തത്തില്‍ ഷുഗറിന്റെ അളവ് വര്‍ദ്ധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ, പ്രമേഹരോഗമുള്ളവര്‍ കഴിക്കുന്ന ആഹാരത്തില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കേണ്ടതാണ്. കാര്‍ബോഹൈഡ്രേറ്റ് ആഹാരത്തില്‍ കുറയുമ്പോള്‍ രക്തത്തിലേയ്ക്ക് അഗീരണം ചെയ്യുന്ന മധുരാംശത്തിന്റെ അളവ് കുറയുകയും ഷുഗര്ലെവല് നോര്‍മലാകുകയും ചെയ്യുന്നു.
എന്തൊക്കെ ഒഴിവാക്കണം?
നാം സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്ന ധാന്യ പ്രധാനമായ ആഹാര സാധനങ്ങളെല്ലാം അതായത് ദോശ, ഇഡ്ഡലി, പുട്ട് തുടങ്ങിയ ആഹാര സാധനങ്ങളെല്ലാം തന്നെ പ്രമേഹ രോഗിയ്ക്ക് അപഥ്യങ്ങളാണ്. അത് കൂടാതെ മധുര മേറിയ ശര്‍ക്കര, പഞ്ചസാര, തേന്‍ മുതലായ സാധനങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, അരി, ഗോതമ്പ്, എന്നിവ ഉപയോഗിച്ചുണ്ടാകുന്ന മറ്റ് പലഹാരങ്ങള്‍, കിഴങ്ങ് വര്‍ഗ്ഗത്തില്‍ പെട്ട ചേമ്പ്, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് മുതലായവ, മധുര്യമേറിയ പഴങ്ങളായ ചക്കപ്പഴം പോലെയുള്ളവയുടേയും ഉപയോഗം നന്നേ കുറയ്ക്കേണ്ടതാണ്.
എന്തൊക്കെ കഴിക്കാം?
ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവ പ്രധാനമായും അടങ്ങിയിട്ടുള്ളതുമായ ആഹാര മാണ് പ്രമേഹ രോഗിയുടെ മെനുവില്‍ പ്രധാന സ്ഥാനം അലങ്കരിക്കേണ്ടത് എന്ന് പൊതുവെ പറയാം. ഇത്തരം ഡയറ്റിന്റെ പ്രയോജനങ്ങള്‍ താഴെ പറയുന്നവയാണ്.
>അന്നജം ഇല്ലാതെ തന്നെ രോഗിയുടെ വിശപ്പിനെ അടക്കാന്‍ കഴിയുന്നു.
>പ്രോട്ടീന്‍ ദഹിക്കാന്‍ സമയമെതുക്കുന്നതിനാല് അധികനേരം വിശക്കാതെ ഇരിക്കാന്‍ സഹായിക്കുന്നു.
>ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നു.
>ഇന്‍സുലിനെ എളുപ്പം പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.
ഭക്ഷണം തിരഞ്ഞെടുക്കൊമ്പോള്.....
തവിടുള്ള ധാന്യങ്ങള്‍
ധാന്യങ്ങള്‍ തവിടോടെ ഉള്ളത് തിരഞ്ഞെടുക്കുക. ബാര്‍ളി, റാഗി, മുതിര, തവിട് കളയാതെ പൊടിച്ച ഗോതമ്പ് എന്നിവ ഉപയോഗിക്കാം. ഇവ കൊണ്ട് സാധാരണ ഉണ്ടാക്കാറുള്ള ദോശ, പുട്ട്, എന്നിങ്ങനെ പലഹാരങ്ങള്‍ ഉണ്ടാക്കി കഴിക്കാവുന്നതാണ്.
മുളപ്പിച്ച ധാന്യങ്ങള്്
മുളപ്പിച്ച ധാന്യങ്ങള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശമിക്കുക. ചെറുപയര്‍, വന്‍പയര്‍, മുതിര, കടല, തുടങ്ങിയവ മുളപ്പിച്ച് കഴിക്കുന്നത് അവയിലെ മധുരാംശം കുറയുന്നതിനും ജീവകങ്ങള്‍ (vitamin B, vitamin C, etc) അമിനോ ആസിഡുകള്‍, വര്‍ദ്ധിക്കുന്നതിനും സഹായിക്കുന്നു. ധാന്യങ്ങള്‍ മുളപ്പിക്കുന്നത് അവയെ ദഹനത്തിന് എളുപ്പമുള്ളതാക്കുകയും, പോഷകങ്ങള്‍ എളുപ്പത്തില്‍ ആഗീരണം ചെയ്യാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നു. മുളപ്പിച്ച ധാന്യങ്ങള്‍ ഫൈബര്‍ അടങ്ങിയവ ആയതിനാല്‍ വയറ് എളുപ്പം നിറഞ്ഞതായി തോന്നിപ്പിക്കുകയും തൃപ്തി ഉണ്ടാക്കുകയും അമിത ആഹാരത്തെ തടയുകയും ചെയ്യുന്നു. മുളപ്പിച്ച ധാന്യങ്ങള്‍ വൃത്തിയുള്ള അന്തരീക്ഷത്തില്‍ മുളപ്പിക്കുയും അവ ഉപയോഗത്തിന് മുന്‍പ് നന്നായി
പച്ചക്കറികള്‍
പച്ചക്കറികള്‍ ഏറ്റവും അവശ്യ ഭക്ഷ്യ വസ്തുക്കളില്‍ ഒന്നാണ്. അവ വൈറ്റമിനുകളുടെ കലവറയാണ് അതിനാല്‍ തന്നെ വേവിച്ച് കഴിക്കുന്നതിനോടൊപ്പം സലാഡ് രൂപത്തിലൊ മറ്റൊ പച്ചയായും അവ കഴിക്കാവുന്നതാണ്. ഫൈബര്‍ ധാരാളം അടങ്ങിയതും പോഷകങ്ങളുടെ കലവറയുമായ ഇവ പ്രമേഹ നിയന്ത്രണത്തിലും ഒരു പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ലഭ്യമായ എല്ലാ ഇനം പച്ചക്കറികളും ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അതോടൊപ്പം ഇലക്കറികളും ഉള്‍പ്പെടുത്തേണ്ടതാണ്.
പഴങ്ങള്‍
അധികം മധുരമുള്ള പഴങ്ങള്‍ ഒഴിവാക്കുന്നതിനോടൊപ്പം മധുരം കുറവുള്ളതും പൂര്‍ണ്ണമായും പഴുക്കാത്തതുമായ പഴങ്ങള്‍ അഹാരത്തില് ഉള്‍പ്പെടുത്തുക. വിളഞ്ഞ അവസ്ഥയിലുള്ള പഴങ്ങള്‍ ധാരാളം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. നെല്ലിക്ക, ആപ്പിള്‍, വിളഞ്ഞ പേരയ്ക്ക, ജാമ്പയ്ക്ക, അത്തിപ്പഴം, മാതള നാരങ്ങ, ഞാവല്‍ പഴം എന്നിവ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന പഴങ്ങളാണ്.
കൊഴുപ്പ്
കൊഴുപ്പ് അധികമായ ഭക്ഷണം പൊതുവെ പ്രമേഹത്തില്‍ നല്ലതല്ല. ശരീരം തടിപ്പിക്കും എന്നുള്ളതുകൊണ്ടാണത്. എന്നാലും മിതമായ അളവില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതാണ്. ഈ അടുത്തകാലത്തായി അധികം കൊഴുപ്പ് കഴിക്കുന്ന ഒരു തരം ഭക്ഷണ രീതിയായ ഡയറ്റ് പ്രചാരത്തില്‍ വരുന്നുണ്ട്. മതിയായ തെളിവ് ലഭിക്കാതാതിനാല് ഇത്തരം ചികിത്സാരീതിയെ ശാസ്ത്രം അംഗീകരിച്ചിട്ടില്ല.
സമീകൃത ആഹാരം
പ്രമേഹത്തില്‍ പൊതുവെ അല്‍പ്പ അന്നജമായ ആഹാര രീതിയാണ് നല്ലത്. അന്നജത്തിന്റെ അളവ് കുറയ്ക്കുന്നതിനോടൊപ്പം മറ്റെല്ലാ പോഷകങ്ങളും ശാരീരത്തില്‍ എത്തുന്ന തരത്തിലുള്ള ആഹാര രീതിയാണ് സ്വീകാര്യം. വൈറ്റമിനുകളും മറ്റ് ധാതു ലവണങ്ങളും മറ്റും ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. കാരണം പ്രമേഹ ജന്യമായ മറ്റ് കോമ്പ്ലിക്കേഷനുകളെ ഒഴിവാക്കുന്നതില്‍ വൈറ്റമിനുകളും ആന്റ്റീ ഓക്സിഡന്റുകളും ഒക്കെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രക്തക്കുഴലുകളില്‍ തടസമുണ്ടാകാതെയും, ഹൃദയം വൃക്ക കണ്ണ് നാടീ ഞരമ്പുകള്‍ എന്നീ അവയവങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടാതെയും ഒക്കെ സഹായിക്കുന്നത് ഈ ലഘു പോഷകങ്ങളാണ്..
താഴെ പറയുന്ന പ്രകാരണ് ആഹാര രീതി പരിഷ്കരിക്കാവുന്നതാണ്.
പ്രഭാത ഭക്ഷണം
റാഗി, ബാര്‍ളി, മുതിര അന്നിവ കൊണ്ടുള്ള പലഹാരം. (രണ്ട് ദോശ, അര കഷ്ണം പുട്ട് )
മുളപ്പിച്ച ധാന്യങ്ങള്‍ ( മുളപ്പിച്ച ചെറുപയര്‍/ മുതിര 50 ഗ്രാം)
അധികം പഴുക്കാത്ത പഴങ്ങള്‍ (മാതള നാരങ്ങ 1/ ആപ്പിള്‍ 1)
ഉച്ച ഭക്ഷണം
ചോറ് പതിവിലും കുറച്ച്
പച്ചക്കറികള്‍ പതിവിലും അധികം (ചീരത്തോരന്‍, അവിയല്‍ എന്നിവ ചോറിനേക്കാള്‍ കൂടുതല്‍)
വേവിക്കാത്ത പച്ചക്കറികള്‍ ( കക്കിരിക്ക, കാരറ്റ് എന്നിവ കൊണ്ടുള്ള സലാഡ്)
ചെറിയ മത്സ്യം കറിവയ്ച്ചത്
വൈകുന്നേരം
മധുരമിടത്ത ചായ / കട്ടന്‍ ചായ ഡ്രൈ ഫ്രൂട്ട്സ് ( ബദാം, അണ്ടിപ്പരിപ്പ്, പിസ്ത എന്നിവ 4,5 എണ്ണം) /അധികം മധുരമില്ലാത്ത പഴങ്ങള്‍ 1/ റാഗി/ബാര്‍ളി വിഭവങ്ങള്‍ ഇവയില്‍ ഏതങ്കിലും ഒന്ന്. (ഉണക്ക മുന്തിരി, ഈന്തപ്പഴം എന്നിവ ഒഴിവാക്കുക)
രാത്രി ഭക്ഷണം
രാത്രിഭക്ഷണം കഴിവതും 8.30 മണിയ്ക്ക് മുന്‍പായി കഴിയുക്കുകമിതമായിരിക്കാന് ശ്രദ്ധിക്കുകറാഗി, ബാര്‍ളി, മുതിര, ചെറുപയര്‍, ഗോതമ്പ് എന്നിവ കൊണ്ടുള്ള പലഹാരങ്ങള്‍, പച്ചക്കറികൊണ്ടുള്ള സാലഡ്, എന്നി ഉള്‍പ്പെടുത്താം.
ആയുര്‍വേദം പ്രമേഹത്തെ കാണുന്നത് ജീവിത ശൈലി രോഗമായിട്ടാണ്. ജീവിത ശൈലി ഗുണമരമായ രീതിയില്‍ മാറ്റുന്നതിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാനാകും. പൂര്‍ണ്ണമായ ശമനമില്ലാത്ത ഒരു രോഗമായതുകൊണ്ട് തന്നെ രക്തത്തിലെ ഗ്ല്ലൂക്കോസിന്റെ അളവ് നോര്മ്മലായിരുന്നാല് പൊലും ആരോഗ്യകരമായ ജീവിത ശൈലിയും ആഹാര രീതിയും തുടരേണ്ടത് രോഗത്തിന്റെ തിരിച്ചുവരവിനെ തടവാനും ഭാവിയില്‍ ഉണ്ടാകാനിടയുള്ള പ്രമേഹജന്യ ഉപദ്രവ വ്യാധികളെ (ഹൃദ്രോഗം, വൃക്ക രോഗം, കാഴ്ച നഷ്ടപ്പെടുക, ന്യൂറൊപ്പതി) ഒഴിവാക്കാനും ആവശ്യമാണ്.
മാധ്യമം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനം.
Dr. Jishnu Chandran BAMS, MS
Mob: 8281873504
Assistant professor
PNPS AYURVEDA MEDICAL COLLEGE, KANHANGAD
Ayurveda Surgeon
KASYAPA AYURVEDA HEALTH CARE ,KANNUR