6.28.2013

ആയുര്‍വേദ ഭസ്മങ്ങളിലെ നാനോ പാര്‍ട്ടിക്കിള്‍.


ലോഹങ്ങളും ധാതുക്കളും നമ്മുടെ ശരീരത്തില്‍ ദഹിക്കുന്നവയോ ആഗീരണം ചെയ്യപ്പെടുന്നവയോ അല്ല. ആയുര്‍വേദ സംഹിതകളുടെ കാലം മുതല്‍ തന്നെ ലോഹങ്ങളും ധാതുക്കളും മരുന്നായി ഉപയോഗിച്ചുവരുന്നുണ്ട്. അന്ന് അവ സൂക്ഷ്മ ചൂര്‍ണ്ണങ്ങളാക്കിയാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ആയുര്‍വേദത്തില്‍ വന്ന വികാസം അവയെ ചില പ്രോസസുകള്‍ക്ക് വിധേയമാക്കി (Marana techneque, 7th century AD) അവയുടെ പാര്‍ട്ടിക്കിള്‍ സൈസ് കുറച്ച് വളരെ ചെറിയ, ശരീരത്തിലേക്ക് എളുപ്പം ആഗീരണം ചെയ്യുന്ന, വിഷസ്വഭാവം ഇല്ലാത്ത, പെട്ടന്ന് ഫലം ചെയ്യുന്ന മരുന്നുകളാക്കിമാറ്റിയെടുക്കാനും സാധിച്ചു. അവയാണ് ഭസ്മങ്ങള്‍. ആ പുരോഗതി ആയുര്‍വേദ ചികിത്സയിലെ ഒരു കുതിച്ചുചാട്ടമായിരുന്നു. ഏഴാം നൂറ്റാണ്ടില്‍ വികാസം പ്രാപിച്ച രസശാസ്ത്രം എന്ന വിഭാഗം ആയുര്‍വേദത്തില്‍ അനേകം പുതു മാറ്റങ്ങള്‍ക്ക് വഴിതെളിച്ചു.

എന്നാല്‍ പാശ്ചാത്യ ശാസ്ത്രങ്ങളുടെ കടന്നുവരവ് ഭാരതത്തിലുണ്ടായ ഇത്തരം പുരോഗതികളെ കണ്ടില്ലെന്ന് നടിക്കാനും അവമതിക്കാനും ഇടയാക്കി. അത്രമാത്രം പുരോഗതി കൈവരിച്ചിട്ടില്ലാത്ത പാശ്ചാത്യ ശാസ്ത്രത്തിന് ആയുര്‍വേദ ഭസ്മങ്ങളെ മനസിലാക്കാനാകാഞ്ഞത് സ്വാഭാവികം. എന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നാനോ ടെക്നോളജിയുടെ കടന്നുവരവ് ഭസ്മങ്ങളിലുള്ള നാനോ പാര്‍ട്ടിക്കിളുകളെ കുറിച്ച് പഠിക്കുകയും  ഭസ്മങ്ങള്‍ ആയുര്‍വേദത്തിലെ നാനോ മെടിസിനുകളാണെന്ന് വെളിവാകുകയും ചെയ്തു.

നാനോ പാര്‍ട്ടിക്കിള്‍ എന്നാല്‍ നാനോ മീറ്റര്‍ വലിപ്പത്തിലുള്ള കണങ്ങളാണ്. നാനോമീറ്റര്‍ എന്നാല്‍ ഒരു അതി സൂക്ഷ്മമായ അളവാണ്. അതായത് ഒരു മീറ്ററിനെ 1000,000,000 ഭാഗങ്ങളാക്കി മുറിച്ചെടുത്താല്‍ അതിലൊരു കണത്തിന്‍റെ വലിപ്പമാണ് ഒരു നാനോമീറ്റര്‍. ഈ നാനോ പാര്‍ട്ടിക്കിളുകളെ. മരുന്നുകളായി ഉപയോഗിക്കാന്‍ സാധിക്കും. നാനോ മെടിസിനെ നമുക്ക് പ്രയോജനപ്പെടുത്താനാകുന്നത് ഔഷധ വാഹി (ഡ്രഗ് കാര്യ‍ര്‍) കളായാണ്. മരുന്നുകളെ നാനോ മെടിസിനൊടൊപ്പം ചേര്‍ത്ത് കോശങ്ങളിലേക്കും കോശകേന്ദ്രത്തിലേക്കും (നൂക്ളിയസ്) പ്രത്യേക ലക്ഷ്യസ്ഥാനങ്ങളിലേക്കും എത്തിക്കാന്‍ സാധിക്കും.

ചില പ്രത്യേക പച്ചമരുന്നുകളിട്ട് ഭാവന ചെയ്ത ഭസ്മങ്ങള്‍ പ്രത്യേക രോഗങ്ങളില്‍ ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്നു. മാത്രമല്ല ധാരാളം മാരണ/ ഭസ്മീകരണ മെത്തേടുകള്‍ വിവിധ ചെടികളുടെ സ്വരസങ്ങളും കഷായങ്ങളും ഉപയോഗിച്ച് ഉണ്ടാക്കി  വിവിധ രോഗങ്ങളില്‍ നല്‍കാന്‍ പറയപ്പെടുന്നുണ്ട് ഇത് മുകളില്‍ പറഞ്ഞ ഔഷധ വാഹി ഗുണത്തെ പ്രയോജനപ്പെടുത്തുകയാവാം.
നാനോ പാര്‍ട്ടിക്കിളുകള്‍ കണ്ടെത്തിയ വിവിധ ഭസ്മങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
സ്വര്‍ണ്ണ ഭസ്മം- 56nm
രസ സിന്തൂരം (മെര്‍ക്കുറി)- 25-50nm
മുക്ത ശുക്തി ഭസ്മം- 84-123nm
യശദ ഭസ്മം
ആയുര്‍വേദത്തിലേ നാനോ മെടിസിനുകളായ ഭസ്മങ്ങള്‍ രോഗശമനത്തിന്‍റെ അനേകായിരം സാധ്യതകള്‍ മുന്നില്‍ വയ്ക്കുന്നു. ഇനിയും ഈ രംഗത്തുണ്ടാകുന്ന റിസര്‍ച്ചുകള്‍ ആയുര്‍വേദത്തെ മുന്‍നിരയിലേക്കെത്തിക്കുമെന്ന് പ്രത്യാശിക്കാം.
Article by 
Dr.Jishnu Chandran BAMS MS
Ayurveda Manjari Specialty Clinic & Panchakarma Center
Mylom 
Kottarakkara
Kollam 

Copy right protected. Copy pasting disabled